2016, ഡിസംബർ 29, വ്യാഴാഴ്‌ച

മാംസം വര്‍ജ്ജിക്കേണ്ട ദിവസങ്ങള്‍



വിഭൂതി തിരുനാള്‍

ദുഃഖവെള്ളി.

എല്ലാ വെള്ളിയാഴ്ചകളും.

പ്രധാന പുണ്യപ്രവൃത്തികള്‍ മൂന്ന്‌


1 നോമ്പ്

2. പ്രാര്‍ത്ഥന

3. ധര്‍മ്മദാനം (മത്താ. 6:1-18)

പ്രത്യാശപ്രകരണം



എന്‍റെ ദൈവമേ, അങ്ങ്‌ സര്‍വ്വശക്തനും അനന്തദയാലുവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്‌. ആകയാല്‍ ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ യോഗ്യതകളാല്‍ പാപമോചനവും, അങ്ങയുടെ പ്രസാദവര സഹായവും, നിത്യജീവിതവും എനിക്ക്‌ ലഭിക്കുമെന്ന്‌‌ ഞാന്‍ പ്രത്യാശിക്കുന്നു.

പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌


1 ഉപവി

2 ആനന്ദം

3 സമാധാനം

4 ക്ഷമ

5 സഹനശക്തി

6 നന്‍മ

7 കനിവ്‌

8 സൗമ്യത

9 വിശ്വാസം

10 അടക്കം

11 ആത്മസംയമനം

12 കന്യാവ്രതം

(ഗലാത്യര്‍ 5:22-23)

പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്‌



ജ്ഞാനം 2. ബുദ്ധി 3. ആലോചന 4. ആത്മശക്തി 5. അറിവ്‌ 6. ഭക്തി 7. ദൈവഭയം (1കൊറി.12:1-11)

പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌



സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).

സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.

ഒരു കാര്യം സത്യമാണെന്ന്‌ അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്‌.

അന്യരുടെ നന്‍മയിലുള്ള അസൂയ.

പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ‍ ജീവിക്കുന്നത്‌.

അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്‌.

പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടുന്ന കാര്യങ്ങള്‍ മൂന്ന്‌‌




പ്രസാദവരം ഉണ്ടായിരിക്കുന്നത്‌.

ദിവ്യകാരുണ്യസ്വീകരണത്തിന്‌ മുന്‍പ്‌ ഒരു മണിക്കൂര്‍ ഉപവസിക്കുന്നത്‌. (വെള്ളംകുടിക്കുന്നത്‌ ഉപവാസ ലംഘനമല്ല)

വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്‌.

നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങള്‍


പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്‌.

പാപങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌.

മേലില്‍ പാപം ചെയ്കയില്ലെന്ന്‌‌ പ്രതിജ്ഞ ചെയ്യുന്നത്‌.

ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്‌.

വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്‌.

ദൈവികപുണ്യങ്ങള്‍ മൂന്ന്


1. വിശ്വാസം

2. ശരണം

3. ഉപവി

ദൈവസന്നിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍ നാല്‌


മനഃപൂര്‍വ്വം കൊലപാതകം ചെയ്യുന്നത്‌.

പ്രകൃതി വിരുദ്ധമായ മോഹപാപം ചെയ്യുന്നത്‌.

അനാഥരെയും വിധവകളെയും പരദേശികളെയും പൈതങ്ങളെയും പീഡിപ്പിക്കുന്നത്‌ (പുറ. 22: 21-27).

വേലക്കാര്‍ക്ക്‌ ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്‌.

(ആമോസ്‌ 4:1; 8:4-14; യാക്കോ 5:1-6)

 ദൈവലക്ഷണങ്ങള്‍


തന്നാല്‍ താനായിരിക്കുന്നു‍.

അനാദിയായിരിക്കുന്നു.

അശരീരിയായിരിക്കുന്നു‍.

സര്‍വ്വനന്‍മസ്വരൂപനായിരിക്കുന്നു‍.

സകലത്തിനും ആദികാരണമായിരിക്കുന്നു.

സര്‍വ്വ വ്യാപിയായിരിക്കുന്നു.
ദൈവകല്‍പനകള്‍ പത്ത്‌

നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌. 

ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌. 

കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം. 

മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം. 

കൊല്ലരുത്‌. 

വ്യഭിചാരം ചെയ്യരുത്‌. 

മോഷ്ടിക്കരുത്‌. 

കള്ളസാക്ഷി പറയരുത്‌. 

അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌. 

അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌ 

ഈ പത്തു കല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം;

എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം. 

തന്നെ‍പ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.

 തിരുസ്സഭയുടെ കല്‍പനകള്‍ അഞ്ച്‌


ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യ ബലിയില്‍ പൂര്‍ണ്ണമായും സജീവമായും പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേലകള്‍ ചെയ്യരുത്‌.

ആണ്ടിലൊരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കുകയും (കുമ്പസാരിക്കുകയും) പെസഹാകാലത്ത്‌ പരിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുകയും വേണം.

നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യണം.

വിലക്കപ്പെട്ട കാലത്ത്‌ വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്‌.

ദൈവാലയത്തിനും ദൈവാലയ ശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ്‌ ഓഹരികളും കൊടുക്കണം.

രോഗീലേപനം


രോഗിക്ക്‌ സുഖമരുളുവാന്‍ വിശുദ്ധതൈലം പൂശി പ്രാര്‍ത്ഥിക്കുകയും പാപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്ന കൂദാശയാണ്‌ രോഗീലേപനം.

(വി. യാക്കോ. 5: 13-18).

വിവാഹം


യേശു സഭയെ സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, പരസ്പരസ്നേഹത്തിലും സമര്‍പ്പണത്തിലും വളരുവാനും, ജനിക്കുന്ന മക്കളെ ക്രിസ്തുവിന്‍റെയും സഭയുടെയും പ്രബോധനമനുസരിച്ച്‌ വളര്‍ത്തുവാനും വേണ്ട കൃപാവരം നല്‍കുന്ന കൂദാശയാണ്‌ വിവാഹം (എഫേ. 5:25, യോഹ. 13: 13-15; 15:13).

സ്ഥൈര്യലേപനം



പരിശുദ്ധാരൂപിയെ നമുക്ക്‌ നല്‍കി ഉത്തമ ക്രിസ്ത്യാനികളും ക്രിസ്തുവിന്‍റെ സാക്ഷികളും ആക്കിത്തീര്‍ക്കുന്ന ഒരു കൂദാശയാകുന്നു‍ സ്ഥൈര്യലേപനം.

മാമ്മോദീസാ (ജ്ഞാനസ്നാനം)


ജന്‍മപാപത്തില്‍ നിന്നും കര്‍മ്മപാപം ഉണ്ടെങ്കില്‍ അതില്‍ നിന്നും മോചിപ്പിച്ച്‌ നമ്മെ ദൈവത്തിന്‍റെ മക്കളും ക്രിസ്തുവിന്‍റെ അനുയായികളും സ്വര്‍ഗ്ഗത്തിനവകാശികളുമാക്കുന്ന കൂദാശയാകുന്നു‍ മാമ്മോദീസ

തിരുപ്പട്ടം


ദൈവജനത്തില്‍ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ യേശുവിന്‍റെ ശുശ്രൂഷാ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നു ദൈവജനത്തെ പഠിപ്പിക്കാനും വിശുദ്ധീകരിക്കാനും നയിക്കാനും വേണ്ട അനുഗ്രഹവും അധികാരവും നേടുന്ന കൂദാശയാണ്‌ തിരുപ്പട്ടം (ഹെബ്രാ. 5:1, യോഹ. 15:16).

കുമ്പസാരം (അനുരഞ്ജനം)

ജ്ഞാനസ്നാനം സ്വീകരിച്ചയാള്‍ തിരിച്ചറിവ്‌ വന്നശേഷം ചെയ്തുപോയ പാപങ്ങളെ അനുതാപത്തോടെ ഏറ്റുപറയുകയും ആ പാപങ്ങളില്‍ നിന്നും മോചനവും ദൈവവരപ്രസാദവും നേടുന്നതാണ്‌ അനുരജ്ഞനകൂദാശ.

കുര്‍ബാന (ദിവ്യകാരുണ്യം)



നമ്മുടെ ഭോജനമായി അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരു ശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും അടങ്ങിയിരിക്കുന്ന കൂദാശയാകുന്നു‍ വി. കുര്‍ബാന.

കൂദാശകള്‍ ഏഴ്‌


മാമ്മോദീസാ (ജ്ഞാനസ്നാനം)

സ്ഥൈര്യലേപനം

കുര്‍ബാന (ദിവ്യകാരുണ്യം)

കുമ്പസാരം (അനുരഞ്ജനം)

രോഗീലേപനം

തിരുപ്പട്ടം

വിവാഹം

അനുരഞ്ജനകൂദാശ സ്വീകരണത്തിനുവേണ്ട കാര്യങ്ങള്‍ അഞ്ച്‌

പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്‌.

പാപങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌.

മേലില്‍ പാപം ചെയ്കയില്ലെന്ന്‌‌ പ്രതിജ്ഞ ചെയ്യുന്നത്‌.

ചെയ്തുപോയ മാരകപാപങ്ങള്‍ വൈദികനെ അറിയിക്കുന്നത്‌.

വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്‌.

മനുഷ്യന്‍റെ അന്ത്യങ്ങള്‍ നാല്‌

1 മരണം

2. വിധി

3. സ്വര്‍ഗ്ഗം

4. നരകം

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ വേദസാക്ഷികളും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കികളയുന്നവനുമായ വി.സെബ്സ്ത്യാനോസേ അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിപറയുന്നു.അങ്ങയുടെ പ്രസംഗത്താലും സന്‍മാതൃകയാലും അനേകംപേരെ സത്യസഭയിലേക്കാനായിക്കാന്‍ തിരുമനസ്സായല്ലോ.ദൈവസന്നിധിയില്‍ അങ്ങേക്കുള്ള പ്രത്യേകമായ മാദ്ധ്യസ്ഥ ശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ.പാപികളെങ്കിലും അങ്ങേ സഹായം യാചിക്കുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൌഖ്യമാക്കാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ എട്ടാം ആവശ്യമായിരികുന്ന ഈ അനുഗ്രഹം(ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന്, അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതായാല്‍ പരമകാരുണികന്‍റെ മുമ്പില്‍ മാദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ., 1നന്മ.,1 ത്രീ.

വിശുദ്ധ ബനദിക്തോസിനോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന

വരപ്രസാദങ്ങളുടെ മാദ്ധ്യസ്ഥനും സന്ന്യാസികളുടെ മാതൃകയും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും അശരണരുടെ സങ്കേതവുമായ വി.ബനദിക്തോസേ അങ്ങ് ഞങ്ങള്‍ക്ക്(എനിക്കു)വേണ്ടി ത്രിയേക ദൈവത്തോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ.

തപോനിഷ്ടയിലൂടെയും ജീവിത വിശുദ്ധിയിലൂടെയും പൈശാചികശക്തികളെയും അതുവഴിയുണ്ടാകുന്ന ബന്ധനങ്ങളെയും അതിജീവിക്കാന്‍ നേടിയെടുത്ത ഈ ശക്തിവിശേഷം അങ്ങ് ഞങ്ങള്‍ക്ക്(എനിക്കു)വേണ്ടിയും ഉപയോഗിക്കണമേ,ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ(നിയോഗം പറയുന്നു)ഈശ്ശൊയില്‍ നിന്നു സാധിച്ചു തരുവാന്‍ ഇടയാക്കണമേ,അങ്ങയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യാശയര്‍പ്പി ച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളേവരെയും ദൈവമക്കള്‍ക്കാനുയോജ്യമായ ഒരു ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കണമേ,
                      ആമ്മേന്‍.

വിശുദ്ധ ചാവറ കുരിയാക്കോസ് എലിയാസച്ചനോടുള്ള മാദ്ധ്യസ്ഥപ്രാര്‍ത്ഥന 

ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആത്മരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്‍റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശക്തിയും സവിശേഷം തെളിഞ്ഞുകാണുമാറു അദ്ദേഹം വഴിയായി ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ചപേക്ഷിക്കുന്നതും ഞങ്ങള്‍ക്ക് ഏറ്റം ആവശ്യമായതുമായ ഈ അനുഗ്രഹം 

(ആവശ്യം പറയുക)

ഞങ്ങള്‍ക്ക് നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു.


1സ്വര്‍ഗ്ഗ., 1നന്മ., 1ത്രീ.

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ അങ്ങേ മക്കളായ ഞങ്ങള്‍ എളിമയോടും പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയില്‍ അഭയം തേടുന്നു. സ്നേഹ പിതാവായ ദൈവം അങ്ങേക്ക് നല്‍കിയിരിക്കുന്ന സ്വര്‍ഗ്ഗീയ വരങ്ങളോര്‍ത്ത്,ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ സ്വീകരിക്കുന്നു.വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്നേഹ ചൈതന്യത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ. സേവനത്തിന്‍റെ  പാതയിലൂടെ ഞങ്ങളെ നയിക്കണമേ. അസൂയയും വിദ്വേഷവും നീക്കി സ്നേഹവും ഐക്യവും ഞങ്ങളില്‍ ജനിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ ആപത്തുകളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. അനുദിന ജീവിതത്തിലെ ക്ലേശങ്ങള്‍ സന്തോഷത്തോടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥതയില്‍ ആശ്രയിച്ചുകൊണ്ടു പിതാവായ ദൈവത്തിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥന



പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ അങ്ങേ ദാനങ്ങള്‍ നല്കി ഞങ്ങളെ വിശ്വാസത്തിലുറപ്പിക്കണമേ. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ഞങ്ങളെ നയിക്കണമേ,ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹാഗ്നിജ്വാലയാല്‍ ജ്വലിപ്പിക്കണമേ.വി.അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങ് നയിച്ചതുപോലെ,ഞങ്ങളെയും നേര്‍വഴികാട്ടി നടത്തണമേ.എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ട്,വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന് വരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.വി.അല്‍ഫോന്‍സായുടെ സുകൃതയോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും നിയോഗങ്ങളും പ്രത്യേകിച്ചു

(ആവശ്യം പറയുക)

സാധിച്ചുതന്നു അനുഗ്രഹിക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ എന്നേക്കും.

ആമ്മേന്‍.

വിശുദ്ധ അന്നാമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന

(സാമ്പത്തിക ഭദ്രതയുണ്ടാകുന്നതിനും, നിലനില്‍ക്കുന്നതിനും വേണ്ടിയുള്ള വി. അന്നാമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന)

മഹിമ നിറഞ്ഞ വിശുദ്ധ അന്നാമ്മേ, നിന്നോടപേക്ഷിക്കുന്നവരുടെ മേല്‍ ദയയും, സങ്കടപ്പെടുന്നവരുടെ മേല്‍ അലിവും നിറഞ്ഞവളായ നിന്‍റെ പാദത്തിങ്കല്‍ സങ്കടങ്ങളുടെ കനത്താല്‍ അധികമായി ഭാരപ്പെട്ടിരിക്കുന്ന ഞാന്‍ സാഷ്ടാംഗം വീണു താഴ്മയോടെ അപേക്ഷിക്കുന്നു. ( പ്രത്യേക കാര്യം സമര്‍പ്പിക്കുക ) ഈ കാര്യം നിന്‍റെ മകളായ ഭാഗ്യപ്പെട്ട കന്യാമറിയത്തെ ഏല്പിച്ചു അതിശുഭമായി തീരുവാന്‍ തക്കവണ്ണം ഈശോയുടെ സിംഹാസനം മുന്‍പാകെ ബോധിപ്പിക്കണമേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


ഏറ്റവും ദയയുള്ള വിശുദ്ധ അന്നാമ്മേ ഞങ്ങളുടെ ആയുസ്സും ഞങ്ങളുടെ മധുരവും ഞങ്ങളുടെ ശരണവുമായ മറിയത്തിന്‍റെ ജനനിയേ, നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു ഞങ്ങളുടെ ഈ അപേക്ഷ സാധിച്ചു തരണമേ. ( 3 പ്രാവശ്യം )

വാഴത്തപ്പെട്ട മറിയം ത്രേസ്യ

സര്‍വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,അങ്ങേ നേരെയുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയും സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് അഗതികള്‍ക്കും ആര്‍ത്തര്‍ക്കും അത്താണി യാകുകയും കുടുംബങ്ങളെ ക്രൈസ്തവ ചൈതന്യത്താല്‍ നിറക്കുവാന്‍ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത അങ്ങേ വിശ്വസ്തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി തിരുസഭയില്‍ വണങ്ങപ്പെടുവാന്‍ കൃപചെയ്യണമേ.

പരിശുദ്ധ കന്യകമറിയമേ,വിശുദ്ധ യൌസേപ്പ് പിതാവേ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച് തരണമെ. 

ആമ്മേന്‍ .


1 സ്വര്‍ഗ., 1 നന്മ., 1 ത്രിത്വ.