2017, മേയ് 28, ഞായറാഴ്‌ച


വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഒന്നാം തീയതി

ജപം

ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ...)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ...)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ...)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ...)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ...)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ....(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി

ജപം

ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം
വിവേകമതിയായ വിശുദ്ധ യൗസേപ്പേ, നന്മ തെരഞ്ഞെടുക്കുവാനുള്ള വിവേകം ഞങ്ങള്‍ക്ക് നല്‍കണമേ.

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: മൂന്നാം തീയതി

ജപം

ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ.കന്യകയുടെ വിരക്ത ഭര്‍ത്താവുമായ വി.യൗസേപ്പേ, അങ്ങയെ അനിതരസാധാരണമായ വരങ്ങളാല്‍ ദൈവം അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അതുല്യമായ മഹത്വം ഞങ്ങള്‍ ഗ്രഹിച്ച് അങ്ങയെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നതാണ്. പാപികളായ ഞങ്ങള്‍ അങ്ങില്‍ അഭയം പ്രാപിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനുഗ്രഹങ്ങള്‍ അങ്ങേ സര്‍വ്വ വല്ലഭമായ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്കു ലഭിച്ചു തരേണമേ. ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രത്യാശയും സങ്കേതവുമാകുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം

മഹത്വമുള്ള മാര്‍ യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: നാലാം തീയതി

ജപം

ദാവീദു രാജവംശജനായ മാര്‍ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്‍റെ സൂനവും അഭിമാനപാത്രവുമത്രേ. ലോകപരിത്രാതാവിന്‍റെ ആഗമനത്തിനായി ദൈവം അങ്ങേ പ്രത്യേക വിധമായി തെരഞ്ഞെടുത്തു. അനേകം അനുഗ്രഹങ്ങളാല്‍ സമലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളെ കരുണാപൂര്‍വ്വം കടാക്ഷിക്കേണമേ. ഞങ്ങള്‍ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച് കുടുംബത്തിന്‍റെ മണിദീപങ്ങളും സമുദായത്തിന്‍റെ അഭിമാനസ്തംഭങ്ങളും തിരുസ്സഭയുടെ ഉത്തമപുത്രരുമായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: അഞ്ചാം തിയ്യതി

ജപം

മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പ. കന്യകയോട്‌ അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പ. കന്യകാമറിയത്തെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ആറാം തീയതി

ജപം

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാക്കട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളെ സഹായിക്കണമേ.


വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഏഴാം തീയതി

ജപം

പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാംവിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ച ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തത്പരരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായവിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച മാര്‍ യൗസേപ്പേ, നിത്യരക്ഷ നേടുവാന്‍ ഞങ്ങളെ സഹായിക്കണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം എട്ടാം തീയതി

ജപം

തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം

തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരാ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഒമ്പതാം തീയതി

ജപം

ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

ദുഃഖിതരുടെ ആലംബമേ, ഞങ്ങളെ സമാശ്വസിപ്പിക്കണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പത്താം തീയതി

ജപം

ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ജോലിയുടെ മഹത്വം ഞങ്ങളെ പഠിപ്പിക്കണമേ.

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പതിനൊന്നാം തീയതി

ജപം

കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ഞങ്ങള്‍ ആത്മശരീര നൈര്‍മ്മല്യത്തോടു കൂടി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. ലോകത്തില്‍ നടമാടുന്ന തിന്മകളെയും വിപത്തുകളെയും മനസ്സിലാക്കി ഞങ്ങള്‍ അവധാനപൂര്‍വ്വം വര്‍ത്തിക്കുവാന്‍ സഹായിക്കുക. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പ. കന്യകയും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു. ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കേണമേ. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകളെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി ദൈവിക ദര്‍ശനത്തിന് പ്രാപ്തരാക്കട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ, ഞങ്ങളെ വിരക്തരായി കാത്തുകൊള്ളണമേ


വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പന്ത്രണ്ടാം തീയതി

ജപം

തിരുക്കുടുംബത്തിന്‍റെ പാലകനായ വി. യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ദിവ്യശിശുവിനെ സംരക്ഷിച്ചു. ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയ്ക്ക് അനേകം അപകടങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അവയെ എല്ലാം വിജയപൂര്‍വ്വം തരണം ചെയ്യുവാനും ദൈവജനത്തെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിലേക്ക് സുരക്ഷിതരായി നയിക്കുവാനും വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനോട് അപേക്ഷിച്ചു നല്‍കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

 സുകൃതജപം

തിരുസഭയുടെ പാലകാ, ദൈവജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ..

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പതിമൂന്നാം തീയതി

ജപം

ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പേ, അങ്ങേ അഗാധമായ വിശുദ്ധി മൂലം അങ്ങ് ഞങ്ങളുടെ സമുന്നത മദ്ധ്യസ്ഥനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകയാല്‍ പ്രത്യാശപൂര്‍വ്വം ഞങ്ങള്‍ അങ്ങേ സനിധിയില്‍ അണഞ്ഞു ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഈശോ മിശിഹായും പ. കന്യകാമറിയവും ധാരാളമായ അനുഗ്രഹങ്ങള്‍ അങ്ങുവഴി നല്‍കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങളുടെ വത്സല പിതാവായി ഞങ്ങളെ അങ്ങു പരിപാലിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം

തിരുസഭയുടെ സാര്‍വത്രികമദ്ധ്യസ്ഥനായ വി. യൗസേപ്പേ, ഞങ്ങളെ കാത്തുകൊള്ളണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പതിനാലാം തീയതി

ജപം

പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വി. യൗസേപ്പേ. അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ..

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം

പ്രാര്‍ത്ഥനാജീവിതത്തിന്‍റെ മാതൃകയായ വി. യൗസേപ്പേ, ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പതിനഞ്ചാം തീയതി

 ജപം

ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ...

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം

ദരിദ്രരുടെ ആശ്രയമായ മാര്‍ യൗസേപ്പേ ദരിദ്രരെ സഹായിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ..

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പതിനാറാം തീയതി

 ജപം

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ സ്ഥാനക്കാരനും ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായ മാര്‍ യൗസേപ്പേ എപ്പോഴും അങ്ങേ തിരുമനസ്സ് നിവര്‍ത്തിക്കുന്നതിന് ഉത്സുകനായിരുന്നുവല്ലോ. ഞങ്ങളുടെ വന്ദ്യപിതാവിന്‍റെ മഹനീയ മാതൃകയെ അനുസരിച്ചു കൊണ്ട് ദൈവഹിതത്തിന് എപ്പോഴും വിധേയരാകട്ടെ. മേലധികാരികളും മാതാപിതാക്കന്‍മാരും അങ്ങേ പ്രതിനിധികളാണെന്നുള്ള വിശ്വാസത്തോടുകൂടി അനുസരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

അനുസരണയുടെ മകുടമായ വിശുദ്ധ യൗസേപ്പേ, ദൈവഹിതമനുസരിച്ച് ജീവിക്കുവാന്‍ ഞങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പതിനേഴാം തീയതി

 ജപം

മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളേയും ധീരമായി അഭിമിഖീകരിച്ച് യാതനകളെയും ക്ലേശങ്ങളെയും അസാധാരണമായ ക്ഷമയും സഹനശക്തിയേയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങ സംരക്ഷിക്കുകയും ചെയ്യണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ 

സുകൃതജപം

ക്ഷമയുടെ മാതൃകയായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കു ശാന്തത നല്‍കണമേ.. .


വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പതിനെട്ടാം തീയതി

ജപം

ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലെശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു. അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക്‌ നേരിടുന്ന്‍ വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വി. യൗസേപ്പേ ഞങ്ങളുടെ ക്ലേശങ്ങളെ ധീരതയോടെ നേരിടുവാന്‍ സഹായിക്കണമേ... ..

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം പത്തൊൻപതാം തീയതി

ജപം

ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പ. കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പ. കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

നല്‍മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നല്‍മരണം പ്രാപിക്കുവാന്‍ ഇടയാക്കണമേ...

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപതാം തീയതി

ജപം

മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന്‍ സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

മാര്‍ യൗസേപ്പേ, ഞങ്ങള്‍ കുരിശുകള്‍ സഹിച്ച് ഈശോയെ അനുഗമിക്കുവാന്‍ സഹായിക്കണമേ....

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തൊന്നാം തീയതി

ജപം

മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി രണ്ടാം തീയതി

ജപം

മാര്‍ യൗസേപ്പ് പിതാവേ, അങ്ങ് യഥാര്‍ത്ഥ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ഉത്തമനിദര്‍ശനമാണ്. അങ്ങില്‍ ആശ്രയിക്കുന്നവരെ സഹായിക്കുവാന്‍ അവിടുന്ന്‍ സര്‍വ്വ സന്നദ്ധനാണല്ലോ. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുന്നതിലും തത്പരനായിരിക്കുന്നു. മനുഷ്യസേവനമായിരുന്നല്ലോ അവിടുത്തെ ജീവിതനിയമം. വന്ദ്യപിതാവേ, ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുവാനും സഹോദരങ്ങളില്‍ മിശിഹായേത്തന്നെ ദര്‍ശിച്ച് അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രേഷിതരായി ഞങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

ദൈവസ്നേഹം നിറഞ്ഞ വി. യൗസേപ്പേ, ഞങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി മൂന്നാം തീയതി

ജപം

ദിവ്യകുമാരന്‍റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കര്‍ഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

വിനീതഹൃദയനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിനയമുള്ളവരാക്കേണമേ..

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി നാലാം തീയതി

ജപം

തിരുക്കുടുംബത്തിന്‍റെ നാഥനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബം പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹസേവനങ്ങളുടെ വിളനിലമാകുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ജീവിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈശോയും, പരിശുദ്ധ കന്യകയും വന്ദ്യപിതാവേ, അങ്ങും ഞങ്ങളുടെ കുടുംബങ്ങളില്‍ സന്നിഹിതരായി കുടുംബാന്തരീക്ഷത്തെ പവിത്രീകരിക്കേണമേ. അപ്രകാരം ഞങ്ങളുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ നാന്ദിയാകട്ടെ..

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

തിരുക്കുടുംബത്തിന്‍റെ സംരക്ഷകാ, ഞങ്ങളുടെ കുടുംബത്തെ സ്നേഹ ചൈതന്യത്തില്‍ സംരക്ഷിക്കണമേ...

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി അഞ്ചാം തീയതി

ജപം

നീതിമാനായ വി. യൗസേപ്പേ, അങ്ങ് സകല സുകൃതങ്ങളാലും സമലംകൃതനായിരുന്നല്ലോ. തന്നിമിത്തം ദൈവസംപ്രീതിക്ക് പാത്രീഭൂതനുമായിരുന്നു. ഞങ്ങള്‍ ക്രിസ്തീയ സുകൃതങ്ങള്‍ തീക്ഷ്ണതയോടു കൂടി അഭ്യസിച്ച് ദൈവ സംപ്രീതിക്ക് പാത്രീഭൂതരാകുന്നതിനുളള അനുഗ്രഹം നല്‍കേണമേ. നീതിപാലനത്തില്‍ ഞങ്ങള്‍ വിശ്വസ്തരായിരിക്കട്ടെ. ദൈവത്തിനു അര്‍ഹമായ ആരാധനയും മേലധികാരികളോടുള്ള അനുസരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നീതിയും പാലിക്കുന്നതിന് വേണ്ട അനുഗ്രഹം നല്‍കേണമേ. ദരിദ്രരോടും തൊഴിലാളികളോടും ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള മഹാമനസ്ക്കതയും ഞങ്ങളില്‍ ഉളവാകട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

നീതിമാനായ മാര്‍ യൗസേപ്പേ നീതിബോധം ഞങ്ങള്‍ക്കു നല്‍കേണമേ....

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി ആറാം തീയതി

ജപം

സ്വര്‍ഗ്ഗരാജ്യത്തില്‍ അതുല്യമായ മഹത്വത്തിനും അവര്‍ണ്ണനീയമായ സൗഭാഗ്യത്തിനും അര്‍ഹനായിത്തീര്‍ന്ന ഞങ്ങളുടെ പിതാവായ മാര്‍ യൗസേപ്പേ, അങ്ങേ വത്സല മക്കളായ ഞങ്ങള്‍ക്കും ഈശോമിശിഹായോടും പരി. കന്യകാമറിയത്തോടും അങ്ങയോടും യോജിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഭാഗഭാക്കുകളാകുവാനുള്ള അനുഗ്രഹം പ്രാപിച്ചു നല്‍കേണമേ. ദൈവം ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ചുമതലകളും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ബലഹീനതകളും പ്രലോഭനങ്ങളും നിമിത്തം ഭൂതകാലത്തില്‍ ഞങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ചു ഭാവിയില്‍ തീക്ഷ്ണതയോടെ ജീവിക്കുന്നതാണ്..

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

സ്വര്‍ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹമാക്കേണമേ.

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി ഏഴാം തീയതി

ജപം

ഞങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, അങ്ങ് സ്വര്‍ഗ്ഗരാജ്യത്തില്‍ എല്ലാ വിശുദ്ധന്‍മാരേക്കാള്‍ ഉന്നതമായ മഹത്വം പ്രാപിച്ചിരിക്കുന്നല്ലോ. പാപികളായ ഞങ്ങളുടെ സ്വര്‍ഗീയമായ സൗഭാഗ്യത്തില്‍ എത്തിച്ചേരുവാന്‍ വേണ്ട അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തുണയായിരിക്കണമേ. ഞങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രതിബന്ധമായവയെ ദുരീകരിച്ച് അനുദിനം വിശുദ്ധിയില്‍ പുരോഗമിക്കുവാന്‍ അങ്ങേ മഹനീയമായ മാതൃക പ്രചോദനമരുളട്ടെ. വന്ദ്യപിതാവേ, അങ്ങേ സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഭക്തരും ദിവ്യകുമാരനായ ഈശോമിശിഹായുടെയും അങ്ങേ മണവാട്ടിയായ കന്യകാമറിയത്തിന്‍റെ പക്കലും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

വിശുദ്ധരുടെ സമുന്നത നേതാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിശുദ്ധിയില്‍ നയിക്കേണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി എട്ടാം തീയതി

ജപം

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ വിശ്വസ്ത ശുശ്രൂഷിയായ മാര്‍ യൗസേപ്പിനെ അങ്ങ് മഹത്വപ്പെടുത്തുവാന്‍ തിരുമനസ്സായി. ഞങ്ങള്‍ ആ പുണ്യപിതാവിനെ പുത്രര്‍ക്കനുയോജ്യമായ വിധം ബഹുമാനിക്കുന്നത് അവിടുത്തെ സംപ്രീതിക്കു നിദാനമാണെന്നു ഞങ്ങള്‍ക്കറിയാം. മാര്‍ യൗസേപ്പിനെ അനുകരിച്ച് ഞങ്ങളും അനുദിന ജീവിതത്തില്‍ അവിടുത്തെ ഹിതം മാത്രമനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ദൈവസവിധത്തില്‍ മാദ്ധ്യസ്ഥം വഹിച്ച് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനും അവിടുത്തെ മക്കളാണെന്നു പ്രഖ്യാപിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

ഈശോയുടെ സ്നേഹമുള്ള വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ! ഈശോയെ സ്നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തി ഒമ്പതാം തീയതി

ജപം

ലോകപരിത്രാതാവായ മിശിഹായേ, അങ്ങയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിനെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവിടുത്തെ സംപ്രീതിക്ക് അര്‍ഹമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പിതാവിനെ സ്തുതിക്കുന്നതിന് ഉത്സുകരാകുന്നതാണ്. ഈ വന്ദ്യപിതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ മാതൃക അനുസരിച്ച് അങ്ങേ സേവനത്തില്‍ ഞങ്ങള്‍ തത്പരരായിരിക്കും. ഈശോയിലും ഈശോയ്ക്കു വേണ്ടിയും ഈശോയോടു കൂടിയും ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുവാന്‍ ഞങ്ങളെ ശക്തരാക്കേണമേ. ഉത്തരവാദിത്വ പൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിച്ച് ദൈവമക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

ഈശോയ്ക്കു വേണ്ടി ജീവിച്ച മാര്‍ യൗസേപ്പേ, ഞങ്ങളേയും ഈശോയ്ക്കു വേണ്ടി ജീവിക്കുവാന്‍ പഠിപ്പിക്കണമേ

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം മുപ്പതാം തീയതി

ജപം

ദൈവജനനിയായ പ. കന്യകയേ, അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പിനോടുള്ള ഭക്തി അങ്ങേയ്ക്ക് പ്രസാദജനകവും അനുഗ്രഹദായകവുമാണെന്ന് ഞങ്ങള്‍ ഗ്രഹിച്ചു. അതിനാല്‍ ഈ പുണ്യപിതാവിനോടു ഞങ്ങള്‍ സവിശേഷ ഭക്തിയുള്ളവരായി ജീവിച്ചു കൊള്ളാം. നാഥേ, അങ്ങയെയും ദിവ്യകുമാരനെയും മാര്‍ യൗസേപ്പിനെയും കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും നിങ്ങളുടെ വിശ്വസ്ത ദാസര്‍ക്കനുയോജ്യമായ ജീവിതം നയിക്കുവാനും ആവശ്യമായ അനുഗ്രഹം നല്‍കണമേ മാര്‍ യൗസേപ്പേ, അങ്ങ് പ. കന്യകയെ സ്നേഹിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്യുന്നതുപോലെ ഞങ്ങളും ദൈവമാതാവിനെ സ്നേഹിക്കുവാനും അവളുടെ സേവനത്തിന് ഞങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും വേണ്ട അനുഗ്രഹം നല്‍കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

കന്യകാമറിയത്തിന്‍റെ വിശ്വസ്ത ഭര്‍ത്താവേ, ഞങ്ങളില്‍ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം മുപ്പത്തൊന്നാം  തീയതി

ജപം

മഹാമാദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ! അങ്ങില്‍ അഭയം പ്രാപിച്ചിരിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളെ അവിടുന്ന്‍ സാധിച്ചു കൊടുക്കുന്നു. അവരെ എല്ലാ വിപത്തുകളില്‍ നിന്നും പ്രത്യേകമായി ദുര്‍മരണങ്ങളില്‍ നിന്നും അങ്ങ് രക്ഷിക്കുന്നതാണ്. തിരുസഭയുടെ പാലകനും സാര്‍വത്രിക മദ്ധ്യസ്ഥനുമായ വന്ദ്യപിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. തിരുസഭ അഭിമുഖീകരിക്കുന്ന വിപത്തുകളെയും വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടും കന്യകാംബികയോടും അപേക്ഷിച്ചു ലഭിച്ചു തരണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

സുകൃതജപം

തിരുക്കുടുംബത്തിന്‍റെ നാഥനായ പിതാവേ, ഞങ്ങളുടെ ഭവനത്തിന്‍റെ നാഥനായിരിക്കേണമേ.

മാര്‍ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠാജപം


എല്ലാ കുടുംബത്തിലും വച്ച് ഏറ്റവും പരിശുദ്ധമായ തിരുക്കുടുംബത്തിന്‍റെ നാഥനായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ മാര്‍ യൗസേപ്പേ, ഈ കുടുംബത്തിന്‍റെയും തലവന്‍ എന്ന സ്ഥാനം അങ്ങ് വഹിക്കണമേ. ഈ ക്ഷണം മുതല്‍ അങ്ങയെ പിതാവും മദ്ധ്യസ്ഥനും മാര്‍ഗദര്‍ശിയുമായി ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും വസ്തുവകകളും മറ്റെല്ലാം ഞങ്ങളുടെ മരണവും അങ്ങേ പ്രത്യേക സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്‍പ്പിക്കുന്നു. ഞങ്ങളെ അങ്ങേ പുത്രനായിട്ട് സ്വീകരിക്കേണമേ. ഞങ്ങളുടെ ആത്മശരീര ശത്രുക്കളില്‍ നിന്നും പരിരക്ഷിക്കണമേ. എല്ലാ കാലങ്ങളിലും ആവശ്യങ്ങളിലും ഞങ്ങള്‍ക്ക് ആലംബമായിരിക്കേണമേ. ജീവിതകാലത്തും മരണാവസരങ്ങളില്‍ വഹിച്ചിരിക്കുന്ന ദിവ്യകുമാരനോടും പരിശുദ്ധ മണവാട്ടിയായ കന്യകാംബികയോടും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ. ഈ കുടുംബത്തെ (സമൂഹത്തെ) അങ്ങേയ്ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കുക. ഞങ്ങള്‍ ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാമെന്നും ഈശോമിശിഹായേയും ദൈവജനനിയേയും അങ്ങയേയും വിശ്വസ്തതാപൂര്‍വ്വം സേവിക്കാം എന്നും പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമ്മേന്‍.