2017, മേയ് 31, ബുധനാഴ്‌ച

ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാരോ?


കടപ്പാട്:http://www.carmelapologetics.org/?p=8688
ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാരോ?

ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാരാണോ? ക്രിസ്തീയ സഭയില്‍ പ്രത്യേക പൌരോഹിത്യം ഇല്ലെന്നും എല്ലാരും ക്രിസ്ത്യാനികള്‍ ആണെന്നും നവീന ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പറയുന്നു. ചൂണ്ടി കാണിക്കപ്പെടുന്ന വചനം : “നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോ 2:9). അപ്പോള്‍ ക്രിസ്തീയ സഭയില്‍ വേറെ പുരോഹിതന്മാര്‍ ആരും ഇല്ല, എല്ലാ ക്രിസ്ത്യാനികളും പുരോഹിതന്മാര്‍ ആണ്. ഇതാണ് നവീന പഠിപ്പിക്കല്‍.

ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാര്‍ തന്നെയാണ്

സഭയുടെ പഠിപ്പിക്കല്‍ അനുസരിച്ച് ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതര്‍ തന്നെ ആണ്. അതുകൊണ്ട് തന്നെ ആണ് മാമോദീസയുടെ സമയത്ത് വി. മൂറോന്‍ തൈലം (Holy Chrism) കൊണ്ട് നാം അഭിഷേകം ചെയ്യപ്പെടുന്നത്. വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്നത് മുഖാന്തിരം നാം രാജത്വവും പൌരോഹിത്യവും പ്രാപിക്കുന്നു. അതുകൊണ്ട് തന്നെ സഭയിലെ ഏറ്റവും പ്രാധാന പട്ടത്വം ആയ “ഹൈമ്നോ” (Faithful) എന്ന സ്ഥാനം ഒരു വിശ്വാസിക്ക് ഉണ്ട്. ഈ സ്ഥാനം പ്രാപിക്കാത്ത ആര്‍ക്കും മറ്റു ഉയര്‍ന്ന സ്ഥാനം പ്രാപിക്കാന്‍ കഴിയില്ല. സഭയിലെ തൈലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന ഏക പട്ടത്വ ശുശ്രൂഷയും ഒരു വിശ്വാസിയുടെത് ആണ്. അതുകൊണ്ട് വി. മൂറോന്‍ അഭിഷേകം ഇല്ലാത്ത ആര്‍ക്കും രാജത്വവും പൌരോഹിത്യവും ഇല്ല. ഏതു കലക്ക വെള്ളത്തില്‍ മുങ്ങിയാലും!

എന്നാല്‍ വേറെ പൌരോഹിത്യ സ്ഥാനം ഇല്ല എന്നല്ല!

നമുക്ക് മുകളില്‍ സൂചിപ്പിച്ച വചനം ഒന്നുകൂടെ എടുത്തു പരിശോധിക്കാം.

“നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോ 2:9).

പുതിയ നിയമത്തിന്റെ മൂല ഭാഷയായി കണക്കാക്ക പെടുന്നത് ഗ്രീക്ക് ആണ്. ഇവിടെ ‘രാജകീയ പുരോഹിതവര്‍ഗ്ഗം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് മൂല പദം “Basileion Hierateuma” എന്ന വാക്ക് ആണ്. ഇതേ വാക്ക് മറ്റൊരു സ്ഥലത്ത് കൂടി ബൈബിളില്‍ കാണുന്നുണ്ട്. അതെവിടെ ആയിരിക്കാം?

പഴയ നിയമത്തിന്റെ മൂല ഭാഷ ഹീബ്രു ആയിരുന്നാലും ഗ്രീക്ക് പുതിയ നിയമം എഴുതുമ്പോള്‍ അവയില്‍ ഉദ്ധരിക്കാന്‍ പുതിയ നിയമ എഴുത്തുകാര്‍ ആശ്രയിക്കുന്നത് പഴയ നിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ ‘സപ്തതി’ (Septuagint) ആണ്. ഗ്രീക്ക് പഴയ നിയമത്തില്‍ മുകളില്‍ ഉപയോഗിച്ച വാക്ക് ഉപയോഗിക്കുന്നത് ഈ വാക്യത്തില്‍ ആണ്:

“നിങ്ങള്‍ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.” (പുറ 19:6).

ഇവിടെ ‘പുരോഹിതരാജത്വം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് “Basileion Hierateuma” എന്ന വാക്ക് തന്നെ ആണ്. മലയാള പരിഭാഷയിലെ വാക്കുകള്‍ വത്യാസമായിരുന്നാല്‍ പോലും ഗ്രീക്ക് ഭാഷയില്‍ രണ്ടു സ്ഥലത്തും അര്‍ഥം “രാജകീയ പുരോഹിതവര്‍ഗ്ഗം” എന്ന് തന്നെ ആണ്.



അപ്പോള്‍ ഇസ്രായേല്‍ ജനം എല്ലാരും പുരോഹിതന്മാര്‍ ആയിരുന്നോ? ആയിരുന്നു. എന്നാല്‍ ഇസ്രായേല്‍ ജനത്തില്‍ വേറെ പുരോഹിതന്മാര്‍ ഇല്ലായിരുന്നോ ? പുരോഹിതന്മാരായ ഇസ്രായേല്‍ ജനത്തില്‍ വേറെ പുരോഹിതന്മാര്‍ ഉണ്ടായിരുന്നു എന്ന് തന്നെ വചനം പറയുന്നു. തെളിവിനായി മുകളില്‍ ഉദ്ധരിച്ച പുറപ്പാട് പുസ്തകത്തിലെ 19-ആം അദ്ധ്യായം തന്നെ എടുക്കാം.

“യഹോവ മോശെയോടു കല്പിച്ചതെന്തെന്നാല്‍: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കല്‍ കടന്നുവന്നിട്ടു അവരില്‍ പലരും നശിച്ചുപോകാതിരിപ്പാന്‍ നീ ഇറങ്ങിച്ചെന്നു അവരോടു അമര്‍ച്ചയായി കല്പിക്ക. യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവര്‍ക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.” (പുറ 19: 21:22)

യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാല്‍ പുരോഹിതന്മാരും ജനവും യഹോവ അവര്‍ക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ കയറുവാന്‍ അതിര്‍ കടക്കരുതു. (പുറ 19:24)

മുകളിലെ വാക്യങ്ങളില്‍ നിന്ന് എന്താണ് മനസ്സിലാവുന്നത്? ഇസ്രായേല്‍ ജനം പുരോഹിതന്മാര്‍ ആണെങ്കിലും ജനത്തില്‍ നിന്ന് വത്യസ്തരായ ചില പുരോഹിതന്മാര്‍ അവരില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ലേ? ജനം എല്ലാരും പുരോഹിതന്മാര്‍ ആണെങ്കിലും അവരില്‍ നിന്ന് ചിലരെ ദൈവം പുരോഹിതന്മാരായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് തര്‍ക്കമറ്റ സംഗതിയാണ്.

പുരോഹിതന്മാരില്‍ നിന്നുള്ള പുരോഹിതന്മാര്‍

പഴയ നിയമത്തില്‍ ഇസ്രായേല്‍ ജനം മുഴുവനും പുരോഹിതന്മാര്‍ ആയിരുന്നു എങ്കിലും അവരില്‍ നിന്ന് മറ്റു പുരോഹിതന്മാരെ ദൈവം തെരഞ്ഞെടുത്ത പോലെ, പുതിയ ഇസ്രായേല്‍ ആയ ക്രിസ്തീയ സഭയിലും എല്ലാരും പുരോഹിതന്മാര്‍ ആണെങ്കിലും അവരില്‍ നിന്നും മറ്റു പൌരോഹിത്യ സ്ഥാനികളെ ദൈവം തെരഞ്ഞെടുക്കുന്നു. ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാര്‍ ആണ് എന്ന് പത്രോസ് പറയുന്നത് ഇസ്രായേല്‍ എല്ലാരും പുരോഹ്തന്മാര്‍ ആണെന്ന് പറഞ്ഞിട്ടുള്ള തിരുവച്ചനതിന്റെ context – ല്‍ ആണ്. അപ്പോസ്തോലിക കാലഘട്ടം മുതല്‍ പൌരോഹിത്യം ക്രിസ്തീയ സഭയില്‍ ഉണ്ട്. ബൈബിളില്‍ നിന്ന് അന്യത്ര ഞങ്ങള്‍ തെളിയിച്ചിട്ടുള്ളതും ആണ്.

ഉപസംഹാരം

മൂറോന്‍ അഭിഷേകം പ്രാപിച്ച ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാര്‍ തന്നെ ആണ്. എങ്കിലും ആ പുരോഹിതന്മാരില്‍ നിന്ന് ഉയര്‍ന്ന പൌരോഹിത്യ സ്ഥാനികളെ ദൈവം തെരഞ്ഞെടുത്തിട്ടുണ്ട്. ആ സത്യം മറച്ചു വച്ച് പഠിപ്പിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേള്‍ക്കാന്‍ ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ!