2017, ജനുവരി 16, തിങ്കളാഴ്‌ച

തോമാശ്ലീഹാ

യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളാണ് തോമാശ്ലീഹാ. ഇദ്ദേഹം യൂദാസ് തോമസ്, ദിദിമോസ്, മാർ തോമാ എന്നീ പേരുകളിലും അറിയപ്പെടുന്നു. യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമസ് അപ്പോസ്തലനെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശമുള്ളൂ. യോഹന്നാന്‍റെ സുവിശേഷത്തിൽ മാത്രമാണ് തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത് .

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.
പേരിനു പിന്നിൽ
തോമാ എന്ന അരമായ സുറിയാനി വാക്കിന്‍റെ അർത്ഥം ഇരട്ടഎന്നാണ്. അതിനാൽത്തന്നെ ഇത് അദ്ദേഹത്തിന്‍റെ പേരല്ല, എന്നും അദ്ദേഹം ഇരട്ടകളിൽ ഒന്നായി ജനിച്ചുവെന്നതിന്‍റെ സൂചന മാത്രമാണെന്നും വാദമുണ്ട്.  ശ്ലീഹ എന്ന സുറിയാനി പദത്തിന്‍റെ അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്‌.

കേരളത്തിൽ

ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്‍റെ തീരപ്രദേശങ്ങളിൽ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാം മതത്തിന്‍റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ സുറിയാനി ഭാഷ ആയിരുന്നു.

തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്‍റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം മരണമടഞ്ഞതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.

അപ്പോസ്തലൻ

ജനനം    ഒന്നാം നൂറ്റാണ്ട്
ഗലീലി

മരണം    72 ഡിസംബർ 21
മൈലാപൂർ, ഇന്ത്യ 

വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്    സഭാരൂപീകരണത്തിനു മുൻപേ

പ്രധാന കപ്പേള  സെന്‍റെ തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ

ഓർമ്മത്തിരുന്നാൾ   
ജൂലൈ 3 - സീറോ മലബാർ കത്തോലിക്കാ സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ലത്തീൻ കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ


ഡിസംബർ 21 - മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മലങ്കര മാർത്തോമ സുറിയാനി സഭ

ചിത്രീകരണ ചിഹ്നങ്ങൾ    ഇരട്ട, കുന്തം (രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിന്), മട്ടം (ആശാരിപ്പണി എന്ന അദ്ദേഹത്തിന്റെ തൊഴിലിനെ സൂചിപ്പിക്കാൻ)


മധ്യസ്ഥത  മാർ തോമാ നസ്രാണികൾ, ഇന്ത്യ മുതലായവ.