2017, ജനുവരി 22, ഞായറാഴ്‌ച


പാപികള്‍ക്കും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥന 
ദൈവമേ അങ്ങ് എന്റെ ബുദ്ധിയിലും, ബോധ്യത്തിലും ഉണ്ടായിരിക്കുക
എന്റെ കാഴ്ചയിലും, നോട്ടത്തിലും ഉണ്ടായിരിക്കുക
എന്റെ അധരത്തിലും, സംസാരത്തിലും ഉണ്ടായിരിക്കുക
ദൈവമേ അങ്ങ് എന്റെ ഹൃദയത്തിലും ചിന്തയിലും വസിക്കുക
ദൈവമേ എന്റെ അവസാനത്തിലും, മരണത്തിലും ഉണ്ടായിരിക്കുക
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും,,ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. (1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.)
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: 'ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്! സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു'. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.)


ഉറങ്ങാന്‍ പോകുന്നതിനു മുമ്പും മറ്റവസരങ്ങളിലും ചൊല്ലാവുന്ന സുകൃതജപം.

യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയേ, പെട്ടെന്നുള്ള മരണത്തില്‍ നിന്നും, അപകടങ്ങളിലും അസുഖങ്ങളിലും നിന്നും, ഭയത്തിലും പൈശാചികബാധയില്‍ നിന്നും, ദുഷ്ചിന്തകളിലും ദുഷ്ചര്യകളിലും നിന്നും എന്നേയും എന്റെ കുടുംബത്തേയും കാത്തുരക്ഷിക്കണമേ. ആമ്മേന്‍.

(യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയേ എന്നു കുരിശു വരച്ചുകൊണ്ട് ഈ സുകൃതജപം ചൊല്ലുന്നു.)

രാത്രിജപം

പ്രാര്‍ത്ഥന
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
എന്റെ ഈശോ നാഥാ, ഇന്നേ ദിവസം എനിക്ക് നല്‍കിയ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എല്ലാ ആപത്തുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും എന്നെ കാത്തു പരിപാലിച്ച എന്റെ നല്ല ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
കാരുണ്യവാനായ ഈശോനാഥാ, എന്നേയും എന്റെ കുടുംബത്തേയും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഈ രാത്രിയില്‍ അങ്ങേ കൃപയിലും വിശുദ്ധിയിലും ഞങ്ങളെ കാത്തുപരിപാലിക്കണമേ. പരിശുദ്ധ കന്യകാമറിയമേ അവിടുത്തെ വിമലഹൃദയത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങളുടെ കാവല്‍മാലാഖമാരേ പരിശുദ്ധന്മാരേ എനിക്കും എന്റെ കുടുംബത്തിനും ഈ രാത്രിയില്‍ സംരക്ഷണം നല്‍കണമേ. ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിനെയും ഹൃദയത്തെയും നിങ്ങള്‍ക്ക് ഞാന്‍ കാഴ്ചവയ്ക്കുന്നു.നല്ലൊരു പ്രഭാതം കണ്ടുകൊണ്ട് അങ്ങയില്‍ ഉണരുവാന്‍ എന്നെ അനുഗ്രഹിക്കണമേ.
എന്റെ അമ്മേ എന്റെ ആശ്രയമേ
എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.


ക്ഷമയുടെ പ്രാര്‍ത്ഥന

എന്നില്‍ വസിക്കുന്ന ത്രീയേകദൈവമേ ഈ വ്യക്തിയെ (പേര്) അങ്ങയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. എന്നെയും സമര്‍പ്പിക്കുന്നു. ഈ വ്യക്തിയോട് (പേര്) ഞാന്‍ പൂര്‍ണ്ണമായും ക്ഷമിക്കുന്നു. ഞങ്ങളെ അനുരഞ്ജിപ്പിക്കണമേ. ഈ മകനേയും /മകളേയും എന്നെയും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ, എന്റെ അബോധമനസ്സിലും ഉപബോധമനസ്സിലും, സുബോധമനസ്സിലും ഈ മകനോടുള്ള വെറുപ്പ്, വൈരാഗ്യം എന്നിവയെ നിര്‍മ്മാര്‍ജ്ജനം  ചെയ്യണമേ. ഈശോയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ.  (അല്പനേരം സ്തുതിച്ചു പ്രാര്‍ത്ഥിക്കുക)
(ക്ഷമിക്കപ്പെടുവാന്‍ ഒന്നിലധികം വ്യക്തികളുണ്ടെങ്കില്‍ ഓരോ വ്യക്തിയേയും അവരുടെ പേരും സഹിതം മനസ്സില്‍ കൊണ്ടുവന്ന് അവരോട് പൂര്‍ണ്ണമായും ക്ഷമിക്കുക. തുടര്‍ന്ന് കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കുക. മരിച്ചുപോയ വ്യക്തിയാണെങ്കില്‍ ആ വ്യക്തിയെ അകക്കണ്ണുകൊണ്ട് കണ്ട് ആ വ്യക്തിയുടെ ആത്മാവിനോട് എന്നവിധം പ്രാര്‍ത്ഥിക്കുക. ആ വ്യക്തിയോടുള്ള വെറുപ്പ് പൂര്‍ണ്ണമായും ക്ഷമിച്ചുവെന്ന് ബോദ്ധ്യപ്പെടുന്നതുവരെ പ്രാര്‍ത്ഥന ചൊല്ലണം.)


പ്രഭാത പ്രാര്‍ത്ഥന

സ്‌നേഹമുള്ള ഈശോയേ, അങ്ങു തന്ന ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ അങ്ങു നല്കിയ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എന്റെ ശരീരവും ആത്മാവും ഇവയുടെ എല്ലാ കഴിവുകളും ഇന്നത്തെ എന്റെ പ്രവൃത്തികളും, പ്രാര്‍ത്ഥനകളും, സന്തോഷങ്ങളുംസങ്കടങ്ങളും, വിചാരങ്ങള്‍ പോലും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി, എന്റെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടെ യോഗ്യതകളോടുകൂടെ, അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.
ന്റെ എല്ലാ ഉദ്യമങ്ങളേയും അങ്ങ് ആശീര്‍വദിക്കണമേ. പ്രവൃത്തികളെ അങ്ങ് നിയന്ത്രിക്കണമേ. അങ്ങേ തിരുരക്തത്തില്‍ പൊതിഞ്ഞ് എന്നെ സൂക്ഷിക്കണമേ. അങ്ങേ സ്‌നേഹത്തില്‍ നിന്ന് ഒരു ശക്തിക്കും എന്നെ അകറ്റാന്‍ കഴിയാതിരിക്കട്ടെ. ഞാനിന്നു ബന്ധപ്പെടുന്ന എല്ലാവരിലും അങ്ങയുടെ സ്‌നേഹം പകര്‍ന്നുകൊടുക്കുവാന്‍ കൃപ തരണമേ. ഞാന്‍ കാണുന്ന എല്ലാറ്റിനെയും അങ്ങ് ആഗ്രഹിക്കുന്നതു പോലെ കാണുവാന്‍ സാധിക്കട്ടെ. ഞാനിന്നു മരിക്കുവാന്‍ അങ്ങ് തിരുമനസ്സാകുന്നെങ്കില്‍ അങ്ങേ തിരുമുഖം കാണുവാന്‍ എനിക്കിടയാക്കണമേ.
സ്‌നേഹമുള്ള ഈശോയേ, എന്റെ മാതാപിതാക്കളെയും സഹോദരീസഹോരന്മാരെയും സ്‌നേഹിതരേയും ഉപകാരികളെയും എന്റെ പ്രാര്‍ത്ഥന ആഗ്രഹിക്കുന്ന ഏവരെയും അങ്ങ് അനുഗ്രഹിക്കണമേ. അവരെയെല്ലാം അങ്ങയോടുള്ള ഐക്യത്തില്‍ സദാ കാത്തുകൊള്ളണമേ. ആദ്ധ്യാത്മീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ അവര്‍ക്കു നല്കണമേ. വേദനയില്‍ സഹനശക്തിയും അപകടങ്ങളില്‍ ധൈര്യവും രോഗത്തില്‍ ശാന്തിയും പ്രയാസങ്ങളില്‍ സന്തോഷവും കൊടുത്തനുഗ്രഹിക്കണമേ.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു നിത്യശാന്തി നല്കണമേ. ഇന്നു മരിക്കാനിരിക്കുന്നവര്‍ക്ക് അങ്ങയുടെ സ്‌നേഹത്തിന്റെ ശക്തി കാണിച്ചുകൊടുക്കേണമേ. പ്രലോഭനങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് കരണയും പുണ്യജീവിതം നയിക്കുന്നവര്‍ക്ക് സ്ഥിരതയും കൊടുക്കേണമേ. സഭയെയും രാഷ്ട്രത്തെയും അനുഗ്രഹിക്കണമേ.
എന്റെ കാവല്‍മാലഖയേ, ദൈവത്തിന്റെ കൃപയാല്‍ അങ്ങേക്കു ഏല്പിക്കപ്പെട്ടിരിക്കുന്ന എന്നെ ഈ ദിവസം മുഴുവനും സ്‌നേഹപൂര്‍വ്വം കാത്തുസൂക്ഷിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യേണമേ. ആമ്മേന്‍.


ബലഹീനതകള്‍ സമര്‍പ്പിച്ചുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥന
എന്നില്‍ വസിക്കുന്ന ത്രീയേകദൈവമേ എന്റെ എല്ലാ ബലഹീനതകളേയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ഈശോയേ എന്റെ തഴക്കദോഷങ്ങള്‍, സ്വര്‍ത്ഥതഅഹങ്കാരം, വെറുപ്പ്, വിദ്വേഷംഅസൂയ, വൈരാഗ്യം, മുന്‍കോപം, ആസക്തികള്‍, ദുഷ്ചിന്തകള്‍, നിരാശ, അപകര്‍ഷതാബോധം, മറ്റുളളവരെ വിധിക്കുന്ന പ്രവണത, മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ സാധിക്കാത്ത അവസ്ഥ, പ്രാര്‍ത്ഥനയിലുള്ള ശുഷ്‌കാന്തിക്കുറവ് എന്നിവ ഞാന്‍ അവിടുത്തെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. (ഓരോന്നും പ്രത്യേകം ഓര്‍ത്ത് സമര്‍പ്പിക്കുക). അവിടുന്ന് എന്നെ വിശുദ്ധീകരിക്കണമേ.എന്നെ ദ്രോഹിക്കുന്നവരോട് പൂര്‍ണ്ണമായും ക്ഷമിക്കുവാന്‍ എനിക്ക് ശക്തി തരണമേ. അവിടുത്തെ കൃപാസമുദ്രത്തില്‍ എന്റെ പാപങ്ങളുടെയും കടങ്ങളുടെയും കറകഴുകി എന്നെ വിശുദ്ധീകരിക്കണമേ. നിര്‍മ്മലമായ ഒരു ഹൃദയവും, എല്ലാം ക്ഷമിക്കുവാനുള്ള മനസ്സും എനിക്ക് തരണമേ.




പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, വിശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥന

1)ആത്മാവ്, മനസ്സാക്ഷി, മനസ്സ്, ചിന്തകള്‍, ഭാവനകള്‍, ബുദ്ധി
ഈശോനാഥാ എന്റെ ആത്മാവിനെ ഞാന്‍ അങ്ങേ പക്കല്‍ സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിന്‌ ദൈവാത്മാവുമായി ലയിച്ചുചേരുന്നതിന് തടസ്സമായിട്ടുള്ള എല്ലാ അശുദ്ധിയും അവിടുത്തെ തിരുരക്തത്താല്‍ വിശുദ്ധീകരിക്കണമേ.

എന്റെ മനസ്സാക്ഷിയെ ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സാക്ഷിയിലുള്ള തെറ്റായ ബോദ്ധ്യങ്ങളെ അവിടുത്തെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. ഈശോയേ എന്റെ അബോധമനസ്സിനേയും ഉപബോധമനസ്സിനെയും സുബോധമനസ്സിനെയും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സിനേറ്റ മുറിവുകള്‍ അവിടുത്തെ തിരുകാസയിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവേ അവിടുത്തെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ.

ഈശോയേ എന്റെ ചിന്താശക്തിയേയും ഭാവനാശക്തിയേയും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ചിന്തയിലും ഭാവനയിലും നിലകൊള്ളുന്ന അശുദ്ധിയുടെ മേഖലകളൊക്കെയും ഞാന്‍ സമര്‍പ്പിക്കുന്നു. (ചിന്തയിലൂടെ ചെയ്തിട്ടുള്ള പാപങ്ങള്‍ മനസ്സിലേക്ക് കൊണ്ടുവരിക. അവയെക്കുറിച്ചോര്‍ത്ത് മനസ്തപിക്കുക.) എന്റെ ബുദ്ധിശക്തിയെ ഞാന്‍ സമര്‍പ്പിക്കുന്നു. അവിടുത്തെ തിരുരക്തത്താല്‍ എന്നെ ശുദ്ധീകരിക്കണമേ. ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.

ഗാനം

'തിരുരക്തത്താല്‍ കഴുകണമേ
നിത്യാത്മാവേ എന്‍ ഹൃദയം
തിരുരക്തത്താല്‍ കഴുകണമേ
നിത്യാത്മാവേ എന്‍ മനസ്സാക്ഷി'

2) ശരീരവും പഞ്ചേന്ദ്രിയങ്ങളും

എന്റെ ഈശോയേ എന്റെ ശിരസ്സിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ശിരസ്സ് നമിക്കുക). എന്റെ ശരീരത്തെ മുഴുവനായി ഞാന്‍ സമര്‍പ്പിക്കുന്നു. (ശരീരത്തിലെ എല്ലാ അവയവങ്ങളും വിശിഷ്യ അസുഖമുള്ള ഭാഗമുണ്ടെങ്കില്‍ പ്രത്യേകമായും മനസ്സില്‍ ഓര്‍ത്തു സമര്‍പ്പിക്കുക). എന്റെ ശരീരഅവയവങ്ങള്‍ കൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഞാന്‍ അങ്ങേ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. എന്നോട് ക്ഷമിക്കണമേ. (പലപ്പോഴായി ചെയ്തിട്ടുള്ള പാപങ്ങളോര്‍ത്ത് ക്ഷമ ചോദിക്കുക) അവിടുത്തെ തിരുരക്തത്താല്‍ എന്റെ ശരീരത്തെ കഴുകി വിശുദ്ധീകരിക്കണമേ. അവിടുത്തെ തിരുരക്തത്തിന്റെ സംരക്ഷണം എനിക്കു തരണമേ.

ഈശോനാഥാ, എന്റെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നിവ ഞാന്‍ പ്രത്യേകം സമര്‍പ്പിക്കുന്നു. എന്റെ കണ്ണുകളിലൂടെ കണ്ടിട്ടുള്ള അശുദ്ധമായ കാഴ്ചകളും കാതില്‍ക്കൂടി കേട്ടിട്ടുള്ള അശുദ്ധമായ സ്വരങ്ങളും എന്റെ നാവിലൂടെ പറഞ്ഞിട്ടുള്ള വേദനിപ്പിക്കുന്ന സംസാരങ്ങളും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും എന്നോട് ക്ഷമിക്കണമേ. (ഓരോ പാപവും ഓര്‍ത്ത് ക്ഷമ ചോദിക്കുക) അവിടുത്തെ തിരുരക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധീകരിക്കണമേ!
മിശിഹായുടെ തിരുശ്ശരീരമേ - എന്നെ രക്ഷിക്കണമേ!
മിശിഹായുടെ തിരുരക്തമേ - എന്നെ ലഹരി പിടിപ്പിക്കണമേ!
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ - എന്നെ കഴുകണമേ!
മിശിഹായുടെ കഷ്ടാനുഭവമേ - എന്നെ ധൈര്യപ്പെടുത്തണമേ!
നല്ല ഈശോ - എന്റെ അപേക്ഷ കേള്‍ക്കണമേ!
അങ്ങേ തിരുമുറിവുകളുടെയിടയില്‍ - എന്നെ മറച്ചുകൊള്ളണമേ!
അങ്ങയില്‍ നിന്ന് പിരിഞ്ഞുപോകുവാന്‍ - എന്നെ അനുവദിക്കരുതെ!
ദുഷ്ടശത്രുക്കളില്‍ നിന്നും - എന്നെ കാത്തുകൊള്ളണമേ!
എന്റെ മരണനേരത്ത് - എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കണേമ.
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ സ്തുതിക്കുന്നതിന് - അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ - എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.




ആരാധന, സ്തുതി, നന്ദിപ്രാര്‍ത്ഥന

യഥാര്‍ത്ഥ ആരാധകന്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും (യോഹന്നാന്‍ 4:23).

ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് (ഫിലിപ്പി 2:9-11).

സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപനങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍ (എഫെസോസ് 5:19).

 പ്രാര്‍ത്ഥന

ഈശോയേ ഞാന്‍ നിന്നെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, നന്ദിപറയുന്നു. ഈശോ നീയാണെന്റെ ദൈവം, നീയാണെന്റെ ശക്തി, നീയാണെന്റെ ജീവന്‍, നീയെന്റെ ശരണം, നീയെന്റെ ആശ്രയം, നീയാണെന്റെ സര്‍വ്വസ്വവും. ഞാന്‍ നിന്നെ ആരാധിക്കുന്നു.

 ഗാനം

ദൈവപിതാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്റെ സര്‍വ്വസ്വവും നിന്‍
മുമ്പിലണച്ചു കുമ്പിടുന്നു.

യേശുവേ നാഥാ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്റെ സര്‍വ്വസ്വവും നിന്‍
മുമ്പിലണച്ചു കുമ്പിടുന്നു.

പാവനാത്മാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്റെ സര്‍വ്വസ്വവും നിന്‍
മുമ്പിലണച്ചു കുമ്പിടുന്നു.

സ്രഷ്ടാവായ ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. എന്നെ സൃഷ്ടിച്ചവനേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. എന്നെ പരിപാലിക്കുന്നവനേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. പ്രപഞ്ചത്തെയാകെ കാത്തുസംരക്ഷിക്കുന്ന ദൈവമേ ഞാന്‍ അങ്ങയെ, സ്തുതിക്കുന്നു. ഞങ്ങളുടെ കുടുംബത്തെ എല്ലാ ആപത്തുകളില്‍ നിന്നും കാത്തുപരിപാലിക്കുന്ന ദൈവമേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. സ്‌നേഹമാകുന്ന ത്രിതൈ്വക ദൈവമേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.

ഗാനം

സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ - നാഥന്‍
നാള്‍തോറും ചെയ്ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ

കര്‍ത്താവായ ദൈവമേ അവിടുന്ന് എനിക്ക് നല്കിയിട്ടുള്ളതും നല്കിക്കൊണ്ടിരിക്കുന്നതുമായ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (താഴെ കൊടുത്തിരിക്കുന്നവയില്‍ തനിക്കുള്ളതിനൊക്കെയും നന്ദി പറയുക).

മാതാപിതാക്കള്‍, സഹോദരിസഹോദരന്മാര്‍, ബന്ധുമിത്രങ്ങള്‍, ഉപകാരികള്‍, എനിക്കു ലഭിച്ച വിദ്യാഭ്യാസം, ജോലി, ജീവിതപങ്കാളി, മക്കള്‍, വീട്, വാഹനം, മറ്റു സൗകര്യങ്ങള്‍, കൂടാതെ ഈ ദിവസങ്ങളില്‍ പ്രത്യേകമായി ലഭിച്ച അനുഗ്രഹങ്ങള്‍ ഇവയ്‌ക്കൊക്കെയും ഞാന്‍ നന്ദി പറയുന്നു.

ഗാനം

നന്ദി ദൈവമേ നന്ദി ദൈവമേ
നിത്യവും നിത്യവും നന്ദി ദൈവമേ
അങ്ങു തന്ന ദാനത്തിനു നന്ദിയേകിടാം
അങ്ങു തന്ന സ്‌നേഹത്തിനു നന്ദിയേകിടാം

നന്മരൂപനേ നല്ല ദൈവമേ

വിശുദ്ധ ഇദേഫോണ്‍സസ്

സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ 'നിത്യമായ കന്യകാത്വത്തെ' പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിരിക്കുന്നു.

607-ല്‍ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍ ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്‍സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോക്ക് സമീപമുള്ള അഗാലിയായിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു, ക്രമേണ അവിടത്തെ അശ്രമാധിപനായി തീരുകയും ചെയ്തു. ഈ അധികാരത്തിന്റെ പുറത്താണ് വിശുദ്ധന്‍ 653 ലേയും 655 ലേയും ടോള്‍ഡോയിലെ കൌണ്‍സിലുകളില്‍ പങ്കെടുത്തത്.

657-ല്‍ പുരോഹിതരും ജനങ്ങളും ഇദേഫോണ്‍സിനെ, അദ്ദേഹത്തിന്റെ അമ്മാവനായ യൂജെനിയൂസിന്റെ പിന്‍ഗാമിയായി ടോള്‍ഡോയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. മരണം വരെ വിശുദ്ധന്‍ തന്റെ സഭാപരമായ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ ശുഷ്കാന്തിയോടും പവിത്രതയോടും കൂടി നിര്‍വഹിച്ചു. മധ്യകാലഘട്ടങ്ങളിലെ കലാകാരന്‍മാരുടെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പരിശുദ്ധമാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെടുകയും, ഒരു കാസ സമ്മാനിക്കുകയും ചെയ്തുവെന്ന് ദൈവശാസ്ത്ര പണ്ഡിതര്‍ പറയുന്നുണ്ട്.

വളരെയേറെ പ്രചാരം നേടിയ ഒരു എഴുത്ത്കാരന്‍ കൂടിയായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ രചനകളില്‍ വെറും നാലെണ്ണം മാത്രമേ ചരിത്രകാരന്മാര്‍ക്ക് ലഭിച്ചിട്ടുള്ളൂ. ‘പ്രസിദ്ധരായ മനുഷ്യരെ സംബന്ധിച്ച്’ (Concerning Famous Men) എന്ന കൃതി ഏഴാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടങ്ങളിലെ സ്പെയിനിലെ സഭയുടെ ചരിത്രത്തെ കുറിക്കുന്ന ഒരു പ്രധാനപ്പെട്ട രേഖകൂടിയാണ്. 667 ല്‍ വിശുദ്ധ ഇദേഫോണ്‍സസ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു