2017, മേയ് 8, തിങ്കളാഴ്‌ച


പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്


ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ അദ്ദേഹം ദൈവവചന വ്യാഖ്യാനത്തിന് കൂടുതല്‍ സമയം കണ്ടെത്തിയിരിന്നു. യൌവനത്തിന്റെ കുറച്ചു കാലഘട്ടം സാഹിത്യ-മാനവിക വിഷയങ്ങളില്‍ അദ്ധ്യാപകനായി ബാഴ്സിലോണയില്‍ സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ബൊളോണയിലേക്ക് പോയി. പൊതു-സഭാനിയമങ്ങളിലും വിശുദ്ധ ലിഖിത വ്യാഖ്യാനത്തിലും അഗ്രാഹ്യ പാണ്ഡിത്യം നേടിയ വിശുദ്ധന്‍, അവിടെ അറിയപ്പെടുന്ന ഒരു പണ്ഡിതനായി അംഗീകരിക്കപ്പെട്ടു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും വിശ്വാസവും നാടെങ്ങും പ്രചരിച്ചു.

അങ്ങനെയിരിക്കെ, ബാര്‍സിലോണയിലെ മെത്രാനായിരിന്ന 'ബെരെങ്ങാരിയൂസ്', റോമിലെ രൂപതയില്‍ നിന്നും തിരിച്ചു വരുന്ന വഴി വിശുദ്ധനെ കാണുകയും ബാഴ്സിലോണയിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന്‍ പ്രകാരം ബാര്‍സിലോണയിലെത്തിയ വിശുദ്ധന്‍ അധികം താമസിയാതെ അവിടത്തെ സഭാ ചട്ടങ്ങളുടേയും, നിയമങ്ങളുടേയും അധികാരിയായി നിയമിക്കപ്പെട്ടു. നീതിയുക്തമായ ജീവിതവും, വിനയവും, ലാളിത്യവും, പാണ്ഡിത്യവും വഴി വിശുദ്ധന്‍ സകല പുരോഹിതര്‍ക്കും, വിശ്വാസികള്‍ക്കും ഇടയില്‍ മാതൃകപുരുഷനായി. പരിശുദ്ധ മാതാവിലുള്ള വിശുദ്ധന്റെ അടിയുറച്ച വിശ്വാസം അസാധാരണമായിരുന്നു. അതിനാല്‍ തന്നെ ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുവാനുള്ള ഒരവസരവും വിശുദ്ധന്‍ പാഴാക്കിയിരുന്നില്ല.

വിശുദ്ധനു 45 വയസ്സായപ്പോള്‍ അദ്ദേഹം തന്റെ കര്‍മ്മമേഖല ഡൊമിനിക്കന്‍ സഭയിലേക്ക് മാറ്റി. വിജാതീയരുടെ പിടിയിലായിരുന്ന തടവുകാരെ മോചിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തികള്‍ക്കും തന്റെ ജീവിതം പൂര്‍ണ്ണമായും ഉഴിഞ്ഞുവെച്ചു. ഈ വിശുദ്ധന്റെ ഉപദേശാനുസരണമാണ് വിശുദ്ധ പീറ്റര്‍ നൊലാസ്കോ തന്റെ സമ്പാദ്യമെല്ലാം കാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വെച്ചത്.

ഇതിനിടെ വിശുദ്ധ പീറ്റര്‍ നൊലാസ്കോക്കും, വിശുദ്ധ റെയ്മണ്ടിനും, ആരഗോണിലെ രാജാവായ ജെയിംസ് ഒന്നാമനും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് വിജാതീയരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി തടവില്‍ കഴിയുന്ന വിശ്വാസികളുടെ മോചനത്തിനായി ഒരാത്മീയ സഭ രൂപീകരിച്ചാല്‍ അത് തനിക്കും, തന്റെ ദൈവീകകുമാരനും ഏറ്റവും സന്തോഷദായകമായ കാര്യമായിരിക്കും എന്നറിയിച്ചു. ഇതേ തുടര്‍ന്ന്‍ മൂവരും ചേര്‍ന്ന് വിമോചകരുടെ സഭ (Our Lady of Mercy for the Ransom of Captives) എന്ന സന്യാസീ സഭക്ക്‌ രൂപം നല്‍കി.

ഈ സഭക്കു വേണ്ട ആത്മീയ ദര്‍ശനങ്ങളും സഭാനിര്‍ദേശങ്ങളും തയാറാക്കിയത് വിശുദ്ധ റെയ്മണ്ടായിരിന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക ശേഷം ഗ്രിഗറി ഒമ്പതാമന്‍ പാപ്പായില്‍നിന്നും അവര്‍ ഈ സഭക്ക്‌ വേണ്ട അംഗീകാരം നേടിയെടുത്തു. തുടര്‍ന്ന് വിശുദ്ധ റെയ്മണ്ട് വിശുദ്ധ പീറ്റര്‍ നൊലാസ്കോക്കിന് തന്റെ കൈകളാല്‍ സഭാവസ്ത്രം നല്‍കികൊണ്ട് അദ്ദേഹത്തെ ഈ സഭയുടെ ആദ്യത്തെ ജെനറല്‍ ആയി നിയമിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം, വിശുദ്ധനെ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ റോമിലേക്ക് വിളിപ്പിക്കുകയും തന്റെ ചാപ്പല്‍ പുരോഹിതനും, കുമ്പസാര വൈദികനുമായി നിയമിച്ചു. ഈ പാപ്പായുടെ ആവശ്യപ്രകാരമാണ് വിശുദ്ധന്‍ പാപ്പാമാരുടെ, പല സമിതികളിലായി ചിതറി കിടന്നിരുന്ന വിധികളും, പ്രമാണങ്ങളും, കത്തുകളും ഒരുമിച്ച് ചേര്‍ത്ത് ‘ഡിക്രീറ്റല്‍സ്’ എന്നറിയപ്പെടുന്ന ഒരു ഗ്രന്ഥമാക്കി മാറ്റിയത്.

ഇതേ പാപ്പ തന്നെ വിശുദ്ധന് ടറാഗോണയിലെ മെത്രാപ്പോലീത്താ സ്ഥാനം വാഗ്ദാനം ചെയ്തുവെങ്കിലും അത് വളരെ എളിമയോടു കൂടി അദ്ദേഹം നിരസിച്ചു. കൂടാതെ, രണ്ടുവര്‍ഷത്തോളം വിശുദ്ധന്‍ വഹിച്ചു വന്ന ഡൊമിനിക്കന്‍ സഭയിലെ ജെനറല്‍ പദവിയും സ്വന്തം തീരുമാന പ്രകാരം ഉപേക്ഷിച്ചു. ആരഗോണിലെ രാജാവായ ജെയിംസ് ഒന്നാമനെ തന്റെ അധികാരപ്രദേശത്ത് ഒരു മതദ്രോഹ വിചാരണ കാര്യാലയം സ്ഥാപിക്കുവാനും വിശുദ്ധ റയ്മണ്ട് പ്രോത്സാഹിപ്പിച്ചു. ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങളും വിശുദ്ധന്റെ പേരിലുണ്ടായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഇതില്‍ ഏറ്റവും പ്രസിദ്ധമായത്: ഒരിക്കല്‍ മജോര്‍ക്കാ ദ്വീപില്‍ നിന്നും ബാര്‍സിലോണയിലേക്ക് തിരികെ വരുന്ന വഴി വിശുദ്ധന്‍ തന്റെ മേലങ്കി കടലില്‍ വിരിക്കുകയും ആറു മണിക്കൂറോളം അതിന്മേല്‍ ഇരുന്ന് തുഴഞ്ഞ്‌ ഏതാണ്ട് 160 മൈലുകളോളം സഞ്ചരിച്ചു തന്റെ ആശ്രമത്തിലെത്തിയെന്നും, അടഞ്ഞുകിടന്ന ആശ്രമവാതിലിലൂടെ അദ്ദേഹം തന്റെ ആശ്രമത്തില്‍ പ്രവേശിച്ചുവെന്നുമാണ്.

1275 ല്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ക്ലമന്റ് എട്ടാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 100 വയസ് പ്രായമായിരിന്നുവെന്ന് പുരാതന ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.

എപ്പിഫനി അഥവാ ദെനഹാ


ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷത്തിനു പിന്നിലുള്ള ചരിത്രം ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ്സ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി 6 വരെ. ക്രിസ്തുമസ്സിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ (എപ്പിഫനി). കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, എന്ന പേരിലും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയിലെ ലത്തീന്‍ ആചാരമനുസരിച്ച്, യേശു ദൈവപുത്രനാണ് എന്ന വെളിപാടിന്റെ ഓര്‍മ്മപുതുക്കലാണ് ദനഹാ തിരുനാള്‍. പ്രധാനമായും യേശുവിന്റെ ജനനത്തെക്കുറിച്ച് മൂന്ന്‍ ജ്ഞാനികള്‍ക്ക് (പൂജ്യരാജാക്കന്‍മാര്‍) ലഭിച്ച വെളിപാടിനെയാണ് ഈ ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും, ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്നാന സമയത്തെ വെളിപാടും, കാനായിലെ കല്ല്യാണത്തിന്റെ അനുസ്മരണവും ഈ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു.

പൗരസ്ത്യ ദേശങ്ങളിലെ കത്തോലിക്കര്‍ക്കിടയില്‍ ഈ തിരുനാള്‍ ‘തിയോഫനി’ എന്നാണ് അറിയപ്പെടുന്നത്, ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കുന്ന ദിവസമാണ് തിയോഫനി. ആ ജ്ഞാനസ്നാന വേളയിലെ 'യേശു ദൈവപുത്രനാണ് എന്ന വെളിപ്പെടുത്തിയതാണ് ഇതിന് പിന്നിലെ അടിസ്ഥാന സംഭവം. പാരമ്പര്യമനുസരിച്ച് ജനുവരി 6-നാണ് ദനഹാ തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും, മറ്റുള്ള പാശ്ചാത്യ സഭകളില്‍ നിന്നും വിഭിന്നമായി അതിന് ശേഷം വരുന്ന ഞായറാഴ്ചയാണ് ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാളായി അമേരിക്കയില്‍ ആഘോഷിക്കുന്നത്.

എന്നാല്‍, ക്രിസ്തുമസ്സിന്റെ അവസാനം, സമ്മാനങ്ങള്‍ നല്‍കുന്ന ഒരു ആഘോഷ ദിവസം എന്നിവയേക്കാളുമുപരിയായി കൂടുതല്‍ ആഴത്തിലേക്ക് പോകുന്നതാണ് ഈ തിരുനാളിന്റെ അര്‍ത്ഥതലമെന്ന് കത്തോലിക്കാ പുരോഹിതനും, വര്‍ജീനിയ ആസ്ഥാനമാക്കിയുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കത്തോലിക്കാ കള്‍ച്ചറി’ന്റെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഹെസെക്കിയാസ് കരാസ്സോ പറയുന്നു. “നിങ്ങള്‍ക്ക് തിയോഫനിയേ കൂടാതെ തിരുപ്പിറവിയെ മനസ്സിലാക്കുവാന്‍ സാധ്യമല്ല; അഥവാ ദനഹാ തിരുനാളിനെ കൂടാതെ തിരുപ്പിറവിയെ മനസ്സിലാക്കുവാന്‍ സാധ്യമല്ല. യേശു ഒരു ശിശുവായിരുന്നപ്പോഴും, യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ വേളയിലും ‘യേശു ദൈവപുത്രനാണെന്ന്' അറിയിക്കുന്ന വെളിപാട് ക്രിസ്തുമസ്സിന്റെ രഹസ്യങ്ങളെ പ്രകാശ പൂരിതമാക്കുന്നു”. ഫാ. ഹെസെക്കിയാസിന്റെ വാക്കുകളാണിവ.

ദനഹാ തിരുനാളിന്റെ ഉത്ഭവം

പാശ്ചാത്യരുടെ ‘എപ്പിഫനി’ തിരുനാളും (ഗ്രീക്ക് ഭാഷയില്‍ നിന്നും വന്നിട്ടുള്ള ഈ വാക്കിന്റെ അര്‍ത്ഥം ‘ഉന്നതങ്ങളില്‍ നിന്നുമുള്ള വെളിപാട്’ എന്നാണ്) പൗരസ്ത്യരുടെ ‘തിയോഫനി’ (ദൈവത്തിന്റെ വെളിപാട് എന്നാണ് അര്‍ത്ഥം) തിരുനാളും, സ്വന്തം ആചാരങ്ങളും ആരാധനാപരമായ പ്രാധ്യാന്യവും വികസിപ്പിച്ചിട്ടുണ്ട്, ഒരേ ദിവസമെന്നതില്‍ ഉപരിയായ പലതും ഈ തിരുനാളുകള്‍ പങ്ക് വെക്കുന്നു. പുരാതന ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച് പൗരസ്ത്യ ദേശങ്ങളിലുള്ളവര്‍- തിരുപ്പിറവി, ജ്ഞാനികളുടെ സന്ദര്‍ശനം, ക്രിസ്തുവിന്റെ ജഞാനസ്നാനം, കാനായിലെ കല്ല്യാണം എന്നീ സംഭവങ്ങളുടെ ഓര്‍മ്മപുതുക്കല്‍ ഒരേദിവസം തന്നെ എപ്പിഫനി തിരുനാളായിട്ടായിരുന്നു കൊണ്ടാടിയിരുന്നത്.

നാലാം നൂറ്റാണ്ട് മുതല്‍ ചില രൂപതകളില്‍ ക്രിസ്തുമസ്സും, എപ്പിഫനിയും രണ്ട് തിരുനാളുകളായി ആഘോഷിക്കുവാന്‍ തുടങ്ങി. 567-ലെ ടൂര്‍സിലെ സമ്മേളനത്തില്‍ വെച്ച് ക്രിസ്തുമസ് ഡിസംബര്‍ 25-നും, എപ്പിഫനി ജനുവരി 6-നും വെവ്വേറെ കൊണ്ടാടുവാന്‍ തീരുമാനിച്ചു, ഈ ദിവസങ്ങള്‍ക്കിടയിലുള്ള 12 ദിവസത്തെ കാലാവധിയെ ‘ക്രിസ്തുമസ്സ് കാലം’ എന്ന് വിളിക്കുകയും ചെയ്തു. കാലക്രമേണ, പാശ്ചാത്യ സഭകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ള സംഭവങ്ങള്‍ക്കെല്ലാം ഓരോ തിരുനാള്‍ ദിനങ്ങള്‍ നിശ്ചയിക്കുകയും, മൂന്ന്‍ ജ്ഞാനികള്‍ ഉണ്ണീശോയെ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മപ്പുതുക്കലായി ജനുവരി 6-ന് എപ്പിഫനി തിരുനാള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ പൗരസ്ത്യ സഭകള്‍ ഈ ദിവസം ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മപുതുക്കല്‍ എന്ന നിലയില്‍ ആരാധാനാ ദിനസൂചികയിലെ ഏറ്റവും വിശുദ്ധ ദിവസമായി ‘തിയോഫനി’ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.

റോമന്‍ പാരമ്പര്യങ്ങള്‍

കിഴക്ക് നിന്നുമുള്ള ജ്ഞാനികള്‍ എന്ന് ബൈബിളില്‍ വിശേഷിപ്പിച്ചിട്ടുള്ള പൂജരാജാക്കന്‍മാരുടെ സന്ദര്‍ശനത്തെ ബന്ധപ്പെടുത്തി റോമന്‍ സഭയില്‍ അതിന്റേതായ പ്രത്യേക ആചാരങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. എപ്പിഫനി ദിവസത്തിന്റെ സ്മരണയുടെ ഭാഗമായി പുനരുത്ഥാനമടക്കമുള്ള മറ്റ് ഹൃദയസ്പര്‍ശിയായ ഓര്‍മ്മപുതുക്കലുകളുടെ ദിവസങ്ങള്‍ വിശ്വാസികള്‍ക്കായി പ്രഖ്യാപിക്കുന്ന ഒരു പതിവുണ്ടായിരുന്നു. പുനരുത്ഥാനത്തിന്റെ പ്രാധ്യാന്യവും ആ വര്‍ഷത്തെ പ്രധാന തിരുനാളുകളും വിശ്വാസികള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനുള്ള ഉദ്ദേശത്തോടെയായിരുന്നു ആ പ്രഖ്യാപനം.

ഇറ്റലിയില്‍ കുട്ടികള്‍ക്ക് മിഠായിയും സമ്മാനങ്ങളും നല്‍കിയിരുന്നത് ക്രിസ്തുമസ്സിനല്ലായിരുന്നു, മറിച്ച് എപ്പിഫനി ദിവസമായിരുന്നു. ‘മൂന്ന്‍ പൂജ്യരാജാക്കന്‍മാരുടെ’ ഓര്‍മ്മപുതുക്കലിന്റെ അന്ന് ലാറ്റിന്‍ അമേരിക്കയിലെ പല പ്രദേശങ്ങളിലേയും, ഫിലിപ്പീന്‍സിലേയും, പോര്‍ച്ചുഗലിലേയും, സ്പെയിനിലേയും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്ന പതിവുണ്ട്. ഇതിനിടയില്‍, അയര്‍ലന്‍ഡിലെ കത്തോലിക്കര്‍ “സ്ത്രീകളുടെ ക്രിസ്തുമസ്സ്” (Women’s Christmas) ആഘോഷിക്കുന്ന പതിവും തുടങ്ങി. ഈ ദിവസം സ്ത്രീകള്‍ വിശ്രമിക്കുകയും വിശേഷപ്പെട്ട ഭക്ഷണങ്ങള്‍ ആസ്വദിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്തു.

ചുണ്ണാമ്പും, സ്വര്‍ണ്ണവും, കുന്തിരിക്കവും, സുഗന്ധ ദ്രവ്യങ്ങളും കയ്യിലെടുത്ത് വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ വെഞ്ചിരിക്കുന്നത് പോളണ്ടിലെ എപ്പിഫനി തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായിരുന്നു. വീടുകളിലാകട്ടെ കുടുംബാംഗങ്ങള്‍ ആ വര്‍ഷത്തിന്റെ ആദ്യ അക്കങ്ങള്‍ തങ്ങളുടെ വീടിന്റെ കതകുകളില്‍ എഴുതിയതിനു ശേഷം “K+M+B” എന്നെഴുതുകയും അതിനു ശേഷം വര്‍ഷത്തിന്റെ ബാക്കിയുള്ള അക്കങ്ങള്‍ എഴുതുകയും ചെയ്യുന്ന പതിവുമുണ്ട്. K+M+B എന്ന അക്ഷരങ്ങള്‍ യേശുവിനെ സന്ദര്‍ശിച്ച ജ്ഞാനികളായ കാസ്പര്‍, മെല്‍ക്കിയോര്‍, ബാല്‍ത്താസര്‍ എന്നിവരുടെ നാമങ്ങളുടെ ആദ്യ അക്ഷരങ്ങളോ, ലാറ്റിന്‍ വാക്യമായ ക്രിസ്റ്റസ് മാന്‍സിയോനെം ബെനഡിക്കാറ്റ്’ (Christus mansionem benedicat) എന്നതിന്റെയോ അല്ലെങ്കില്‍ “ക്രൈസ്റ്റ് ബ്ലെസ്സ് ദിസ് ഹൗസ്” (Christ bless this house) എന്നതിന്റേയോ ചുരുക്കമായിരിക്കാമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

ലോകത്തിന്റെ ഏതാണ്ട് മിക്ക ഭാഗങ്ങളിലും കത്തോലിക്കര്‍ ‘കിംഗ്സ് കേക്ക്’ (Kings Cake) ഭക്ഷിച്ചുകൊണ്ടാണ് എപ്പിഫനി തിരുനാള്‍ ആഘോഷിക്കുന്നത്: ഒരു ചെറിയ പ്രതിമയോ കായ്ഫലങ്ങള്‍ കൊണ്ടോ അലങ്കരിച്ച മധുരമുള്ള കേക്കാണ് കിംഗ്സ് കേക്ക്. ചില സ്ഥലങ്ങളില്‍ സമ്മാനത്തിനര്‍ഹനാകുന്ന ഭാഗ്യവാന് ഈ ദിവസം പ്രത്യേക സല്‍ക്കാരമോ അല്ലെങ്കില്‍ പാരമ്പര്യമായി ദനഹാകാലത്തിന്റെ അവസാനമായി കരുതിവരുന്ന ഫെബ്രുവരി 2-ന് ഒരു പ്രത്യേക സല്‍ക്കാരമോ വാഗ്ദാനം ചെയ്യുന്നു. ഈ ആഘോഷങ്ങള്‍ എപ്പിഫനി തിരുനാളിന്റെ കുടുംബകേന്ദ്രീകൃതമായ ജീവിതത്തിലേക്കും അതിന്റെ അടിസ്ഥാന തിരുനാളും തിരുകുടുംബവുമായുള്ള ബന്ധത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ഈ ജ്ഞാനികളുടെ യാഥാര്‍ത്ഥ പേരുകളെ കുറിച്ചോ, അവര്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നോ എന്നതിനേക്കുറിച്ച് ബൈബിള്‍ ഒന്നും തന്നെ പറയുന്നില്ലെങ്കിലും, അവര്‍ ബുദ്ധിമാന്‍മാരും സമ്പന്നരും ഏറ്റവും ഉപരിയായി ധൈര്യവാന്‍മാരും ആയിരുന്നു വെന്ന് നമുക്കറിയാം. സ്വര്‍ണ്ണവും, കുന്തിരിക്കവും, മിറായും - ഈ സമ്മാനങ്ങള്‍ യേശു ദൈവപുത്രനാണെന്നും, രാജാധി രാജനാണെന്നതിനെ കുറിച്ച് ജ്ഞാനികള്‍ക്ക് ലഭിച്ച വെളിപാടിനെ മാത്രമല്ല, മറിച്ച് ക്രിസ്തുവിന്റെ കുരിശുമരണത്തേയും സൂചിപ്പിക്കുന്നു. സുഗഗന്ധ ദ്രവ്യങ്ങള്‍ സാധാരണയായി സംസ്കാര ചടങ്ങുകള്‍ക്കാണ് നല്‍കുന്നത്. ഈ സമ്മാനങ്ങള്‍ എന്താണ് സംഭവിക്കാനിരിക്കുന്നത് എന്നതിനെക്കുറിച്ച് മുന്‍കൂട്ടിയുള്ള ഒരു ബോധ്യം നല്‍കുന്നു.




ദൈവത്തിനെ വെളിപാട്

മരണത്തെ ഇല്ലാതാക്കി കൊണ്ട് ജീവന്‍ വീണ്ടെടുത്തു, തിയോഫനി തിരുനാള്‍ യേശുവിന്റെ കുരിശു മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ടു സംഭവങ്ങളേയും പ്രതിഫലിപ്പിക്കുന്ന പൗരസ്ത്യ പ്രതീകാത്മകതയുടെ ഒരു പ്രതിഫലനം കൂടിയാണിത്‌. തിരുപ്പിറവിയേ പോലെ നമ്മുടെ കര്‍ത്താവിന്റെ ജ്ഞാനസ്നാനവും വെറുമൊരു ചരിത്ര സംഭവം മാത്രമല്ല: അതൊരു വെളിപാടാണ്,” ഈ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി പൗരസ്ത്യ ക്രൈസ്തവര്‍ ദിവ്യബലികള്‍ അര്‍പ്പിച്ചു തുടങ്ങി, മാമോദീസ തൊട്ടിയിലെ വെള്ളം വെഞ്ചരിക്കുക എന്ന ആചാരവും ഇതില്‍ ഉള്‍പ്പെടുന്നു, തങ്ങളുടെ ശാരീരിക സൗഖ്യത്തിനു മാത്രമല്ല മറിച്ച് ആത്മീയ സൗഖ്യത്തിനുമായി വിശ്വാസികള്‍ ഈ വെള്ളം കുടിക്കുകയും കുപ്പികളില്‍ ശേഖരിച്ച് വീട്ടില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. പല ഇടവകകളിലും ദിവ്യ കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ഭക്ഷണവും വിതരണം ചെയ്തിരുന്നു. മധ്യ-കിഴക്കന്‍ ദേശങ്ങളില്‍ കുഴച്ച മാവ്‌ എണ്ണയില്‍ ചുട്ടെടുത്തു തേന്‍ പുരട്ടി ഭക്ഷിക്കുന്ന പതിവും ഇതിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.

വിശുദ്ധ ജോണ്‍ ന്യുമാന്‍


1811 മാര്‍ച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍ ജനിച്ചത്. തന്റെ അമ്മയില്‍ നിന്നുമാണ് വിശുദ്ധന്‍ ദൈവഭക്തി ശീലിച്ചത്. അവളുടെ പ്രേരണയാല്‍ ജോണ്‍ ബഡ് വെയിസിലെ സെമിനാരിയില്‍ ചേര്‍ന്നു.

സെമിനാരി ജീവിതത്തിനിടക്ക് ഒരു സുവിശേഷകനായി അമേരിക്കയില്‍ പോകണമെന്നായിരുന്നു ജോണ്‍ ആഗ്രഹിച്ചിരുന്നത്. അങ്ങിനെ അദ്ദേഹം തന്റെ ജന്മദേശം വിടുകയും, 1836-ല്‍ ന്യൂയോര്‍ക്കിലെ മെത്രാനായിരുന്ന ജോണ്‍ ഡുബോയിസില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. ദേവാലയങ്ങള്‍ പണിയുകയും, സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഏതാണ്ട് നാലു വര്‍ഷത്തോളം അദ്ദേഹം ബുഫാലോയിലും, പരിസര പ്രദേശങ്ങളിലുമായി ചിലവഴിച്ചു.

1840-ല്‍ വിശുദ്ധന്‍ 'ഹോളി റെഡീമര്‍' സഭയില്‍ അംഗമായി. എട്ടു വര്‍ഷത്തിനു ശേഷം അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. പിയൂസ്‌ ഒമ്പതാമന്‍ പാപ്പായുടെ ഉത്തരവ്‌ പ്രകാരം വിശുദ്ധന്‍ ഫിലാഡെല്‍ഫിയായിലെ നാലാമത്തെ മെത്രാനായി വാഴിക്കപ്പെട്ടു. എട്ടോളം ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം തന്റെ സുവിശേഷ വേലകളില്‍ അദ്ദേഹത്തിന് തുണയായി. പൊതു വിഷയങ്ങള്‍ക്ക്‌ പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂളുകള്‍ക്ക് (the Parochial School System in America) വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഒരു പ്രഥമ സ്ഥാനം വിശുദ്ധനുണ്ട്.

വിശുദ്ധന്റെ ജീവിതത്തില്‍ പ്രത്യേകമായി എടുത്ത് പറയേണ്ട ഒരു കാര്യമാണ് റോമില്‍ വെച്ച് പരിശുദ്ധ മാതാവിന്റെ അമലോല്‍ഭവ പ്രമാണ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് നാല്‍പ്പതു മണി ആരാധനാരീതി ഫിലാഡെല്‍ഫിയാ രൂപതയില്‍ ആരംഭിച്ചത്‌. ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കായി അമേരിക്കയിലെ ആദ്യത്തെ ദേവാലയം ഇദ്ദേഹമാണ് നിര്‍മ്മിച്ചത്‌. വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയിലെ ഗ്ലെന്‍ റിഡിള്‍ സന്യാസിനീ വിഭാഗത്തിന്റെ സ്ഥാപകനും വിശുദ്ധ ജോണ്‍ ന്യുമാനാണ്.

1860 ജനുവരി 5ന്, തന്റെ 48-മത്തെ വയസ്സില്‍ വിശുദ്ധന്‍ തെരുവില്‍ തളര്‍ന്ന്‍ വീഴുകയും, തന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുകയും ചെയ്തു.. ഫിലാഡെല്‍ഫിയായിലെ സെന്റ്‌ പീറ്റേഴ്സ് ദേവാലയത്തിലെ താഴത്തേ പള്ളിയുടെ അള്‍ത്താരക്ക് കീഴെ വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നു.

വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍


1774 ആഗസ്റ്റ്‌ 28ന് ന്യുയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആന്‍ എലിസബെത്ത് സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ കോളംമ്പിയ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ ഒരു പ്രഗത്ഭനായ ഡോക്ടറും, അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസ്സറുമായിരുന്നു വിശുദ്ധയുടെ പിതാവ്. എപ്പിസ്കോപ്പല്‍ സഭാ വിശ്വാസ രീതിയിലായിരുന്നു അവള്‍ വളര്‍ന്ന്‍ വന്നത്, നല്ല വിദ്യാഭ്യാസവും അവള്‍ക്ക് ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ അവള്‍ പാവങ്ങളോട് കരുണയുള്ളവളായിരുന്നു.

1794-ല്‍ അവള്‍ വില്ല്യം സെറ്റണ്‍ എന്നയാളെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ അവര്‍ക്ക് 5 മക്കളുണ്ടായി. വില്ല്യമിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന്‍ അവരുടെ സമ്പത്തെല്ലാം ക്ഷയിക്കുകയും, അവര്‍ 1803-ല്‍ ഒരു കത്തോലിക്കനും തങ്ങളുടെ സുഹൃത്തുമായിരുന്ന ലിയോര്‍ണോ എന്ന ഇറ്റലിക്കാരന്‍റെ അടുക്കലേക്ക് പോയി. അവര്‍ ഇറ്റലിയിലെത്തി ആറാഴ്ച കഴിഞ്ഞപ്പോള്‍ വില്ല്യം മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ 6 മാസത്തിനു ശേഷം വിശുദ്ധ എലിസബെത്ത് ആന്‍ ന്യൂയോര്‍ക്കിലേക്ക് തിരികെ പോന്നു. ഇതിനോടകം തന്നെ അവള്‍ ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയിരുന്നു. അതിനാല്‍ തന്നെ അവള്‍ക്ക് അവളുടെ, എപ്പിസ്കോപ്പല്‍ സഭയില്‍പ്പെട്ട കൂട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും 1805 മാര്‍ച്ച് 4ന് അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

തന്റെ സുഹൃത്തുക്കളാലും സ്വന്തക്കാരാലും ഉപേക്ഷിക്കപ്പെട്ട എലിസബത്തിനെ ബാള്‍ട്ടിമോറിലെ സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍, ആ നഗരത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ തുടങ്ങുവാന്‍ ക്ഷണിക്കുകയുണ്ടായി. അങ്ങനെ സ്ഥാപിക്കപ്പെട്ട സ്കൂള്‍ വളര്‍ന്ന് വികസിച്ചു. കാരോളിലെ മെത്രാന്റെ അനുവാദത്തോടുകൂടി സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍ എലിസബെത്തിനും, അവളുടെ സഹായികള്‍ക്കും സ്യന്യാസ ജീവിതം അനുവദിച്ചു, കൂടാതെ സന്യാസ വൃതവും, ആശ്രമ വസ്ത്രങ്ങളും അനുവദിച്ചു.

1809-ല്‍ വിശുദ്ധ തന്റെ ചെറിയ സമൂഹവുമായി മേരിലാന്റിലെ എമ്മിറ്റ്‌സ്ബര്‍ഗിലേക്ക് മാറി, അവിടെ അവര്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ‘കരുണയുടെ സഹോദരിമാര്‍’ (Sisters of Charity) എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നു. എന്നിരുന്നാലും പാവങ്ങള്‍ക്ക്, പ്രത്യേകിച്ച് നീഗ്രോ വംശജര്‍ക്ക്‌ വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അവള്‍ ഉപേക്ഷിച്ചിരുന്നില്ല. പൊതു വിഷയങ്ങള്‍ക്ക്‌ പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂള്‍ - American Parochial School സമ്പ്രദായത്തിനു അടിത്തറയിട്ടത് വിശുദ്ധയാണ്. അധ്യാപകരെ പരിശീലിപ്പിക്കുകയും, സ്കൂളുകളില്‍ ഉപയോഗിക്കുവാനായി ധാരാളം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക്‌ സിറ്റിയിലും, ഫിലാഡെല്‍ഫിയായിലും ധാരാളം അനാഥാലയങ്ങളും വിശുദ്ധ സ്ഥാപിച്ചു.

1821 ജനുവരി 4ന് എമ്മിറ്റ്‌സ്ബര്‍ഗില്‍ വച്ച് വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. 1963-ല്‍ ജോണ്‍ ഇരുപത്തി മുന്നാമന്‍ പാപ്പാ അവളെ വിശുദ്ധ പദവിക്കായി നാമനിര്‍ദ്ദേശം ചെയ്യുകയും, 1975-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ എലിസബെത്ത് ആന്‍സെറ്റണെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.


വിശുദ്ധ ചാവറയച്ചൻ


ജീവചരിത്രം

ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍, സെന്റ്‌ ജോസഫ് പള്ളിയിലെ വികാരിയുടെ കീഴില്‍ പഠനം ആരംഭിച്ചു.

1818-ല്‍ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം മല്‍പ്പാന്‍ തോമസ്‌ പാലക്കല്‍ റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി; എന്നിരുന്നാലും, പഠിപ്പിക്കുവാനും, മല്‍പ്പാന്‍ തോമസ്‌ പാലക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി. അങ്ങിനെ മല്‍പ്പാന്‍മാരായ തോമസ്‌ പോരൂക്കരയുടെയും, തോമസ്‌ പാലക്കലിന്റെയും നേതൃത്വത്തില്‍ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തില്‍ ചാവറയച്ചനും പങ്കാളിയായി.

ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നതിനായി 1830-ല്‍ അദ്ദേഹം മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മല്‍പ്പാന്‍മാരുടേയും മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു. 1855-ല്‍ തന്റെ പത്ത് സഹചാരികളുമൊത്ത് "കുര്യാക്കോസ് ഏലിയാസ് ഹോളി ഫാമിലി" എന്ന പേരില്‍ ഒരു വൈദീക സമൂഹത്തിന് രൂപം കൊടുത്തു. 1856 മുതല്‍ 1871-ല്‍ ചാവറയച്ചൻ മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആശ്രമങ്ങളുടേയും പ്രിയോര്‍ ജെനറാള്‍ ഇദ്ദേഹം തന്നെ ആയിരുന്നു.

1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ്‌ റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സീറോമലബാര്‍ സഭയുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ്‌ റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്‍മാരില്‍ ഒരാളും, ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധന്‍ പോയത്. 1986 ഫെബ്രുവരി 8 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂര്‍വ്വം അവിടത്തെ സെന്റ്‌. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദൈവീകതയും തന്റെ മാധ്യസ്ഥം അപേക്ഷിക്കുവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനാലും മാന്നാനം ഒരു തീര്‍ത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങള്‍ വിശുദ്ധന്റെ കബറിടത്തില്‍ വരികയും വിശുദ്ധ കുര്‍ബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബര്‍ 26 തൊട്ടു ജനുവരി 3വരെ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു.

സി.എം.ഐ സഭയുടെ സ്ഥാപക പിതാക്കന്‍മാരും തേജോമയന്‍മാരായ പോരൂക്കര തോമസ്‌ മല്‍പ്പാന്‍, പാലക്കല്‍ തോമാ മല്‍പ്പാന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, ബ്രദര്‍ ജേക്കബ് കണിയന്തറ തുടങ്ങിയ പ്രതിഭാശാലികളോട് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. തന്റെ ഗുരുക്കന്‍മാരും മല്‍പ്പാന്‍മാരുമായിരുന്ന പോരൂക്കര തോമസ്‌, പാലക്കല്‍ തോമാ എന്നിവരെപോലെ ചാവറയച്ചനും ഒരു വലിയ ദാര്‍ശനികനായിരുന്നു.

പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.

ഇതിനു പുറമേ, 1866-ല്‍ വൈദികനായ ലിയോപോള്‍ഡ് ബെക്കാറോ OCD യുടെ സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകള്‍ക്കായി 'മദര്‍ ഓഫ് കാര്‍മ്മല്‍' (CMC) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ. കത്തോലിക്കാ സഭയുടെ 'ഓരോ പള്ളിയോടു ചേര്‍ന്ന്‍ പള്ളികൂടം' എന്ന ആശയം നടപ്പിൽ വരുത്തുന്നതിൽ ഈ വിശുദ്ധന്‍ മുഖ്യ പങ്കു വഹിച്ചു. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകള്‍ "പള്ളികൂടം" (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

തന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടക്കും പദ്യങ്ങളും, ഗദ്യങ്ങളുമായി ചില ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്കായി രചിക്കുവാന്‍ ചാവറയച്ചന് കഴിഞ്ഞിട്ടുണ്ട്. "ഒരു നല്ല പിതാവിന്റെ ചാവരുള്‍" എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായിട്ടുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്. പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളും ഒഴിവാക്കാതിരുന്ന അദ്ദേഹത്തിന്റെ നിരവധിയായ മതപരവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നു, അതിനാല്‍ ചാവറയച്ചന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹത്തെ ഒരു ദൈവീക മനുഷ്യനായി പരാമര്‍ശിച്ചു തുടങ്ങിയിരുന്നു.

"ദൈവം നല്കിയ മക്കളെ വിശുരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും" വിശുദ്ധ ചാവറയച്ചന്റെ ഈ വാക്കുകൾ ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്.

വിശുദ്ധീകരണ നടപടികള്‍

1871-ലാണ് വിശുദ്ധ ഏലിയാസ് കുര്യാക്കോസ് ചാവറ മരിച്ചത്. എന്നിരുന്നാലും 1936 ലാണ് CMI സഭയുടെ പൊതുസമ്മേളനത്തില്‍ ചാവറയച്ചന്റെ വിശുദ്ധ പദവിക്കായുള്ള മാര്‍ഗ്ഗങ്ങളേപ്പറ്റി ചര്‍ച്ച ചെയ്തത്. വാസ്തവത്തില്‍ 1926-ല്‍ മാത്രമാണ് സീറോമലബാര്‍ സഭയുടെ പുരോഹിത സമ്പ്രദായത്തിന്റെ ഭരണഘടന നിലവില്‍ വന്നത്. ഇതിനു ശേഷം മാത്രമാണ് വിശുദ്ധ പദവിയേ കുറിച്ചുള്ള ആശയം ചൂട്പിടിച്ചത്. റവ. ഫാ. വലേരിയന്‍ പ്ലാത്തോട്ടം മതിയാകുംവിധം വലിപ്പത്തില്‍ വിശുദ്ധന്റെ ഒരു ജീവചരിത്ര രേഖ ഏഴുതുകയും, 1939-ല്‍ പ്രസിദ്ധീകരിച്ചു.

വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താന്‍ രോഗാവസ്ഥയിലായിരിക്കെ വിശുദ്ധ ചാവറയച്ചൻ രണ്ടു പ്രാവശ്യം തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ വേദനയില്‍ നിന്നും ആശ്വാസം നല്‍കിയെന്നും, 1936-ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം 1953-ല്‍ പരിശുദ്ധ സഭയോട് വിശുദ്ധീകരണ നടപടികള്‍ തുടങ്ങണം എന്നപേക്ഷിച്ചുകൊണ്ടു റോമിലേക്ക് ഒരപേക്ഷ അയച്ചു. 1955-ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായ മാര്‍ മാത്യു കാവുകാട്ടച്ചന് രൂപതാ തലത്തിലുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടു റോമില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു.

ആദ്യ പടിയായി മാര്‍ മാത്യു കാവുകാട്ട്, ആരെങ്കിലൂടെയും പക്കല്‍ ചാവറയച്ചനെ സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ മെത്രാന്റെ പക്കല്‍ സമര്‍പ്പിക്കണമെന്നും, ഈ ഉദ്യമത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഒരു ഔദ്യോഗിക അറിയിപ്പ് നല്‍കി. അതിനു ശേഷം 1957-ല്‍ ചരിത്രപരമായ പഠനങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിച്ചു. 1962-ല്‍ രണ്ടു സഭാ കോടതികള്‍ ഇതിനായി നിലവില്‍ വരുത്തി, ഇതില്‍ ആദ്യ കോടതിയുടെ ചുമതല ചാവറയച്ചന്റെ എഴുത്തുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും, രണ്ടാമത്തെ കോടതിയുടെ ചുമതല ക്രിസ്തീയ നായക ഗുണങ്ങള്‍ നിറഞ്ഞ ഒരു ജീവിതമാണോ ചാവറ പിതാവ് നയിച്ചിരുന്നതെന്ന് അന്വോഷിക്കുകയായിരുന്നു. 1969-ല്‍ മൂന്നാമതായി ഒരു കോടതി സ്ഥാപിച്ച്, അനൌദ്യോഗികമായിട്ടുള്ള പൊതു വണക്കം വിശുദ്ധ ഏലിയാസ് ചാവറക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു.

1970-ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറ എല്ലാ കോടതികളുടേയും പ്രവര്‍ത്തനം ഔദ്യോഗികമായി ഉപസംഹരിച്ചു. ഈ രേഖകളെല്ലാം റോമിലെ ആചാരങ്ങളുടെ ചുമതലയുള്ള പരിശുദ്ധ സഭക്ക് അയച്ചു കൊടുത്തു. സഭ 1978-ല്‍ പതിമൂന്ന് അംഗങ്ങളുള്ള ഒരു സമിതി രൂപീകരിക്കുകയും, വിശുദ്ധീകരണ നടപടികള്‍ക്കുള്ള തങ്ങളുടെ അനുവാദം നല്‍കുകയും ചെയ്തു. ഇതിനിടക്ക്, ദൈവശാസ്ത്രഞ്ജന്‍മാരുടെ സമിതി ചാവറയച്ചൻ നന്മ നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചു. 1980 മാര്‍ച്ച്‌ 15ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ്‌ ചാവറയുടെ വിശുദ്ധീകരണത്തിനുള്ള നാമനിര്‍ദ്ദേശം പരിശുദ്ധ സഭക്ക്‌ മുന്‍പാകെ സമര്‍പ്പിച്ചു. വിശുദ്ധീകരണ നടപടികള്‍ക്ക്‌ ചുമതലയുള്ള പരിശുദ്ധ നിര്‍ദ്ദേശക സമിതി ചാവറയച്ചന്റെ പുണ്യ പ്രവര്‍ത്തികളുടെ രേഖകള്‍ പരിശോധിച്ചു.

ഒരു തുടക്കമെന്ന നിലയില്‍ 1983 നവംബര്‍ 23ന് മെത്രാന്‍മാരുടേയും, ഉപദേഷ്ടാക്കളായ പുരോഹിതരുടേയും കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം അവതരിപ്പിക്കുകയും, 1984 മാര്‍ച്ച്‌ 27ന് കര്‍ദ്ദിനാള്‍മാരുടെ കൂടികാഴ്ചയില്‍ ഇതേ സംബന്ധിച്ച് കൂടുതലായ പഠനങ്ങള്‍ നടത്തുകയും ചെയ്തു. ചാവറയച്ചന്റെ ദൈവീകവും, ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്കനുസൃതമായ ജീവിതത്തേയും, പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ തെളിവുകളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, ഈ വിവരങ്ങളടങ്ങുന്ന ഒരു വ്യക്തമായ റിപ്പോര്‍ട്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടു.

അവസാനം, വിശുദ്ധന്റെ പുണ്യപ്രവര്‍ത്തികളെ അംഗീകരിച്ചു കൊണ്ട് പരിശുദ്ധ നിര്‍ദ്ദേശക സമിതി സമര്‍പ്പിച്ച രേഖകളില്‍ പാപ്പാ തന്റെ ഔദ്യോഗിക മുദ്ര ചാര്‍ത്തുകയും, 1984 ഏപ്രില്‍ 7ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ധന്യനായ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധിച്ചതിനു ശേഷം അത് ഒരു ‘അത്ഭുത’ മെന്ന് കണ്ടെത്തി. ഈ കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിക്കര്‍ഹനാക്കി. തുടര്‍ന്ന്‍ 1986 ഫെബ്രുവരി 8 ശനിയാഴ്ച പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കോട്ടയത്തെ നാഗമ്പടം മൈതാനത്ത്‌ വെച്ച് ധന്യനായ ദൈവ ദാസന്‍ കുര്യാക്കോസ് ഏലിയാസ്‌ ചാവറയേയും, അല്‍ഫോന്‍സാ മുട്ടത്തുപാടത്തിനേയും “വാഴ്ത്തപ്പെട്ടവര്‍” ആയി പ്രഖ്യാപിച്ചു.

പിന്നീട് 2014 നവംബര്‍ 23ന് ഫ്രാന്‍സിസ്‌ പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു.

റോമില്‍ അംഗീകരിക്കപ്പെട്ട അത്ഭുതം

ചാവറയച്ചന്റെ മാധ്യസ്ഥം വഴിയായി, 1960 ഏപ്രിലില്‍ ശ്രീ ജോസഫ് മാത്യു പെണ്ണപറമ്പിലിന്റെ കാലിലെ ജന്മനാലുള്ള അസുഖം ഭേതമായത് ഒരു അത്ഭുതമാണെന്ന്‍ റോം അംഗീകരിച്ചു.

ജനനം മുതലേ തന്റെ രണ്ടു കാലിലും മുടന്തുമായിട്ടാണ് ജോസഫ് ജനിച്ചത്. ജോസഫിന്റെ കുടുംബം ദരിദ്രരാണെങ്കിലും ദൈവഭക്തിയുള്ളവരായിരുന്നു. തന്റെ കാലുകളുടെ മുടന്ത്‌ വകവെക്കാതെ ജോസഫ് സ്കൂളില്‍ പോകുവാന്‍ തുടങ്ങി. അവന്റെ മൂത്ത സഹോദരി എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു. ജോസഫിന് 7 വയസ്സുള്ളപ്പോഴാണ് അവന്റെ കുടുംബം ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നിരവധി പേര്‍ക്ക് രോഗ ശാന്തി ലഭിച്ചിട്ടുള്ളതായി അറിയുവാന്‍ ഇടയായത്. ആ നിമിഷം മുതല്‍ അവര്‍ ജോസഫിന്റെ കാലുകളുടെ അസുഖം ഭേതമാക്കുന്നതിനു വേണ്ടി ചാവറയച്ചന്റെ മദ്ധ്യസ്ഥം വളരെയേറെ ഭക്തിയോടും വിശ്വാസത്തോടും കൂടി അപേക്ഷിക്കുവാന്‍ തുടങ്ങി. പക്ഷെ ഇക്കാലയളവിലൊന്നും അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും തങ്ങളുടെ പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ജോസഫും അവന്റെ സഹോദരിയും സ്കൂളിലേക്ക് പോകുമ്പോള്‍, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്തിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പതിവായി ചെയ്യുന്ന പോലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോട് തന്റെ കാലുകളിലെ അസുഖം ഭേതമാക്കുവാനും, 1 സ്വര്‍ഗ്ഗസ്ഥനായ പിതാവും, 1 നന്മനിറഞ്ഞ മറിയവും, 1 പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ..ചൊല്ലുവാന്‍ അവന്റെ സഹോദരി അവനോടാവശ്യപ്പെട്ടു.

അങ്ങിനെ അവര്‍ രണ്ടുപേരും പ്രാത്ഥിച്ചുകൊണ്ടു നടക്കുമ്പോള്‍ പെട്ടെന്ന് തന്നെ ജോസഫിന് തന്റെ വലത് കാല്‍ വിറക്കുന്നതായി അനുഭവപ്പെട്ടു. ജോസഫ് ഉടനേ തന്നെ തന്റെ വലത്കാല്‍ നിലത്തുറപ്പിച്ചുകൊണ്ടു പതിയെ നടക്കുവാന്‍ ശ്രമിച്ചു, അത്ഭുതമെന്ന് പറയട്ടേ അവന്റെ വലത് കാലിലെ അസുഖം ഭേതമായി. കുറച്ച് ദിവസങ്ങളോളം നടക്കുമ്പോള്‍ അവനു വേദന അനുഭവപ്പെട്ടിരുന്നു, പിന്നീട് വേദനയും ഇല്ലാതായി.

അവന്റെ ഒരു കാലിലെ അസുഖം ഭേതമായത് അവന്റെ കുടുംബത്തിനു വളരെയേറെ സന്തോഷവും പ്രതീക്ഷയും നല്‍കി. കൂടുതല്‍ ഉത്സാഹത്തോടും, ഭക്തിയോടും കൂടി അവന്റെ ഇടത്കാലിലെ മുടന്ത് കൂടി ഭേതമാക്കുവാന്‍ വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. 1960 ഏപ്രില്‍ 30ന് രാവിലെ ജോസഫിന് തന്റെ ഇടത് കാലില്‍ വേദന അനുഭവപ്പെട്ടു തുടങ്ങി, എന്നിരുന്നാലും അവന്‍ ആ വേദന വകവെക്കാതെ തന്റെ സഹോദരിയുടെ കൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് പോയി.

പോകുന്ന വഴിക്ക്, അവന്റെ ഇടത് കാലിലെ വിരലുകള്‍ നേരെയാവുകയും, ക്രമേണ അവന്റെ കാലും സുഖം പ്രാപിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ രണ്ടു കാലും നിലത്ത് കുത്തി അവനു സാധാരണ പോലെ നടക്കുവാന്‍ സാധിച്ചു. ഇത് ചാവറയച്ചറെ മാദ്ധ്യസ്ഥം മൂലമാണ് സംഭവിച്ചതെന്നാണ് ജോസഫ് വിശ്വസിക്കുന്നത്. ജോസഫിന്റെ അത്ഭുതകരമായ ഈ രോഗശാന്തി 1984-ല്‍ വിശുദ്ധീകരണ നടപടികള്‍ക്കായി റോമില്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തപ്പോള്‍ ജോസഫിന് 31 വയസ്സായിരുന്നു പ്രായം.

മരിയ ജോസ് കൊട്ടാരത്തിലിന്റെ- ഉടനടിയും, സ്ഥിരവും, പൂര്‍ണ്ണവുമായ രോഗശാന്തി

വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധീകരണത്തിനു പരിഗണിച്ച ഒരത്ഭുതമാണ് മരിയ ജോസ് കൊട്ടാരത്തില്‍ എന്ന് പേരായ പെണ്‍കുട്ടിയുടെ കോങ്കണ് പൂര്‍ണ്ണമായും സുഖപ്പെട്ടത്. കൊട്ടാരത്തില്‍ വീട്ടില്‍ ജോസ് തോമസിന്റെയും മറിയകുട്ടിയുടേയും ഏറ്റവും ഇളയ മകളായിരുന്നു അവള്‍. അവള്‍ക്ക് മുകളില്‍ രണ്ടു സഹോദരന്മാര്‍: ഏറ്റവും മൂത്ത ജോര്‍ജ്ജ്, പാലാ അതിരൂപതക്ക് കീഴിലുള്ള സെമിനാരിയിലെ പഠിതാവും, രണ്ടാമത്തവനായ ഫെബിന്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും.

2005 ഏപ്രില്‍ 5ന് കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലാണ് മരിയ ജനിച്ചത്. പാലായിലെ സെന്റ്‌. തോമസ്‌ കത്രീഡല്‍ പള്ളിയില്‍ വെച്ചാണ് അവളെ മാമോദീസ മുക്കിയത്. അവള്‍ക്ക് ജന്മനാ തന്നെ കോങ്കണ്ണ് (alternating esotropia) ഉണ്ടായിരുന്നു, അവളുടെ മാതാപിതാക്കളും, 4, 5 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവളെ അറിയുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു.

അവളുടെ കണ്ണുകള്‍ പരിശോധിച്ച 5 പേര്‍ അടങ്ങുന്ന വിദഗ്ദരായ ഡോക്ടര്‍മാരുടെ സംഘം ഇത് കോങ്കണ്ണ് ആണെന്ന് ഉറപ്പിക്കുകയും, ശസ്ത്രക്രിയ മാത്രമേ ഇതിനു പരിഹാരമുള്ളൂ എന്ന് അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അവളുടെ കുടുംബം ശസ്ത്രക്രിയ ഒഴിവാക്കിയിട്ട് ദൈവത്തിലേക്ക് തിരിയുകയും, വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു.

ഒക്ടോബര്‍ 9ന് മറിയക്കുട്ടി വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മുറിയും, കബറിടവും സന്ദര്‍ശിച്ചു, പിന്നീട് ഒക്ടോബര്‍ 12ന് മരിയയും അവളുടെ മാതാപിതാക്കളും കബറിടം സന്ദര്‍ശിക്കുകയും, വളരെ ഭക്തിപൂര്‍വ്വം അവളുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒക്ടോബര്‍ 16ന് പ്രാര്‍ത്ഥനക്ക് ശേഷം, എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും നിലനില്‍ക്കുന്ന ആചാരമനുസരിച്ച് ‘ഈശോ മിശിഖാക്ക് സ്തുതി’ പറയുവാന്‍ അവള്‍ തന്റെ മാതാപിതാക്കളുടെ അരികത്ത് ചെന്നപ്പോള്‍ അവളുടെ മാതാപിതാക്കള്‍ കുട്ടി നേരെ നോക്കുന്നതും, അവളുടെ കണ്ണുകള്‍ സുഖമായതും ശ്രദ്ധിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മാന്നാനത്ത്, ചാവറയച്ചന്റെ കബറിടത്തില്‍ വെച്ച് അദ്ദേഹത്തിലൂടെ ദൈവത്തിന് സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും, കൂടാതെ തങ്ങളുടെ കുടുംബ പ്രാര്‍ത്ഥനകളും മൂലമാണ് ഈ രോഗശാന്തി ഈ രോഗശാന്തി ലഭിച്ചതെന്നു അവളുടെ മാതാപിതാക്കളും, പ്രത്യകിച്ച് അവളുടെ അമ്മയായ മറിയക്കുട്ടിയും, മുഴുവന്‍ കുടുംബവും, ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നു.

അതേതുടര്‍ന്ന്‍ കുട്ടിയെ അവര്‍ വിവിധ ഡോക്ടര്‍മാരുടെ പക്കല്‍ പരിശോധനക്കായി കൊണ്ടു പോയെങ്കിലും, അവരെല്ലാവരും തന്നെ തങ്ങളുടെ അറിവിലുള്ള വൈദ്യ ശാസ്ത്രപരമായ അറിവുകള്‍ക്ക് വിവരിക്കാനാവാത്ത വിധമുള്ള രോഗശാന്തിയാണിതെന്ന്‍ ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, ഈ കുട്ടിയുടെ കണ്ണുകള്‍ ഒരു തരത്തിലുള്ള വൈദ്യ ശാസ്ത്രപരമായ ചികിത്സകള്‍ക്കും, ശസ്ത്രക്രിയക്കും വിധേയമായിട്ടില്ലെന്നും ഈ പരിശോധനകളില്‍ നിന്നു തെളിഞ്ഞു. അതിനാല്‍, ഒരു ശസ്ത്രക്രിയയും കൂടാതെ പെട്ടെന്നുള്ളതും, പൂര്‍ണ്ണവും സ്ഥിരമായിട്ടുമുള്ള രോഗം സൌഖ്യമാണിതെന്ന്‍ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ, ദൈവശാസ്ത്രജ്ഞ്ജന്‍മാരായ വിദഗ്ദരും ഈ അത്ഭുതകരമായ സുഖപ്പെടുത്തല്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നടന്നതാണെന്ന് സ്ഥിരീകരിച്ചു.

അപ്രകാരം 2014 മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍മാരുടെ കൂടിക്കാഴ്ചയില്‍ വച്ച് പരിശുദ്ധ നാമനിര്‍ദ്ദേശക സമിതി അംഗീകരിക്കുകയും ഇത് 2014 നവംബര്‍ 23ലെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് നയിക്കുകയും ചെയ്തു.


വേദപാരംഗതരായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും


വിശുദ്ധ ബേസില്‍

AD 330-ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്‌. വിശുദ്ധന്റെ കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനായിരുന്നു വിശുദ്ധ ബേസില്‍. അദേഹത്തിന്റെ മൂന്ന്‍ സഹോദരന്മാരും മെത്രാന്മാര്‍ ആയിരുന്നു, നിസ്സായിലെ വിശുദ്ധ ഗ്രിഗറി അവരില്‍ ഒരാളാണ്. വിശുദ്ധന്റെ അമ്മൂമ്മയും ദൈവഭക്തയുമായിരുന്ന മാക്രിനാ വിശുദ്ധന്റെ മതപരമായ വിദ്യാഭ്യാസത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “ആദരണീയയായ ആ അമ്മയുടെ വാക്കുകളുടെ അഗാധമായ പ്രതിഫലനവും, അവരുടെ മാതൃകയും എന്റെ ആത്മാവില്‍ ചെലുത്തിയ സ്വാധീനത്തെ എനിക്കൊരിക്കലും മറക്കുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധന്‍ തന്നെ പറഞ്ഞിട്ടുണ്ട്. യുവത്വം മുതല്‍ പ്രായമാവുന്നത് വരെ വിശുദ്ധ ബേസിലും, നാസിയാന്‍സെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മില്‍ അഗാധമായ സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബെര്‍ണാര്‍ഡ് ആണെങ്കില്‍, പൗരസ്ത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബേസില്‍ ആണ്.

ഒരു മെത്രാനെന്ന നിലയില്‍ നാസ്ഥികവാദത്തിനെതിരെ പോരാടി കത്തോലിക്കാ വിശ്വാസത്തെ സംരക്ഷിച്ച ധീര യോദ്ധാവായിരുന്നു വിശുദ്ധ ബേസില്‍. AD 372-ല്‍ വലെന്‍സ്‌ ചക്രവര്‍ത്തി നാസ്ഥികവാദത്തെ ഔദ്യോഗിക മതമാക്കി അവതരിപ്പിക്കുവാനായി ബൈസന്‍റൈന്‍ ചക്രവര്‍ത്തിയുടെ വലതുകൈ ആയിരിന്ന മോഡെസ്റ്റ്സിനെ കാപ്പാഡോസിയയിലേക്കയച്ചു. മോഡെസ്റ്റ്സ് മെത്രാനെ സമീപിച്ച് അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ പ്രതി അദ്ദേഹത്തെ ശാസിക്കുകയും, അദ്ദേഹത്തെ നശിപ്പിക്കുമെന്നും, നാടുകടത്തുമെന്നും, രക്തസാക്ഷിയാക്കുമെന്നും, ഭീഷണിപ്പെടുത്തി. ബൈസന്റൈന്‍ സ്വേച്ഛാധിപതിയുടെ ഈ ഭീഷണികള്‍ക്കൊന്നും വിശുദ്ധനെ തടയുവാന്‍ കഴിഞ്ഞില്ല.

ദൈവ വിശ്വാസത്താലുള്ള സമാധാനത്തോടു കൂടി വിശുദ്ധന്‍ പറഞ്ഞു “ഇത്രയേ ഉള്ളൂ? നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ സ്പര്‍ശിക്കപോലും ചെയ്തിട്ടില്ല. കാരണം ഞങ്ങളുടെ കൈവശം ഒന്നുമില്ല, ഞങ്ങളുടെ കയ്യില്‍ നിന്നും ഒന്നും കൊള്ളയടിക്കുവാന്‍ കഴിയുകയില്ല. നാടുകടത്തുവാന്‍ സാധ്യമല്ല, കാരണം ദൈവത്തിന്റെ ഈ ഭൂമിയില്‍ എവിടെയായിരുന്നാലും ഞാന്‍ എന്റെ ഭവനത്തിലാണ്. പീഡനങ്ങള്‍ക്ക് എന്നെ തളര്‍ത്തുവാന്‍ കഴിയുകയില്ല, കാരണം എനിക്ക് ശരീരമില്ല. എന്നെ വധിക്കുകയാണെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുന്നു, കാരണം എനിക്ക് ദൈവത്തെ എത്രയും പെട്ടെന്ന് കാണുവാന്‍ സാധിക്കും. ഒരു പരിധിവരെ ഞാന്‍ ഇതിനോടകം തന്നെ മരിച്ചവനാണ്; വളരെ കാലമായി ഞാന്‍ കല്ലറയിലേക്ക്‌ പോകുവാന്‍ ധൃതികൂട്ടുകയായിരുന്നു.” വിശുദ്ധന്റെ ഈ മറുപടിയില്‍ ആശ്ചര്യം പൂണ്ട മുഖ്യന്‍ ഇപ്രകാരം പറഞ്ഞു “ഇതുവരെ ആരും എന്നോടു ഇത്രയും ധൈര്യമായി സംസാരിച്ചിട്ടില്ല.” “ഒരു പക്ഷെ നിങ്ങള്‍ ഇതിനു മുന്‍പൊരു മെത്രാനെ കണ്ടിട്ടുണ്ടാവില്ല” എന്നാണ് വിശുദ്ധ ബേസില്‍ മറുപടി കൊടുത്തത്‌. ഉടന്‍തന്നെ വലെന്‍സ്‌ ചക്രവര്‍ത്തിയുടെ പക്കല്‍ തിരിച്ചെത്തിയ മോഡെസ്റ്റ്സ് ഇപ്രകാരം ഉണര്‍ത്തിച്ചു “സഭാനായകന്റെ അടുത്ത്‌ ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ അദ്ദേഹം ഭീഷണിക്കു മേലെ ശക്തനും, വാക്കുകളില്‍ ദൃഡതയുള്ളവനും, പ്രലോഭനങ്ങള്‍ക്കും മേലെ സമര്‍ത്ഥനുമായിരുന്നു.”

വിശുദ്ധ ബേസില്‍ ശക്തമായ സ്വഭാവ ഗുണങ്ങളോട് കൂടിയവനും, ആ കാലഘട്ടത്തിലെ ജ്വലിക്കുന്ന ദീപവുമായിരുന്നു. പക്ഷെ ആ ദീപത്തില്‍ നിന്നുമുള്ള അഗ്നി ലോകത്തിനു പ്രകാശവും ചൂടും നല്‍കിയത്‌ പോലെ അത് സ്വയം ദഹിപ്പിക്കുകയും ചെയ്തു; വിശുദ്ധന്റെ അധ്യാത്മിക ഉന്നതി കൂടുംതോറും, ശാരീരികമായി അദ്ദേഹം തളര്‍ന്നിരുന്നു, അദ്ദേഹത്തിന് 49 വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം ഒരു വയസ്സന്റേതിനു സമാനമായിരുന്നു. സഭാപരമായ എല്ലാ പ്രവര്‍ത്തികളിലും അദ്ദേഹം അപാരമായ കഴിവും അത്യുത്സാഹവും പ്രകടിപ്പിച്ചിരുന്നു. മഹാനായ ഒരു ദൈവശാസ്ത്രജ്ഞന്‍, ശക്തനായ സുവിശേഷകന്‍, ദൈവീക ദാനമുള്ള എഴുത്ത്കാരന്‍ എന്നീ നിരവധി പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടിരിന്നു. ആശ്രമ ജീവിതത്തിന്റെതായ രണ്ടു നിയമങ്ങള്‍ എഴുതിയുണ്ടാക്കിയത് വിശുദ്ധനാണ്, പൗരസ്ത്യ ആരാധനക്രമത്തിന്റെ പരിഷ്കര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ് വിശുദ്ധന്‍. എ‌ഡി 379-ല്‍ അദ്ദേഹത്തിന് 49 വയസ്സുള്ളപ്പോള്‍ വിശുദ്ധന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. വിശുദ്ധന്‍ മരിക്കുന്ന സമയം, അദ്ദേഹത്തിന്റെ ശരീരം വെറും എല്ലും തൊലിക്കും സമാനമായിരുന്നു.

വിശുദ്ധ ഗ്രിഗറി നസിയാന്‍സെന്‍

എ‌ഡി 339-ല്‍ കാപ്പാഡോസിയയിലെ നസിയാന്‍സ് എന്ന സ്ഥലത്ത് ഗ്രീക്കുകാര്‍ “ദൈവശാസ്ത്രജ്ഞന്‍” എന്ന ഇരട്ടപ്പേര് നല്‍കിയ വിശുദ്ധ ഗ്രിഗറി ജനിച്ചത്‌. കാപ്പാഡോസിയയില്‍ നിന്നും തിരുസഭക്ക്‌ ലഭിച്ച മൂന്ന്‍ ദീപങ്ങളില്‍ ഒരാളാണ് വിശുദ്ധ ഗ്രിഗറി. തന്റെ വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനത്തിനു അദ്ദേഹം തന്റെ മാതാവും വിശുദ്ധയുമായ നോന്നായോട് കടപ്പെട്ടിരിക്കുന്നു. വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച, ഏഥന്‍സിലെ, അലെക്സാണ്ട്രിയായിലുള്ള സീസേറിയ എന്ന വിദ്യാലയത്തിലാണ് വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഏഥന്‍സില്‍ വച്ചാണ് വിശുദ്ധന്‍ വിശുദ്ധ ബേസിലുമായി തന്റെ കേള്‍വികേട്ട സുഹൃത്ബന്ധം തുടങ്ങിയത്‌. എ‌ഡി 381-ല്‍ തന്റെ സുഹൃത്തിന്റെ ശവസംസ്കാര പ്രസംഗം നടത്തുന്നത് വരെ ആ സുഹൃത്ബന്ധം വളരെയേറെ ഊഷ്മളതയോടെ നിലനിന്നിരുന്നു.

360-ല്‍ ആയിരുന്നു വിശുദ്ധ ഗ്രിഗറി ജ്ഞാനസ്നാനം സ്വീകരിച്ചത്‌. കുറെക്കാലം ഒരാശ്രമത്തില്‍ ഏകാന്ത വാസം നയിച്ചു. അതിനു ശേഷം 372-ല്‍ വിശുദ്ധ ബേസില്‍ ഗ്രിഗറിയെ മെത്രാനായി അഭിഷേകം ചെയ്തു. വിശുദ്ധന്റെ പിതാവും നാസിയാന്‍സിലെ മെത്രാനുമായിരുന്ന ഗ്രിഗറിയുടെ ആഗ്രഹപ്രകാരം അദ്ദേഹം രോഗികളെ ശുശ്രൂഷിക്കുന്നതില്‍ പിതാവിനെ സഹായിച്ചു വന്നു. 381-ല്‍ അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സഭയുടെ നായകനായി. പക്ഷെ വിവാദങ്ങള്‍ മൂലം അദ്ദേഹം സ്വയം വിരമിക്കുകയും ഏകാന്ത ജീവിതം നയിക്കുകയും ചെയ്തു. ഈ ജീവിതം അദ്ദേഹത്തെ ഉത്തേജിപ്പിക്കുകയും തന്നെ തന്നെ പൂര്‍ണ്ണമായും ധ്യാനാത്മകമായ ജീവിതത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും ഏകാന്ത ജീവിതത്തിനും, ഊര്‍ജ്ജിതമായ സുവിശേഷ പ്രവര്‍ത്തനത്തിനുമിടക്ക്‌ ചലിച്ചു കൊണ്ടിരിന്നുവെന്ന് പറയാം. ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു വിശുദ്ധ ഗ്രിഗറി, പക്ഷെ വിവിധ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമനുസരിച്ചു വിശുദ്ധന് സുവിശേഷ വേലകളിലും, സഭാസംബന്ധിയായ പ്രവര്‍ത്തനങ്ങളിലും തുടരെ തുടരെ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. ക്രിസ്തീയ പൂര്‍വ്വികതയുടെ ശക്തനായ പ്രാസംഗികനായിരുന്ന വിശുദ്ധന്‍ എന്നു കൂടി വിശുദ്ധ ഗ്രിഗറിയെ വിശേഷിപ്പിക്കാം; അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണപാടവത്തോടു കടപ്പെട്ടിരിക്കുന്നു. വിശുദ്ധന്‍റെ വ്യത്യസ്തമായ രചനകള്‍ അദ്ദേഹത്തിന് ‘തിരുസഭയുടെ വേദപാരംഗതന്‍’ എന്ന പേര് നേടികൊടുക്കുകയും ചെയ്തു.