നല്ല ചിന്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നല്ല ചിന്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 മാർച്ച് 31, വെള്ളിയാഴ്‌ച




ഈശോമിശിഹാ പരിശുദ്ധ കുര്‍ബാന എപ്പോള്‍, എങ്ങനെ സ്ഥാപിച്ചു? 



ഈശോമിശിഹാ തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രി ഒടുവിലത്തെ അത്താഴത്തില്‍ വച്ച്‌ അപ്പം എടുത്ത്‌ ആശീര്‍വദിച്ച്‌ മുറിച്ച്‌ ശിഷ്യന്‍മാ‍ര്‍ക്ക്‌ കൊടുത്ത്‌, "നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍, ഇത്‌ എന്‍റെ ശരീരമാണ്‌", എന്നും വീഞ്ഞിരുന്ന കാസാ എടുത്ത്‌ സ്തോത്രം ചെയ്തു ആശീര്‍വദിച്ച്‌ അവര്‍ക്ക്‌ കൊടുത്ത്‌, "നിങ്ങള്‍ എല്ലാവരും ഇതില്‍ നിന്നും കുടിക്കുവിന്‍, ഇത്‌ എന്‍റെ രക്തമാകുന്നു‍" എന്നും "എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍" എന്നും അരുളിച്ചെയ്തുകൊണ്ട്‌ ഈ കൂദാശ സ്ഥാപിച്ചു (മത്താ 26, മര്‍ക്കോ 14:22,23; ലൂക്ക 22:19; 1 കോറി 11: 24-25).
അപ്പവും വീഞ്ഞും തന്‍റെ തിരുശരീരവും രക്തവുമായി പകര്‍ത്തുവാനുള്ള അധികാരം ഈശോമിശിഹാ തന്‍റെ ശിഷ്യര്‍ക്ക്‌ നല്‍കിയിട്ടുണ്ടോ?


ഉണ്ട്‌. "എന്‍റെ ഓര്‍മ്മയ്ക്കായിട്ട്‌ നിങ്ങളിത്‌ ചെയ്തു കൊള്ളുവിന്‍" എന്ന്‌ ഈശോമിശിഹാ കല്‍പിച്ചുകൊണ്ട്‌ തന്‍റെ അപ്പസ്തോലന്‍മാര്‍ക്കും അവരുടെ പിന്‍ഗാമികളായി ശരിയായ വിധത്തില്‍ തിരുപ്പട്ടമേറ്റിട്ടുള്ള മെത്രാന്‍മാ‍ര്‍ക്കും വൈദികര്‍ക്കും ഈ അധികാരം കൊടുത്തു. (ലൂക്ക 22:19).
ഈ അധികാരം അവര്‍ എപ്പോള്‍ ഉപയോഗിക്കുന്നു‍?


ദിവ്യബലിയില്‍ ഓസ്തിയി‍ന്‍മേലും വീഞ്ഞിന്‍മേലും കൂദാശവചനങ്ങള്‍ അവര്‍ ഉച്ചരിക്കുമ്പോള്‍.
ദിവ്യപൂജയില്‍ അവര്‍ അപ്പത്തിന്‍മേലും വീഞ്ഞിന്‍മേലും കൂദാശവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ആ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ സത്യമായ തിരുശരീരവും രക്തവുമായി മാറുന്നു‍ണ്ടോ?


ഉണ്ട്‌. ദിവ്യപുജയില്‍ കൂദാശവചനങ്ങള്‍ ഉച്ചരിച്ചതിനുശേഷം അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപവും രുചിയും ഉണ്ടെങ്കിലും ആ അപ്പവും വീഞ്ഞും യഥാര്‍ത്ഥമായും എന്നാ‍ല്‍ അദൃശ്യമായ വിധത്തില്‍ ഈശോമിശിഹായുടെ തിരുശരീരവും രക്തവുമായി മാറുന്നു‍.
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളണം എന്നുള്ള പ്രമാണം ദൈവത്തില്‍ നിന്നു‍ള്ളതോ തിരുസഭയില്‍ നിന്നുള്ളതോ?


നാം പരിശുദ്ധകുര്‍ബാന കൈക്കൊള്ളണം എന്നുള്ള പ്രമാണം ദൈവത്തില്‍ നിന്നു‍ള്ളതും തിരുസഭയില്‍ നിന്നു‍ള്ളതുമാകുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോട്‌ പറയുന്നു‍: മനുഷ്യപുത്രന്‍റെ മാംസം നിങ്ങള്‍ ഭക്ഷിക്കാതെയും അവന്‍റെ രക്തം നിങ്ങള്‍ കുടിയ്ക്കാതെയുമിരുന്നാ‍ല്‍ നിങ്ങള്‍ക്ക്‌ നിങ്ങളില്‍ തന്നെ‍ ജീവനുണ്ടാകയില്ല" എന്നു‍ നമ്മുടെ കര്‍ത്താവ്‌ അരുളിച്ചെയ്തിരിക്കുന്നു‍ (യോഹ. 6:51).
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതുകൊണ്ട്‌ നമുക്ക്‌ എന്തെല്ലാം നന്‍മകള്‍ സിദ്ധിക്കുന്നു?


പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിനാല്‍ ഒന്നാമതായി ഈശോമിശിഹായോട്‌ നമ്മെ ആന്തരികമായി കൂട്ടിച്ചേര്‍ക്കുകയും ദൈവപ്രസാദവരം നമ്മില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു‍. രണ്ടാമതായി, തിന്‍മയിലേയ്ക്കുള്ള നമ്മുടെ ചായ്‌വുകള്‍ കുറച്ച്‌ പുണ്യവഴിയില്‍ ജീവിക്കാന്‍ നമുക്ക്‌ ആഗ്രഹവും ധൈര്യവും നല്‍കുന്നു‍. മൂന്നാ‍മതായി വരുവാനിരിക്കുന്ന ഭാഗ്യപ്പെട്ട ഉയിര്‍പ്പിന്‍റെയും നിത്യജീവിതത്തിന്‍റെയും അച്ചാരം നമുക്ക്‌ ലഭിക്കുന്നു.
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നവരെല്ലാം ഈ നന്‍മകള്‍ പ്രാപിക്കുന്നു‍ണ്ടോ?


ഇല്ല. ചാവുദോഷത്തോടുകൂടെ അയോഗ്യമായി വിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നവരാരും ഈ നന്‍മകള്‍ കൈ ക്കൊള്ളുന്നി‍ല്ല. മാത്രമല്ല യൂദാസിനെപ്പോലെ നിത്യനരകാഗ്നിക്കുള്ള സ്വന്തം വിധിയെ ഭക്ഷിക്കുന്നതു പോലെയുള്ള ഭയങ്കര ദൈവദോഷം അവര്‍ ഏല്‍ക്കുകയും ചെയ്യുന്നു (യോഹ. 13:27, 1 കൊറി. 11:27-29).
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിന്‌ നാം എങ്ങനെ ഒരുങ്ങണം?


ആദ്യം തന്നെ‍ നല്ല കുമ്പസാരത്താല്‍ നമ്മുടെ പാപമാലിന്യങ്ങളില്‍ നിന്നും പരിശുദ്ധമാക്കണം. അതായത്‌, നന്‍മപ്രവൃ ത്തികളാലും ജപധ്യാനങ്ങളാലും നമ്മെ അലങ്കരിക്കണം.
പരിശുദ്ധ കുര്‍ബാന കൈക്കൊണ്ടശേഷം നാം എന്തു ചെയ്യണം?


ഭക്തിപൂര്‍വ്വം ഇരിപ്പിടത്തില്‍ ചെന്ന്‌ മുട്ടുകുത്തി കൂപ്പു കൈയോടുകൂടി ഒരു നാഴികയെങ്കിലും നല്ല ഭക്തിയും തീക്ഷണതയുമുള്ള ജപങ്ങളാല്‍ നമ്മില്‍ എഴുന്നളളിയിരിക്കുന്ന ദിവ്യ രക്ഷിതാവിനെ നാം ആരാധിക്കുകയും സ്തുതിക്കുകയും സ്നേഹിക്കുകയും ചെയ്യണം. നമ്മേതന്നെയും നമുക്കുള്ള എല്ലാറ്റിനെയും ദൈവകരങ്ങളില്‍ അര്‍പ്പിക്കുകയും ചെയ്യണം
ആണ്ടിലൊരിക്കല്‍ മാത്രം വിശുദ്ധകുര്‍ബാന കൈക്കൊണ്ടാല്‍ മതിയോ?


തിരുസഭയുടെ കല്‍പനയ്ക്കു വിധേയരായി നാം തെറ്റു ചെയ്യാതിരിക്കുന്നതിന്‌ ആണ്ടില്‍ ഒരിക്കല്‍ കൈക്കൊണ്ടാല്‍ മതി. എന്നാല്‍ പുണ്യ ജീവിതത്തിന്‌ അടുക്കലടുക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കണം.
പരിശുദ്ധ കുര്‍ബാന എഴുള്ളിച്ചു വച്ചിരിക്കുന്ന പളളിയില്‍ നാം പ്രവേശിക്കുമ്പോള്‍ എന്തു ചെയ്യണം?


സകല മാലാഖമാരും പുണ്യവാന്‍മാ‍രും ഭയഭക്തിപൂര്‍വ്വം ആരാധിക്കുന്ന ദൈവവും മനുഷ്യനുമായിരിക്കുന്ന ഈശോ മിശിഹായെ മഹാവണക്കത്തോടും എളിമയോടും സ്നേഹത്തോടും കൂടെ മുട്ടി‍ന്‍മേല്‍ നിന്ന്‌ ആരാധിക്കുകയും സ്തുതിക്കുകയും യാതൊരു ആചാരക്കേടും ചെയ്യാതിരിക്കാന്‍ നല്ലവണ്ണം സൂക്ഷിക്കുകയും വേണം.
പുണ്യവാന്‍മാ‍രുടെ ഐക്യം എന്നു‍ പറഞ്ഞാലെന്ത്‌?


സഭയില്‍ മൂന്ന്‌ വിഭാഗങ്ങളുണ്ട്‌. അവ വിജയസഭ, പീഡിതസഭ, സമരസഭ. ഈ മൂന്ന്‌ വിഭാഗങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവുമാണ്‌ പുണ്യവാന്‍മാ‍രുടെ ഐക്യം എന്ന്‌ പറയുന്നത്‌.
വിജയസഭ


ആത്മീയശത്രുക്കളുമായുള്ള പോരാട്ടത്തില്‍ വിജയിച്ച്‌ സമ്മാനമായ സ്വര്‍ഗ്ഗ സൗഭാഗ്യം അനുഭവിക്കുന്നവരാണ്‌ വിജയസഭയിലുള്ളവര്‍.
പീഡിതസഭ


പോരാട്ടത്തില്‍ വിജയിച്ച്‌ സ്വര്‍ഗ്ഗ സൗഭാഗ്യം പ്രതീക്ഷിച്ച്‌ ശുദ്ധീകരണ സ്ഥലത്ത്‌ വസിക്കുന്നവരാണ്‌ പീഡിത സഭയിലുള്ളവര്‍.
സമരസഭ


ജീവിച്ചിരിക്കുന്നവര്‍ ആത്മീയ ശത്രുക്കളുമായുള്ള പോരാട്ടം ഈ ലോകത്ത്‌ നടത്തുന്നവരാണ്‌ സമര സഭയിലുള്ളവര്‍. നാം സ്വര്‍ഗ്ഗസ്ഥരോട്‌ പ്രാര്‍ത്ഥിക്കുന്നു. അവര്‍ നമ്മെ സഹായിക്കുന്നു‍. ശുദ്ധീകരണസ്ഥലത്ത്‌ വസിക്കുന്നവര്‍ക്ക്‌ സ്വയം സഹായിക്കുവാന്‍ സാദ്ധ്യമല്ല. ജീവിച്ചിരിക്കുന്ന നമ്മള്‍ ബലിയര്‍പ്പണവും മറ്റ്‌ സല്‍കൃത്യങ്ങളും വഴി അവരെ സഹായിക്കുന്നു‍. എല്ലാവരെയും ക്രിസ്തു നേടിത്തന്ന ദൈവികജീവന്‍ ഗാഢമായി ഐക്യപ്പെടുത്തുന്നു‍.




2017 ജനുവരി 25, ബുധനാഴ്‌ച

ബന്ധപ്പെട്ട ചിത്രം




=============================
റോമാ, 8:35 ,,
"ക്രിസ്‌തുവിന്റെ സ്നേഹത്തിൽ നിന്ന്
ആര് നമ്മെ വേർപെടുത്തും
"""''"""""""""""""""""""""""""""""""""""""""""""""""""""""""""""""
ഓസ്‌ട്രേലിയൻ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുതീവ്വ്രവാദികൾ വാഹനത്തിൽ വച്ചു ചുട്ടുകൊന്നിട്ട് ഇന്നേക്ക്18 വർഷം.


കർത്താവിന്റെ പ്രിയദാസൻ ഗ്രഹാം സ്റ്റെയ്ൻസിന്റെ ഓർമ്മയിൽ ഭാരതത്തിലെ ക്രൈസ്തവർ.വിശ്വാസികൾ. സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു


ജ്ഞാ‌നം, 3: 1-3,,,

"നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവും

അവരെ സ്പർശി‌ക്കുകയില്ല, അവർ

മരിച്ചതായി, ഭോഷൻമാർ കരുതി

അവരുടെ മരണം പീഡനമായും നമ്മിൽ നിന്നുള്ള വേർപാട് നാശമായും അവർ

കണക്കാക്കി, അവരാകട്ടെ ശാന്തി

അനുഭവിക്കുന്നു, ആമേൻ

----------------------------------

ഈശോയ്ക്കായി രക്തസാക്ഷികളായ ഈ മക്കൾ നമ്മുടെ വിശ്വാസത്തെ യേശുവിൽ ഉജ്ജ്വലിപ്പിക്കട്ടെ. .


തിരുസഭയിലുടെ നമ്മുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാൻ , ഏറ്റുപറയാൻ ചങ്കിലേറ്റിപ്പിടിക്കാൻ ഈ, കുടുംബത്തിന്റെ പ്രാർത്ഥനജീവിതം നമ്മളെ ഓരോരുത്തരെയും ശക്തരാക്കട്ടെ.


വെളിപാട്,6:9 ,,,

"അവൻ അഞ്ചാമത്തെ മുദ്ര തുറന്നപ്പോൾ ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെ പ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനു കീഴിൽ ഞാൻ കണ്ടു "

---------------------------------

രക്തസാക്ഷികളുടെ രാജ്‌ഞിയായ പരിശുദ്ധമറിയമേ, ദൈവരാജ്യത്തിനു വേണ്ടി പീഡകൾ സഹിക്കുന്ന, ജീവൻവെടിഞ്ഞ എല്ലാ മക്കൾക്കും, ഈശോയ്ക്ക് വേണ്ടി രക്തസാക്ഷിയായ പ്രിയ ഗ്രഹാംസ്റ്റെയ്ൻസിന്റെയും മക്കൾക്കളുടെയും ആത്മാവിനുവേണ്ടിയും നിത്യപിതാവിന്റെ സന്നിധിയിൽ പ്രാർത്ഥിക്കേണമേ,, ആമേൻ


ആവേ, ആവേ, ആവേമരിയ,,,

ഈശോ,മറിയത്തിൽ:- Titus Kalappurackal


ദയവായി ഷെയറും ചെയ്യാൻ മറക്കരുതേ.....

നിങ്ങളുടെ ഒരോ ലൈക്കും ഷെയറും നിങ്ങളറിയാതെ തന്നെ മറ്റുള്ളവരിൽ ദൈവവചനം എത്തുന്നുണ്ടങ്കിൽ അതു വലിയൊരു സുവിശേഷ പ്രവർത്തനമാണ്

2017 ജനുവരി 24, ചൊവ്വാഴ്ച


✞പൗരോഹിത്യം എന്താണ് ?✞•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

ആരാണ് ഒരു പുരോഹിതൻ?

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

{ഹെബ്രായർ 7:3}
"ദൈവത്തിന് സദൃശനായ അവൻ എന്നേക്കും പുരോഹിതനാണ്"
.

ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവൻ.
.
ദൈവത്തിന്റെ എല്ലാ അധികാരങ്ങളാലും അലംകൃതൻ..
.
ദിവ്യരക്ഷകൻ വൈദികരോടു പറഞ്ഞു: "പോകുവിൻ, എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
.
സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരങ്ങളും എനിക്കു നൽകപ്പെട്ടിരിക്കുന്നു.
.
ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ..."
.
പാപമോചനം നല്കുന്ന വൈദികൻ, "ദൈവം നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഞാൻ നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നത്രെ.
.
ദിവ്യബലിയിൽ, "ഇത് നമ്മുടെ കർത്താവിന്റെ ശരീരമാകുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഇത് എന്റെ ശരീരമാകുന്നു" എന്നാണ്.
.

നിങ്ങളുടെ പാപങ്ങൾ ഏറ്റു പറയുവാൻ പരിശുദ്ധ കന്യകയെയോ മാലാഖമാരെയോ ഒന്നു വിളിച്ചു നോക്കുക:
.
അവർ നിങ്ങളുടെ പാപങ്ങൾ മോചിക്കുമോ? ഇല്ല..
.
അവർ നിങ്ങൾക്ക് നമ്മുടെ കർത്താവിന്റെ തിരു ശരീര രക്തങ്ങൾ തരുമോ? ഇല്ല..
.
തന്റെ തിരുക്കുമാരനെ തിരുവോസ്തിയിലേക്കു വിളിച്ചു വരുത്തുവാൻ പരിശുദ്ധ കന്യകയ്ക്കു കഴിയില്ല.
.
ഒരായിരം മാലാഖമാർ ഒന്നിച്ചു കൂടിയാലും നിങ്ങൾക്കു പാപമോചനം നൽകാൻ അവർക്കു സാധിക്കയില്ല.
.
എന്നാൽ, എത്ര നിസ്സാരനായിക്കൊള്ളട്ടെ, ഒരു വൈദികന് അതു സാധിക്കും.
.
"സമാധാനത്തിൽ പോവുക; നിന്റെ പാപങ്ങൾ ഞാൻ മോചിക്കുന്നു" എന്ന് പറയുവാൻ അദ്ദേഹത്തിനു കഴിയും.
.
കണ്ടാലും! ഒരു വൈദികന്റെ അധികാരം!
.
അദ്ദേഹത്തിന്റെ ഒരു വാക്ക് ഒരു അപ്പക്കഷണത്തെ ദൈവമാക്കുന്നു!
.
പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനേക്കാൾ മഹത്തരമാണത്.
.
ആരോ ചോദിച്ചു, "വി.ഫിലോമിന ആർസിലെ വികാരിയെ അനുസരിക്കുന്നുവോ?" എന്ന്..
.
തീർച്ചയായും.. ദൈവം അനുസരിക്കുന്ന ആളെ ഫിലോമിനയ്ക്ക് എന്തുകൊണ്ട് അനുസരിച്ചു കൂടാ?
.
വൈദികൻ! ഹാ, എത്ര ഉന്നതനാണദ്ദേഹം!
.
സ്വർഗ്ഗത്തിലെത്തും വരെ തന്റെ വിളിയുടെ മാഹാത്മ്യം അദ്ദേഹം ഗ്രഹിക്കയില്ല.
.
ഈ ലോകത്തിൽ വെച്ച് അതു ഗ്രഹിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നു - ഭയത്താലല്ല; സ്നേഹ പാരവശ്യത്താൽ !
.
തനിക്കു വേണ്ടിയല്ല ഒരാൾ വൈദികനാകുന്നത് .
.
സ്വന്തം പാപങ്ങൾ അദ്ദേഹം മോചിക്കുന്നില്ല;
.
തനിക്കു തന്നെ കൂദാശകൾ നൽകുന്നില്ല .
.
അതേ, അദ്ദേഹം നിങ്ങൾക്കു വേണ്ടിയുള്ളവനാണ്.
.
പൗരോഹിത്യം, ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹമാകുന്നു.
.
പുരോഹിതനെ കാണുമ്പോൾ രക്ഷകനായ കർത്താവിനെപ്പറ്റി ചിന്തിക്കുവിൻ!
{വി.ജോൺ മരിയ വിയാനിയുടെ പ്രസംഗത്തിൽ നിന്ന്.}
.
ഓർക്കുക നമ്മുടെ ജ്ഞാനസ്നാനം മുതൽ ആണ്ടു കുർബാന വരെ ഒരു വൈദീകൻ എന്തെല്ലാമാണ് നമുക്കായി ചെയ്യുന്നത്.
.
നമ്മുടെ വസ്‌തു വകകൾ വെഞ്ചരിക്കണം.
നമ്മുടെ ആദ്യകുർബാന, സ്‌തൈര്യലേപനം, വിവാഹം, മക്കളുടെ മാമോദീസാ, രോഗീലേപനം അങ്ങനെ എല്ലാ കാര്യങ്ങൾക്കും വൈദികനെ വേണം.
.
എന്നിട്ടും അവരെ കുറ്റം വിധിക്കുവാൻ നീയും ഞാനും നാവു പോക്കുന്നു.
.
അർഹതയുണ്ടോ നമുക്കതിനു ??
.
അവരും മനുഷ്യരാണ്. ബലഹീനർ.
.
അവർക്കുവേണ്ടി നിരന്തരം പ്രാർഥിക്കേണ്ട നമ്മൾ തന്നെ അവരെ അസഭ്യം പറയുന്നു.
.
"ദൈവത്തിന്റെ പ്രതിപുരുഷനാണ് വൈദീകൻ."
.
അവനെ നാവു കൊണ്ടുപോലും വേദനിപ്പിക്കരുത്.
.
{സങ്കീർത്തനങ്ങൾ 105:15}
"എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്."
.
ഇത് രാജ കല്പനയാണ്. തെറ്റിച്ചാൽ ശിക്ഷയും ഉണ്ട്. അങ്ങനെ നീ ചെയ്‌താൽ,
.
"അവിടുന്ന് നാട്ടിൽ ക്ഷാമം വരുത്തുകയും അപ്പമാകുന്ന താങ്ങു തകർത്തുകളയുകയും ചെയ്യും "
{സങ്കീർത്തനം 105:16}
.
ബാല്യം മുതൽ സെമിനാരിയും പ്രാർഥനയും അൾത്താരയുമായി ജീവിച്ചു തുടങ്ങിയവൻ.
.
ചുറുചുറുക്കോടെ ചെറുപ്പകാലo നമ്മുക്കും മക്കൾക്കും ഇടവകയ്ക്കും വേണ്ടി മാറ്റി വച്ചവൻ.
.
മധ്യവയസിലും നമുക്കായി സേവനം ചെയ്തവൻ.
.
ഒടുവിൽ വാർദ്ധക്യത്തിന്റെ മറവിൽ ആർക്കും ഉപയോഗമില്ലാത്ത വസ്തു എന്നപോലെ നാല് ചുവരുകൾക്കുള്ളിൽ മാറ്റപെടുന്നവൻ.
.
ഇനി ചിന്തിക്കുക , വൈദീകൻ എന്നത് എത്രയോ മൂല്യമേറിയതാണ് എന്ന്.
.
ആമേൻ
.
ആവേ… ആവേ… ആവേ മരിയാ…
.
ദൈവ കൃപയാൽ :- #NOELMOOTHEDATH

വൈദീക കരങ്ങളിലൂടെ പാപമോചനം നൽകുന്ന യേശു.

•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•

സാത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന കൂദാശയാണ് വി.കുമ്പസാരം.
.
സാത്താന്റെ ഒരു വ്യക്തിയിലുള്ള സർവ്വ ആധിപത്യവും അവസാനിക്കുന്നത് ഇവിടെയാണ്.
.
കുമ്പസാരക്കൂട്ടിൽ മറഞ്ഞിരിക്കുന്ന യേശുവിനോടാണ് നമ്മൾ പാപങ്ങൾ ഏറ്റുപറയുന്നത്.
.
"രൂപം കൊണ്ട് മനുഷ്യനും,
സ്വഭാവം കൊണ്ട് ക്രിസ്തുവും,
വിശുദ്ധി കൊണ്ട് പിതാവും,
ജ്ഞാനം കൊണ്ട് പരിശുദ്ധാന്മാവും,
സ്നേഹം കൊണ്ട് പരിശുദ്ധ അമ്മയും,
സംരക്ഷണം കൊണ്ട് മാലാഖമാരും,
ചേരുന്ന അത്ഭുത ദീപമാണ് ഒരു
#നല്ലവൈദീകൻ"
.
ഈ അന്തിമ കാലഘട്ടത്തിൽ സഭ ഏറ്റവും അധികം ആഗ്രഹിക്കുന്നതും ഇതുപോലുള്ള വൈദീകരെയാണ്.
.


ഇത് കഥയാണോ നടന്ന സംഭവമാണോ എന്നറിയില്ല. എങ്കിലും റീഡേഴ്‌സ് ഡൈജസ്റ്റിൽ ഈ സംഭവം പ്രാധാന്യത്തോടെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യം സൂക്ഷിക്കാൻ ജീവിതം നഷ്ടപ്പെടുത്തിയ ഒരു വൈദികന്റെ അനുഭവമാണിത്.
.
സംഭവമിങ്ങനെയാണ് ഫ്രാൻസിലെ സെന്റ് റെമിയിലെ ദൈവാലയവികാരിയായിരുന്നു ഫാ. പിയറി.
.
അദ്ദേഹത്തെ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഒരു വിശുദ്ധനെപ്പോലെയാണ് ആളുകൾ അദേഹത്തെ കണ്ടത്.
.
ഇടവകജനം പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കണമെന്ന് അച്ചൻ സദാ പഠിപ്പിച്ചു.
.
ദൈവാലയത്തിന് തൊട്ടടുത്ത് താമസിച്ച സമ്പന്നയായ ഒരു വിധവയൊഴികെ എല്ലാവരും അച്ചന്റെ വാക്കുകൾ അനുസരിച്ചു.
.
ഈ വിധവയാകട്ടെ തന്റെ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കുകയോ അയൽക്കാരുടെ വീട്ടിൽ സൗഹൃദത്തിന് പോലും പോവുകയോ ചെയ്യുമായിരുന്നില്ല.
.
പക്ഷേ അച്ചനെ അവർ ഇടക്ക് ഭക്ഷണത്തിന് വിളിക്കുകയും ജീവകാരുണ്യത്തിനുളള സംഭാവന നൽകുകയും ചെയ്യുമായിരുന്നു.
.
കടുത്ത മഞ്ഞുകാലം. വിധവയുടെ വീട്ടിൽ പാചക ജോലി ചെയ്യുന്ന സ്ത്രീ അവരെ തിരക്കി വരുമ്പോൾ വിധവ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
.
അലമാര തുറന്നിട്ടിരിക്കുന്നതും അതിൽ നിന്നും അടുക്കിവച്ച തുണിത്തരങ്ങൾ പുറത്തേക്ക് വലിച്ചിഴച്ചിട്ടിരിക്കുന്നതും അവർ കണ്ടു. പോലീസധികൃതർ എത്തി.
.
രക്തം പുരണ്ട കാല്പാടുകൾ പള്ളിമുറ്റം വരെ ചെന്നെത്തിയതായി തെളിഞ്ഞു. അതോടെ ഇടവക വികാരിയുടെ നേരെയായി ജനത്തിന്റെ രൂക്ഷനോട്ടം.
.
പോലിസ് പള്ളിപ്പരിസങ്ങൾ അരിച്ച് പെറുക്കിയപ്പോൾ അവിടെ നിന്നും ഒളിപ്പിച്ച നിലയിൽ രക്തം പുരണ്ട ളോഹയും കൈയുറകളും കാണാനിടയായി.
.
ജനത്തിന് അതൊന്നും വിശ്വസിക്കാനായില്ല. കാരണം അത്രമേൽ അദേഹം ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു.
.
എന്നാൽ പോലീസ് ഫാ. പിയറിയെ ചോദ്യം ചെയ്തപ്പോൾ ളോഹയും കൈയുറകളുമെല്ലാം തന്റേതാണെന്നു അദ്ദേഹം പോലീസിനോടു പറഞ്ഞു.
.
അതോടെ തെളിവുകളെല്ലാം അദ്ദേഹത്തിന് എതിരായി. ഫാ. പിയറിയെ പോലീസ് അറസ്റ്റു ചെയ്യുകയും കോടതി അദേഹത്തെ തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തു.
.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപിലാണ് ഇത്തരം കഠിന ശിക്ഷകൾ ചെയ്തിരുന്നവരെ പാർപ്പിച്ചിരുന്നത്.
.
അന്ന് കുഷ്ഠരോഗികളെ നികൃഷ്ടരായി കണ്ടതിനാൽ അതിനടുത്ത സെല്ലിലാണ് അവരെയും പാർപ്പിച്ചിരുന്നത്.
.
അച്ചൻ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് എത്തിയെന്ന് കേട്ടതോടെ അവിടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ അദേഹത്തിന് എതിരായി തീർന്നു.
.
അവർ അദേഹത്തിന്റെ നേരെ കല്ലെടുത്ത് എറിയുകയും അടുത്തുവരുമ്പോൾ ദേഹത്തേക്ക് തുപ്പുകയും ചീത്തവിളിക്കുകയും ചെയ്തു.
.
എന്നാലും ഫാ. പിയറി അതെല്ലാം നിശബ്ദനായി സഹിച്ചു. ദൈവം തന്നെ ഉറ്റുനോക്കിയിരിക്കുന്നുവെന്ന് അദേഹത്തിന് തോന്നി.
.
എല്ലാ തടവുകാരോടും അദേഹം സ്‌നേഹത്തോടെ പെരുമാറി. ഏറ്റവും ക്രൂരമായി പെരുമാറിയവരെ അദ്ദേഹം ഏറ്റവുമധികം സ്‌നേഹിച്ചു.
.
അവരോട് അദേഹം ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു. ഏറെ നാൾ കഴിയും മുമ്പേ തടവുകാരുടെ പ്രിയപ്പെട്ട ‘ജയിലച്ച’നായി അദേഹം മാറി.
.
എല്ലാവരോടും സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി പെരുമാറിയതുകൊണ്ട് മരണാസന്നർക്ക് അന്ത്യകൂദാശ കൊടുക്കുവാൻ മേലധികാരികൾ അദ്ദേഹത്തിന് അനുവാദം നൽകി.
.
ഇക്കാലങ്ങളിൽ കുഷ്ഠരോഗികളെ നോക്കാനും പരിചരിക്കാനും അധികൃതർ അദേഹത്തിന് ഉത്തരവാദിത്വവും നൽകി. ഏറെ സന്തോഷത്തോടെയാണ് അദേഹം അതെല്ലാം ചെയ്തത്.
.
ഒരു ദിവസം വളരെ അവശനായ ഒരു കുഷ്ഠരോഗിയെ ഏതാനും പേർ അവിടേക്ക് കൊണ്ടുവന്നു.
.
അവശനായ ഇദേഹത്തെ പരിചരിക്കാൻ ഫാ. പിയറി അയാളുടെ അടുത്തെത്തി.
.


രോഗി തന്റെ ക്ഷീണിച്ച മുഖമുയർത്തി തന്നെ പരിചരിക്കുന്ന വ്യക്തിയെ നോക്കി. സംശയം തീരാതെ വീണ്ടും സൂക്ഷിച്ച് നോക്കി.
.
അയാൾ അത്ഭുതത്തോടും ആകാംഷയോടും കൂടി അച്ചനോട് ചോദിച്ചു.


”അങ്ങ് സെന്റ് റെമിയിൽ ഉണ്ടായിരുന്ന ഫാ. പിയറിയാണോ?” ആദ്യമായി തന്നെ ഒരാൾ തിരിച്ചറിഞ്ഞ സന്തോഷത്തിൽ അച്ചന്റെ മുഖം വിടർന്നു. ”അതെ, നിങ്ങൾ എന്നെ അറിയുമോ?”
.


അതു കേട്ടതോടെ അയാൾ അലമുറയിട്ട് കരയാൻ തുടങ്ങി. എന്താണ് കാര്യമെന്നറിയാതെ അച്ചനും രോഗികളും പരിഭ്രമിച്ചു. അയാൾ സ്വയം നെഞ്ചിൽ ആഞ്ഞിടിച്ചുകൊണ്ട് പറഞ്ഞു.
.
”അച്ചാ, അങ്ങേക്കെന്നെ മനസിലായില്ലേ? ഞാൻ സെന്റ്‌റെമി ദൈവാലയത്തിലെ തോട്ടക്കാരനായിരുന്ന ജീൻ.”
.
അയാൾ കരഞ്ഞുകൊണ്ടിരുന്നു. അച്ചന് സങ്കടം തോന്നി. സുന്ദരനായ ജീന്റെ മുഖം അപ്പോൾ അച്ചന്റെ മനസിൽ തെളിഞ്ഞു.
.
ദൈവാലയത്തിലേക്ക് ആവശ്യമായ പൂക്കളും പഴങ്ങളുമെല്ലാം സമയാസമയങ്ങളിൽ എത്തിക്കുന്ന മിടുമിടുക്കനായ ചെറുപ്പക്കാരൻ. എന്നാൽ ഇപ്പോൾ ഒരു പടുവൃദ്ധനെപ്പോലെയായിരിക്കുന്ന ജീൻ.
.
”ദൈവമേ, ഇയാൾക്ക് ഈ മഹാരോഗം വന്നല്ലോ.” അച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
.
പോലീസുകാരും നൂറുകണക്കിന് കുഷ്ഠരോഗികളും വാക്കുകേൾക്കാൻ കാതു കൂർപ്പിച്ചപ്പോൾ അച്ചൻ അയാളെ ശുശ്രൂഷിക്കാൻ ശ്രമിക്കുകയായിരുന്നു.
.
ജീൻ പറഞ്ഞു; ”ഞാനൊരു ദുഷ്ടനാണച്ചോ. മഹാ ദുഷ്ടൻ. ഈ മഹാരോഗം എനിക്ക് അർഹതപ്പെട്ടതാണ്.”
.
ജീൻ തന്റെ ചുറ്റും കൂടി നിന്നവരെ നോക്കി തുടർന്നു.
.
”നിങ്ങളുടെ പ്രിയപ്പെട്ട അച്ചൻ വിശുദ്ധനാണ്. ഒരു മാലാഖയാണ്. 12 കൊല്ലം മുമ്പ് ഒരു വിധവയെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണല്ലോ അച്ചൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ അച്ചനല്ല ഞാനാണ് ആ സ്ത്രീയെ കൊന്നത്.”
.
എല്ലാവരും ഇടിവെട്ടേറ്റതുപോലെ അയാളെ നോക്കിനിൽക്കുമ്പോൾ ജീൻ മിഴിനീരൊഴുക്കി തുടർന്നു.
.
”പള്ളിയുടെ സമീപത്തായിരുന്നു ഞാൻ താമസിച്ചത്. പള്ളിക്കാര്യങ്ങൾക്കുവേണ്ടി ഓടി നടക്കുമ്പോഴും വിധവയായ ആ സ്ത്രീയുടെ വീട്ടിലേക്കായിരുന്നു എന്റെ നോട്ടം.
.
പക്ഷേ എന്നെ അവർക്ക് പുച്ഛമായിരുന്നു. എന്നെ കാണുമ്പോൾ തന്നെ അവർ വാതിൽ കൊട്ടിയടക്കും.
.
അവർ ജീവകാരുണ്യ ആവശ്യങ്ങൾക്കായി പണം കൊടുക്കുമ്പോഴെല്ലാം ആ തുക കണക്കിൽ ചേർക്കാനായി അച്ചൻ എന്നെ ഏല്പിക്കുമായിരുന്നു.
.
അതിൽനിന്നും ആ സ്ത്രീ വലിയ സമ്പന്നയാണെന്ന് എനിക്ക് തോന്നി. പക്ഷേ എന്നെ അവർക്ക് കാണുന്നതു തന്നെ പുച്ഛമായതിനാൽ ഒരു രാത്രിയിൽ ഞാൻ അച്ചന്റെ ളോഹയും കൈയുറകളും ധരിച്ച് അവരുടെ വീട്ടിലെത്തി. വാതിലിൽ മുട്ടി.
.
പിയറിയച്ചന്റെ സ്വരത്തിൽ ഞാനവരെ വിളിച്ചപ്പോൾ അവർ ഓടിവന്ന് വാതിൽ തുറന്നു. മുഖം കൊടുക്കാതെ ഞാൻ ഉള്ളിൽ കടന്ന് അവരെ കൊലപ്പെടുത്തുകയായിരുന്നു.
.
പിന്നെ അവരുടെ സമ്പാദ്യമെല്ലാം കൈക്കലാക്കി, പള്ളിയിൽ തിരിച്ചെത്തി.
.
അച്ചന്റെ ളോഹയും കൈയുറകളും തോട്ടത്തിൽ കുഴിച്ചിട്ട് എന്റെ മുറിയിലേക്ക് വെപ്രാളത്തോടെ പ്രവേശിക്കുമ്പോൾ അച്ചൻ എന്നെ കണ്ടു.
.
എന്റെ മുഖത്തെ പരിഭ്രാന്തി കണ്ടപ്പോൾ ഞാൻ എന്തോ വലിയ കുറ്റകൃത്യം ചെയ്തതായി അച്ചനു തോന്നി.
.
അതെന്താണെന്ന് പറയാൻ ഞാൻ മടിച്ചപ്പോൾ അദേഹം എന്നെ പള്ളിക്കുള്ളിലെ കുമ്പസാരക്കൂട്ടിലേക്കു കൂട്ടികൊണ്ടുപോയി.
.
അവിടെവെച്ച് ഞാൻ ചെയ്ത കുറ്റം അച്ചനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പോലിസിനു കീഴടങ്ങാമെന്നു അച്ചനു ഉറപ്പും കൊടുത്തു.
.
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പോലീസ് അച്ചനെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഞാൻ പിന്നീട് കേൾക്കുന്നത്.
.
ഞാനാണ് കുറ്റവാളിയെന്നറിഞ്ഞിട്ടും കുമ്പസാര രഹസ്യമായതിനാൽ അച്ചൻ അക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയില്ല.
.
ഇതെത്തുടർന്ന് നിരപരാധിയായ അച്ചൻ ശിക്ഷിക്കപ്പെടുകയും കുറ്റവാളിയായ ഞാൻ രക്ഷപ്പെടുകയും ചെയ്തു.”
.
അയാൾ അലമുറയിട്ട് കരയാൻ തുടങ്ങി. എന്നാൽ അച്ചൻ തീർത്തും നിസംഗഭാവത്തിലായിരുന്നു.
.
ഒരു വിശുദ്ധനെ എന്ന പോലെ പോലിസും കുറ്റവാളികളും കുഷ്ഠരോഗികളും അച്ചനെ നോക്കിനിന്നു. ചിലർ അച്ചന്റെ പാദത്തിൽ വീണു കരയാൻ തുടങ്ങി.
.
ജീൻ പറഞ്ഞ കാര്യങ്ങൾ കൂടെനിന്നവർ ഉടൻതന്നെ അധികാരികളെ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അദേഹത്തെ മോചിപ്പിക്കാനുള്ള കൽപ്പനയുമായി പോലിസ് ഓടി അച്ചന്റെ അടുത്തെത്തി.
.


എന്നാൽ ശേഷിച്ച കാലം കുഷ്ഠരോഗികളെ പരിചരിച്ച് അവരുടെ കൂടെ കഴിയാനാണ് ഫാ. പിയറി ആഗ്രഹിച്ചത്.
.
നിരപരാധിയായ നിരപരാധിയായ അദ്ദേഹത്തെ എങ്ങനെയും മോചിപ്പിക്കണമെന്നും അദേഹത്തിന്റെ വിശുദ്ധിയും നിരപരാധിത്വവും ലോകത്തെ അറിയിക്കണമെന്നും ആഗ്രഹിച്ച് ന്യായാധിപൻമാർ ഉൾപ്പെടെയുള്ള സംഘം ഫ്രാൻസിൽ നിന്നും ദ്വീപിലെത്തിയപ്പോഴേക്കും ഫാ. പിയറിയെ ദൈവം പറുദീസയിലേക്ക് കൂട്ടിക്കൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
.
പലപ്പോഴും നമ്മളും ഇങ്ങനെയല്ല ??
.
ആരൊക്കെയോ പറഞ്ഞുതന്ന വാക്കുകൾക്കു മലിനപ്പെട്ടു വൈദികരെയും സഭയെയും പഴിപറയുന്ന കൂട്ടർ.
.
എന്നാൽ സത്യം ചിലപ്പോൾ അതിനുമപ്പുറമാണന്നു നമ്മൾ വൈകി അറിഞ്ഞിട്ടില്ലേ??
.
ഒരമ്മയുടെയും അച്ഛന്റെയും മകനായി ജഡത്തിൽ നിന്നും ജനിച്ചു,
ഇഷ്ട്ടങ്ങളെല്ലാം മാറ്റിവെച്ചു,
കർത്താവിനു വേണ്ടി ഇറങ്ങിയവർ.
.
ഇവരൊന്നും വിശുദ്ധരല്ല.
.
വികാരങ്ങളും വിചാരങ്ങളുമുള്ള പച്ച മനുഷ്യർ തന്നെ.
.
ഈ വൈദീകരിൽ ഒരാളെ എങ്കിലും പിശാച് കെണിയിൽ വീഴ്ത്തിയാൽ എല്ലാ വിശ്വാസികളും അതോടെ ദേവാലയത്തിൽ നിന്നും,
വൈദീകരിൽ നിന്നും,
ദൈവത്തിൽ നിന്നും അകലുമെന്നു പിശാചിനാറിയാം.
.
അതുകൊണ്ടാണ് പരിശുദ്ധ അമ്മ തന്റെ പ്രത്യക്ഷീകരണത്തിൽ പറഞ്ഞത്;-
"ഇത് അവസാന മണിക്കൂറാണ്.
അനേകം വൈദികരെപ്പോലും അവൻ വഴിതെറ്റിക്കും. നിങ്ങൾ അവർക്കുവേണ്ടിയും പ്രാർഥിക്കണം എന്ന്."
.
ഒരു വൈദികന് തെറ്റുപറ്റുമ്പോൾ ആഘോഷിക്കാതെ അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയല്ലേ വേണ്ടത്.
.
നമ്മുടെ കുടുംബത്തിലുള്ളവർക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ ??
.
പ്രാർഥിക്കണം.
.
നമ്മുടെ വൈദികർക്ക് വേണ്ടി പ്രാർഥിക്കാൻ നമ്മളല്ലാതെ മറ്റാരുമില്ലെന്നു ഓർത്തു പ്രാർദ്ധിക്കണം.
.
അതിനായി പരിശുദ്ധ അമ്മയുടെ കരമപിടിച്ചു നമുക്കും ദൈവപിതാവിനോട് അപേക്ഷിക്കാം.
.


വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
************************************
നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ.അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.


വൈദികരുടെ രാജ്ഞിയായ മറിയമേ,
വൈദീകർക്കുവേണ്ടി പ്രാർത്ഥിക്കണമേ.
.
ആമേൻ…
.
ആവേ… ആവേ… ആവേ… മരിയാ…
.
ദൈവ കൃപയാൽ… #NOELMOOTHEDATH




2017 ജനുവരി 10, ചൊവ്വാഴ്ച

കുരിശടയാളം വരക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍

കുരിശടയാളം വരക്കുന്നത് ഒരു ചെറിയ ശാരീരിക ചേഷ്ടയാണെങ്കിലും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസത്തിന്റെ ഉദാത്തമായ ഒരു പ്രകടനമാണ്. കത്തോലിക്ക വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴും, ദിവ്യകാരുണ്യം സ്വീകരിച്ചതിനു ശേഷവും, പ്രാര്‍ത്ഥിക്കുമ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് കുരിശു വരക്കല്‍. എന്നാല്‍ നമ്മള്‍ കുരിശടയാളം വരക്കുന്നത് വഴി ശരിക്കും എന്താണ് ചെയ്യുന്നത് ? കുരിശടയാളം വരക്കുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇത് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചുമാണ് നാം ഇനി ധ്യാനിക്കുന്നത്.

1. യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയാകുന്നു ‍

നമ്മുടെ പ്രാര്‍ത്ഥന തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളം വരക്കുന്നത് വഴിയാണ്. എന്നാല്‍ കുരിശടയാളം തന്നെ ഒരു പ്രാര്‍ത്ഥനയാണ് എന്ന സത്യം ഒരുപക്ഷേ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അടിസ്ഥാനപരമായി പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞാല്‍ വിശുദ്ധ ജോണ്‍ ദമാസീന്റെ വാക്കുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. വിശുദ്ധന്‍ പറയുന്നു. “പ്രാര്‍ത്ഥന ദൈവത്തിന്റെ മനസ്സിലേക്കുള്ള ഒരു നവോത്ഥാനമാണ്”. അങ്ങിനെയാണെങ്കില്‍ കുരിശടയാളം തീര്‍ച്ചയായും ഒരു പ്രാര്‍ത്ഥന തന്നെയാണ്. “കുരിശടയാളം വരക്കല്‍ വെറുമൊരു ആംഗ്യമല്ല, നമ്മുടെ പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതത്തിന്റെ അഭിഭാഷകനും പ്രതിനിധിയുമായി പരിശുദ്ധാത്മാവിനെ ചുമതലപ്പെടുത്തുന്ന ഏറ്റവും ഫലവത്തായ ഒരു പ്രാര്‍ത്ഥനയാണ് കുരിശടയാളം വരക്കല്‍” എന്ന് നിരവധി കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ രചയിതാവായ ബെര്‍ട്ട് ഗെസ്സി എഴുതിയിരിക്കുന്നു. 

2. കൃപ സ്വീകരിക്കാന്‍ ഒരുക്കുന്നു ‍

ബെര്‍ട്ട് ഗെസ്സിയുടെ വാക്കുകളില്‍ ഒരു കൂദാശ എന്ന നിലയില്‍ കുരിശടയാളം, ദൈവീക കൃപകളെ സ്വീകരിക്കുവാനായി നമ്മളെ ഒരുക്കുന്നതിനോടൊപ്പം തന്നെ, ദൈവ കൃപയോട് സഹകരിക്കുവാന്‍ തക്കവണ്ണം നമ്മളെ യോഗ്യരാക്കുകയും ചെയ്യുന്നു.

3. നമ്മുടെ ദിവസത്തെ വിശുദ്ധീകരിക്കുന്നു

നമ്മുടെ ഓരോ ദിവസവും നിരവധി പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ്. കുരിശടയാളം നമ്മുടെ ദിവസത്തെ പൂര്‍ണ്ണമായും വിശുദ്ധീകരിക്കുന്നു. “മുന്നോട്ടുള്ള ഓരോ ചുവടിലും, ചലനത്തിലും, ഓരോ പ്രാവശ്യവും പുറത്ത് പോകുമ്പോഴും മടങ്ങി വരുമ്പോഴും, നമ്മള്‍ നമ്മുടെ വസ്ത്രങ്ങളും പാദുകങ്ങള്‍ ധരിക്കുമ്പോഴും, കുളിക്കുമ്പോഴും, കസേരയില്‍ ഇരിക്കുമ്പോഴും, വിളക്കുകള്‍ തെളിക്കുമ്പോഴും, കിടക്കുമ്പോഴും തുടങ്ങി ഒരു ദിവസത്തിലെ മുഴുവന്‍ സാധാരണ പ്രവര്‍ത്തികളില്‍ പോലും നമ്മള്‍ നമ്മുടെ നെറ്റിയില്‍ കുരിശടയാളം വരക്കണം” എന്ന് ടെര്‍ട്ടൂലിയന്‍ എഴുതിയിരിക്കുന്നു.

4. ‍നമ്മളെ പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിക്കുന്നു.

നമ്മുടെ കൈ നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും അവിടെ നിന്നും ഇരു വശങ്ങളിലേക്കും ചലിപ്പിക്കുമ്പോള്‍, നമ്മുടെ മനസ്സിനും, വികാരങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, നമ്മുടെ ശരീരത്തിനും വേണ്ടി ദൈവത്തോട് അനുഗ്രഹങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കുരിശടയാളം നമ്മുടെ ശരീരത്തേയും, ആത്മാവിനേയും, മനസ്സിനേയും, ഹൃദയത്തേയും ക്രിസ്തുവിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. “നിങ്ങളുടെ ശരീരം, ആത്മാവ്, മനസ്സ്, ആഗ്രഹം, ചിന്തകള്‍, വികാരങ്ങള്‍, നിങ്ങള്‍ ചെയ്യുന്നതും, ചെയ്യാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയ എല്ലാറ്റിലും കുരിശടയാളത്തിലൂടെ സമര്‍പ്പിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ കുരിശ് നാം വരക്കുമ്പോള്‍ നമ്മളെ ശക്തിപ്പെടുത്തുകയും, നമ്മളെ മുഴുവാനായും ക്രിസ്തുവിന്റെ ശക്തിയില്‍ ചേര്‍ക്കുകയും ചെയ്യും”. ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായിരുന്ന റൊമാനോ ഗാര്‍ഡിനി പറയുന്നു.
5. ‍യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ഓര്‍മ്മപുതുക്കുന്നു.

കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം നെറ്റിയില്‍ നിന്നും നെഞ്ചിലേക്ക് ചലിപ്പിക്കുന്നത് “യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു” എന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കുരിശടയാളം എങ്ങനെയാണ് വരക്കേണ്ടതെന്ന തന്റെ നിര്‍ദ്ദേശങ്ങളില്‍ ഇന്നസെന്റ്‌ മൂന്നാമന്‍ പാപ്പാ ഇപ്രകാരം എഴുതിയിരിക്കുന്നു, “രണ്ടു വിരലുകള്‍ ചേര്‍ത്ത് പിടിച്ച് ഒന്നുകില്‍ പെരുവിരല്‍ മോതിരവിരലിനൊപ്പമോ അല്ലെങ്കില്‍ ചൂണ്ട് വിരലിനൊപ്പമോ ചേര്‍ത്ത് പിടിച്ചു കൊണ്ട് വേണം കുരിശടയാളം വരക്കുവാന്‍”. ഇത് ക്രിസ്തുവിന്റെ ഇരട്ട പ്രകൃതത്തെ പ്രതിനിധാനം ചെയ്യുന്നു.

6. ‍നമ്മുടെ കര്‍ത്താവിന്റെ സഹനങ്ങളെ ഓര്‍ക്കുന്നു.

അടിസ്ഥാനപരമായി, കുരിശിന്റെ ഒരു ബാഹ്യരൂപം വരക്കുന്നത് വഴി നമ്മള്‍ യേശുവിന്റെ കുരിശുമരണത്തെ ഓര്‍മ്മിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നമ്മുടെ വലത് കരം തുറന്ന് പിടിച്ച് അഞ്ച് വിരലുകളും ഉപയോഗിച്ച് കുരിശടയാളം വരക്കുകയാണെങ്കില്‍ അത് ക്രിസ്തുവിന്റെ ഓര്‍മ്മപുതുക്കലിനെ ഒന്നുകൂടി ശക്തിപ്പെടുത്തും. അഞ്ചു വിരലുകളും യേശുവിന്റെ അഞ്ച് മുറിവുകളെ പ്രതിനിധാനം ചെയ്യുന്നു.

7. പരിശുദ്ധ ത്രിത്വത്തിന്റെ സ്ഥിരീകരണത്തെ അനുസ്മരിക്കുന്നു. ‍

കുരിശു വരക്കുമ്പോള്‍ പിതാവായ ദൈവത്തേയും, പുത്രനേയും, പരിശുദ്ധാത്മാവിനേയും ധ്യാനിക്കുന്നത് വഴി നമ്മള്‍ ത്രീത്വൈക ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്ന്‍ വിരലുകള്‍ ഉപയോഗിച്ച് ഈ അടയാളം വരക്കുകയാണെങ്കില്‍ അത് നമ്മുടെ ഈ വിശ്വാസത്തെ കൂടുതല്‍ ദൃഡപ്പെടുത്തുമെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പ പറഞ്ഞിരിക്കുന്നു.

8. നമ്മുടെ പ്രാര്‍ത്ഥന ദൈവത്തില്‍ കേന്ദ്രീകൃതമാക്കുന്നു ‍

ദൈവത്തെ എങ്ങിനെ സംബോധന ചെയ്യണം എന്നതു നമ്മളിലെ പലരെയും സംശയത്തിലാഴ്ത്താറുണ്ട്. മുകളിലിരിക്കുന്ന ആള്‍, നമ്മുടെ സുഹൃത്ത്, പ്രാപഞ്ചിക ശക്തി തുടങ്ങിയ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വിവിധ സങ്കല്‍പ്പങ്ങളാണ് ഇതിനു കാരണം. കുരിശടയാളം വരക്കുക വഴി പെട്ടെന്ന്‍ തന്നെ നമ്മുടെ ശ്രദ്ധ ദൈവത്തില്‍ കേന്ദ്രീകരിക്കുവാന്‍ നമുക്ക്‌ കഴിയുമെന്ന്‍ പണ്ഡിതനായ ബെര്‍ട്ട് ഗെസ്സി പറയുന്നു.

“നമ്മള്‍ പരിശുദ്ധ ത്രിത്വത്തെ വിളിക്കുമ്പോള്‍, നമ്മളെ സൃഷ്ടിച്ച ദൈവത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ 'നമ്മള്‍ സൃഷ്ടിച്ച ദൈവത്തിലല്ല'. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം സങ്കല്‍പ്പങ്ങളേയും, പ്രതിരൂപങ്ങളേയും മാറ്റി നിര്‍ത്തി, ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി. കുരിശ് വരക്കുന്നതിലൂടെ പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രീത്വൈക ദൈവത്തിനായി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്‌.” ബെര്‍ട്ട് ഗെസ്സി പറയുന്നു.
9. പിതാവിന്റെയും പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും ഇറങ്ങിവരവിനെ സ്ഥിരീകരിക്കുന്നു

കുരിശടയാളം വരക്കുവാനായി നമ്മള്‍ നമ്മുടെ കരം നെറ്റിയിലേക്ക് ആദ്യമായി ഉയര്‍ത്തുന്നത് വഴി ത്രിത്വൈക ദൈവത്തിലെ ആദ്യ വ്യക്തിയായ പിതാവിനെ സ്ഥിരീകരിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ കൈ താഴ്ത്തുമ്പോള്‍ ആ “പിതാവില്‍ നിന്നും വന്നതാണ് പുത്രന്‍ എന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു.” പരിശുദ്ധാത്മാവിനെ ധ്യാനിച്ചുകൊണ്ട് നമ്മള്‍ അവസാനിപ്പിക്കുമ്പോള്‍, പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണ് പരിശുദ്ധാത്മാവ് വരുന്നതെന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു” വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസാണ് ഈ മനോഹരമായ ചിന്ത പങ്കുവെച്ചത്.

10. നമ്മുടെ വിശ്വാസത്തെ ഏറ്റു പറയുന്നു ‍

യേശുവിന്റെ മനുഷ്യാവതാരത്തിലും, കുരിശുമരണത്തിലും, പരിശുദ്ധ ത്രിത്വത്തിലുമുള്ള നമ്മുടെ വിശ്വാസം സ്ഥിരീകരിക്കുക വഴി നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ വാക്കുകളിലൂടെയും, ആംഗ്യത്തിലൂടെയും പ്രഘോഷിക്കുന്ന ഒരു ഏറ്റുപറച്ചിലാണ് നമ്മള്‍ കുരിശ് വരയിലൂടെ നടത്തുന്നത്.

11. ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ധ്യാനിക്കുന്നു ‍

വിശുദ്ധ ലിഖിതങ്ങളില്‍ ദൈവത്തിന്റെ നാമമെന്നാല്‍ ശക്തിയാണ്. വിശുദ്ധ പൌലോസ് ശ്ലീഹാ ഫിലിപ്പിയിലെ സഭക്ക് എഴുതിയ ലേഖനത്തിന്റെ 2:10-11-ല്‍ പറയുന്നു, “ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്”. കൂടാതെ യോഹന്നാന്‍ 14:13-14-ല്‍ “നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും” എന്ന്‍ യേശു പറയുന്നു. ഇതിനാല്‍ തന്നെ കുരിശ് വരക്കുന്നതിലൂടെ ത്രീത്വൈക ദൈവത്തിന്റെ ശക്തിയെ പറ്റി നാം ധ്യാനിക്കുന്നു.

12. ‍യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതം പ്രഘോഷിക്കുന്നു

“ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. “ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തിന്റെ 2:19-ല്‍ വിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. “ഞാന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിതനായിരിക്കുന്നു.” വിശുദ്ധ കുരിശിന്റെ അടയാളം പ്രഘോഷിക്കുന്നത് വഴി യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതത്തെ പ്രഘോഷിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
3. ദൈവത്തിന്റെ ഇടപെടലിനായി സഹായം അഭ്യര്‍ത്ഥിക്കുന്നു ‍

നമ്മുടെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കരം ചലിപ്പിക്കുമ്പോള്‍ നമ്മള്‍ ദൈവത്തോട് “നമ്മുടെ സഹനങ്ങളിലും, യാതനകളിലും നമ്മളെ സഹായിക്കുവാനും നമ്മളെ അവന്റെ ചുമലില്‍ വഹിക്കുവാനും അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.”

14. നമ്മുടെ മാമ്മോദീസാ വാഗ്ദാനത്തെ വീണ്ടും ഉറപ്പിക്കുന്നു.

നമ്മുടെ ജ്ഞാനസ്നാന വേളയില്‍ ഉപയോഗിച്ച അതേ വാക്കുകള്‍, കുരിശിന്റെ അടയാളം വഴി “സംഗ്രഹിക്കുകയും വീണ്ടും സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നതെന്ന്‍” ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറയുന്നു.

15. ‍ശാപത്തെ തിരിച്ചയക്കുന്നു

കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം “ഇടത് വശമാകുന്ന ശാപത്തില്‍ നിന്നും വലത് വശമാകുന്ന അനുഗ്രഹത്തിലേക്ക് ചലിപ്പിക്കുന്നു. “ഇത് നമ്മുടെ പാപങ്ങളും വീഴ്ചകളും ക്ഷമിക്കപ്പെടുമെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു” എന്ന് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് പറഞ്ഞിരിക്കുന്നു. “മരണത്തില്‍ നിന്നും നിത്യജീവിതത്തിലേക്കും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്കും ഉയര്‍ത്തപ്പെട്ട യേശുവിനേപ്പോലെ, നമ്മുടെ ഇപ്പോഴത്തെ യാതനകളില്‍ നിന്നും ഭാവിയിലെ മഹത്വത്തിലേക്കുള്ള നമ്മുടെ യാത്രയേയും, ഇടതു വശത്തു നിന്നും വലതു വശത്തേക്കുള്ള ഈ ചലനം പ്രതിനിധാനം ചെയ്യുന്നു”വെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പയും എഴുതിയിരിക്കുന്നു.

16. ക്രിസ്തുവിന്റെ പ്രതിരൂപത്തില്‍ സ്വയം പുനര്‍സൃഷ്ടി നടത്തുന്നു. ‍

നമ്മുടെ പാപകരമായ അവസ്ഥയില്‍ നിന്നും ക്രിസ്തുവിന്റെ പ്രതിരൂപത്തിലേക്ക് രൂപാന്തരപ്പെടുന്നതിന് എന്തൊക്കെ ഗുണങ്ങളെയാണ് നാം ധരിക്കേണ്ടതെന്ന് കൊളോസോസുകാര്‍ക്കുള്ള ലേഖനത്തില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു. നാം നമ്മുടെ പഴയ സ്വഭാവത്തെ മാറ്റി പകരം “നമ്മുടെ സൃഷ്ടാവിന്റെ പ്രതിരൂപത്തില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കേണ്ടതായിട്ടുണ്ട്” എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു.

ഈ വാക്യവും കുരിശിലെ യേശുവിന്റെ സഹനങ്ങളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണുള്ളത്. “മാമ്മോദീസയിലൂടെയുള്ള നമ്മുടെ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിച്ചുകൊണ്ട് കുരിശിലെ യേശുവിന്റെ സഹനങ്ങളില്‍ നമ്മളും പങ്കുചേരുന്നു. “യേശുവിന്റെ കുരിശിലെ യാതനയിലും, പിന്നീട് മഹത്വത്തിലേക്കുള്ള ഉത്ഥാനത്തിലും നമ്മള്‍ക്കും പങ്ക് ചേരുവാനുള്ള ഒരു മാര്‍ഗ്ഗമായി നമുക്ക് കുരിശടയാളത്തെ കാണാവുന്നതാണ്” എന്ന്‍ സഭാപണ്ഡിതര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്രകാരം കുരിശടയാളം വരക്കുന്നത് വഴി കാല്‍വരിയിലെ മുഴുവന്‍ സംഭവങ്ങളിലും നമ്മുടെ പങ്കാളിത്തം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും.
7. ‍നമ്മളെ ക്രിസ്തുവില്‍ അടയാളപ്പെടുത്തുന്നു.

പുരാതന ഗ്രീക്കില്‍ ‘അടയാളം’ എന്നതിനുള്ള വാക്ക് ‘സ്ഫ്രാഗിസ്’ (Sphragis) എന്നായിരുന്നു. എന്നാല്‍ ഈ വാക്ക് ‘ഉടമസ്ഥതയേയും’ കുറിക്കുന്നു എന്ന് പറയപ്പെടുന്നു. ഒരു ആട്ടിടയന്‍ തന്റെ ആടുകളെ അടയാളപ്പെടുത്തുന്നത് അത് തന്റെ സ്വത്താണ് എന്ന് കാണിക്കുവാനാണ്. ഇതും ‘സ്ഫ്രാഗിസ്’ എന്ന അടയാളം തന്നെയാണ്. കുരിശടയാളം വരക്കുന്നത് വഴി നമ്മുടെ യഥാര്‍ത്ഥ ആട്ടിടയനായ ക്രിസ്തുവിന്റെ സ്വത്താണെന്ന് സ്വയം അടയാളപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യുന്നത്.

18. ക്രിസ്തുവിന്റെ പടയാളി ആകുന്നു ‍

ഇടയനായ ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന കാരണത്താല്‍ നമ്മളെ അജഗണം എന്ന് വിളിക്കുന്നുണ്ടെങ്കിലും, ആടിന്റേത് പോലെയുള്ള ശാന്ത സ്വഭാവക്കാരാണ് നമ്മളെന്നു അതിനര്‍ത്ഥമില്ല. പകരം യേശുവിന്റെ പടയാളികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എഫേസോസുകാര്‍ക്കുള്ള ലേഖനത്തിന്റെ ആറാം അധ്യായത്തില്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, “സാത്താന്റെ കുടിലതകള്‍ക്കെതിരെ പോരാടുവാന്‍ ദൈവത്തിന്റെ കവചം ധരിക്കുക. മോക്ഷമാകുന്ന ശിരോകവചവും, ദൈവ വചനമാകുന്ന ആത്മാവിന്റെ വാളും ധരിക്കുക.” കുരിശ് വരച്ചു കൊണ്ട് ക്രിസ്തുവിനായി പോരാടാനാണ് നാമോരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്.
19. ‍പിശാചിനെ ചെറുക്കുന്നു.

പിശാചിനെതിരെ പ്രയോഗിക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധങ്ങളിലൊന്നാണ് കുരിശടയാളം. മധ്യകാലഘട്ടങ്ങളിലെ സുവിശേഷകനായിരുന്ന ഈല്‍ഫ്രിക്ക് പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. “കുരിശടയാളമല്ലാതെ മനോഹരമായ കരചലനം കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുന്ന മറ്റൊരു അംഗവിക്ഷേപവും ഇല്ല. ഒരുവന്‍ കുരിശടയാളം വരക്കുമ്പോള്‍ സാത്താന്‍ ഭയപ്പെടുന്നു”. ഇത് കൂടാതെ “കുരിശ് അടയാളം വരക്കുമ്പോള്‍ അത് തങ്ങളെ മര്‍ദ്ദിക്കുവാനുള്ള ഒരു വടിയാണെന്ന് കണ്ട് പിശാചുക്കള്‍ പറന്നകലും” എന്ന്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു.

20. ‍നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുന്നു

പുതിയ നിയമത്തില്‍ ‘സ്ഫ്രാഗിസ്’ എന്ന വാക്ക് പലപ്പോഴും ‘മുദ്ര’യായി പരിഭാഷപ്പെടുത്തി കണ്ടിട്ടുണ്ട്. 2 കൊറിന്തോസ്‌ 1:22-ല്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്. അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിപ്പിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.” കുരിശടയാളം വരക്കുന്നത് വഴി, നമ്മള്‍ ഒരിക്കല്‍ കൂടി ദൈവത്തിന്റെ ശക്തമായ മാധ്യസ്ഥം നമ്മുടെ ജീവിതങ്ങളില്‍ അപേക്ഷിച്ചുകൊണ്ട് നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുകയാണ് ചെയ്യുന്നത്.

21. മറ്റുള്ളവര്‍ക്ക്‌ മുന്‍പില്‍ സാക്ഷ്യം വഹിക്കുന്നവനാകുന്നു. ‍

നമ്മുടെ വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള ഒരു ലളിതമായ ഉപാധിയാണ് കുരിശുവരക്കല്‍. നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ ഓരോ തവണയും നാം കുരിശ് വരക്കുമ്പോഴും അവര്‍ക്ക് മുന്നില്‍ നസ്രായനായ യേശുവിനെയാണ് നാം പ്രഘോഷിക്കുന്നത്.

ജെറുസലേമിലെ വിശുദ്ധ സിറില്‍ പറയുന്നതു ഇപ്രകാരമാണ്, “കുരിശുമരണം വരിച്ചവനെ ഏറ്റു പറയുന്നതില്‍ നമ്മള്‍ ഒരിക്കലും ലജ്ജിക്കരുത്. നമ്മുടെ വിരലുകളാല്‍ നെറ്റിയില്‍ ധൈര്യപൂര്‍വ്വം കുരിശടയാളം വരക്കുന്നത് വഴി കുരിശ് നമ്മുടെ മുദ്രയായിരിക്കട്ടെ, നമ്മള്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന കപ്പുകളിലും, നമ്മള്‍ വരികയും പോവുകയും ചെയ്യുമ്പോഴും, ഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പും, ഉണരുമ്പോഴും, നടക്കുമ്പോഴും, നില്‍ക്കുമ്പോഴും തുടങ്ങി എല്ലാക്കാര്യങ്ങളിലും കുരിശടയാളം നമ്മുടെ മുദ്രയായിരിക്കട്ടെ,”


നമ്മുടെ പ്രിയപ്പെട്ടവരുടെ ഒപ്പം നാം ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും അപ്രതീക്ഷിതമായി നമ്മേ ഒരനുഗ്രഹം തേടി വരുമ്പോഴും 'കുരിശ്' വരച്ചു കൊണ്ട് നമ്മുക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യം വഹിക്കാം. അങ്ങനെ കുരിശിന്റെ മഹത്വം, ത്രീത്വൈക ദൈവത്തിലുള്ള മഹത്വം ലോകമെങ്ങും സാക്ഷ്യമായി മാറട്ടെ.


കടപ്പാട്:http://www.pravachakasabdam.com/index.php/site/news/3847#