2017, മേയ് 7, ഞായറാഴ്‌ച


വിശുദ്ധ ബെനഡിക്ടിനോടുള്ള പ്രാര്‍ത്ഥന


സ്വര്‍ഗ്ഗീയ പിതാവേ, ഈ ലോകത്തിന്‍റെ പ്രലോഭനങ്ങളില്‍ നിന്ന്‍ ഓടിയകന്ന് പ്രാര്‍ത്ഥനയുടേയും, പ്രായശ്ചിത്തത്തിന്‍റെയും ജീവിതം നയിച്ച വി. ബെനഡിക്ടിനെ പോലെ പാപങ്ങളേയും പാപസാഹചര്യങ്ങളേയും ഉപേക്ഷിച്ച് വിശുദ്ധ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവായ യേശുവേ, വി.ബെനഡിക്ടിന്‍റെ മാദ്ധ്യസ്ഥത വഴി സാത്താന്‍റെ കുടില തന്ത്രങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ. വിശുദ്ധന്‍റെ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം.... തരണമേയെന്നും, അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

വി. മരിയ ഗൊരേത്തിയോടുള്ള പ്രാര്‍ത്ഥന

സ്നേഹപിതാവേ, വി. മരിയ ഗൊരേത്തിയെ രക്തസാക്ഷിത്വത്തിലൂടെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ട് എല്ലാ കൗമാര പ്രായക്കാര്‍ക്കും വിശുദ്ധിയില്‍ വളരാനുള്ള പ്രചോദനമാക്കി തീര്‍ത്ത അങ്ങയുടെ ദൈവിക പദ്ധതിയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.


"പാപത്തെക്കാള്‍ മരണം" എന്ന ആപ്തവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വി. മരിയ ഗൊരേത്തിയെപ്പോലെ, പാപത്തില്‍ നിന്നും, പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും ഈശോയേ,ഞങ്ങളേവരേയും അനുഗ്രഹിക്കേണമേ. വി. മരിയ ഗൊരേത്തി വഴി ഞങ്ങള്‍ യാചിക്കുന്ന ഈ അനുഗ്രഹം....ഈശോയേ ഞങ്ങള്‍ക്ക് നല്‍കണമേ. ആമ്മേന്‍.

വിശുദ്ധ ക്ലാരയോടുള്ള പ്രാര്‍ത്ഥന


സമ്പന്നതയില്‍ ജനിച്ചിട്ടും, അസ്സീസിയിലെ വി.ഫ്രാന്‍സീസിനാല്‍ പ്രചോദിതയായി, എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, യേശുവിനെ തന്‍റെ ജന്മാവകാശമായും, ജീവിതത്തിന്‍റെ ലക്ഷ്യവുമായി പ്രഖ്യാപിക്കുകയും ചെയ്ത വി.ക്ലാരയെ ഓര്‍ത്ത് സ്നേഹപിതാവേ അങ്ങേയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. നാഥാ, ഞങ്ങള്‍ക്കും വി.ക്ലാരയെപ്പോലെ അങ്ങയെ അനുകരിക്കുന്നതിനും, അങ്ങയുടെ ഹിതം നിറവേറ്റുന്നതിനും വേണ്ട കൃപാവരം തന്നരുളണമേ. ദൈവ സ്നേഹത്താല്‍ നിറഞ്ഞ് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം എരിഞ്ഞ് അങ്ങയുടെ സാക്ഷികളാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥന

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. കേരള മണ്ണില്‍ വിടര്‍ന്ന സഹനപുഷ്പമായ അല്‍ഫോസാമ്മയെ ഭാരത സഭയുടെ ആദ്യ വിശുദ്ധയായി കിരീടമണിയിച്ച അവിടുത്തെ അനന്ത കാരുണ്യത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. "ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നില്ലെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും." (യോഹ. 12/24) എന്ന തിരുവചനം ജീവിതത്തില്‍ പകര്‍ത്തിയ വി. അല്‍ഫോന്‍സായുടെ മദ്ധ്യസ്ഥ സഹായത്തിനായി ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും മനുഷ്യവംശം മുഴുവനേയും സമര്‍പ്പിക്കുന്നു.

ദൈവ സ്നേഹ തീവ്രതയില്‍ ജ്വലിച്ചെരിഞ്ഞ്‌ സഹനം സന്തോഷത്തോടെ സ്വീകരിച്ച് രക്ഷാകരമാക്കിയ വി. അല്‍ഫോന്‍സയെ അനുകരിച്ച് അനുദിന ജീവിതത്തിലെ സഹനങ്ങളെ സമചിത്തതയോടെ സ്വീകരിക്കുവാനും ലോകത്തിന്‍റെ ക്ഷണിക സുഖങ്ങളാല്‍ ആകര്‍ഷിതരാകാതെ ദൈവിക പുണ്യങ്ങളില്‍ വളര്‍ന്ന്‍ സഹോദരങ്ങള്‍ക്ക് നന്മയുടെ വെളിച്ചം സദാ പകരുന്ന സ്നേഹസാന്നിദ്ധ്യമാകുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയോടുള്ള പ്രാര്‍ത്ഥന

ദരിദ്രനായി ജനിച്ച യേശുവേ, അങ്ങയെ അനുപദം പിന്തുടര്‍ന്നു കൊണ്ട് സ്വന്തം വീടും നാടും ഉപേക്ഷിച്ച കല്‍ക്കട്ടായിലെ തെരുവീഥിയിലേക്ക് കടന്നുവരുവാന്‍ മദര്‍ തെരേസയ്ക്ക് പ്രചോദനം കൊടുത്തതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഈ എളിയവരില്‍ ഒരാള്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന തിരുവചനം അനുസരിച്ച് അഗതികളും ആലംബഹീനരുമായവരെ സംരക്ഷിച്ച മദര്‍ തെരേസയെപ്പോലെ, പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാന്‍ ഞങ്ങളേയും പ്രാപ്തരാക്കണമേ.


ജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങളും പ്രതിസന്ധികളും മൂലം വിഷമിക്കുന്നവരും, ആത്മീയ അന്ധകാരത്തില്‍ കഴിയുന്നവരുമായ എല്ലാവരെയും അമ്മ വഴി അനുഗ്രഹിക്കണമെന്നും, ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം.... കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ വഴി നല്‍കണമെന്നും പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

തിരുസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

"യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്താ. 28/20) എന്നരുള്‍ചെയ്ത ഈശോ നാഥാ, അപകടങ്ങള്‍ നിറഞ്ഞ ഈ ലോകയാത്രയില്‍ അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ.

ഞങ്ങളുടെ വൈദികരേയും സന്യാസീ സന്യാസിനികളേയും, അല്‍മായ സഹോദരങ്ങളെയും, വിശ്വാസ തീക്ഷ്ണതയിലും ജീവിത വിശുദ്ധിയിലും വളര്‍ത്തണമേ. അബദ്ധ സിദ്ധാന്തങ്ങളാല്‍ വശീകരിക്കപ്പെട്ട് സഭാജീവിതത്തില്‍ നിന്ന്‍ അകന്ന് പോയിക്കൊണ്ടിരിക്കുന്ന വിശ്വാസികളെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവജനങ്ങളെ, തീക്ഷ്ണമായ ദൈവവിശ്വാസത്തിലേയ്ക്കും ആദ്ധ്യാത്മികതയിലേയ്ക്കും ആനയിക്കണമേ. സഭയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനും ദൈവസ്നേഹത്തില്‍ അടിയുറച്ച പരസ്നേഹ ജീവിതത്തില്‍ നിലനില്‍ക്കാനുമുള്ള സന്നദ്ധതയും തീക്ഷ്ണതയും അവര്‍ക്കു നല്‍കണമേ.


പരിശുദ്ധ കന്യാമറിയമേ, വി.യൗസേപ്പിതാവേ, ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായേ, തിരുസ്സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. മുഖ്യദൂതനായ വി. മിഖായേലെ, പിശാചിന്‍റെ കെണികളില്‍ നിന്നും ആന്തരികവും ബാഹ്യവുമായ ആക്രമണങ്ങളില്‍ നിന്നും തിരുസഭയെ സംരക്ഷിക്കണമേ. അങ്ങനെ ഐക്യത്തിലും സമാധാനത്തിലും സ്വര്‍ഗ്ഗോമുഖമായി ജീവിക്കുവാന്‍ ഞങ്ങള്‍ക്കിടയാകട്ടെ. ആമ്മേന്‍.