
പ്രഭാത പ്രാർത്ഥന
കാരുണ്യവാനായ കര്‍ത്താവേ ..........,
ഈ പ്രഭാതത്തില്‍ അങ്ങയുടെ സന്നിധിയില്‍ ആയിരിക്കുവാന്‍ വലിയ കൃപ നല്കിയതിനു അങ്ങേയ്ക്ക് നന്ദി.
ഈശോയെ ലോകമെങ്ങുമുള്ള കുഞ്ഞു മക്കളെ ഞങ്ങള്‍ ഇന്ന് അങ്ങയുടെ സന്നിധിയിലേയ്ക്ക് സമര്‍പ്പിക്കുന്നു.
"യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു. എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്."
( മത്തായി 19:13-14)
ഈശോയെ, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശിയാണ് ഓരോ കുഞ്ഞും എന്ന സത്യം ഞങ്ങള്‍ ഓര്‍ക്കുകയാണ്. ദിവ്യാനാഥ ഭൂമിയില്‍ കഷ്ടപെടുന്ന അനേകം കുഞ്ഞുമക്കള്‍ ഉണ്ട്. ബാലവേല ചെയ്യുന്നവര്‍, അനാഥര്‍, യുദ്ധ കെടുതികള്‍ അനുഭവിക്കുന്നവര്‍, രോഗികള്‍, തകര്‍ന്ന കുടുംബങ്ങള്‍ കാരണം ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ എല്ലാവരെയും അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. കുരിശില്‍ പീഡ അനുഭവിച്ചു മരിച്ച കര്‍ത്താവേ, ഗര്‍ഭചിദ്രത്തിനു വിധേയപെട്ട് കൊല്ലപെട്ട കുഞ്ഞുങ്ങളെ അങ്ങയുടെ സന്നിധിയില്‍ പ്രത്യകം സമര്‍പ്പിക്കുന്നു. ആ പാപം ചെയ്ത മാതാപിതാക്കളുടെ മാനസാന്തര ത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ഈശോയെ ഓരോ കുഞ്ഞും അങ്ങയുടെ ദിവ്യമായ ചൈതന്യം നിറഞ്ഞിരിക്കുന്ന അനന്ത സാദ്ധ്യത ഉള്ള ഒരു മുകുളമാണ് എന്ന് തിരിച്ചറിഞ്ഞ് അവരെ പരിപാലിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്കണമേ. ഞങ്ങളെ ഏല്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ദൈവ വിശ്വാസത്തിലും നന്മയിലും വളര്‍ത്തി കൊണ്ടുവരുന്നതിന് ഞങ്ങളെ സഹായിക്കണമേ. ഭൂമിയിലെ അന്ധകാര ശക്തികളുടെ പിടിയില്‍ പെടാതെ ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമേ
ആമേന്‍
വിശുദ്ധ മിഖായേല്‍ മാലാഖേ, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കാവലായിരിക്കണമേ.
ആമേന്‍