2017, ജനുവരി 24, ചൊവ്വാഴ്ച


വല്ലാര്‍പാടത്തമ്മയോടുള്ള നൊവേന

പ്രാരംഭഗാനം
സ്രഷ്ടാവാം പാവനാത്മാവേ
മക്കള്‍തന്‍ ഹൃത്തില്‍ വരേണേ
സൃഷ്ടികളാമിവരില്‍ വരേണേ
നിന്റെ ദിവ്യ പ്രസാദം തരേണേ
ദീപങ്ങളാമിന്ദ്രിയങ്ങള്‍
നീ തെളിച്ചിടുന്ന നേരം
സ്‌നേഹത്തില്‍ ശീലുകള്‍ മൂളും ഞങ്ങള്‍
ശാന്തീഗീതങ്ങളും പാടും
വഴികാട്ടിയായി നീ വന്നാല്‍
ജീവിതവീഥിയില്‍ നിന്നാല്‍
ശത്രുവിന്നണികള്‍ തകര്‍ക്കാന്‍ പാരില്‍
ശക്തിയാര്‍ജ്ജിച്ചിടും ഞങ്ങള്‍
ദൈവപിതാവിനും സൂതനും
മൂന്നാമനാകുമങ്ങേയ്ക്കും
സ്തുതിയായിരിക്കട്ടെ എന്നും

വൈദികന്‍:  പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍
ജനങ്ങള്‍:    ആമ്മേന്‍
വൈദികന്‍:  ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
ജനങ്ങള്‍: സര്‍വ്വേശ്വരന്റെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടണ്‍ി അപേക്ഷിക്കണമേ

നമുക്കു പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനായ ദൈവമേ, അങ്ങയുടെ ഏകസുതനും ഞങ്ങളുടെ  രക്ഷകനുമായ യേശുക്രിസ്തുവിന്റെ മാതാവായ മറിയത്തെ ഞങ്ങളുടെയും അമ്മയായി കുരിശിന്‍ചുവട്ടില്‍വച്ചു ഞങ്ങള്‍ക്കു നല്‍കിയല്ലോ. ഈ അമ്മയുടെ ജീവിത മാതൃക പിന്തുടര്‍ന്നുകൊണ്ടണ്‍് അങ്ങയുടെ സന്നിധിയില്‍ എത്തിച്ചേരുവാന്‍ കൃപ നല്‍കണമെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍ അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
ജനം: ആമ്മേന്‍

അപേക്ഷകള്‍  കൃതജ്ഞത

നവനാള്‍ ജപം
, വല്ലാര്‍പാടത്തമ്മേ, കാരുണ്യവതിയായ രാജ്ഞീ, വിമോചകനാഥേ, അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു.  അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു.  അങ്ങേ മക്കളായ ഞങ്ങള്‍ ഇതാ അങ്ങയുടെ തൃപ്പാദത്തിങ്കല്‍ അണഞ്ഞിരിക്കുന്നു.  വിനയത്തിന്റെയും വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും നിറകുടമായ അമ്മേ, ദൈവാത്മാവിന്റെ പ്രചോദനങ്ങളോട് സഹകരിക്കുവാനും സകലരെയും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഞങ്ങള്‍ക്കു  വരം നല്‍കണമേ.  ദൈവപുത്രനായ യേശുവിനെ ലോകത്തിനു പ്രദാനംചെയ്ത അമ്മേ, തിരുക്കുമാരന്റെ തിരുഹിതമനുസരിച്ചുകൊണ്ട് യേശുവിന്റെ അത്ഭുതകരമായ സഹായം നേടിക്കൊടുത്ത മദ്ധ്യസ്ഥേ, പാപികളും ദരിദ്രരും ബലഹീനരുമായ ഞങ്ങള്‍ക്കുവേണ്ടി അങ്ങു പ്രാര്‍ത്ഥിക്കേണമേ.  വിശ്വാസത്തോടും പ്രാര്‍ത്ഥനാചൈതന്യത്തോടും സേവനതല്‍പരതയോടും ത്യാഗമനോഭാവത്തോടും കൂടെ കുടുംബജീവിതം നയിച്ച അമ്മേ, ഞങ്ങളുടെ കുടുംബങ്ങളെ അങ്ങേക്ക് സമര്‍പ്പിക്കുന്നു.  കുടുംബാംഗങ്ങളെ സ്‌നേഹിച്ചും ആദരിച്ചും അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും അവരുടെ കഴിവുകള്‍ വളര്‍ത്തിയും കുറവുകള്‍ നികത്തിയും ഐക്യത്തിലും സന്തോഷത്തിലും ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.  ദൈവവചനം താല്‍പര്യപൂര്‍വ്വം ശ്രവിക്കുവാനും സന്തോഷത്തോടെ അനുസരിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ,

    അപകടസന്നിധിയില്‍ ആയിരിക്കുന്നവര്‍ക്ക് അഭയമായ വല്ലാര്‍പാടത്തമ്മേ, അങ്ങയുടെ സഹായം യാചിക്കുന്ന സകലരെയും അങ്ങ് കനിവോടെ കടാക്ഷിക്കണമേ.  ജലത്തില്‍ യാത്ര ചെയ്യുന്നരെയും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും അങ്ങ് സംരക്ഷിക്കണമേ.  വല്ലാര്‍പാടത്തമ്മേ, അമ്മയുടെ സഹായംതേടി വരുന്ന എല്ലാവരെയും, അങ്ങേയ്ക്ക് അടിമസമര്‍പ്പണം നടത്തുന്ന സകലരെയും ആശീര്‍വദിക്കണമേ.  പാപത്തില്‍നിന്നും ദുശ്ലീലങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നും ദാരിദ്ര്യത്തില്‍ നിന്നും അപകടത്തില്‍നിന്നും സ്വാര്‍ത്ഥതയില്‍നിന്നും ഞങ്ങളെ സ്വതന്ത്രരാക്കണമേ,സ്വര്‍ഗ്ഗത്തിന്റെയും ഭുമിയുടെയുംരാജ്ഞിയായ അമലോത്ഭവമറിയമേ, ആഴമായ വിശ്വാസത്തോടെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും പ്രത്യേകിച്ച് (ആവശ്യം പറയുക) അങ്ങേ ദിവ്യപുത്രനു സമര്‍പ്പിച്ച് അവിടത്തെ അനുഗ്രഹം ഞങ്ങള്‍ക്കു നേടിത്തരണമേഞങ്ങളും  അങ്ങയെപ്പോലെ ജീവിച്ച് അങ്ങയോടും സകല വിശുദ്ധന്‍മാരോടും സകല മാലാഖമാരോടുംകൂടെ സ്വര്‍ഗ്ഗീയപിതാവിനെ നിത്യം വാഴ്ത്തി സ്തുതിക്കുവാന്‍ ഇടയാക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ  1 നന്‍മ   1.ത്രിത്വ

വിശ്വാസികളുടെ പ്രാര്‍ത്ഥന
പ്രിയ സഹോദരരേ, ആവശ്യനേരങ്ങളിലും വേദനയുടെ നിമിഷങ്ങളിലും അഭയമായ വല്ലാര്‍പാടത്തമ്മയുടെസവിശേഷമാധ്യസ്ഥ്യംവഴി നമ്മുടെ യാചനകള്‍ കാരുണ്യവാനും സ്‌നേഹപിതാവുമായ ദൈവത്തിന് സമര്‍പ്പിക്കാം.

1.    ദൈവമേ, ഞങ്ങളുടെ പരിശുദ്ധപിതാവായ.....പാപ്പായെയും ഞങ്ങളുടെ അഭിവന്ദ്യ മെത്രാപ്പോലീത്താ....പിതാവിനെയും മറ്റെല്ലാ മെത്രാന്‍മാരെയും വൈദികരെയും സന്യസ്തരെയും അങ്ങേ അരൂപിയാല്‍ നിറച്ച് ദൈവജനത്തെ നയിക്കുന്നതിന് പ്രാപ്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

2.    ദൈവമേ, അനീതിയും അക്രമവുംകൊണ്ട് പരസ്പരം  കലഹിച്ചു കഴിയുന്ന ജനപദങ്ങളെ സ്‌നേഹത്തില്‍ ഒന്നിപ്പിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

3.    ദൈവമേ, എല്ലാവരും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കുവാനും തൊഴില്‍ രംഗങ്ങളില്‍ സൗഹൃദവും സഹകരണമനോഭാവും വളര്‍ത്തുവാനും ഇടയാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

4.    ദൈവമേ ഞങ്ങളുടെ കുടുംബങ്ങളില്‍ പരസ്പരധാരണയും സ്‌നേഹവും വിശ്വസ്തതയും വളര്‍ത്തി മാതൃകാപരമായ ക്രിസ്തീയജീവിതം നയിക്കുവാന്‍ ഇടവരുത്തണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

5.    ദൈവമേ, രോഗങ്ങളാലും മാനസികവ്യഥകളാലും ക്ലേശിക്കുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അങ്ങ് സാന്ത്വനവും സൗഖ്യവും പകരണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

6.    ദൈവമേ, കര, കടല്‍,  ആകാശമാര്‍ഗ്ഗങ്ങളില്‍ യാത്ര ചെയ്യുകയും ജോലിചെയ്യുകയുംചെയ്യുന്ന ഞങ്ങളുടെ സഹോദരങ്ങളെ പരിരക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

7.    ദൈവമേ, മരണമടഞ്ഞ എല്ലാവരും അങ്ങേ കൃപയാല്‍ നിത്യസൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

മറ്റാവശ്യങ്ങള്‍ക്കായി മൗനമായി പ്രാര്‍ത്ഥിക്കാം    
കരുണാസ്വരൂപനായ ദൈവമേ, അങ്ങേ മക്കളായ ഞങ്ങള്‍ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ അങ്ങേ തിരുക്കുമാരന്റെ യോഗ്യതകളാല്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥ്യംവഴി ഞങ്ങള്‍ക്ക് തന്നരുളണമേ. ആമ്മേന്‍.

നിശ്ശബ്ദമായ പ്രാര്‍ത്ഥന
ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാം 3 ത്രിത്വസ്തുതി

ഗാനം
കരുണയും സ്‌നേഹവും നിറയുന്നൊരമ്മ
വല്ലാര്‍പാടത്തമ്മേ
നിന്‍ മുന്നില്‍ നില്‍ക്കുമീ അടിമകള്‍ ഞങ്ങളില്‍
വരമാരി ചൊരിയണമേ
അമ്മയ്ക്കും കുഞ്ഞിനും കായലിന്‍ ആഴത്തില്‍
അഭയം നീ നല്‍കിയല്ലോഅമ്മേ
അഴലിന്റെ കായലില്‍ കേഴുന്ന മക്കള്‍ക്ക്
അഭയമായി കായലില്‍ കേഴുന്ന മക്കള്‍ക്ക്
ദൈവകുമാരന് മാതാവായ്ത്തീര്‍ന്ന നീ
നേര്‍വഴി കാട്ടിടേണേഅമ്മേ
ഞങ്ങളും നിന്‍ദിവ്യസൂനുവോടൊന്നിക്കാന്‍
നല്‍വരം നല്‍കേണമേ. കരുണയും.....

സുവിശേഷ വായന :
പ്രസംഗം  :

രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന
മു.  നമ്മുടെ സഹായം കര്‍ത്താവിന്റെ നാമത്തില്‍
സ: ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തില്‍
മു: കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ
സ: എന്റെ നിലവിളി അങ്ങെ പക്കല്‍ എത്തുകയും ചെയ്യട്ടെ
മു: കര്‍ത്താവ് നിങ്ങളോടുകൂടെ
സ: അങ്ങയോടും കൂടെ

    സര്‍വ്വശക്തനുംകാരുണ്യവാനുമായ ദൈവമേ, ഞങ്ങളുടെയും ഞങ്ങളുടെ സഹോദരരുടെയും ശാരീരികവും മാനസികവുമായ സര്‍വവിധ രോഗങ്ങളും കുറവുകളും അവ മൂലമുണ്ടാകുന്ന വേദനകളും നഷ്ടങ്ങളും അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.  സഹനത്തിന്റെ രക്ഷാകരമൂല്യം മനസ്സിലാക്കുവാനും അങ്ങേ ദിവ്യപുത്രന്റെ കരസ്പര്‍ശനത്താല്‍ ഞങ്ങള്‍ അതിവേഗം സുഖംപ്രാപിച്ച് ജീവിതകര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാനും അങ്ങ് ഞങ്ങളെ സഹായിക്കണമേ.  ഈ അനുഗ്രഹങ്ങള്‍ അങ്ങേ വത്സലപുത്രന്റെ മാതാവും ഞങ്ങളുടെ മധ്യസ്ഥയുമായ വല്ലാര്‍പാടത്തമ്മ വഴി ഞങ്ങള്‍ക്കു നല്‍കണമേ.
ജന: ആമ്മേന്‍

ആശിര്‍വാദം
പിതാവിനോടും പരിശുദ്ധാരൂപിയോടുംകൂടെ നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന കര്‍ത്താവിശോമിശിഹാ നിങ്ങളെ സംരക്ഷിക്കുവാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.  നിങ്ങളെ ശക്തരാക്കുവാന്‍ നിങ്ങളില്‍ സന്നിധിചെയ്യട്ടെ.നിങ്ങളുടെ വഴികാട്ടിയായി നിങ്ങളുടെ മുന്നിലും നിങ്ങളുടെ കാവല്‍ക്കാരനായി നിങ്ങളുടെ പിന്നിലും നിങ്ങളെ അനുഗ്രഹിക്കുവാനായി നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാരൂപിയുമാകുന്ന സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ ഇറങ്ങുകയും നിങ്ങളില്‍ നിത്യം നിലനില്‍ക്കുകയും ചെയ്യട്ടെ.         ആമ്മേന്‍

                തീര്‍ത്ഥം തളിക്കുന്നു
ഗാനം
ദൈവകുമാരനു മാതാവാകാന്‍
സമ്മതമരുളീ മറിയം
മനുജകുലത്തിനു മോചനമേകാന്‍
സഹരക്ഷകയായ് മറിയം
സഹരക്ഷകയായ് മറിയം
വല്ലാര്‍പാടത്തമ്മേ
വല്ലഭമുള്ളോരമ്മേ
വല്ലായ്മയെല്ലാം നീക്കണേ
എല്ലാദു:ഖവും മാറ്റണേ

ജീവിതമലകടലാകുമ്പോള്‍
ഭീതിയകറ്റും മറിയം
സന്തോഷത്തിന്‍ തീരംകാട്ടും
ശാന്തിയണയ്ക്കും മറിയം

പരി.കുര്‍ബാനയുടെ ആശിര്‍വാദം
മോക്ഷകവാടം തുറക്കും
രക്ഷാകരം ഓസ്തിയേ
ശത്രുവിന്നണികള്‍ തകര്‍ക്കാന്‍
ശക്തിയും തുണയും തരേണം

ത്രിതൈ്വക ദൈവത്തിനെന്നും
സ്‌തോത്രമുണ്ടായിടേണം
സ്വര്‍ഗത്തിലങ്ങേ വണങ്ങാന്‍
ഞങ്ങള്‍ക്ക് കൃപ നല്‍കിടേണം, ആമ്മേന്‍

സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന്‍ നല്‍കുമൊരപ്പം നീ
മര്‍ത്യനു മുക്തി പകര്‍ന്നരുളും
നിത്യമഹോന്നതമപ്പം നീ

മാനവരേ മോദമോടെ
നാഥനെ വാഴ്ത്തിപ്പാടിടുവാന്‍
ദൈവത്തിന്‍ പരിപാവനമാം
സന്നിധി ചേര്‍ന്നു വണങ്ങിടുവിന്‍  (2)  സ്വ.....
ദിവ്യശരീരം മാനവനായ്
നല്‍കിയ നാഥനെ വാഴ്ത്തിടുവിന്‍
ദിവ്യനിണത്താല്‍ പാപികളെ
നേടിയനാഥനെ വാഴ്ത്തിടുവിന്‍  (2) സ്വ.....

പുരോ: പരിശുദ്ധ ശരീരത്താലും
    വിലയേറിയ രക്തത്താലും
    പാപത്തിന്‍ കറകളില്‍ നിന്നും
    മര്‍ത്യനു നീ മോചനമേകി

ജനം: സകലേശാ ദിവ്യകടാക്ഷം
        തുകണമേ വല്‍സലസുതരില്‍
        നിര്‍മ്മലരായ് ജീവിച്ചുടുവാന്‍
        ചിന്തണമേ ദിവ്യ വരങ്ങള്‍

ഭക്ത്യാ വണങ്ങുക
ഭക്ത്യാ വണങ്ങുക സാഷ്ടാംഗം വീണു നാം
ഏറ്റം മഹത്താമീ കൂദാശയെ

നവ്യ നിയമത്തില്‍ കര്‍മ്മങ്ങള്‍ വന്നല്ലോ
പൂര്‍വ്വികം സാദരം  മാറി നില്‍പ്പൂ
ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്മയൊക്കെയും
തീര്‍ക്കുക വിശ്വാസ ദിവ്യദീപ്തി
ദൈവപിതാവിനും തന്നേകജാതനും
സ്‌തോത്രമുണ്ടാകണം നിത്യകാലം
സ്വസ്തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും
വാഴുക ത്രിതൈ്വകദൈവം,         ആമ്മേന്‍
വാക്യം : സ്വര്‍ഗ്ഗത്തില്‍ നിന്നവര്‍ക്കപ്പമേകിയല്ലോ
പ്രതിവാക്യം: എല്ലാ സ്വാദും തികഞ്ഞൊരപ്പമേകിയല്ലോ

നമുക്കു പ്രാര്‍ത്ഥിക്കാം
ദൈവമേ, അങ്ങയുടെ പീഡാനുഭവത്തിന്റെ സ്മാരകമായി വിസ്മയാവഹമായ ഈ കൂദാശ ഞങ്ങള്‍ക്കു നല്‍കിയല്ലോ.   അങ്ങയുടെ പരിത്രാണത്തിന്‍ഫലം ഞങ്ങള്‍ നിരന്തരം അനുഭവിക്കുമാറ് അങ്ങയുടെ  തിരുശരീരത്തിന്റെയും, തിരുരക്തത്തിന്റെയും ദിവ്യരഹസ്യങ്ങള്‍ എന്നും വണങ്ങുവാന്‍ അനുഗ്രഹം അരുളണമേ എന്ന്, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.   ആമ്മേന്‍

ദിവ്യസ്തുതികള്‍
ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ
അവിടത്തെ തിരുനാമം വാഴ്ത്തപ്പെട്ടതാകട്ടെ
സത്യദൈവവും സത്യമനുഷ്യനുമാകുന്ന
ഈശോമിശിഹാ വാഴ്ത്തപ്പെട്ടവനാകട്ടെ
ഈശോയുടെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ
ഈശോയുടെ ഏറ്റവും പരിശുദ്ധമായ
ഹൃദയം വാഴ്ത്തപ്പെട്ടതാകട്ടെ
അവിടത്തെ ഏറ്റവും വിലയേറിയ രക്തം വാഴ്ത്തപ്പെട്ടതാകട്ടെ
അള്‍ത്താരയില്‍ ഏറ്റവും പരിശുദ്ധമായ
കൂദാശയില്‍ ഈശോ വാഴ്ത്തപ്പെട്ടവനാകട്ടെ
ആശ്വാസപ്രദമായ പരിശുദ്ധാത്മാവ് വാഴ്ത്തപ്പെട്ടവനാകട്ടെ
ദൈവത്തിന്റെ മഹത്വമേറിയ മാതാവും ഏറ്റവും
പരിശുദ്ധയുമായ മറിയം വാഴ്ത്തപ്പെട്ടവളാകട്ടെ.
അവിടുത്തെ മഹത്തായ സ്വര്‍ഗ്ഗാരോപണം വാഴ്ത്തപ്പെട്ടതാകട്ടെ.
കന്യകയും മാതാവുമായ മറിയത്തിന്റെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ.
അവിടത്തെ ഏറ്റവും വിരക്തനായ ഭര്‍ത്താവ്
വിശുദ്ധ യൗസേഫ് വാഴ്ത്തപ്പെട്ടവനാകട്ടെ.
ദൈവം തന്റെ മാലാഖമാരിലും തന്റെ
വിശുദ്ധരിലും വാഴ്ത്തപ്പെട്ടവനാകട്ടെ.

ഉപസംഹാരഗാനം
നന്മനിറഞ്ഞ കന്യാമറിയം
വരദാനങ്ങള്‍ ചൊരിയും
അനുഗ്രഹഗ്രാമം വല്ലാര്‍പാടം
സുകൃതം വിരിയും തിരുനിലയം

ജയ ജയ രക്ഷക ജനനീ
ജയ ജയ നരകുലതായേ
ജയ ജയ വാനവാറാണി ജയ ജയ
വല്ലാര്‍പാടത്തമ്മേ

വിശ്വാസത്തിന്‍ പൊന്‍ നാളങ്ങള്‍
മങ്ങാതെന്നും ഞങ്ങളിലമ്മേ
തെളിഞ്ഞു നില്‍ക്കാന്‍ കൃപയേകണമേ
വരദായിനിയാം അമ്മേ
ജയ ജയ.....

സ്‌നേഹത്തിന്‍ തിരുവഴികളിലൂടെ
സ്വര്‍ഗ്ഗം ചേരാന്‍ കനിയണമേ
ആകുലമാനസരായവര്‍ ഞങ്ങള്‍

ക്കഭയം നല്‍കുന്നമ്മേ
ജയ ജയ രക്ഷക ജനനീ
ജയ ജയ നരകുലതായേ
ജയ ജയ വാനവാറാണി ജയ ജയ

വല്ലാര്‍പാടത്തമ്മേ

✞പൗരോഹിത്യം എന്താണ് ?✞•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

ആരാണ് ഒരു പുരോഹിതൻ?

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

{ഹെബ്രായർ 7:3}
"ദൈവത്തിന് സദൃശനായ അവൻ എന്നേക്കും പുരോഹിതനാണ്"
.

ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവൻ.
.
ദൈവത്തിന്റെ എല്ലാ അധികാരങ്ങളാലും അലംകൃതൻ..
.
ദിവ്യരക്ഷകൻ വൈദികരോടു പറഞ്ഞു: "പോകുവിൻ, എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
.
സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരങ്ങളും എനിക്കു നൽകപ്പെട്ടിരിക്കുന്നു.
.
ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ..."
.
പാപമോചനം നല്കുന്ന വൈദികൻ, "ദൈവം നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഞാൻ നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നത്രെ.
.
ദിവ്യബലിയിൽ, "ഇത് നമ്മുടെ കർത്താവിന്റെ ശരീരമാകുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഇത് എന്റെ ശരീരമാകുന്നു" എന്നാണ്.
.

നിങ്ങളുടെ പാപങ്ങൾ ഏറ്റു പറയുവാൻ പരിശുദ്ധ കന്യകയെയോ മാലാഖമാരെയോ ഒന്നു വിളിച്ചു നോക്കുക:
.
അവർ നിങ്ങളുടെ പാപങ്ങൾ മോചിക്കുമോ? ഇല്ല..
.
അവർ നിങ്ങൾക്ക് നമ്മുടെ കർത്താവിന്റെ തിരു ശരീര രക്തങ്ങൾ തരുമോ? ഇല്ല..
.
തന്റെ തിരുക്കുമാരനെ തിരുവോസ്തിയിലേക്കു വിളിച്ചു വരുത്തുവാൻ പരിശുദ്ധ കന്യകയ്ക്കു കഴിയില്ല.
.
ഒരായിരം മാലാഖമാർ ഒന്നിച്ചു കൂടിയാലും നിങ്ങൾക്കു പാപമോചനം നൽകാൻ അവർക്കു സാധിക്കയില്ല.
.
എന്നാൽ, എത്ര നിസ്സാരനായിക്കൊള്ളട്ടെ, ഒരു വൈദികന് അതു സാധിക്കും.
.
"സമാധാനത്തിൽ പോവുക; നിന്റെ പാപങ്ങൾ ഞാൻ മോചിക്കുന്നു" എന്ന് പറയുവാൻ അദ്ദേഹത്തിനു കഴിയും.
.
കണ്ടാലും! ഒരു വൈദികന്റെ അധികാരം!
.
അദ്ദേഹത്തിന്റെ ഒരു വാക്ക് ഒരു അപ്പക്കഷണത്തെ ദൈവമാക്കുന്നു!
.
പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനേക്കാൾ മഹത്തരമാണത്.
.
ആരോ ചോദിച്ചു, "വി.ഫിലോമിന ആർസിലെ വികാരിയെ അനുസരിക്കുന്നുവോ?" എന്ന്..
.
തീർച്ചയായും.. ദൈവം അനുസരിക്കുന്ന ആളെ ഫിലോമിനയ്ക്ക് എന്തുകൊണ്ട് അനുസരിച്ചു കൂടാ?
.
വൈദികൻ! ഹാ, എത്ര ഉന്നതനാണദ്ദേഹം!
.
സ്വർഗ്ഗത്തിലെത്തും വരെ തന്റെ വിളിയുടെ മാഹാത്മ്യം അദ്ദേഹം ഗ്രഹിക്കയില്ല.
.
ഈ ലോകത്തിൽ വെച്ച് അതു ഗ്രഹിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നു - ഭയത്താലല്ല; സ്നേഹ പാരവശ്യത്താൽ !
.
തനിക്കു വേണ്ടിയല്ല ഒരാൾ വൈദികനാകുന്നത് .
.
സ്വന്തം പാപങ്ങൾ അദ്ദേഹം മോചിക്കുന്നില്ല;
.
തനിക്കു തന്നെ കൂദാശകൾ നൽകുന്നില്ല .
.
അതേ, അദ്ദേഹം നിങ്ങൾക്കു വേണ്ടിയുള്ളവനാണ്.
.
പൗരോഹിത്യം, ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹമാകുന്നു.
.
പുരോഹിതനെ കാണുമ്പോൾ രക്ഷകനായ കർത്താവിനെപ്പറ്റി ചിന്തിക്കുവിൻ!
{വി.ജോൺ മരിയ വിയാനിയുടെ പ്രസംഗത്തിൽ നിന്ന്.}
.
ഓർക്കുക നമ്മുടെ ജ്ഞാനസ്നാനം മുതൽ ആണ്ടു കുർബാന വരെ ഒരു വൈദീകൻ എന്തെല്ലാമാണ് നമുക്കായി ചെയ്യുന്നത്.
.
നമ്മുടെ വസ്‌തു വകകൾ വെഞ്ചരിക്കണം.
നമ്മുടെ ആദ്യകുർബാന, സ്‌തൈര്യലേപനം, വിവാഹം, മക്കളുടെ മാമോദീസാ, രോഗീലേപനം അങ്ങനെ എല്ലാ കാര്യങ്ങൾക്കും വൈദികനെ വേണം.
.
എന്നിട്ടും അവരെ കുറ്റം വിധിക്കുവാൻ നീയും ഞാനും നാവു പോക്കുന്നു.
.
അർഹതയുണ്ടോ നമുക്കതിനു ??
.
അവരും മനുഷ്യരാണ്. ബലഹീനർ.
.
അവർക്കുവേണ്ടി നിരന്തരം പ്രാർഥിക്കേണ്ട നമ്മൾ തന്നെ അവരെ അസഭ്യം പറയുന്നു.
.
"ദൈവത്തിന്റെ പ്രതിപുരുഷനാണ് വൈദീകൻ."
.
അവനെ നാവു കൊണ്ടുപോലും വേദനിപ്പിക്കരുത്.
.
{സങ്കീർത്തനങ്ങൾ 105:15}
"എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്."
.
ഇത് രാജ കല്പനയാണ്. തെറ്റിച്ചാൽ ശിക്ഷയും ഉണ്ട്. അങ്ങനെ നീ ചെയ്‌താൽ,
.
"അവിടുന്ന് നാട്ടിൽ ക്ഷാമം വരുത്തുകയും അപ്പമാകുന്ന താങ്ങു തകർത്തുകളയുകയും ചെയ്യും "
{സങ്കീർത്തനം 105:16}
.
ബാല്യം മുതൽ സെമിനാരിയും പ്രാർഥനയും അൾത്താരയുമായി ജീവിച്ചു തുടങ്ങിയവൻ.
.
ചുറുചുറുക്കോടെ ചെറുപ്പകാലo നമ്മുക്കും മക്കൾക്കും ഇടവകയ്ക്കും വേണ്ടി മാറ്റി വച്ചവൻ.
.
മധ്യവയസിലും നമുക്കായി സേവനം ചെയ്തവൻ.
.
ഒടുവിൽ വാർദ്ധക്യത്തിന്റെ മറവിൽ ആർക്കും ഉപയോഗമില്ലാത്ത വസ്തു എന്നപോലെ നാല് ചുവരുകൾക്കുള്ളിൽ മാറ്റപെടുന്നവൻ.
.
ഇനി ചിന്തിക്കുക , വൈദീകൻ എന്നത് എത്രയോ മൂല്യമേറിയതാണ് എന്ന്.
.
ആമേൻ
.
ആവേ… ആവേ… ആവേ മരിയാ…
.
ദൈവ കൃപയാൽ :- #NOELMOOTHEDATH

വൈദീക കരങ്ങളിലൂടെ പാപമോചനം നൽകുന്ന യേശു.

•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•

സാത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന കൂദാശയാണ് വി.കുമ്പസാരം.
.
സാത്താന്റെ ഒരു വ്യക്തിയിലുള്ള സർവ്വ ആധിപത്യവും അവസാനിക്കുന്നത് ഇവിടെയാണ്.
.
കുമ്പസാരക്കൂട്ടിൽ മറഞ്ഞിരിക്കുന്ന യേശുവിനോടാണ് നമ്മൾ പാപങ്ങൾ ഏറ്റുപറയുന്നത്.
.
"രൂപം കൊണ്ട് മനുഷ്യനും,
സ്വഭാവം കൊണ്ട് ക്രിസ്തുവും,
വിശുദ്ധി കൊണ്ട് പിതാവും,
ജ്ഞാനം കൊണ്ട് പരിശുദ്ധാന്മാവും,
സ്നേഹം കൊണ്ട് പരിശുദ്ധ അമ്മയും,
സംരക്ഷണം കൊണ്ട് മാലാഖമാരും,
ചേരുന്ന അത്ഭുത ദീപമാണ് ഒരു
#നല്ലവൈദീകൻ"
.
ഈ അന്തിമ കാലഘട്ടത്തിൽ സഭ ഏറ്റവും അധികം ആഗ്രഹിക്കുന്നതും ഇതുപോലുള്ള വൈദീകരെയാണ്.
.


ഇത് കഥയാണോ നടന്ന സംഭവമാണോ എന്നറിയില്ല. എങ്കിലും റീഡേഴ്‌സ് ഡൈജസ്റ്റിൽ ഈ സംഭവം പ്രാധാന്യത്തോടെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യം സൂക്ഷിക്കാൻ ജീവിതം നഷ്ടപ്പെടുത്തിയ ഒരു വൈദികന്റെ അനുഭവമാണിത്.
.
സംഭവമിങ്ങനെയാണ് ഫ്രാൻസിലെ സെന്റ് റെമിയിലെ ദൈവാലയവികാരിയായിരുന്നു ഫാ. പിയറി.
.
അദ്ദേഹത്തെ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഒരു വിശുദ്ധനെപ്പോലെയാണ് ആളുകൾ അദേഹത്തെ കണ്ടത്.
.
ഇടവകജനം പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കണമെന്ന് അച്ചൻ സദാ പഠിപ്പിച്ചു.
.
ദൈവാലയത്തിന് തൊട്ടടുത്ത് താമസിച്ച സമ്പന്നയായ ഒരു വിധവയൊഴികെ എല്ലാവരും അച്ചന്റെ വാക്കുകൾ അനുസരിച്ചു.
.
ഈ വിധവയാകട്ടെ തന്റെ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കുകയോ അയൽക്കാരുടെ വീട്ടിൽ സൗഹൃദത്തിന് പോലും പോവുകയോ ചെയ്യുമായിരുന്നില്ല.
.
പക്ഷേ അച്ചനെ അവർ ഇടക്ക് ഭക്ഷണത്തിന് വിളിക്കുകയും ജീവകാരുണ്യത്തിനുളള സംഭാവന നൽകുകയും ചെയ്യുമായിരുന്നു.
.
കടുത്ത മഞ്ഞുകാലം. വിധവയുടെ വീട്ടിൽ പാചക ജോലി ചെയ്യുന്ന സ്ത്രീ അവരെ തിരക്കി വരുമ്പോൾ വിധവ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
.
അലമാര തുറന്നിട്ടിരിക്കുന്നതും അതിൽ നിന്നും അടുക്കിവച്ച തുണിത്തരങ്ങൾ പുറത്തേക്ക് വലിച്ചിഴച്ചിട്ടിരിക്കുന്നതും അവർ കണ്ടു. പോലീസധികൃതർ എത്തി.
.
രക്തം പുരണ്ട കാല്പാടുകൾ പള്ളിമുറ്റം വരെ ചെന്നെത്തിയതായി തെളിഞ്ഞു. അതോടെ ഇടവക വികാരിയുടെ നേരെയായി ജനത്തിന്റെ രൂക്ഷനോട്ടം.
.
പോലിസ് പള്ളിപ്പരിസങ്ങൾ അരിച്ച് പെറുക്കിയപ്പോൾ അവിടെ നിന്നും ഒളിപ്പിച്ച നിലയിൽ രക്തം പുരണ്ട ളോഹയും കൈയുറകളും കാണാനിടയായി.
.
ജനത്തിന് അതൊന്നും വിശ്വസിക്കാനായില്ല. കാരണം അത്രമേൽ അദേഹം ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു.
.
എന്നാൽ പോലീസ് ഫാ. പിയറിയെ ചോദ്യം ചെയ്തപ്പോൾ ളോഹയും കൈയുറകളുമെല്ലാം തന്റേതാണെന്നു അദ്ദേഹം പോലീസിനോടു പറഞ്ഞു.
.
അതോടെ തെളിവുകളെല്ലാം അദ്ദേഹത്തിന് എതിരായി. ഫാ. പിയറിയെ പോലീസ് അറസ്റ്റു ചെയ്യുകയും കോടതി അദേഹത്തെ തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തു.
.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപിലാണ് ഇത്തരം കഠിന ശിക്ഷകൾ ചെയ്തിരുന്നവരെ പാർപ്പിച്ചിരുന്നത്.
.
അന്ന് കുഷ്ഠരോഗികളെ നികൃഷ്ടരായി കണ്ടതിനാൽ അതിനടുത്ത സെല്ലിലാണ് അവരെയും പാർപ്പിച്ചിരുന്നത്.
.
അച്ചൻ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് എത്തിയെന്ന് കേട്ടതോടെ അവിടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ അദേഹത്തിന് എതിരായി തീർന്നു.
.
അവർ അദേഹത്തിന്റെ നേരെ കല്ലെടുത്ത് എറിയുകയും അടുത്തുവരുമ്പോൾ ദേഹത്തേക്ക് തുപ്പുകയും ചീത്തവിളിക്കുകയും ചെയ്തു.
.
എന്നാലും ഫാ. പിയറി അതെല്ലാം നിശബ്ദനായി സഹിച്ചു. ദൈവം തന്നെ ഉറ്റുനോക്കിയിരിക്കുന്നുവെന്ന് അദേഹത്തിന് തോന്നി.
.
എല്ലാ തടവുകാരോടും അദേഹം സ്‌നേഹത്തോടെ പെരുമാറി. ഏറ്റവും ക്രൂരമായി പെരുമാറിയവരെ അദ്ദേഹം ഏറ്റവുമധികം സ്‌നേഹിച്ചു.
.
അവരോട് അദേഹം ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു. ഏറെ നാൾ കഴിയും മുമ്പേ തടവുകാരുടെ പ്രിയപ്പെട്ട ‘ജയിലച്ച’നായി അദേഹം മാറി.
.
എല്ലാവരോടും സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി പെരുമാറിയതുകൊണ്ട് മരണാസന്നർക്ക് അന്ത്യകൂദാശ കൊടുക്കുവാൻ മേലധികാരികൾ അദ്ദേഹത്തിന് അനുവാദം നൽകി.
.
ഇക്കാലങ്ങളിൽ കുഷ്ഠരോഗികളെ നോക്കാനും പരിചരിക്കാനും അധികൃതർ അദേഹത്തിന് ഉത്തരവാദിത്വവും നൽകി. ഏറെ സന്തോഷത്തോടെയാണ് അദേഹം അതെല്ലാം ചെയ്തത്.
.
ഒരു ദിവസം വളരെ അവശനായ ഒരു കുഷ്ഠരോഗിയെ ഏതാനും പേർ അവിടേക്ക് കൊണ്ടുവന്നു.
.
അവശനായ ഇദേഹത്തെ പരിചരിക്കാൻ ഫാ. പിയറി അയാളുടെ അടുത്തെത്തി.
.


രോഗി തന്റെ ക്ഷീണിച്ച മുഖമുയർത്തി തന്നെ പരിചരിക്കുന്ന വ്യക്തിയെ നോക്കി. സംശയം തീരാതെ വീണ്ടും സൂക്ഷിച്ച് നോക്കി.
.
അയാൾ അത്ഭുതത്തോടും ആകാംഷയോടും കൂടി അച്ചനോട് ചോദിച്ചു.


”അങ്ങ് സെന്റ് റെമിയിൽ ഉണ്ടായിരുന്ന ഫാ. പിയറിയാണോ?” ആദ്യമായി തന്നെ ഒരാൾ തിരിച്ചറിഞ്ഞ സന്തോഷത്തിൽ അച്ചന്റെ മുഖം വിടർന്നു. ”അതെ, നിങ്ങൾ എന്നെ അറിയുമോ?”
.


അതു കേട്ടതോടെ അയാൾ അലമുറയിട്ട് കരയാൻ തുടങ്ങി. എന്താണ് കാര്യമെന്നറിയാതെ അച്ചനും രോഗികളും പരിഭ്രമിച്ചു. അയാൾ സ്വയം നെഞ്ചിൽ ആഞ്ഞിടിച്ചുകൊണ്ട് പറഞ്ഞു.
.
”അച്ചാ, അങ്ങേക്കെന്നെ മനസിലായില്ലേ? ഞാൻ സെന്റ്‌റെമി ദൈവാലയത്തിലെ തോട്ടക്കാരനായിരുന്ന ജീൻ.”
.
അയാൾ കരഞ്ഞുകൊണ്ടിരുന്നു. അച്ചന് സങ്കടം തോന്നി. സുന്ദരനായ ജീന്റെ മുഖം അപ്പോൾ അച്ചന്റെ മനസിൽ തെളിഞ്ഞു.
.
ദൈവാലയത്തിലേക്ക് ആവശ്യമായ പൂക്കളും പഴങ്ങളുമെല്ലാം സമയാസമയങ്ങളിൽ എത്തിക്കുന്ന മിടുമിടുക്കനായ ചെറുപ്പക്കാരൻ. എന്നാൽ ഇപ്പോൾ ഒരു പടുവൃദ്ധനെപ്പോലെയായിരിക്കുന്ന ജീൻ.
.
”ദൈവമേ, ഇയാൾക്ക് ഈ മഹാരോഗം വന്നല്ലോ.” അച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
.
പോലീസുകാരും നൂറുകണക്കിന് കുഷ്ഠരോഗികളും വാക്കുകേൾക്കാൻ കാതു കൂർപ്പിച്ചപ്പോൾ അച്ചൻ അയാളെ ശുശ്രൂഷിക്കാൻ ശ്രമിക്കുകയായിരുന്നു.
.
ജീൻ പറഞ്ഞു; ”ഞാനൊരു ദുഷ്ടനാണച്ചോ. മഹാ ദുഷ്ടൻ. ഈ മഹാരോഗം എനിക്ക് അർഹതപ്പെട്ടതാണ്.”
.
ജീൻ തന്റെ ചുറ്റും കൂടി നിന്നവരെ നോക്കി തുടർന്നു.
.
”നിങ്ങളുടെ പ്രിയപ്പെട്ട അച്ചൻ വിശുദ്ധനാണ്. ഒരു മാലാഖയാണ്. 12 കൊല്ലം മുമ്പ് ഒരു വിധവയെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണല്ലോ അച്ചൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ അച്ചനല്ല ഞാനാണ് ആ സ്ത്രീയെ കൊന്നത്.”
.
എല്ലാവരും ഇടിവെട്ടേറ്റതുപോലെ അയാളെ നോക്കിനിൽക്കുമ്പോൾ ജീൻ മിഴിനീരൊഴുക്കി തുടർന്നു.
.
”പള്ളിയുടെ സമീപത്തായിരുന്നു ഞാൻ താമസിച്ചത്. പള്ളിക്കാര്യങ്ങൾക്കുവേണ്ടി ഓടി നടക്കുമ്പോഴും വിധവയായ ആ സ്ത്രീയുടെ വീട്ടിലേക്കായിരുന്നു എന്റെ നോട്ടം.
.
പക്ഷേ എന്നെ അവർക്ക് പുച്ഛമായിരുന്നു. എന്നെ കാണുമ്പോൾ തന്നെ അവർ വാതിൽ കൊട്ടിയടക്കും.
.
അവർ ജീവകാരുണ്യ ആവശ്യങ്ങൾക്കായി പണം കൊടുക്കുമ്പോഴെല്ലാം ആ തുക കണക്കിൽ ചേർക്കാനായി അച്ചൻ എന്നെ ഏല്പിക്കുമായിരുന്നു.
.
അതിൽനിന്നും ആ സ്ത്രീ വലിയ സമ്പന്നയാണെന്ന് എനിക്ക് തോന്നി. പക്ഷേ എന്നെ അവർക്ക് കാണുന്നതു തന്നെ പുച്ഛമായതിനാൽ ഒരു രാത്രിയിൽ ഞാൻ അച്ചന്റെ ളോഹയും കൈയുറകളും ധരിച്ച് അവരുടെ വീട്ടിലെത്തി. വാതിലിൽ മുട്ടി.
.
പിയറിയച്ചന്റെ സ്വരത്തിൽ ഞാനവരെ വിളിച്ചപ്പോൾ അവർ ഓടിവന്ന് വാതിൽ തുറന്നു. മുഖം കൊടുക്കാതെ ഞാൻ ഉള്ളിൽ കടന്ന് അവരെ കൊലപ്പെടുത്തുകയായിരുന്നു.
.
പിന്നെ അവരുടെ സമ്പാദ്യമെല്ലാം കൈക്കലാക്കി, പള്ളിയിൽ തിരിച്ചെത്തി.
.
അച്ചന്റെ ളോഹയും കൈയുറകളും തോട്ടത്തിൽ കുഴിച്ചിട്ട് എന്റെ മുറിയിലേക്ക് വെപ്രാളത്തോടെ പ്രവേശിക്കുമ്പോൾ അച്ചൻ എന്നെ കണ്ടു.
.
എന്റെ മുഖത്തെ പരിഭ്രാന്തി കണ്ടപ്പോൾ ഞാൻ എന്തോ വലിയ കുറ്റകൃത്യം ചെയ്തതായി അച്ചനു തോന്നി.
.
അതെന്താണെന്ന് പറയാൻ ഞാൻ മടിച്ചപ്പോൾ അദേഹം എന്നെ പള്ളിക്കുള്ളിലെ കുമ്പസാരക്കൂട്ടിലേക്കു കൂട്ടികൊണ്ടുപോയി.
.
അവിടെവെച്ച് ഞാൻ ചെയ്ത കുറ്റം അച്ചനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പോലിസിനു കീഴടങ്ങാമെന്നു അച്ചനു ഉറപ്പും കൊടുത്തു.
.
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പോലീസ് അച്ചനെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഞാൻ പിന്നീട് കേൾക്കുന്നത്.
.
ഞാനാണ് കുറ്റവാളിയെന്നറിഞ്ഞിട്ടും കുമ്പസാര രഹസ്യമായതിനാൽ അച്ചൻ അക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയില്ല.
.
ഇതെത്തുടർന്ന് നിരപരാധിയായ അച്ചൻ ശിക്ഷിക്കപ്പെടുകയും കുറ്റവാളിയായ ഞാൻ രക്ഷപ്പെടുകയും ചെയ്തു.”
.
അയാൾ അലമുറയിട്ട് കരയാൻ തുടങ്ങി. എന്നാൽ അച്ചൻ തീർത്തും നിസംഗഭാവത്തിലായിരുന്നു.
.
ഒരു വിശുദ്ധനെ എന്ന പോലെ പോലിസും കുറ്റവാളികളും കുഷ്ഠരോഗികളും അച്ചനെ നോക്കിനിന്നു. ചിലർ അച്ചന്റെ പാദത്തിൽ വീണു കരയാൻ തുടങ്ങി.
.
ജീൻ പറഞ്ഞ കാര്യങ്ങൾ കൂടെനിന്നവർ ഉടൻതന്നെ അധികാരികളെ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അദേഹത്തെ മോചിപ്പിക്കാനുള്ള കൽപ്പനയുമായി പോലിസ് ഓടി അച്ചന്റെ അടുത്തെത്തി.
.


എന്നാൽ ശേഷിച്ച കാലം കുഷ്ഠരോഗികളെ പരിചരിച്ച് അവരുടെ കൂടെ കഴിയാനാണ് ഫാ. പിയറി ആഗ്രഹിച്ചത്.
.
നിരപരാധിയായ നിരപരാധിയായ അദ്ദേഹത്തെ എങ്ങനെയും മോചിപ്പിക്കണമെന്നും അദേഹത്തിന്റെ വിശുദ്ധിയും നിരപരാധിത്വവും ലോകത്തെ അറിയിക്കണമെന്നും ആഗ്രഹിച്ച് ന്യായാധിപൻമാർ ഉൾപ്പെടെയുള്ള സംഘം ഫ്രാൻസിൽ നിന്നും ദ്വീപിലെത്തിയപ്പോഴേക്കും ഫാ. പിയറിയെ ദൈവം പറുദീസയിലേക്ക് കൂട്ടിക്കൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
.
പലപ്പോഴും നമ്മളും ഇങ്ങനെയല്ല ??
.
ആരൊക്കെയോ പറഞ്ഞുതന്ന വാക്കുകൾക്കു മലിനപ്പെട്ടു വൈദികരെയും സഭയെയും പഴിപറയുന്ന കൂട്ടർ.
.
എന്നാൽ സത്യം ചിലപ്പോൾ അതിനുമപ്പുറമാണന്നു നമ്മൾ വൈകി അറിഞ്ഞിട്ടില്ലേ??
.
ഒരമ്മയുടെയും അച്ഛന്റെയും മകനായി ജഡത്തിൽ നിന്നും ജനിച്ചു,
ഇഷ്ട്ടങ്ങളെല്ലാം മാറ്റിവെച്ചു,
കർത്താവിനു വേണ്ടി ഇറങ്ങിയവർ.
.
ഇവരൊന്നും വിശുദ്ധരല്ല.
.
വികാരങ്ങളും വിചാരങ്ങളുമുള്ള പച്ച മനുഷ്യർ തന്നെ.
.
ഈ വൈദീകരിൽ ഒരാളെ എങ്കിലും പിശാച് കെണിയിൽ വീഴ്ത്തിയാൽ എല്ലാ വിശ്വാസികളും അതോടെ ദേവാലയത്തിൽ നിന്നും,
വൈദീകരിൽ നിന്നും,
ദൈവത്തിൽ നിന്നും അകലുമെന്നു പിശാചിനാറിയാം.
.
അതുകൊണ്ടാണ് പരിശുദ്ധ അമ്മ തന്റെ പ്രത്യക്ഷീകരണത്തിൽ പറഞ്ഞത്;-
"ഇത് അവസാന മണിക്കൂറാണ്.
അനേകം വൈദികരെപ്പോലും അവൻ വഴിതെറ്റിക്കും. നിങ്ങൾ അവർക്കുവേണ്ടിയും പ്രാർഥിക്കണം എന്ന്."
.
ഒരു വൈദികന് തെറ്റുപറ്റുമ്പോൾ ആഘോഷിക്കാതെ അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയല്ലേ വേണ്ടത്.
.
നമ്മുടെ കുടുംബത്തിലുള്ളവർക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ ??
.
പ്രാർഥിക്കണം.
.
നമ്മുടെ വൈദികർക്ക് വേണ്ടി പ്രാർഥിക്കാൻ നമ്മളല്ലാതെ മറ്റാരുമില്ലെന്നു ഓർത്തു പ്രാർദ്ധിക്കണം.
.
അതിനായി പരിശുദ്ധ അമ്മയുടെ കരമപിടിച്ചു നമുക്കും ദൈവപിതാവിനോട് അപേക്ഷിക്കാം.
.


വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
************************************
നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ.അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.


വൈദികരുടെ രാജ്ഞിയായ മറിയമേ,
വൈദീകർക്കുവേണ്ടി പ്രാർത്ഥിക്കണമേ.
.
ആമേൻ…
.
ആവേ… ആവേ… ആവേ… മരിയാ…
.
ദൈവ കൃപയാൽ… #NOELMOOTHEDATH