2016 ഡിസംബർ 28, ബുധനാഴ്‌ച

യാത്ര സുരക്ഷിതത്വത്തിനുള്ള പ്രാര്‍ത്ഥന


"യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു.പെട്ടന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരക്കടുത്തു."(യോഹ.6:21)

സ്വര്‍ഗ്ഗീയപിതാവേ,ഞങ്ങള്‍ക്കു വഴിയായി യേശുക്രിസ്തുവിനെയും സന്തതസഹചാരിയായി പരിശുദ്ധാത്മാവിനേയും തന്ന അവിടുത്തെ പരിപാലനാസ്നേഹത്തിന് നന്ദിപറയുന്നു.യേശുനാഥാ ഈ വാഹനത്തിലേക്ക് അങ്ങ് എഴുന്നള്ളണമെ.ഇതിന്‍റെ നിയന്ത്രണം മുഴുവന്‍ അങ്ങേ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു.തിരൂരക്തസംരക്ഷണംവാഹനത്തിന്‍റെ യന്ത്രസംവിധാനങ്ങള്‍ക്കും വാഹനം ഓടിക്കുന്നയാളിനും പ്രത്യേകം നല്‍കണമേ.എല്ലാ റോഡപകടങ്ങളും യാത്രാകുരുക്കുകളും കൊള്ളക്കാരുടെ ആക്രമണങ്ങളും യേശുവിന്‍റഅധികാരമുള്ളനാമത്തില്‍നീങ്ങിപ്പോകട്ടെ.പരി.കന്യകാമാതാവിന്‍റെ യും കാവല്‍മാലാഖാമാരുടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥന അപേക്ഷിച്ചുകൊണ്ടു യേശുവിന്‍റെ നാമത്തില്‍ ഈ യാത്ര ആരംഭിക്കുന്നു.

യേശുവേ സ്തോത്രം,യേശുവേ നന്ദി.

യാത്ര പുറപ്പെടുമ്പൊള്‍


(തീര്‍ത്ഥയാത്രകള്‍ , പഠനയാത്രകള്‍ , വിനോദയാത്രകള്‍ തുടങ്ങിയവയുടെ ആരംഭത്തില്‍ നടത്തുന്നതിനുള്ള പ്രാര്‍ത്ഥനകളാണ്‌ താഴെ കൊടുക്കുന്നത്. ഒരാള്‍ മാത്രം അങ്ങനെ യാത്ര പുറപ്പെടുമ്പോള്‍ , കുടുംബാംഗങ്ങളോ സമൂഹമോ ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നെങ്കില്‍ , അതനുസരിച്ച് പ്രാര്‍ത്ഥന ക്രമപ്പെടുത്തേണ്ടതാണ്. ഉചിതമെങ്കില്‍ , തോബിയാസിന്റെ പുസ്തകത്തിലെ 5:16-21 ഭാഗമോ തത്തുല്യമായ വിശുദ്ധഗ്രന്ഥഭാഗങ്ങളോ വായിക്കുന്നതും ലഘുവ്യാഖ്യാനം നടത്തുന്നതും നന്നായിരിക്കും)


ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പിതാവായ ദൈവത്തിന്‍റെ നിരന്തരമായ സഹായവും, ഞങ്ങളുടെ സഹോദരനും ദൈവത്തിന്‍റെ ഏകജാതനുമായ ഈശോമിശിഹായുടെ കൂട്ടുകെട്ടും, ജീവദായകനായ റൂഹാദക്കുദിശായുടെ സഹവാസവും ഈ യാത്രയില്‍ ഞങ്ങളോടുകൂടി ഉണ്ടാവുകയും, എല്ലാ ഉപദ്രവങ്ങളിലും അപകടങ്ങളിലും നിന്ന് ഞങ്ങള്‍ രക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഈജിപ്തില്‍ യൗസേപ്പിനോടുകൂടിയും സിംഹക്കൂട്ടില്‍ ദാനിയേലിനോടുകൂടിയും യാത്രാമദ്ധ്യേ തോബിയാസിനോടുകൂടിയും ബേത്‍ലഹേമിലേക്കു പോയിരുന്ന യൗസേപ്പിനോടും മറിയത്തോടുംകൂടിയും ഉണ്ടായിരുന്ന കൃപാപൂര്‍ണ്ണനായ ദൈവമേ, ഞങ്ങളുടെ ഈ യാത്രയുടെ ഭാരവും ക്ലേശവും കുറയ്ക്കുകയും, ക്ഷമാപൂര്‍വ്വം സന്തുഷ്ട ചിത്തരായി ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യണമേ. നീ നിരന്തരം ഞങ്ങളുടെ രക്ഷകനും സംരക്ഷകനുമായിരിക്കുകയും ഈ യാത്രയുംടെ അന്ത്യം പൂര്‍ണ്ണമായി കണ്ടെത്തുന്നതിന്‌ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. മനുഷ്യകുലത്തിന്റെ ഉത്തമ സ്നേഹിതാ, ഞങ്ങള്‍ പോകുന്നിടത്തെല്ലാം അനുകൂലമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനും ഞങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി തൃപ്തിയോടും സന്തോഷത്തൊടും കൂടി തിരിച്ചെത്തുന്നതിനും ഞങ്ങള്‍ക്കിടയാകട്ടെ. നിന്റെ പരിശുദ്ധനാമത്തിനു ഞങ്ങള്‍ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
                              ആമ്മേന്‍.

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.

അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ.

ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ

കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ .

ആമ്മേന്‍

മനസ്താപപ്രകരണം

എന്‍റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. 
           ആമ്മേന്‍

മക്കള്‍ക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ത്ഥന


പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ,അങ്ങേക്ക് ഞങ്ങളില്‍ ജനിച്ച മക്കളെ പ്രതി ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു.ദൈവമക്കളായ അവരെ,അവിടുത്തെ കരങ്ങളില്‍ നിന്നു സ്വീകരിച്ചപ്പോള്‍ അവര്‍ക്കുണ്ടായിരുന്ന പരിശുദ്ധിയില്‍ത്തന്നെ വളര്‍ത്താന്‍ ഞങ്ങള്‍ക്കു കൃപ നല്‍കണമേ. "നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍ എന്നരുള്‍ച്ചെയ്ത നാഥാ,ഉദരത്തില്‍ അവര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞങ്ങളില്‍നിന്നും ലഭിച്ച ആന്തരിക മുറിവുകള്‍മുലവും ഞങ്ങളുടെ ദുര്‍മാതൃകമൂലവും ഈ ലോകത്തിന്റെ സ്വാധീനം മൂലവും പല തരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ക്ക് ഇന്ന് അവര്‍ അടിമയായി തീര്‍ന്നിരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ദൈവസ്നേഹംകൊണ്ട് നിറക്കണമേ,അവരെ എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും രക്ഷിക്കണമേയെന്ന് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്ക് ഉചിതമായ വിദ്യാഭ്യാസം നല്‍കണമേ,ഉചിതമായ ജീവിതമാര്‍ഗ്ഗം തക്ക സമയത്ത് നല്‍കണമേ,സകലവിധ രോഗങ്ങളില്‍നിന്നും വിടുതല്‍ തരണമേ,ആമ്മേന്‍.

1 സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ

മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ഞങ്ങളെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവമേ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു,ആരാധിക്കുന്നു.അങ്ങയുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനെയും ഹന്നായുടെ കണ്ണുനീരില്‍ അലിവുതോന്നി സാമുവലിനെയും,വന്ധ്യയായ എലിസബത്തിന് യോഹന്നാനെയും നല്കി അവരുടെ ദാബത്യ ജീവിതത്തെ അനുഗ്രഹിച്ച കര്‍ത്താവേ!വിവാഹിതരായ ഞങ്ങള്‍ ഒരു കുഞ്ഞിക്കാല് കാണാതെ വിഷമിക്കുന്നു,കര്‍ത്താവായ ദൈവമേ എന്റെ ഉദരത്തെ.ഗര്‍ഭധാരണത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുറവുകളെയും പരിഹരിച്ച് "നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകുവിന്‍"എന്നു ആദത്തോട് പറഞ്ഞ ആ വചനം എന്റെ മേലും പൊഴിക്കണമേ.അങ്ങനെ സന്താനലബ്ധിയില്‍ സന്തോഷിച്ചുകൊണ്ടു അങ്ങയെ സ്തുതിക്കുവാന്‍ കൃപ ചെയ്യണമേ.

"അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു"

1 സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ

ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന

എന്‍റെ എല്ലാ ആവശ്യങ്ങളിലും ഞാന്‍ എന്‍റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും ഈശോയേ എന്നെ രക്ഷിക്കണമേ.

എല്ലാ സംശയങ്ങളില്‍ നിന്നും,ആകുലതക്‍ളില്‍ നിന്നും,പ്രലോഭനങ്ങളില്‍ നിന്നും

ഈശോയേ എന്നെ രക്ഷികണമേ.

എന്‍റെ ഏകാന്തതയുടെ മണിക്കൂറുകളില്‍,വിഷമതകളില്‍,പരീക്ഷണങ്ങളില്‍.

ഈശോയേ എന്നെ രക്ഷിക്കണമേ.

എന്‍റെപരാജയങ്ങളില്‍,കാര്യനിര്‍വ്വഹണങ്ങളില്‍,പ്രയാസങ്ങളില്‍,സങ്കടങ്ങളില്‍ ഈശോയേ എന്നെ രക്ഷിക്കണമേ.

പിതാവും രക്ഷകനുമായ അങ്ങയുടെ സ്നേഹത്തിനുമുമ്പില്‍ ഞാന്‍ എന്നെത്തന്നേ സമര്‍പ്പിക്കുമ്പോള്‍.

ഈശോയേ എന്നെ രക്ഷിക്കണമേ.

എന്‍റെ ഹൃദയം പരാജയ ഭാരത്തല്‍ തകരുമ്പോള്‍,പ്രത്യാശ നശിക്കുമ്പോള്‍.

ഈശോയേ എന്നെ രക്ഷിക്കണമേ.

ഞാന്‍ ക്ഷമ നശിച്ചവനും ,കുരിശുകളില്‍ പിറുപിറുക്കുന്നവനുമാകുമ്പോള്‍

ഈശോയേ എന്നെ രക്ഷിക്കണമേ.

ഞാന്‍ രോഗിയും,എന്‍റെ കൈയും തലയും തളരുകയും,ഞാന്‍ ഒറ്റപ്പെടുകയും ചെയ്യുമ്പോള്‍.ഈശോയേ എന്നെ രക്ഷിക്കണമേ.

എല്ലായ്പ്പോഴും എല്ലാവിധ ബലഹീനതകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും.

ഈശോയേ എന്നെ രക്ഷിക്കണമേ.

ഈശോയേ എന്നെ കൈവിടരുതേ.

സര്‍വ്വശക്തനായ ദൈവമേ എന്‍റെ എല്ലാ ബുദ്ധിമുട്ടുകളിലും എനിക്കു ആശ്വാസം നല്‍കണമെയെന്ന് പൂര്‍ണ്ണ വിശ്വാസത്തോടെ ഞാന്‍ യാചിക്കുന്നു.നല്ല ഇടയനായ ഈശോയേ എന്നെ കൈവിടരുതേ,സ്വര്‍ഗ്ഗവാതില്‍ തുറന്നു അങ്ങയുടെ ശക്തമായ കാരങ്ങള്‍ നീട്ടി എനിക്കു സമാധാനം പ്രദാനം ചെയ്യണമേ.

( ആവശ്യം പറയുക)

ദൈവമേ അങ്ങയുടെ കാരുണ്യത്തിനായ് യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം പതറാതെ അങ്ങയുടെ ദൈവീകശക്തിയാല്‍ സമാധാനം പ്രദാനം ചെയ്യണമേ.നല്ലവനായ യേശുവേ സ്വര്‍ഗ്ഗത്തില്‍ അങ്ങയോടൊപ്പം എന്നേക്കും ജീവിക്കുവാനുള്ള അനുഗ്രഹം നീ എനിക്കു പ്രദാനം ചെയ്യണമേ.ആമ്മേന്‍