2016 ഡിസംബർ 29, വ്യാഴാഴ്‌ച


വിശുദ്ധ സെബസ്ത്യാനോസിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ വേദസാക്ഷികളും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കികളയുന്നവനുമായ വി.സെബ്സ്ത്യാനോസേ അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിപറയുന്നു.അങ്ങയുടെ പ്രസംഗത്താലും സന്‍മാതൃകയാലും അനേകംപേരെ സത്യസഭയിലേക്കാനായിക്കാന്‍ തിരുമനസ്സായല്ലോ.ദൈവസന്നിധിയില്‍ അങ്ങേക്കുള്ള പ്രത്യേകമായ മാദ്ധ്യസ്ഥ ശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ.പാപികളെങ്കിലും അങ്ങേ സഹായം യാചിക്കുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൌഖ്യമാക്കാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ എട്ടാം ആവശ്യമായിരികുന്ന ഈ അനുഗ്രഹം(ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന്, അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതായാല്‍ പരമകാരുണികന്‍റെ മുമ്പില്‍ മാദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ., 1നന്മ.,1 ത്രീ.

വിശുദ്ധ ബനദിക്തോസിനോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന

വരപ്രസാദങ്ങളുടെ മാദ്ധ്യസ്ഥനും സന്ന്യാസികളുടെ മാതൃകയും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും അശരണരുടെ സങ്കേതവുമായ വി.ബനദിക്തോസേ അങ്ങ് ഞങ്ങള്‍ക്ക്(എനിക്കു)വേണ്ടി ത്രിയേക ദൈവത്തോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ.

തപോനിഷ്ടയിലൂടെയും ജീവിത വിശുദ്ധിയിലൂടെയും പൈശാചികശക്തികളെയും അതുവഴിയുണ്ടാകുന്ന ബന്ധനങ്ങളെയും അതിജീവിക്കാന്‍ നേടിയെടുത്ത ഈ ശക്തിവിശേഷം അങ്ങ് ഞങ്ങള്‍ക്ക്(എനിക്കു)വേണ്ടിയും ഉപയോഗിക്കണമേ,ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ(നിയോഗം പറയുന്നു)ഈശ്ശൊയില്‍ നിന്നു സാധിച്ചു തരുവാന്‍ ഇടയാക്കണമേ,അങ്ങയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യാശയര്‍പ്പി ച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളേവരെയും ദൈവമക്കള്‍ക്കാനുയോജ്യമായ ഒരു ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കണമേ,
                      ആമ്മേന്‍.

വിശുദ്ധ ചാവറ കുരിയാക്കോസ് എലിയാസച്ചനോടുള്ള മാദ്ധ്യസ്ഥപ്രാര്‍ത്ഥന 

ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആത്മരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്‍റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശക്തിയും സവിശേഷം തെളിഞ്ഞുകാണുമാറു അദ്ദേഹം വഴിയായി ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ചപേക്ഷിക്കുന്നതും ഞങ്ങള്‍ക്ക് ഏറ്റം ആവശ്യമായതുമായ ഈ അനുഗ്രഹം 

(ആവശ്യം പറയുക)

ഞങ്ങള്‍ക്ക് നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു.


1സ്വര്‍ഗ്ഗ., 1നന്മ., 1ത്രീ.

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ അങ്ങേ മക്കളായ ഞങ്ങള്‍ എളിമയോടും പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയില്‍ അഭയം തേടുന്നു. സ്നേഹ പിതാവായ ദൈവം അങ്ങേക്ക് നല്‍കിയിരിക്കുന്ന സ്വര്‍ഗ്ഗീയ വരങ്ങളോര്‍ത്ത്,ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ സ്വീകരിക്കുന്നു.വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്നേഹ ചൈതന്യത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ. സേവനത്തിന്‍റെ  പാതയിലൂടെ ഞങ്ങളെ നയിക്കണമേ. അസൂയയും വിദ്വേഷവും നീക്കി സ്നേഹവും ഐക്യവും ഞങ്ങളില്‍ ജനിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ ആപത്തുകളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. അനുദിന ജീവിതത്തിലെ ക്ലേശങ്ങള്‍ സന്തോഷത്തോടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥതയില്‍ ആശ്രയിച്ചുകൊണ്ടു പിതാവായ ദൈവത്തിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥന



പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ അങ്ങേ ദാനങ്ങള്‍ നല്കി ഞങ്ങളെ വിശ്വാസത്തിലുറപ്പിക്കണമേ. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ഞങ്ങളെ നയിക്കണമേ,ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹാഗ്നിജ്വാലയാല്‍ ജ്വലിപ്പിക്കണമേ.വി.അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങ് നയിച്ചതുപോലെ,ഞങ്ങളെയും നേര്‍വഴികാട്ടി നടത്തണമേ.എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ട്,വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന് വരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.വി.അല്‍ഫോന്‍സായുടെ സുകൃതയോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും നിയോഗങ്ങളും പ്രത്യേകിച്ചു

(ആവശ്യം പറയുക)

സാധിച്ചുതന്നു അനുഗ്രഹിക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ എന്നേക്കും.

ആമ്മേന്‍.

വിശുദ്ധ അന്നാമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന

(സാമ്പത്തിക ഭദ്രതയുണ്ടാകുന്നതിനും, നിലനില്‍ക്കുന്നതിനും വേണ്ടിയുള്ള വി. അന്നാമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന)

മഹിമ നിറഞ്ഞ വിശുദ്ധ അന്നാമ്മേ, നിന്നോടപേക്ഷിക്കുന്നവരുടെ മേല്‍ ദയയും, സങ്കടപ്പെടുന്നവരുടെ മേല്‍ അലിവും നിറഞ്ഞവളായ നിന്‍റെ പാദത്തിങ്കല്‍ സങ്കടങ്ങളുടെ കനത്താല്‍ അധികമായി ഭാരപ്പെട്ടിരിക്കുന്ന ഞാന്‍ സാഷ്ടാംഗം വീണു താഴ്മയോടെ അപേക്ഷിക്കുന്നു. ( പ്രത്യേക കാര്യം സമര്‍പ്പിക്കുക ) ഈ കാര്യം നിന്‍റെ മകളായ ഭാഗ്യപ്പെട്ട കന്യാമറിയത്തെ ഏല്പിച്ചു അതിശുഭമായി തീരുവാന്‍ തക്കവണ്ണം ഈശോയുടെ സിംഹാസനം മുന്‍പാകെ ബോധിപ്പിക്കണമേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


ഏറ്റവും ദയയുള്ള വിശുദ്ധ അന്നാമ്മേ ഞങ്ങളുടെ ആയുസ്സും ഞങ്ങളുടെ മധുരവും ഞങ്ങളുടെ ശരണവുമായ മറിയത്തിന്‍റെ ജനനിയേ, നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു ഞങ്ങളുടെ ഈ അപേക്ഷ സാധിച്ചു തരണമേ. ( 3 പ്രാവശ്യം )

വാഴത്തപ്പെട്ട മറിയം ത്രേസ്യ

സര്‍വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,അങ്ങേ നേരെയുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയും സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് അഗതികള്‍ക്കും ആര്‍ത്തര്‍ക്കും അത്താണി യാകുകയും കുടുംബങ്ങളെ ക്രൈസ്തവ ചൈതന്യത്താല്‍ നിറക്കുവാന്‍ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത അങ്ങേ വിശ്വസ്തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി തിരുസഭയില്‍ വണങ്ങപ്പെടുവാന്‍ കൃപചെയ്യണമേ.

പരിശുദ്ധ കന്യകമറിയമേ,വിശുദ്ധ യൌസേപ്പ് പിതാവേ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച് തരണമെ. 

ആമ്മേന്‍ .


1 സ്വര്‍ഗ., 1 നന്മ., 1 ത്രിത്വ.