2017 ജനുവരി 9, തിങ്കളാഴ്‌ച

                                              റംശാ


"സായാഹ്ന പ്രാര്‍ത്ഥനകള്‍" എന്നാണു് "റംശാ" എന്ന സുറിയാനി പദത്തിനര്‍ത്ഥം. സീറോ-മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനക്രമപ്രകാരം സായാഹ്നങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളാണിവ.

                       കര്‍മ്മക്രമം

പരസ്പരം സമാധാനം ആശംസിച്ചുകൊണ്ട് ആരംഭിക്കുന്നു

കാര്‍മ്മി : അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. (3 പ്രാവശ്യം)

സമൂ: ആമ്മേന്‍. (3 പ്രാവശ്യം)

കാര്‍മ്മി : ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും

സമൂ: ആമ്മേന്‍.

കാര്‍മ്മി : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്‍) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ .
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍,പരിശുദ്ധന്‍,പരിശുദ്ധന്‍ എന്ന്‍ ഉദ്ഘോഷിക്കുന്നു.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപോലെ ഭൂമിയിലും ആകണമേ.
ഞങ്ങള്‍ക്ക് ആവശ്യകമായ ആഹാരം/ ഇന്നു ഞങ്ങള്‍ക്ക് തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ/ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ.
എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.

കാര്‍മ്മി : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

കാര്‍മ്മി : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്‍ ) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ .

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ ഉദ്ഘോഷിക്കുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്തിക്കാം, സമാധാനം നമ്മോടുകൂടെ.

                    സ്ലോസാ

                    സാധാരണ ദിവസങ്ങളില്‍

കാര്‍മ്മി : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും പുകഴ്ത്തുകയും അങ്ങേ അനന്തമായ അനുഗ്രഹങ്ങള്‍ക്ക് ‌നന്ദി പറയുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഞായറാഴ്‌ചകളിലും തിരുനാളുകളിലും

 കാര്‍മ്മി : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, നിന്‍റെ ഏകാജാതന്‍റെ ഉയിര്‍പ്പിനേ നിര്‍മലഹൃദയത്തോടെ വാഴ്ത്തുന്നതിനും വിശുദ്ധഗീതങ്ങളാല്‍ അവന്‍റെ വിജയത്തെ പ്രകീര്‍ത്തിക്കുന്നതിനും സ്വര്‍ഗ്ഗവാസികളോട് കൂടെ നിന്‍റെ അനന്തമായ ശക്തിയുടെ മഹത്വത്തെ ഏറ്റുപറയുന്നതിനും ഞങ്ങളെ യോഗ്യരാക്കണമേ.നിന്‍റെ തിരുക്കുമാരന്‍റെ പുനരുദ്ധാനം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഞങ്ങളില്‍ ഭാവിജീവിതത്തിലുള്ള പ്രത്യാശ വളരുവാന്‍ ഇടയാകട്ടെ. 

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

                സങ്കീര്‍ത്തനം

ഇന്നു (ഉയിര്‍പ്പ് കാലം രണ്ടാം വെള്ളി ) 
ചൊല്ലേണ്ടത്:( എല്ലാ സങ്കീര്ത്തനങ്ങളും കാണുക)
സങ്കീ. 24

ഭൂമിയും അതിലെ വസ്തുക്കളും
രാജ്യങ്ങളും അവയിലെ ജനങ്ങളും
കര്ത്താവിന്‍റെതാകുന്നു.

സമുദ്രത്തിന്മേല്‍ അവിടുന്ന് ഭൂമിക്ക് അടിത്തറയിട്ടു:

നദികളാല്‍ അതിനെ ഉറപ്പിക്കയും ചെയ്തു.

കര്‍ത്താവിന്‍റെ മലയിലേക്ക് ആരു കയറും?

അവിടെ കാലുകുത്താന്‍ ആര്‍ക്ക് ധൈര്യമുണ്ടാകും?

പരിശുദ്ധമായ കരങ്ങളും
നിര്‍മ്മലമായ മനസ്സാക്ഷിയുള്ളവനും

സ്വയം വഞ്ചിച്ചു കള്ളസത്യം ചെയ്യാത്തവനും

അവനു കര്‍ത്താവിന്‍റെ അനുഗ്രഹവും
രക്ഷകനായ ദൈവത്തിന്‍റെ സമ്മാനവും ലഭിക്കും.

യാക്കോബിന്‍റെ ദൈവമേ,
അങ്ങയെ കാത്തിരിക്കുന്ന തലമുറ ഇതാകുന്നു.

വാതിലുകളേ, ശിരസ്സുയര്‍ത്തുവിന്‍
നിത്യകവാടങ്ങളേ, തുറക്കുവിന്‍
മഹത്ത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ.

"ഈ മഹത്ത്വത്തിന്‍റെ രാജാവ് ആരാകുന്നു?"

"യുദ്ധവീരനും ശക്തനുമായ കര്‍ത്താവ് തന്നെ."

നിത്യം ബഹുമാന്യനായ കര്‍ത്താവ് അവിടുന്നാകുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്തിക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി : സ്തുത്യര്‍ഹവും പരിശുദ്ധവുമായ അങ്ങേ ത്രിത്വത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

                    ധൂപാര്‍പ്പണ ഗാനം
(രീതി: ബാഹര്‍ ലെമ്പാ... യാദാഹുശാവേ.../ അതിപൂജിതമാം നിന്‍ ...)

ശക്തനായ കര്‍ത്താവേ അങ്ങേ കൂടാരം എത്ര മനോഹരമാകുന്നു.
മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ,
ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍
പരിമളമിയലും ധൂപം പോല്‍
കൈക്കൊണ്ടരുളേണം

കര്‍ത്താവിന്‍റെ അങ്കണം എന്‍റെ ആത്മാവ് ആകാംഷയോടെ കാത്തിരിക്കുന്നു.

മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ...

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

മിശിഹാ കര്‍ത്താവേ, നരകുല രക്ഷകനെ...

ശുശ്രൂ: സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി : അങ്ങു ഞങ്ങല്‍ക്ക് നല്കിയിട്ടുള്ളതും എന്നാല്‍ കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ കഴിയാത്തതുമായ എല്ലാ സഹായങ്ങള്‍ക്കും  
അനുഗ്രഹങ്ങള്‍ക്കുമായി സകല സൗഭാഗ്യങ്ങളുടെയും സഹായങ്ങളുടെയും മകുടം ചൂടിയിരിക്കുന്ന സഭയില്‍ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും നിരന്തരം മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങ് സകലത്തിന്‍റെയും നാഥനും സൃഷ്ടാവുമാകുന്നു, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

സാധാരണ ദിവസങ്ങളില്‍

കാര്‍മ്മി :
സര്വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു,
ഈശോനാഥാ, വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മര്ത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: കര്‍ത്താവേ ഞാന്‍ എന്‍റെ കരങ്ങള്‍ കഴുകി നിര്‍മ്മലമാക്കുകയും നിന്‍റെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുകയും ചെയ്തു

സമൂ:
സര്വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു,
ഈശോനാഥാ, വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മര്ത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

കാര്‍മ്മി : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. 

ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

കാര്‍മ്മി:
സര്‍വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു,
ഈശോനാഥാ, വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മര്‍ത്ത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: നമുക്കു പ്രാര്ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

ഞായറാഴ്‌ചകളിലും തിരുനാളുകളിലും

കാര്‍മ്മി:സര്‍വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു,
ഈശോനാഥാ, വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മര്‍ത്ത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: ശക്തനായ കര്‍ത്താവേ നിന്‍റെ വാസസ്ഥലം എത്ര അഭികാമ്യമാകുന്നു!

സമൂ:

സര്‍വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു,
ഈശോനാഥാ, വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മര്‍ത്ത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

കാര്‍മ്മി : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

കാര്‍മ്മി:
സര്‍വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു,
ഈശോനാഥാ, വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മര്‍ത്ത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കില്‍

സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്തിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി : എന്‍റെ കര്‍ത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിര്പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. എന്‍റെ കര്‍ത്താവേ, എല്ലാ സമയവും നിന്നെ സ്തുതിക്കുവാനും ആരാധിക്കുവാനും പുകഴ്ത്തുവാനും ഞങ്ങള്‍ കടപ്പെട്ടവരാകുന്നു. സകലത്തിന്‍റെയും നാഥാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദക്ക്ദം

ഇന്നു് ( ഉയിര്പ്പുകാലം വെള്ളി ) ചൊല്ലേണ്ടത്:

( എല്ലാ ദിവസത്തെയും കാണുക)

(രീതി: മെത്തോല്‍ ... മറിയം ബ്സുല്ത്താ ... / പുലരിപ്രഭയില്‍ ...)

സങ്കീ 18:2
ലോകം മുഴുവനിലും സന്തോഷം
രക്ഷയുമാകതാരില്‍ നിറയും
പ്രത്യാശയുമായ് സാനന്ദം
സൃഷ്ടികലഖിലം കര്ത്താവിന്‍
മഹിമയെ നിതരാം വാഴ്ത്തുന്നു.

തെറ്റിയ വഴിയില്പ്പെട്ടുഴലും
കുഞ്ഞാടുകളീയിടയന്‍ തന്‍
സ്വരമാധുര്യം നുകരുകയാല്‍
ആലയില്‍ വീണ്ടും വന്നെത്തി.

1 കൊറി 15:22മിശിഹാമൂലം സകലരും ജീവിക്കുന്നു
ആദത്തില്‍ നിന്നൊഴിവായി
ശാപമിയറ്റും വിധിവാക്യം
നാഥാ, നിന്‍ മൃതി മാനവനില്‍
നവജീവന്‍ തന്നാദ്യഫലം.

നിന്നില്‍ നിന്നും നേടീടും
മാമ്മോദീസാവഴി ഞങ്ങള്‍
ശാശ്വതമാം തവ രാജ്യത്തില്‍
വാസനികേതം നേടുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
പരിശുദ്ധാത്മാവിന്‍ കൃപയാല്‍
പരിലാളിതരായ്ത്തീര്ന്ന്വരെ,
സ്നേഹം നിറയും ദൈവത്തിന്‍
കാരുണ്യത്തെ വാഴ്ത്തിടുവിന്‍

സത്യവെളിച്ചത്തിന്‍ സുതനായ്
മനുജനെ ദൈവം കാണുകയാല്‍
ജീവന്‍ പകരും ദാനത്തെ
നല്കിയ താതനെ വാഴ്ത്തീടാം.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ

കാര്‍മ്മി : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേ അനന്തമായ കരുണയും നിരന്തരമായ പരിപാലനയുമോര്‍ത്ത് ഞങ്ങള്‍ അങ്ങേയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വര, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: (സങ്കീ.140) കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എനിക്കുത്തരമരുളണമേ

(കാനോനാ) കര്‍ത്താവേ, എന്‍റെ വാക്കു കേട്ട് എന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു
എനിക്കുത്തരമരുളണമേ

എന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ:
പരിമളധൂപം പോലെ,
അത് അങ്ങേ പക്കലേക്കുയരട്ടെ

കര്‍ത്താവേ, എന്‍റെ ഈ പ്രാര്‍ത്ഥന
എന്‍റെ സായാഹ്നബലിയായി സ്വീകരിക്കണമേ

എന്‍റെ നാവിനും അധരങ്ങള്‍ക്കും
അങ്ങു കാവല്‍ നിര്‍ത്തേണമേ.

ദുഷ്പ്രവൃത്തികള്‍ ചെയ്യുവാനും
ദുഷ്ടന്മാരോട് സഹവസിക്കുവാനും
അങ്ങ് എന്നെ അനുവദിക്കരുതേ.

നീതിമാനായ മനുഷ്യന്‍
എന്നെ പഠിപ്പിക്കയോ ശാസിക്കയോ ചെയ്യട്ടെ.

ദുഷ്ടന്മാരുടെ തൈലംകൊണ്ട്
എന്‍റെ ശിരസ്സു പൂശുവാന്‍ അനുവദിക്കരുതേ.

എന്‍റെ പ്രാര്‍ത്ഥന എപ്പോഴും
അവരുടെ പ്രവൃത്തികള്ക്കെതിരാകുന്നു

അവരുടെ വിധികര്‍ത്താക്കള്‍
കനത്ത കൈകളാല്‍ തടയപ്പെട്ടു

എന്‍റെ പ്രാര്‍ത്ഥന സ്നേഹമസൃണമായിരുന്നെന്ന്
അപ്പോള്‍ അവര്ക്ക്  മനസ്സിലായി

(സങ്കീ. 141) ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനേ വിളിക്കുന്നു :

ഉച്ചത്തില്‍ ഞാന്‍ കേണപേക്ഷിക്കുന്നു
എന്‍റെ ഹൃദയം നീറുമ്പോള്‍

എന്‍റെ സങ്കടങ്ങളും പീഡകളും
ഞാന്‍ അവിടുത്തെ അറിയിക്കും.

എന്‍റെ വഴികളെല്ലാം:
അങ്ങറിയുന്നുവല്ലോ

ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍
അവര്‍ എനിക്കു കെണികള്‍ വച്ചു

ഞാന്‍ വലത്തേക്കു തിരിഞ്ഞുനോക്കി:
എന്നെ അറിയുന്നവര്‍ ആരുമില്ല.

ഓടി ഒളിക്കുവാന്‍ എനിക്കിടമില്ല:
എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.

കര്‍ത്താവേ ഞാന്‍ അങ്ങേ വിളിച്ച് അപേക്ഷിക്കുന്നു:
അങ്ങ് എന്‍റെ അഭയമാണല്ലോ.

(സങ്കീ. 118) അങ്ങേ പ്രമാണം എന്‍റെ പാദങ്ങള്‍ക്ക് വിളക്കും:
എന്‍റെ വഴികളില്‍ പ്രകാശവുമാകുന്നു.

നീതിയുടെ നിയമങ്ങള്‍ അനുസരിക്കുവാന്‍
ശപഥപൂര്‍വം ഞാന്‍ നിശ്ചയിച്ചു.

കര്‍ത്താവേ, ഞാന്‍ ഏറെ കഷ്ടപ്പെട്ടു:
അങ്ങേ വാക്കനുസരിച്ച് എന്നെ രക്ഷിക്കേണമേ

എന്‍റെ അധരങ്ങളുടെ കാണിക്ക സ്വികരിക്കണമേ:
നിയമങ്ങള്‍ എന്നെ പഠിപ്പിക്കണമെ

എന്‍റെ ജീവന്‍ എപ്പോഴും അപകടത്തിലാക്കുന്നു:
എങ്കിലും ഞാന്‍ അങ്ങേ നിയമം മറന്നില്ല

ദുഷ്ടന്മാര്‍ എനിക്കു കെണികള്‍ വെച്ചു :
എങ്കിലും നിയമത്തില്‍ നിന്നും ഞാന്‍ വ്യതിചലിച്ചില്ല.

(സങ്കീ. 116) ജനപദങ്ങളേ, കര്‍ത്താവിനേ സ്തുതിക്കുവിന്‍ :
ഭുവാസികളേ, കര്‍ത്തവിനെ പുകഴ്ത്തുവിന്‍.

അവിടുത്തെ സ്നേഹം അനന്തമാകുന്നു:
തന്‍റെ വാഗ്ദാനം അവിടുന്നു പൂര്‍ത്തിയാക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി :


ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍ 
.
ശുശ്രൂ: (സങ്കീ. 140) കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷികുന്നു; എനിക്കുത്തരമരുളണമേ
(കാനോനാ) കര്‍ത്താവേ, എന്‍റെ വാക്കു കേട്ട് എന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്മ്മി : കര്‍ത്താവേ, അങ്ങേ ദാസരായ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും, പാപികളായ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. എന്തുകൊണ്ടെന്നാല്‍ അങ്ങ് ഞങ്ങളുടെ ശരീരത്തിന്‌ ആരോഗ്യവും ആത്മാവിനു പ്രത്യാശയും നല്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്വാരസര്‍

ഇന്നു ( ഉയിര്പ്പു കാലം വെള്ളി ) ചൊല്ലേണ്ടത്:
( എല്ലാ ദിവസത്തെയും കാണുക)
(രീതി: ലൈയ്ക്കാ ഏസല്‍ ... / നിന്നില്‍ നിന്നു ഞാനെവിടെപ്പോകും... )

സങ്കീ 132:1എത്ര വിശിഷ്ടവും മനോഹരവുമാകുന്നു
നാഥാ, നിത്യം നിന്‍ ഭവനത്തില്‍
നീതിയും മഹിമയുമൊഴുകീടുന്നു.
നിന്‍റെ നിണത്താല്‍ സഭയെനേടി;
വധുവായവളെയലംകൃതമാക്കി.
നിജസുതരോത്തുവസിക്കുമവള്‍ നിന്‍
മഹിമയിലെന്നും പുളകം ചൂടും

സങ്കീ 117:22നമ്മുടെ കണ്ണുകള്‍ക്ക് ഇതത്ഭുതമാകുന്നു
കര്‍ത്താവേ, നിന്‍ തിരുവുത്ഥാനം
പാരത്രികമാം ദാനസുമത്താല്‍
മനുജകുലത്തെയലംകൃതമാക്കി;
നവചൈതന്യ വിരാജിതമാക്കി
ജ്ഞാനസ്നാനം വഴിയിഹ നിന്നുടെ
മൃതിയുമുയിര്പ്പും  മര്ത്ത്യര്ക്കേകി.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
നാഥനിലെന്നും ജീവിച്ചീടും
മര്ത്ത്യന്‍ മഹിയില്‍ നൂതന സൃഷ്ടി
നാഥന്‍ വഴിയിഹ ദൈവവുമായ് നാം
അനുരഞ്ജിതരായ്ത്തീരുകയാലേ
രമ്യത തന്‍ പരികര്മ്മം ചെയ്യാന്‍
അനുമതി നല്കി‍യ താതനെ വാഴ്ത്താം

ശുശ്രൂ: നമുക്കു പ്രാര്ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി : ഞങ്ങളുടെ കര്‍ത്താവേ, അങ്ങേ ത്രിത്വത്തിലുള്ള വിശ്വാസം ഞങ്ങളില്‍ പൂര്ണാമാക്കണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും ആരാധനയും സമര്പ്പിക്കുവാന്‍ ഞങ്ങള്‍ യോഗ്യരാകട്ടെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആമ്മേന്‍

ശുശ്രൂ: സഹോദരരേ, നമുക്കു സ്വരമുയര്‍ത്തി സജീവനായ ദൈവത്തെ പ്രകീര്ത്തിക്കാം.

സമൂ: ആമ്മേന്‍

സമൂ:പരിപാവനനാം സര്‍വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനെ
നിന്കൃപ ഞങ്ങള്ക്കേകണമേ.

കാര്‍മ്മി : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

പരിപാവനനാം സര്‍വെശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനെ
നിന്കൃപ ഞങ്ങള്ക്കേകണമേ.

സമൂ: ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

പരിപാവനനാം സര്‍വെശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനേ
നിന്കൃനപ ഞങ്ങള്ക്കേകണമേ.

ശുശ്രൂ: നമുക്കു പ്രാര്ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

കാര്മ്മി : വിശുദ്ധരില്‍ വസിക്കുകയും അവരില്‍ സംപ്രീതനാവുകയും ചെയ്യുന്ന പരിശുദ്ധനും സ്തുത്യര്ഹനും ബലവാനും അമര്ത്യനുമായ എന്‍റെ കര്‍ത്താവ, അങ്ങേക്ക് സഹജമായവിധം ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമെന്ന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: ഹല്ലേലൂയ്യാ (3 പ്രാവശ്യം)

സുവിശേഷം

കാര്മ്മി : വിശുദ്ധ ... അറിയിച്ച നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂ: നമ്മുടെ കര്‍ത്താവേ മിശിഹായ്ക്ക് സ്തുതി.

(വായനയ്ക്കു ശേഷം)
സമൂ: നമ്മുടെ കര്‍ത്താവേ മിശിഹായ്ക്ക് സ്തുതി.

കാറോസൂസാ

നോമ്പുകാലം ഒഴികെ
I
ശുശ്രൂ: നമുക്കെല്ലാവര്ക്കും അനുതാപത്തോടും ഭക്തിയോടും (ഞായറാഴ്‌ചകളിലും തിരുനാളുകളിലും 'സന്തോഷത്തോടും പ്രത്യാശയോടും') കൂടെ.... കര്ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേയെന്നപെക്ഷിക്കാം

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: കാരുണ്യവാനും ആശ്വാസദായകനുമായ പിതാവേ, ഞങ്ങളുടെ സംരക്ഷകനും പരിപാലകനുമായ ദൈവമേ, അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ക്രിസ്തീയ സഭകളുടെ ഐക്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനും സുസ്ഥിതിക്കും സഹവര്ത്തിത്വത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ രാജ്യത്തിന്‍റെ രക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: നല്ല കാലാവസ്ഥയും ഫലപുഷ്ടമായ വത്സരവും സമൃദ്ധമായ വിളവുകളും നല്‍കി ലോകത്തെ ഐശ്വര്യ പൂര്‍ണമാക്കണമെന്ന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തിരുസഭയിലെ മേലധ്യക്ഷന്മാരെ സംരക്ഷിക്കയും അവര്‍ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ വിശ്വാസത്തില്‍ ഉറച്ചവരും സുകൃതങ്ങളില്‍ തീക്ഷണതയുളളവരുമാക്കിത്തീര്‍ക്കുവാന്‍ അവരെ സഹായിക്കയും ചെയ്യണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: പ്രത്യേകമായി തിരുസഭയുടെ അധിപനായ മാര്‍ ... പാപ്പായ്ക്കുവേണ്ടിയും ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാര്‍ ... വേണ്ടിയും ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാര്‍ ... മെത്രാപ്പോലീത്തായ്‌ക്കു (മെത്രാനു) വേണ്ടിയും അവരുടെ സഹശുശ്രൂഷകര്‍ക്കു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: നിര്‍മലഹൃദയത്തോടും പരിശുദ്ധ മനസ്സാക്ഷിയോടുംകൂടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്യുവാനുള്ള അനുഗ്രഹം എല്ലാ വൈദികര്‍ക്കും ശെമ്മാശന്മാര്‍ക്കും മറ്റു വിശ്വാസികള്‍ക്കും പ്രദാനം ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തിരുസഭയിലുള്ള സന്യാസികളും സന്യാസിനികളും പരിപൂര്‍ണതയുടെ മാര്‍ഗ്ഗത്തില്‍ കുടിയുള്ള അവരുടെ പ്രയാണം പൂര്‍ത്തിയാക്കി വിജയകിരീടം നേടുവാന്‍ ഇടയാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: തീക്ഷ്ണതയുള്ള അല്മായപ്രേഷിതരെ സഭയ്ക്കു ധാരാളമായി പ്രദാനം ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: കര്‍ത്താവില്‍ നിദ്രപ്രാപിച്ച എല്ലാവരെയും പ്രത്യേകമായി ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും സ്വര്‍ഗ്ഗഭാഗ്യത്തില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: രോഗികള്‍ക്ക് സൗഖ്യവും പീഡിതര്‍ക്ക്  ആശ്വാസവും ആസന്നമരണര്‍ക്കു സമാധാനവും നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: അനാഥരെയും ദരിദ്രരെയും സംരക്ഷിക്കണമെന്നും ആത്മീയമോ ശാരീരികമോ ആയ പീഡകള്‍ സഹിക്കുന്നവരെ ആശ്വസിപ്പിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാര്‍ യൗസേപ്പിന്‍റെയും മാര്‍ തോമാശ്ലീഹായുടെയും പ്രാര്‍ത്ഥനസഹാത്തില്‍ ആശ്രയിച്ചു കൊണ്ട്‌ സ്വര്ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു...

സമൂ: കര്‍ത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ.
II
ശുശ്രൂ: സമാധാനത്തിന്‍റെ അനുഗ്രഹത്തിന്‍റെയും മാലാഖയെ അയയ്‌ക്കണമെന്ന്‍ ഞങ്ങള്‍ വിനയപൂര്‍വം  യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും, രാവും പകലും അങ്ങയുടെ സഭയ്ക്ക് ശാശ്വതമായ സമാധാനവും പാപരഹിതമായ ജീവിതവും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: പരിശുദ്ധാത്മാവിന്‍റെ തികവില്‍ പരിപൂര്‍ണതയുടെ ബന്ധമായ സ്നേഹത്തിന്‍റെ ഐക്യം ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: പാപമോചനവും ഞങ്ങളുടെ ജീവിതത്തിനുപകരിക്കുന്നവയും ദൈവമായ നിന്നെ പ്രസാദിപ്പിക്കുന്നവയും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: കര്‍ത്താവിന്‍റെ അനുഗ്രഹവും ശാശ്വതമായ കൃപയും എപ്പോഴും ഞങ്ങള്‍ യാചിക്കുന്നു...

സമൂ: കര്‍ത്താവേ, അങ്ങളോടു ഞങ്ങള്‍ യാചിക്കുന്നു.

ശുശ്രൂ: നമ്മുക്കെല്ലാവര്‍ക്കുമോരുമിച്ചു മൊരുമിച്ച് നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമര്പ്പിക്കാം.

സമൂ: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്തിക്കാം, സമാധാനം നമ്മോടുകൂടെ.


സ്ലോസാ

കാര്‍മ്മി : കര്‍ത്താവേ, ബലവാനായ ദൈവമേ, ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വര, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കേണമേ. സഹോദരരേ കൈവെയ്പിനായി നമുക്ക് തലകുനിച്ച് ആശീര്‍വാദം സ്വീകരിക്കാം

ഹാസാ

കാര്‍മ്മി : സകലത്തെയും ആശീര്‍വദിക്കുന്നവന്‍റെ അനുഗ്രഹവും സര്വ്വത്തെയും സാന്ത്വനപ്പെടുത്തുന്നവന്‍റെ സമാശ്വാസവും എല്ലാറ്റിനും കൃപചോരിയുന്നവന്‍റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ സമൂഹത്തിലും മനുഷ്യവര്‍ഗ്ഗം മുഴുവനിലും ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്വാസാലിക്കേ

ഇന്നു ( ഉയിര്‍പ്പ് കാലം വെള്ളി ) ചൊല്ലേണ്ടത്:

( എല്ലാ ദിവസത്തെയും കാണുക)

(രീതി: ഹാലോന്‍ ... / പുലരിപ്രഭയില്‍ ...)

സങ്കീ 46:8

നിങ്ങള്‍ വന്നു ദൈവത്തിന്‍റെ പ്രവൃത്തികള്‍ കാണുവിന്‍
മൃതരില്‍ നിന്നുത്ഥാത്താല്‍
മിശിഹാ മൃതരുടെയാദ്യഫലം
മര്‍ത്ത്യന്‍ വഴിയായ് ലോകത്തില്‍
മരണം വന്നതുപോലിപ്പോള്‍

1 കൊറി 18:2-2

മഹിയിലവന്‍ വഴി മൃതിയില്‍ നി-
ന്നുത്ഥാനവുമുണ്ടായല്ലോ.
ആദം മൂലം മരണംപോല്‍
മിശിഹായാല്‍ നാമുയിര്‍ നേടി.

സങ്കീ 108:

കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ ആരു വിവരിക്കും?
ഗാഗുല്‍ത്ത ഗിരിശൃംഗത്തില്‍
പുതിയൊരു നരനെ മെനഞ്ഞീശന്‍
ക്രൂശിതനായ സൂതന്‍ വഴി തന്‍
കരവിരുതലിവൊടു വെളിവാക്കി.

വാനവരോടൊത്താ മലയില്‍
മാനവനിരയും വന്നെത്തി
മന്നിനു രക്ഷ കനിഞ്ഞരുളും
മാനവസുതനെ ദര്‍ശിച്ചു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ദൈവാത്മജനീ ഭുവനത്തില്‍
വിനയാന്വിതനായ് തീര്‍ന്നതിനാല്‍
മൃതിയുമുയിര്‍പ്പും വഴി നമ്മെ
ജീവനിലേക്കു നയിച്ചല്ലോ.

ദൂതഗണങ്ങള്‍ സ്വര്‍ഗ്ഗത്തില്‍
നവചൈതന്യം കൈക്കൊണ്ടു
മാനവരോടൊത്തവരെന്നും
അവനെ വാഴ്ത്തി വണങ്ങുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്തിക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി : ദയാനിധിയായ കര്‍ത്താവേ, അഃധപതിച്ച ഞങ്ങള്‍ ജഡത്തിന്‍റെ പ്രവൃത്തികളെ ആത്മാവിനാല്‍ നിഹനിച്ച് പഴയ മനുഷ്യനെ അവന്‍റെ ചെയ്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുവാനും മിശിഹായോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റ് ഉയരങ്ങളിലുള്ളതിനെപ്പറ്റി ചിന്തിക്കുവാനും സനാതന സൗഭാഗ്യത്തില്‍ വന്നെത്തുവാനും ഞങ്ങളെ സഹായിക്കണമേ. 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


ആസ്വാതസാ (സങ്കീ 118:81-86)

എന്‍റെ ആത്മാവ് നിന്‍റെ രക്ഷയെ അന്വേഷിച്ചു തളരുന്നു.
എന്‍റെ പ്രത്യാശ നിന്‍റെ വചനത്തില്‍ നിക്ഷേപിക്കയും ചെയ്യുന്നു.

നിന്‍റെ വാഗ്ദാനത്തെ നോക്കിയിരുന്നു എന്‍റെ കണ്ണു ക്ഷീണിച്ചു.
എപ്പോഴാണ് നീ എന്നെ ആശ്വസിപ്പിക്കുന്നത്
എന്നു ഞാന്‍ ചോദിച്ചുപോകുന്നു.

എന്തുകൊണ്ടെന്നാല്‍ പുകയത്തിരിക്കുന്ന തോല്‍കുടത്തിന്
ഞാന്‍ സദൃശ്യനായി.

എന്നിരുന്നാലും നിന്‍റെ പ്രമാണങ്ങള്‍ ഞാന്‍ മറന്നിട്ടില്ല.

നിന്‍റെ ദാസന്‍ എത്രനാള്‍ സഹിച്ചുകൊണ്ടിരിക്കണം?
എന്‍റെ പീഡകരെ നീയെന്നാണു വിധിചെയ്യുക?

നിന്‍റെ വിധികളെ മാനിക്കാത്ത ദുഷ്ടന്മാര്‍
എനിക്കെതിരായി കുഴി കുഴിച്ചു.

നിന്‍റെ പ്രമാണങ്ങളെല്ലാം വിശ്വാസ്യങ്ങളാകുന്നു.

ദുഷ്ടന്മാര്‍ എന്നെ വ്യാജം പറഞ്ഞു ഞെരുക്കുന്നു
കര്‍ത്താവേ, എന്‍റെ സഹായത്തിനു വരണമേ.

ഭൂമിയില്‍ അവര്‍ എന്നെ ഏറെക്കുറെ നശിപ്പിച്ചിരിക്കുന്നു
എന്നാലും ഞാന്‍ നിന്‍റെ കല്പനകള്‍ ഉപേക്ഷിച്ചിട്ടില്ല.

നീ അരുളിചെയ്ത കല്പനകള്‍ പാലിക്കുവാന്‍
അചഞ്ചലമായ സ്നേഹത്താല്‍ എന്‍റെ ജീവനെ കാക്കണമേ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

സ്ലോസാ

കാര്മ്മി : അങ്ങേ കൃപയുടെ വാതില്‍ക്കല്‍ മുട്ടിവിളിക്കുന്നവര്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്ന കര്ത്താവേ, പ്രശാന്തമായ സായംകാലവും ആശ്വസപ്രദമായ രാത്രിയും പ്രതീക്ഷാനിര്ഭരമായ പ്രഭാതവും സത്പ്രവൃത്തികള്‍ നിറഞ്ഞ ദിവസവും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതകാലം മുഴുവും അങ്ങയെ പ്രസാദിപ്പിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


(താഴെ കൊടുത്തിരിക്കുന്ന സ്ലോസാകള്‍ ഓരോന്നും ഓരോരുത്തര്‍ക്ക് ചൊല്ലാവുന്നതാണ്)

ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ, നിന്‍റെ അനുഗ്രഹാശിസ്സുകള്‍ നിന്റെ ജനത്തിന്‍റെന്മേല്‍ ഉണ്ടാകുമാറാകട്ടെ. ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ നിന്‍റെ കരുണ എപ്പോഴും ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കുന്നവനും ഞങ്ങളുടെ നല്ല ശരണവും കരുണ നിറഞ്ഞ അഭയവും സകലത്തന്‍റെ നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

പിതാവിന്‍റെ സമാധാനം നമ്മോടുകൂടെയും പുത്രന്‍റെ സ്നേഹം നമ്മുടെ ഇടയിലും ഉണ്ടായിരിക്കട്ടെ. തന്‍റെ തിരുവിഷ്ടംപോലെ റൂഹാദക്കുദിശാ നമ്മെ നയിക്കട്ടെ. അവന്‍റെ കരുണയും ദയയും നമ്മുടെമേല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്‍റെ സമാധാനം ഞങ്ങളില്‍ വസിക്കട്ടെ. നിന്‍റെ ശാന്തി ഞങ്ങളെ ഭരിക്കട്ടെ. നിന്‍റെ സ്നേഹം ഞങ്ങളുടെ ജീവിതകാലം മുഴുവനും ഞങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരട്ടെ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വര, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്ത്താവേ, നിന്‍റെ വലതുകരത്താല്‍ ഞങ്ങളെ രക്ഷിക്കേണമേ, നിന്‍റെ സഹായം ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്‍റെ നിലനില്ക്കുന്ന സ്നേഹവും സമാധാനവും ജ്ഞാനതൃഷ്ണയും ജീവനും സന്തോഷവും ഞങ്ങള്‍ക്ക് തരേണമേ. ഞങ്ങള്‍ക്കാവശ്യമായിരിക്കുന്നവ ഒരിക്കലും കുറയാന്‍ അനുവദിക്കരുതേ. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വര, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കര്‍ത്താവേ, നിന്‍റെ അജഗണത്തിന്‍റെ രക്തത്തിനായി ദാഹിക്കുന്ന ചെന്നായ്ക്കള്‍ ഞങ്ങളെ ഉപദ്രവിയ്ക്കാതെ, തോഴുത്തിന്‍ മുറ്റത്തു വസിക്കുന്ന ഉറങ്ങാത്ത കാവല്‍ക്കാരനായിരിക്കേണമേ. എന്തുകൊണ്ടെന്നാല്‍ അങ്ങു കുറയാത്ത സ്നേഹത്തിന്‍റെ സമുദ്രമാകുന്നു. സകലത്തിന്‍റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


ദ്ഉദ്റാനാ

കാര്മ്മി : കര്‍ത്താവേ, അങ്ങേ മഹത്വമേറിയ ത്രിത്വത്തിന്‍റെ നിഗൂഢമായ ശക്തിയും, അനന്തമായ അനുഗ്രഹവും നിരന്തരമായ സഹായവും ഞങ്ങള്ക്കു  ലഭിക്കുമാറാകട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷയും മാര്‍ യൗസേപ്പിന്‍റെയും വിശുദ്ധ ശ്ലീഹന്മാരുടെ പ്രാര്‍ത്തനകളും ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെയും മാര്‍ ഗീവര്ഗീസിന്‍റെയും മറ്റു വേദസാക്ഷികളുടെയും ഞങ്ങളുടെ ഇടവകയുടെ മദ്ധ്യസ്ഥനായ (മദ്ധ്യസ്ഥയായ) വിശുദ്ധ ....യും മറ്റു സകല വിശുദ്ധരുടെയും മല്പാന്മാരുടെയും മധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. അവ ഞങ്ങള്‍ക്ക് അഭയവും സഹായവും ദുഷ്ട്പിശാചിലും അവന്റെ സൈന്യങ്ങളിലുംനിന്നും സംരക്ഷണവും നല്കിക നിത്യഭാഗ്യത്തി ലേയ്‌ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ശുശ്രൂ: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


ഹൂത്താമ്മാ

കാര്‍മ്മി : നിത്യപിതാവിന്‍റെ പ്രകാശമായ മിശിഹായേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങേ നീതിമാന്മാരുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും പീഡകളില്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. അങ്ങേയുടെ മനോജ്‌ഞമായ പ്രകാശത്തിലേക്ക് ഞങ്ങളെ നയിക്കുകയും ജീവിതത്തിലുണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളില്‍ നിന്നും മാര്‍ സ്ലീവായുടെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കയും ചെയ്യണമേ. ഇപ്പോഴും † എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍

(സമാധാനം ആശംസിക്കുകയും, 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' എന്ന് പരസ്പരം ആശംസിക്കുകയും ചെയ്യുന്നു. )

2017 ജനുവരി 7, ശനിയാഴ്‌ച


കുരിശിന്‍റെ വഴി (പഴയത്)


പ്രാരംഭഗാനം


ഈശോയേ ക്രൂശും താങ്ങി-


പോയ നിന്റെ അന്ത്യയാത്രയിതില്‍


കന്നിമേരി-യമ്മയോടും


ചേര്‍ന്നുനിന്നെയനുഗമിച്ചീടുന്നു ഞങ്ങള്‍


സ്വര്‍ഗ്ഗീയ-മാര്‍ഗ്ഗമിതില്‍


നീ ചൊരിഞ്ഞ രക്തത്തുള്ളികളാം


രത്നങ്ങളെ ശേഖരിക്കാന്‍


നീ തുണയ്ക്ക, നിനക്കവ കാഴ്ചവച്ചീടാം


പ്രാരംഭ പ്രാര്‍ത്ഥന


കാര്‍മ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ മിശിഹായേ, മനുഷ്യരുടെ പാപങ്ങള്‍ക്കു പരിഹാരമായി ഗാഗുല്‍താമലയില്‍ അങ്ങു രക്തം ചിന്തിക്കൊണ്ടു സമര്‍പ്പിച്ച ദിവ്യബലിയില്‍ ആത്മനാ പങ്കുകൊള്ളുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശിരസ്സില്‍ മുള്‍മുടി ധരിച്ചും തോളില്‍ കുരിശു വഹിച്ചും അങ്ങു ഗാഗുല്‍ത്തായിലേക്കു പോയ ആ വഴിയില്‍ അങ്ങേ ദിവ്യമാതാവിനോടൊത്തു ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. മാനസികമായ അങ്ങയുടെ ക്ലേശങ്ങള്‍ക്കും, ശാരീരികമായ അങ്ങയുടെ പീഡാസഹനങ്ങള്‍ക്കും ഞങ്ങളുടെ പാപങ്ങളാണല്ലോ. കാരണം, കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങളെ ഓര്‍ത്തു ഞങ്ങള്‍ മനസ്തപിക്കുന്നു. ഇനിമേലില്‍ പാപം ചെയ്ത് അങ്ങയെ വേദനിപ്പിക്കുകയില്ല എന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അനുദിനജീവിതത്തിലെ ക്ലേശങ്ങളാകുന്ന കുരിശും വഹിച്ചുകൊണ്ട് അങ്ങയുടെ പിന്നാലെ വരുവാനും ജീവിതബലി പൂര്‍ത്തിയാക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ തിരുമുറിവുകളെ എന്‍റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


ഒന്നാം സ്ഥലം


ഈശോമിശിഹായെ മരണത്തിനു വിധിക്കുന്നു


പീലാത്തോസ് - അന്യായമായ്


ഈശോയേ കൊല്ലുവാനായ് വിധിച്ചു


നമ്മുടെ വന്‍ - പാപഗണം


കാരണമായിതിനെന്നു ധ്യാനിച്ചീടുക


ന്യായേശാ പാപികളാം


ഞങ്ങളെ നീ വിധിച്ചീടും നാളില്‍


നീതിപോലെ ചെയ്യരുതേ!


കാരുണ്യത്തോടെ ഞങ്ങളെ തൃക്കണ്‍പാര്‍ക്കണേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


സര്‍വ്വശക്തനായ കര്‍ത്താവേ, നിര്‍ദ്ദോഷിയായിരുന്നിട്ടും ഒരു പാതകിയെപ്പോലെ പീലാത്തോസിന്‍റെ  മുമ്പില്‍ അവഹേളിതനായി നിറുത്തപ്പെട്ട അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ഞങ്ങളുടെ നിരവിധിയായ പാപങ്ങള്‍ നിമിത്തം ഇന്നും അങ്ങയെ ഞങ്ങള്‍ അവഹേളിക്കുകയും ഒറ്റിക്കൊടുക്കുകയും അന്യായമായി വിധിക്കുകയും ചെയ്യുന്നു. സഭയുടെ ശത്രുക്കള്‍ വിശ്രമരഹിതരായി അദ്ധ്വാനിക്കുമ്പോള്‍ ഞങ്ങള്‍ അലസരായി കഴിയുന്നു. കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കെതിരായി മറ്റുള്ളവര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ തിന്മകളെയും ക്ഷമാപൂര്‍വ്വം സഹിക്കുവാനും ഞങ്ങളുടെ പാപപരിഹാരത്തിനായി അവ വിനയപൂര്‍വ്വം കാഴ്ചവയ്ക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


രണ്ടാം സ്ഥലം


ഈശോമിശിഹാ കുരിശു വഹിക്കുന്നു


യൂദന്മാര്‍ - ഭാരമേറും


ക്രൂശുതന്‍റെ  തിരുതോളിലേറ്റി


സോദരരെ താന്‍ ചുമക്കും


ക്രൂശു നമ്മള്‍ ചെയ്ത പാപഭാരമല്ലയോ


നാഥാ, ഈ ജീവിതത്തില്‍


ക്രൂശുകളാം ബഹുക്ലേശങ്ങളെ


മോദമോടെ - കൈക്കൊള്‍വാനും


സഹിക്കാനും ഞങ്ങളെ നീ ശക്തരാക്കണേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


ഭൂലോകരക്ഷകനായ മിശിഹായേ, ഞങ്ങളുടെ പാപങ്ങള്‍ അങ്ങേക്കായി സജ്ജമാക്കിയ ഭാരമേറിയ കുരിശും വഹിച്ചുകൊണ്ടു സന്തോഷപൂര്‍വ്വം അങ്ങു ഗാഗുല്‍ത്താമലയിലേക്കു കയറിയല്ലോ. അങ്ങയുടെ ശിഷ്യന്മാരാല്‍പ്പോലും പരിത്യക്തനായി, ക്രൂരന്മാരായ ശത്രുക്കളുടെ മദ്ധ്യേ, അങ്ങു കുരിശു വഹിച്ചു കൊണ്ടു പോകുവാന്‍ കാരണമാക്കിയ ഞങ്ങളുടെ പാപങ്ങളെയും അവയുടെ സാഹചര്യങ്ങളെയും ഞങ്ങള്‍ വെറുക്കുന്നു. അവയെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുകയും മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതവും കുരിശുനിറഞ്ഞതായി തോന്നുമ്പോള്‍, ഭഗ്നാശരാകാതെ, അങ്ങയുടെ മാതൃകയെ പിഞ്ചെന്ന്, കുരിശുകളെ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും ജീവിതബലി പൂര്‍ത്തിയാക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


മൂന്നാം സ്ഥലം


ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു


ഭാരത്താല്‍ - ക്ഷീണിച്ചുതാന്‍


പാറമേല്‍ കാല്‍തട്ടി വീഴുന്നയ്യോ


സ്നേഹിതരേ പാപങ്ങളില്‍


ആദ്യമായ് നാം വീണതിതില്‍ കാരണമല്ലോ


കര്‍ത്താവേ, നിന്‍ പ്രമാണ


ലംഘനത്താല്‍ ഞങ്ങള്‍ പാപച്ചേറ്റില്‍


വീഴാതെ ലോകവാസം


സ്വര്‍ഗ്ഗരാജ്യപ്രദമാക്കാന്‍ നീ സഹായിക്ക


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


ദിവ്യരക്ഷകനായ മിശിഹായേ, ശാരീരികമായ ക്ഷീണത്താലും കുരിശിന്‍റെ  ഭാരത്താലും നിലത്തുവീണ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. നന്മ ചെയ്തു കൊണ്ടു സഞ്ചരിച്ച അങ്ങയെ നിര്‍ദ്ദയരായ ശത്രുക്കള്‍ മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതു ഞങ്ങള്‍ കാണുന്നു. അങ്ങയുടെ നിരവധിയായ അനുഗ്രഹങ്ങള്‍ക്കു പാത്രീഭൂതരായവര്‍ തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന കാര്യം ഞങ്ങളെ ലജ്ജിപ്പിക്കുന്നു. ഇന്നു ഞങ്ങളുടെ പാപങ്ങള്‍ ഇത്തരത്തിലുള്ള പീഡകളും അവഹേളനങ്ങളുമാണ് അങ്ങയെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടുന്നു കുരിശുമായി ഒന്നാംവട്ടം നിലത്തുവീണതിന്‍റെ  യോഗ്യതകളെക്കുറിച്ചു ഞങ്ങളുടെ പാപങ്ങള്‍ക്ക്, വിശിഷ്യാ വിചാരത്താല്‍ ഞങ്ങള്‍ ചെയ്തുപോയിട്ടുള്ള പാപങ്ങള്‍ക്ക്, മോചനം നല്‍കുകയും മേലില്‍ ആത്മീയമായ വീഴ്ചകള്‍ കൂടാതെ നിര്‍മ്മലരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കുകയും ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


നാലാം സ്ഥലം


ഈശോമിശിഹാ തന്‍റെ  തിരുമാതാവിന്‍റെ  കാണുന്നു


കണ്ടാലും മാര്‍ഗ്ഗമദ്ധ്യേ


കന്നിമേരി അമ്മ തന്‍ സുതനെ


കാണുന്നിതാ എത്രമാത്രം


മാര്‍മ്മഭേദകമീ കൂടിക്കാഴ്ച! ഹാ! കഷ്ടം


മാതാവേ - കോമളന്‍ നിന്‍


പുത്രനിതാ തിരിച്ചറിഞ്ഞോ നീ


തന്നോടിത്ര നീചമായി


ചെയ്തവരീ ഞങ്ങളാണേ ക്ഷമിക്കണമേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


അവഹേളിതനായ ദിവ്യരക്ഷകാ, മുള്‍മുടി ശിരസ്സിലേന്തിയും ഭാരമേറിയ കുരിശു തോളില്‍ വഹിച്ചും അങ്ങു നടത്തിയ അന്തിമയാത്രയില്‍, അങ്ങു ദിവ്യമാതാവിനെ ദര്‍ശിച്ച രംഗം എത്രയോ വേദനാജനകം!! "ഒരു വാള്‍ നിന്‍റെ  ഹൃദയത്തെ കീറിമുറിക്കും" എന്ന ശെമയോന്‍റെ  പ്രവചനം പൂര്‍ത്തിയാകുവാന്‍ ഈ കാഴ്ചയും വ്യാകുലമാതാവിന് ആവശ്യമായിരുന്നു. മാതാവും പുത്രനും പരസ്പരം നോക്കി. അവരുടെ കണ്ണുകള്‍ നിറഞ്ഞു: ഹൃദയങ്ങള്‍ വിങ്ങിപ്പൊട്ടി; നിശബ്ദമായി സംസാരിച്ച ആ നിമിഷങ്ങള്‍ എത്രയോ സ്വര്‍ഗ്ഗീയം!!! കര്‍ത്താവേ, കണ്ണുകളുടെ തെറ്റായ ഉപയോഗം നിമിത്തം ഞങ്ങള്‍ ചെയ്തു പോയ നിരവധിയായ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എപ്പോഴും മറ്റുള്ളവരില്‍ അങ്ങയെ കാണുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


അഞ്ചാം സ്ഥലം


ഈലോമിശിഹായെ ശെമയോന്‍ സഹായിക്കുന്നു


ക്രൂശേവം താന്‍ ചുമന്നാല്‍


ജിവനോടെതന്നെ ക്രൂശിക്കുവാന്‍


സാദ്ധ്യമല്ല - എന്നോര്‍ത്തവര്‍


സ്ലീവാ ചുമക്കാന്‍ ശീമോനെ നിയോഗിക്കുന്നു.


ശീമോനെപ്പോലെ - ഞങ്ങള്‍


നിന്‍പുറകെ ക്രൂശുതാങ്ങിക്കൊണ്ടു


വന്നീടട്ടെ യേശുനാഥാ


ഭാഗ്യവാന്മാരായിടട്ടെ നിന്‍ കാരുണ്യത്താല്‍


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


പരിത്യക്തനായ ദിവ്യനാഥാ, ഭാരമേറിയ കുരിശും വഹിച്ചുകൊണ്ട് അങ്ങു നടത്തിയ വേദനനിറഞ്ഞ യാത്രാമദ്ധ്യേ അങ്ങയെ സഹായിക്കുവാന്‍ അവസരം ലഭിച്ച ശെമയോന്‍ അനുഗ്രഹീതനായല്ലോ. "എന്‍റെ  ഭാരം ലഘുവും, എന്റെ നുകം മാധുര്യമുള്ളതുമാണെ"ന്ന് അരുളിച്ചെയ്തുകൊണ്ട് അങ്ങേക്കു സാക്ഷ്യം വഹിക്കുവാന്‍ ഞങ്ങളെ മാടിവിളിച്ചിട്ടുള്ള എത്രയോ അവസരങ്ങള്‍ ഞങ്ങള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു! അങ്ങേ സഭയോടൊത്തു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ലഭിച്ചിട്ടുള്ള എത്രയെത്ര സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ പാഴാക്കിക്കളഞ്ഞു! ഞങ്ങളുടെ അലസതയെക്കുറിച്ചും ഉപേക്ഷകളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിക്കുന്നു. കര്‍ത്താവേ, പാവപ്പെറ്റവരിലും ദുഃഖിതരിലും അങ്ങയെ ദര്‍ശിക്കുവാനും ഇന്നുമുതല്‍ അവരുടെ ക്ലേശങ്ങള്‍ കഴിവനുസരിച്ചു ലഘൂകരിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


ആറാം സ്ഥലം


വേറോനിക്ക ഈശോമിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു


സ്വര്‍ഗ്ഗീയദീപ്തി ചിന്തും-


സുന്ദരമാം മുഖം മ്ലാനമായി


ഭക്തയായ വേറോനിക്ക


സ്നേഹഭക്ത്യാ തുടയ്ക്കുന്നു തന്‍ തിരുമുഖം


പാപത്താല്‍ മ്ലാനമായ


ഞങ്ങളുടെ ദേഹീദേഹങ്ങളെ


ശുദ്ധിയാക്കി നിന്‍ മുഖത്തിന്‍


ഛായയെ നീ മുദ്രിതമാക്കണമവയില്‍


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


കരുണാനിധിയായ ദിവ്യനാഥാ, കഠിനഹൃദയരായ ശത്രുക്കളുടെയും ക്രൂരന്മാരായ പടയാളികളുടെയും നടുവില്‍ എല്ലാവരാലും പരിത്യക്തനായി കുരിശും വഹിച്ചുകൊണ്ട് അങ്ങു പൂര്‍ത്തിയാക്കിയ ക്ലേശം നിറഞ്ഞ യാത്രാമദ്ധ്യേ അങ്ങയെ ആശ്വസിപ്പിക്കാനെത്തിയ വെറോനിക്ക ഭാഗ്യവതിയായല്ലോ. അങ്ങയുടെ തിരുമുഖം തുടച്ച അവളുടെ തൂവാലയില്‍ അത്ഭുതകരമായി അങ്ങേ തിരുമുഖത്തിന്‍റെ  ഛായ പതിക്കുവാന്‍ തിരുമനസ്സായ അങ്ങ് ഞങ്ങളുടെ ഹൃദയത്തിലും അങ്ങയുടെ പീഡാനുഭവത്തിന്റെ മുദ്രപതിക്കണമേ. ഞങ്ങളെ കാണുന്നവര്‍ അങ്ങയേയും കാണത്തക്കവിധം ഞങ്ങളില്‍ അങ്ങയുടെ ചൈതന്യം നിറയ്ക്കണമേ. ലോകത്തിന്റെ പരിഹാസങ്ങളെയും പീഡനങ്ങളെയും ഭയപ്പെടാതെ എല്ലാ സാഹചര്യങ്ങളിലും അങ്ങേക്കു സാക്ഷ്യം വഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


ഏഴാം സ്ഥലം


ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു


വീണ്ടും താന്‍ - ക്രൂശിന്‍ കീഴായ്


വാടിത്തളര്‍ന്നിതാ വീഴുന്നയ്യോ!


ചന്തമേറും തന്‍ മുഖവും


കൈകാല്‍കളും - കല്ലില്‍ മുട്ടി പൊട്ടിക്കീറുന്നു


ഈശോയേ - വീണ്ടും ഞങ്ങള്‍


ചാവുദോഷത്തില്‍ വീണതിനാല്‍


അല്ലയോ നീ വീണതേവം


ഞങ്ങളെ നിന്‍ തൃക്കൈനീട്ടി രക്ഷിക്കണമേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


മനുഷ്യരുടെ പാപഭാരം മുഴുവന്‍ ചുമന്ന ദിവ്യരക്ഷകാ, ബലഹീനനായി രണ്ടാം വട്ടവും അങ്ങു നിലത്തുവീഴുവാന്‍ ഞങ്ങള്‍ ചെയ്ത പാപം കാരണമാണല്ലോ. ദിവ്യനാഥാ, ഞങ്ങള്‍ പാപം ചെയ്യുമ്പോഴെല്ലാം വീണ്ടും കുരിശോടുകൂടി അങ്ങയെ നിലംപതിപ്പിക്കുകയാണു ചെയ്യുന്നതെന്നു മനസ്സിലാക്കുവാനുള്ള വരം ഞങ്ങള്‍ക്കു നല്‍കണമേ. ജീവിത ക്ലേശങ്ങളുടെ ഭാരത്താലും പ്രലോഭനങ്ങളുടെ വശീകരണത്താലും തളര്‍ന്നുവീഴുകയും എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ലാതെ വലയുകയും ചെയുന്ന സന്ദര്‍ഭങ്ങളില്‍ കരുണാപൂര്‍വ്വം അങ്ങേ തൃക്കരം നീട്ടി ഞങ്ങളെ രക്ഷിക്കണമേ. അവിടുന്നു രണ്ടാം പ്രാവശ്യവും കുരിശുമായി നിലത്തുവീണതിന്റെ യോഗ്യതകളെക്കുറിച്ചു ഞങ്ങളുടെ പാപങ്ങള്‍, വിശിഷ്യാ സംസാരത്താല്‍ ഞങ്ങള്‍ ചെയ്തിട്ടുള്ള പാപങ്ങള്‍, ഞങ്ങളോടു ക്ഷമിക്കണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


എട്ടാം സ്ഥലം


ഈശോമിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു


കര്‍ത്താവിന്‍ പീഡകളെ


കണ്ടതുമൂലം സഹതാപമോടെ


ഭക്തസ്ത്രീകള്‍ കേണിടുന്നു


ആശ്വസിപ്പിച്ചീടുന്നു താനവരെയേവം


ഓര്‍ശ്ലേമിന്‍ പുത്രികളെ


എന്നെ ഓര്‍ത്തു നിങ്ങള്‍ കേഴേണ്ടൊട്ടും


നിങ്ങളെയും നിങ്ങളുടെ


മക്കളെയും ഓര്‍ത്തു നിങ്ങള്‍ പ്രലപിക്കുവിന്‍


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


കരയുന്നവരുടെ സങ്കേതവും ദുഃഖിതരുടെ ആശ്വാസവുമായ മിശിഹായേ, കുരിശു ചുമക്കുന്നവനായി അങ്ങയെ കണ്ടു വിലപിച്ച ജെറുസലേം നഗരിയിലെ ഭക്തസ്ത്രീകളെ അങ്ങു കരുണാപൂര്‍വ്വം ആശ്വസിപ്പിച്ചുവല്ലോ. "നിങ്ങളേയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു നിങ്ങള്‍ കരയുവിന്‍" എന്ന് അവരോട് അരുളിച്ചെയ്ത കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങളെ ഓര്‍ത്തു മനസ്തപിക്കാനുള്ള വരം ഞങ്ങള്‍ക്കു നല്‍കണമേ. ശത്രുക്കള്‍ അങ്ങേ മൗതിക ശരീരത്തെ മുറിപ്പെടുത്തുകയും അങ്ങയുടെ പ്രതിനിധികളെ പീഡിപ്പിക്കുകയും ചെയ്യുന്നതു നിമിത്തം വേദനിക്കുകയും വിലപിക്കുകയും ചെയ്യുന്ന അങ്ങയെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഈ ആഗ്രഹത്തെ ആശീര്‍വ്വദിച്ചു സഫലമാക്കണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


ഒമ്പതാം സ്ഥലം


ഈശോമിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു


ദിവ്യാഭ - ചിന്തിടുന്ന


നിന്‍ മുഖാബ്‌ജംകുത്തി മൂന്നാമതും


വീഴുന്നീശോ - നീചര്‍യൂദര്‍ -


നാലുപാടും വലിക്കുന്നു ചവിട്ടുന്നയ്യോ


ചേറ്റിലൊരു റോസാപ്പൂപോല്‍


വീണുഴലും മമജീവനാഥാ,


ഘോരമായ നിത്യാഗ്നിയില്‍


വീണിടാതെ ഞങ്ങളെ നീ രക്ഷിക്കണമേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


പാപികളുടെ സങ്കേതമായ മിശിഹായേ, കുരിശിന്‍റെ  ഭാരത്താലും ശാരീരികക്ഷീണത്താലും മൂന്നാം പ്രാവശ്യവും നിലത്തുവീണ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. പാപപരിഹാരാര്‍ത്ഥം അങ്ങ് സ്വയം അര്‍പ്പിച്ച ബലിയുടെ പൂര്‍ത്തീകരണത്തിനായി അവിടുന്നു വീണ്ടും എഴുന്നേല്‍ക്കുകയും തുടര്‍ന്നു കുരിശുചുമക്കുകയും ചെയ്തുവല്ലോ. ജീവിതക്ലേശങ്ങളാകുന്ന കുരിശുകളുടെ ഭാരത്താല്‍ വീണുപോകുന്ന ഞങ്ങളെ നിരാശയില്‍ നിപതിക്കാന്‍ ഇടവരാതെ കാത്തുകൊള്ളണമേ. മാനുഷികബലഹീനതകളാല്‍ പാപം ചെയ്യാനിടവരുമ്പോള്‍ മനസ്താപപ്രകരണത്തോടെ സ്വര്‍ഗ്ഗപിതാവിന്‍റെ  പക്കലേക്കു പിന്തിരിയുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അവിടുന്നു മൂന്നാം പ്രാവശ്യവും കുരിശിനോടുകൂടി നിലത്തുവീണതിന്‍റെ  യോഗ്യതകള്‍ പരിഗണിച്ച് എല്ലാ തഴക്കദോഷങ്ങളിലും നിന്നു ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


പത്താം സ്ഥലം


ഈശോമിശിഹായുടെ തിരുവസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെടുന്നു


ചെന്നായ്ക്കള്‍ - കുഞ്ഞാടിന്റെ


തോലുരിഞ്ഞു മാന്തിക്കീറുമ്പോലെ


രക്തം മൂലം - ദേഹത്തോട്


ഒട്ടിച്ചേര്‍ന്ന വസ്ത്രമവര്‍ ഉരിഞ്ഞീടുന്നു.


മാമ്മോദീസ കൈക്കൊണ്ടപ്പോള്‍


ഞങ്ങള്‍ക്കു നീ തന്ന വെള്ളവസ്ത്രം


ദൈവേഷ്ടമാം ദിവ്യവസ്ത്രം


നഷ്ടമാക്കീടായ്‌വാന്‍ ശക്തിനല്‍കേണം നാഥാ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായിത്തീര്‍ന്ന മിശിഹായേ, ഗാഗുല്‍ത്താമലയില്‍വച്ച് ക്രൂരസേവകന്മാര്‍ അങ്ങയുടെ തിരുവസ്ത്രങ്ങള്‍ ബലമായി ഉരിഞ്ഞെടുത്തുവല്ലോ. അങ്ങയെ നഗ്നനാക്കി അവഹേളിക്കുകയും, അവിടുത്തേക്കു കുടിക്കുവാന്‍ കയ്പ്പുള്ള പാനീയം നല്‍കുകയും ചെയ്തപ്പോള്‍ അവിടുന്നനുഭവിച്ച മാനസികവും ശാരീരികവുമായ വേദന എത്രയോ ദുസ്സഹമായിരുന്നു! അവയ്ക്കു കാരണമായ ഞങ്ങളുടെ പാപങ്ങളെ ഓര്‍ത്തു ഞങ്ങള്‍ മനസ്തപിക്കുന്നു. അടക്കത്തിനു യോജിക്കാത്ത വസ്ത്രധാരണത്താലും ഭക്ഷണപാനീയങ്ങളിലുള്ള ക്രമരഹിതമായ ആസക്തിയാലും മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന നിരവധിയായ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വിശുദ്ധിയുടെ നിര്‍മ്മല വസ്ത്രം ധരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


പതിനൊന്നാം സ്ഥലം


ഈശോമിശിഹാ കുരിശിന്മേല്‍ തറയ്ക്കപ്പെടുന്നു


സ്ലീവാമേല്‍ - താന്‍ കിടന്നു


യൂദര്‍ - കൈകാലുകളാണികളാല്‍


ക്രൂശില്‍ച്ചേര്‍ത്തു തറയ്ക്കുന്നു


പ്രാണവേദനയാലീശോ വിലപിക്കുന്നു


ചുറ്റികയിന്‍ - ശബ്ദവും താന്‍


ആര്‍ത്തനാദവും മുഴങ്ങുന്നിതാ


ഈശോയേ ഘാതകരാം


ഞങ്ങളെ നീ ശിക്ഷിക്കല്ലേ രക്ഷിക്കണമേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


സ്നേഹനിധിയായ ഈശോയേ, നന്മചെയ്തു കൊണ്ടു ചുറ്റിനടന്ന അങ്ങയുടെ തൃപ്പാദങ്ങളും, ആശീര്‍വ്വദിക്കുവാനുയര്‍ത്തിയ അങ്ങയുടെ തൃക്കരങ്ങളും ക്രൂരന്മാരായ പടയാളികള്‍ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറച്ചുവല്ലോ. സന്തോഷപൂര്‍വ്വം അങ്ങു സഹിച്ച കഠോരമായ ആ വേദനകള്‍ക്കു ഞങ്ങള്‍ ചെയ്ത പാപങ്ങളല്ലയോ കാരണം. കര്‍ത്താവേ, ഞങ്ങളുടെ ശാരീരിക അവയവങ്ങളെയും ആന്തരേന്ദ്രിയങ്ങളേയും നിയന്ത്രിക്കുവാനും അവയെ ദൈവതിരുമനസ്സിന് അനുയോജ്യമായവിധം ഉപയോഗിക്കുവാനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങള്‍ ചെയ്യുന്ന ഓരോ പാപവും അങ്ങയുടെ തിരുശരീരത്തില്‍ അടിച്ചുകയറ്റുന്ന ആണികളാണെന്നും ഹൃദയത്തില്‍ ഏല്പ്പിക്കുന്ന മുറിവുകളാണെന്നുമുള്ള അവബോധം ഞങ്ങളില്‍ വളര്‍ത്തുവാനും, മേലില്‍ പാപം ചെയ്യാതെ ജീവിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


പന്ത്രണ്ടാം സ്ഥലം


ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു


ക്രൂശിന്മേല്‍ ആണികളില്‍


നഗ്നനായി തൂങ്ങിമരിക്കുന്നീശോ


പ്രീശേന്മാരും - സംപ്രേന്മാരും


താഴെനിന്നു നിന്ദിച്ചുകൊണ്ടാനന്ദിക്കുന്നു


മാതാവും - യോഹന്നാനും


മഗ്ദലനയോടു ചേര്‍ന്നു നില്‍ക്കും


ക്രൂശിന്‍താഴെ പോയിനില്‍ക്കാം


തന്റെ രക്തം വീണു നാമും നിര്‍മ്മലരാകും


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


ഞങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ തൂങ്ങി മരിച്ച ദിവ്യരക്ഷകാ, മൂന്നു മണിക്കൂര്‍ നേരം കുരിശില്‍ കിടന്നുകൊണ്ടു ഞങ്ങള്‍ക്കുവേണ്ടി അങ്ങു സഹിച്ച അവര്‍ണ്ണനീയങ്ങളായ പീഡകളെ ഓര്‍ത്ത് അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കുവേണ്ടി സ്വര്‍ഗ്ഗപിതാവിനോടു പ്രാര്‍ത്ഥിക്കുകയും അവിടുത്തെ തൃക്കരങ്ങളില്‍ ആത്മാവിനെ സമര്‍പ്പിക്കുകയും ചെയ്ത അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ശത്രുക്കളോടു ക്ഷമിക്കുന്നതിനും ദൈവതിരുമനസ്സിനു കീഴ്വഴങ്ങിക്കൊണ്ട് ഏതൊരുവിധ മരണവും ഏതു സമയത്തും കൈവരിക്കുന്നതിനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ. ഇനിയും ഞങ്ങള്‍ ജീവിക്കുവാനാകുന്നു അങ്ങു തിരുമനസ്സാകുന്നതെങ്കില്‍ പാപവഴികളില്‍നിന്നകന്നു സ്വര്‍ഗ്ഗോന്മുഖരായി ജീവിക്കുവാനും അവസാനം അങ്ങയെ മുഖാഭിമുഖം കണ്ട് ആനന്ദിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ  തിരുമുറിവുകളെ എന്‍റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


പതിമൂന്നാം സ്ഥലം


ഈശോമിശിഹായുടെ മൃതശരീരം മാതാവിന്‍റെ  മടിയില്‍ കിടത്തുന്നു


ചെന്താമര പുഷ്പമൊരു


വെണ്‍താമരപ്പൂവില്‍ ചേര്‍ത്തതുപോല്‍


തന്‍സുതന്റെ പൂമേനിയെ


അമ്മ മടിയില്‍ കിടത്തി ചുംബിക്കുന്നിതാ


മാതാവേ മൃത്യുവിങ്കല്‍


നിന്‍പുത്രര്‍ ഞങ്ങളെ നിന്മടിയില്‍


ചേര്‍ക്കുവാനും ഞങ്ങളുടെ


ആത്മാക്കളെ കൈക്കൊള്‍വാനും വന്നീടണമേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രന്‍റെ മൃതശരീരം മടിയില്‍ കിടത്തിയപ്പോള്‍ അങ്ങയുടെ ഹൃദയം വ്യാകുലവാളാല്‍ പിളര്‍ന്നുപോയല്ലോ! ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന്‍റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്കു മാതാവായിത്തന്ന മിശിഹായേ ഞങ്ങല്‍ സ്തുതിക്കുന്നു. "ഇതാ കര്‍ത്താവിന്‍റെ ദാസി" എന്നു പറഞ്ഞുകൊണ്ട് ദൈവമാതൃത്വം സ്വീകരിച്ച സമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ട് മനുഷ്യരക്ഷാകര്‍മ്മത്തില്‍ തന്‍റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ, അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവതിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകോണ്ട് എല്ലായിടത്തും അങ്ങേ തിരുക്കുമാരനു സാക്ഷ്യം വഹിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു നല്‍കണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


പതിനാലാം സ്ഥലം


ഈശോമിശിഹായുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു


നാഥന്‍റെ! ദിവ്യദേഹം


സംസ്കരിച്ചീടുന്നു ശിഷ്യരിതാ


പാപത്തില്‍ നാം ആത്മാവിനെ


താഴ്ത്തിയതല്ലയോ ഇതിന്‍ കാരണമോര്‍പ്പിന്‍


ഈശോയേ - നിന്‍ കല്ലറ


ഭക്തിയോടെ മുത്തും ഞങ്ങളുടെ


ആത്മാക്കളെ മൃത്യുവിങ്കല്‍


നിന്‍റെ ദിവ്യഹൃദയത്തില്‍ സംസ്ക്കരിക്കണേ


കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.


സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.


മരണംവഴി മരണത്തെ ജയിച്ചടക്കിയ ലോകരക്ഷകാ, അനന്തമായ പീഡകള്‍ സഹിച്ചുകൊണ്ടു മനുഷ്യരക്ഷാകര്‍മ്മം പൂര്‍ത്തിയാക്കിയ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും കാരണമായ ഞങ്ങളുടെ പാപങ്ങളെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുന്നു. അവയേയും അവയുടെ സാഹചര്യങ്ങളെയും ഞങ്ങള്‍ വെറുക്കുന്നു. ഇനിമേലില്‍ പാപം ചെയ്യുകയില്ലെന്നു ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ പ്രതിജ്ഞകളെ സഫലമാക്കണമേ. "അങ്ങയോടുകൂടി മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നു" വിശ്വസിക്കുന്ന ഞങ്ങള്‍ക്ക്, അങ്ങയുടെ പീഡാനുഭവത്തെ ഓര്‍ത്തു ധ്യാനിച്ചുകൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാനും, ഭാഗ്യമരണം പ്രാപിച്ചു നിത്യാനന്ദം അനുഭവിക്കുവാനുമുള്ള അനുഗ്രഹം നല്‍കുകയും ചെയ്യണമേ.


1 സ്വര്‍ഗ്ഗ, 1 നന്മ


കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.


സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍റെ തിരുമുറിവുകളെ എന്‍റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


കുരിശുരൂപത്തിനു മുമ്പാകെ


മാതാവേ - ഞങ്ങള്‍ ചെയ്ത


പുണ്യയാത്രയിതില്‍ വന്നുപോയ


തെറ്റുകളെ - നീക്കിയത്


നിന്‍റെ പുത്രനിഷ്ടമുള്ളതാക്കിത്തീര്‍ക്കണേ


സ്വര്‍ഗ്ഗീയതാതാ നിന്‍റെ


ജാതന്‍ ക്രൂശില്‍ സ്വര്‍ഗ്ഗമേറിയപോല്‍


ഞങ്ങളുമീ ക്രൂശുവഴി


സ്വര്‍ഗ്ഗേവാഴും നിന്‍ തൃപ്പാദം ചേരാന്‍ തുണയ്ക്കൂ.


സമാപന പ്രാര്‍ത്ഥന


സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേ തിരുക്കുമാരന്‍റെ പീഡാനുഭവവും കുരിശു മരണവും ഉത്ഥാനവും വഴി മനുഷ്യവര്‍ഗ്ഗത്തെ അങ്ങു വീണ്ടും സ്വര്‍ഗ്ഗത്തിനര്‍ഹമാക്കിയതിന് അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ക്കുവേണ്ടി മരിച്ച അങ്ങേ പുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങലുടേയും ലോകം മുഴുവന്‍റെയും പാപങ്ങള്‍ കരുണാപൂര്‍വ്വം ക്ഷമിക്കണമേ. അവഹേളനത്തിന്‍റെ ചിന്നമായിരുന്ന കുരിശിനെ രക്ഷയുടെ അടയാലമാക്കി ഉയര്‍ത്തിയ മിശിഹായുടെ പീഡാനുഭവങ്ങളെ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍ ആ കുരിശില്‍ അഭിമാനം കൊള്ളുവാനും ലോകം മുഴുവനും അതില്‍ രക്ഷകണ്ടെത്തുവാനും ഇടവരുത്തണമേ ഈ കുരിശിന്‍റെ വഴിയില്‍ സംബന്ധിച്ച ഞങ്ങളെ എല്ലാവരെയും ആത്മീകവും ശാരീരികവുമായ ദാനങ്ങള്‍ നല്‍കി അനുഗ്രഹിക്കണമേ. തന്‍റെ ഏകജാതനെ ഞങ്ങള്‍ക്കു നല്‍കിയ പിതാവിനു സ്തുതിയും, കുരിശുമരണത്താല്‍ ഞങ്ങലെ രക്ഷിച്ച പുത്രന് ആരാധനയും, പരിത്രാണ കൃത്യം പൂര്‍ത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും + എന്നേക്കും.


(കാര്‍മ്മികന്‍ കുരിശുരൂപം കൊണ്ട് ജനങ്ങളെ ആശീര്‍വ്വദിക്കുന്നു)


പരിശുദ്ധപിതാവിന്‍റെ നിയോഗാര്‍ത്ഥം 1. സര്‍ഗ്ഗ 1. നന്മ 1.ത്രിത്വ


മനസ്താപപ്രകരണം

എന്‍റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. അമ്മേന്‍

2017 ജനുവരി 5, വ്യാഴാഴ്‌ച

ആന്തരിക സൗഖ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന


കര്‍ത്താവായ യേശുവേ, ഞങ്ങളുടെ മുറിവേറ്റതും പ്രശ്നകലുഷിതവുമായ ഹൃദയങ്ങളെ സുഖപ്പെടുത്താന്‍ അവിടുന്ന് ആഗതനായി. എന്‍റെ ഹൃദയത്തില്‍ ഉത്കണ്ഠയുണ്ടാക്കുന്ന പീഡകളെ സുഖപ്പെടുത്തണമെന്നു ഞാന്‍ യാചിക്കുന്നു.

പ്രത്യേകമായി പാപത്തിനു കാരണമാകുന്നവയെ സുഖപ്പെടുത്തണമേ. എന്‍റെ കഴിഞ്ഞ കാലജീവിതത്തില്‍ ഉണ്ടായ എല്ലാ ആന്തരിക മുറിവുകളെയും അവ എന്‍റെ ജീവിതത്തിലുടനീളം ഉണ്ടാക്കിയ ആഘാതങ്ങളെയും സുഖപ്പെടുത്തണമെന്ന് പ്രാര്‍ത്ഥിക്കുന്നു.

കര്‍ത്താവായ യേശുവേ, അങ്ങെന്‍റെ വിഷമങ്ങള്‍ അറിയുന്നു. നല്ല ഇടയനായ അങ്ങയുടെ സന്നിധിയില്‍ അവ സമര്‍പ്പിക്കുന്നു. അങ്ങയുടെ ഹൃദയത്തിലേറ്റ ആ വലിയ മുറിവിന്‍റെ യോഗ്യതയാല്‍ എന്‍റെ മുറിവുകളെ സുഖപ്പെടുത്തണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ സുഖപ്പെടുത്തണമേ. അങ്ങനെ എനിക്ക് സംഭവിച്ചതൊന്നും എന്നെ വേദനയിലും വിഷമത്തിലും ഉത്കണ്ഠയിലും തളച്ചിടാതിരിക്കട്ടെ.

കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ രൂഢമൂലമായിരിക്കുന്ന തിന്മകള്‍ക്കു കാരണമായ സകല മുറിവുകളെയും സുഖപ്പെടുത്തണമേ. കര്‍ത്താവായ യേശുവേ, ശാരീരിക രോഗങ്ങള്‍ക്കു കാരണമാകുന്ന എന്‍റെ മുറിവുകളും സുഖപ്പെടുത്തണമേ. എന്‍റെ ഹൃദയത്തെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. കര്‍ത്താവേ, ഇതു സ്വീകരിച്ച് ശുദ്ധീകരിച്ചു അങ്ങയുടെ ദൈവിക ഹൃദയത്തിന്‍റെ വികാരങ്ങള്‍ എനിക്ക് നല്‍കണമേ.

കര്‍ത്താവേ, എന്നെ വേദനിപ്പിക്കുന്ന, പ്രിയപ്പെട്ടവരുടെ മരണം മൂലമുണ്ടായ വിഷമങ്ങളില്‍ എനിക്ക് സൗഖ്യം നല്‍കണമേ. പുനരുത്ഥാനവും ജീവനും അങ്ങാണെന്നുള്ള അറിവിലൂടെ സന്തോഷവും സമാധാനവും ഞാന്‍ വീണ്ടെടുക്കട്ടെ. അങ്ങയുടെ ഉത്ഥാനത്തിന്‍റെയും, പാപത്തിന്‍റെയും മരണത്തിന്‍റെയും മേലുള്ള അങ്ങയുടെ വിജയത്തിന്‍റെയും, ഞങ്ങളുടെ ഇടയിലുള്ള അങ്ങയുടെ സജീവ സാന്നിധ്യത്തിന്‍റെയും ആധികാരികമായ സാക്ഷിയായി എന്നെ മാറ്റേണമേ. ആമ്മേന്‍