2016, ഡിസംബർ 30, വെള്ളിയാഴ്‌ച

പുത്തന്‍പാന: രണ്ടാം പാദം


ഹാവായോടു പിശാചു ചൊല്ലിയ വഞ്ചനയും അവള്‍ ആയതിനെ വിശ്വസിച്ചു കനിതിന്നുന്നതും, ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനി തിന്ന് ഇരുവരും പിഴച്ചതും, ദൈവനാദം കേട്ട് അനുതപിച്ചതും, ആ പാപം കാരണത്താല്‍ വന്നുകൂടിയ ചേതനാശവും, അവരുടെ മനസ്താപത്താല്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചു പുത്രന്‍ തമ്പുരാന്റെ മനുഷ്യാവതാരത്തില്‍ രക്ഷ കല്‍പിച്ചാശ്വസിപ്പിച്ചതും, മിശിഹായുടെ അവതാരത്തെ പൂര്‍വ്വപിതാക്കന്മാര്‍ പ്രാര്‍ത്ഥിച്ചു വന്നതും.


മാനുഷരെ പിഴപ്പിച്ചു കൊള്ളുവാന്‍

മാനസദാഹമൊടു പിശാചവന്‍.

തന്‍കരുത്തു മറച്ചിട്ടുപായമായ്

ശങ്കകൂടാതെ ഹാവായോടോതിനാന്‍

മങ്കമാര്‍ മണി മാണിക്യരത്നമേ,

പെണ്‍കുലമൗലേ കേള്‍ മമ വാക്കുനീ

നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ

അല്ലലായിരിപ്പാനെന്തവാകാശം

എന്നസുരന്‍ മധുരം പറഞ്ഞപ്പോള്‍

ചൊന്നവനോടു നേരായ വാര്‍ത്തകള്‍

കണ്ടതെല്ലാമടക്കി വാണിടുവാന്‍

ദണ്ഡമെന്നിയെ കല്‍പിച്ചു തമ്പുരാന്‍

വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളൂവാന്‍

വോണ്ടുന്നവരവും തന്നു തങ്ങള്‍ക്ക്

പിന്നെയീമരത്തിന്റെ കനിയിത്

തിന്നരുതെന്ന പ്രമാണം കല്‍പിച്ചു

ദൈവകല്‍പന കാത്തുകൊണ്ടിങ്ങനെ

ദേവാസേവികളായിരിക്കുന്നിതാ

ഹാവായിങ്ങനെ ചെന്നതിനുത്തരം

അവള്‍ സമ്മതിപ്പാനസുരേശനും

വഞ്ചനയായ വന്‍ചതിവാക്കുകള്‍

നെഞ്ചകം തെളിവാനുരചെയ്തവന്‍

കണ്ടകായ്‍കനിയുണ്ടുകൊണ്ടിങ്ങനെ

കുണ്‌‍ഠരായ് നിങ്ങള്‍ വാഴ്വതഴകതോ?

സാരമായ കനിഭുജിച്ചിടാതെ

സാരഹീന ഫലങ്ങളും ഭക്ഷിച്ച്,

നേരറിയാതെ സാരരഹിതരായ്

പാരില്‍ മൃഗസമാനമെന്തിങ്ങനെ,

എത്ര വിസ്മയമായ കനിയിത്!

ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും

നന്മയേറ്റം വളര്‍ത്തുമിതിന്‍കനി

തിന്മാനും രുചിയുണ്ടതിനേറ്റവും

ഭാഗ്യമായ കനിയിതു തിന്നുവാന്‍

യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാന്‍

അറ്റമില്ലിതു തിന്നാലതിന്‍ ഗുണം

കുറ്റവര്‍ക്കറിയാമെന്നതേ വേണ്ടു,

ദിവ്യമായ കനിയിതു തിന്നുകില്‍

ദേവനു സമമായ്‍വരും നിങ്ങളാ,

ആയതുകൊണ്ട് ദേവന്‍ വിരോധിച്ചു.

ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാന്‍

സ്നേഹം നിങളെയുണ്ടെന്നതുകൊണ്ടു

മഹാസാരരഹസ്യം പറഞ്ഞു ഞാന്‍

ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകില്‍

വന്നിടുമ്മഹാ ഭാഗ്യമറിഞ്ഞാലും.

ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോള്‍

കഷ്ടമാക്കനി തിന്നു പിഴച്ചഹോ,

നഷ്ടമായെന്നറിയാതെ പിന്നെയും

ഇഷ്ട ഭക്ഷ്യമായ് നല്‍കി ഭര്‍ത്താവിന്നും

ഹാവാ തങ്കല്‍ മനോരുചിയാകയാല്‍

അവള്‍ക്കിമ്പം വരുവതിന്നാദവും

ദേവകല്‍പന ശങ്കിച്ചിടാതന്നു

അവള്‍ ചൊന്നതു സമ്മതിച്ചക്കനി

തിന്നവന്‍ പിഴപെട്ടൊരനന്തരം

പിന്നെയും ദേവഭീതി ധരിച്ചില്ല.

ഉന്നതനായ ദേവനതുകണ്ടു

തന്നുടെ നീതിലംഘനം ചെയ്കയാല്‍

താതന്‍ തന്റെ തനയരോടെന്നപോല്‍

നീതിമാനഖിലേശ്വരന്‍ കോപിച്ചു.

ആദം! നീയെവിടെ എന്നരുള്‍ ചെയ്തു

നാദം കേട്ടു കുലുങ്ങി പറുദീസാ.

ആദവും അഴകേറിയ ഭാര്യയും

ഭീതിപൂണ്ടു ഭ്രമിച്ചു വിറച്ചുടന്‍

ദൈവമംഗലനാദങ്ങള്‍ കേട്ടപ്പോള്‍

ദൈവീക മുള്ളില്‍ പൂക്കുടനാദവും

ദൈവന്യായം കടന്നതു ചിന്തിച്ചു

ദൈവമേ പിഴച്ചെന്നവന്‍ തേറിനാല്‍

നാണമെന്തെന്നറിയാത്ത മാനുഷന്‍

നാണിച്ചു പത്രവസ്ത്രം ധരിച്ചുടന്‍,

ചെയ്ത ദോഷത്തിനുത്തരമപ്പോഴേ

സുതാപത്തോടനുഭവിച്ചാരവര്‍

അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു

പാമ്പു ദൈവാജ്ഞ ലംഘിപ്പിച്ചെന്നതാല്‍

നിന്റെ വായാല്‍ നീ വചിച്ചതുകൊണ്ടു

നിന്റെ ദോഷം നിന്‍വായില്‍ വിഷമൊന്നും

പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും

കണ്ടവര്‍ കൊല്ലുകെണ്ടം ശപിച്ചുടന്‍

സര്‍വ്വനാഥനെയാദം മറക്കയാല്‍

സര്‍വ്വജന്തുക്കളും മറന്നാദത്തെ

തമ്പുരാന്‍ മുമ്പവര്‍ക്കു കൊടുത്തൊരു

വമ്പുകള്‍ വരം നീക്കി വിധിച്ചിത്

പൈയും ദാഹം ക്ഷമിക്കേണമെന്നതും,

വിയര്‍പ്പോടു പൊറുക്കേണമെന്നതും,

വ്യാധി ദുഃഖങ്ങളാല്‍ വലകെന്നതും,

ആധിയോടു മരിക്കണമെന്നതും,

ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും

ഏറ്റമായുള്ള ദണ്ഡസമൂഹവും

മുള്ളുകള്‍ ഭൂമി തന്നില്‍ മുളച്ചിത്

പള്ളക്കാടു പരന്നു ധരിത്രിയില്‍

സ്വൈതവാസത്തില്‍ നിന്നവരെയുടന്‍

ന്യായം കല്‍പിച്ചുതള്ളി സര്‍വ്വേശ്വരന്‍.

മൃഗതുല്യമവര്‍ ചെയ്ത ദോഷത്താല്‍

മൃഗവാസത്തില്‍ വാഴുവാന്‍ യോഗ്യരായ്

ഇമ്പമൊടു പിഴച്ചതിന്റെ ഫലം

പിമ്പില്‍ കണ്ടുതുടങ്ങി പിതാക്കന്മാര്‍

നല്ലതെന്നറിഞ്ഞീടിലും നല്ലതില്‍

ചെല്ലുവാന്‍ മടി പ്രാപിച്ചു മാനസേ

വ്യാപിച്ചു ഭൂകി തിന്മയെന്നുള്ളതും,

മുമ്പില്‍ തിന്മയറിയാത്ത മാനുഷര്‍

തിന്മ ചെയ്തവര്‍ തിന്മയിലായപ്പോള്‍

നന്മ പോയതിനാല്‍ തപിച്ചേറ്റവും

ഉള്ള നന്മയറിഞ്ഞീടുവാന്‍ പണി.

ഉള്ള തിന്മയറിയായ്‍വാനും പണി

അശുഭത്തിലെ വിരസം കണ്ടവ-

രാശുമുങ്ങീതു ദുഃഖസമുദ്രത്തില്‍

വീണുതാണതി ഭീതി മഹാധിയാല്‍

കേണപജയമെണ്ണിക്കരയുന്നു

ജന്മപര്യന്തം കല്‍പിച്ച നന്മകള്‍

ദുര്‍മ്മോഹം കൊണ്ടശേഷം കളഞ്ഞയ്യോ,

നല്ല കായ്‍കനി തോന്നിയതൊട്ടുമേ

നല്ലതല്ലതു ദോഷമനവധി

സ്വാമിതന്നുടെ പ്രധാന കല്‍പന

ദുര്‍മ്മോഹത്തിനാല്‍ ലംഘനം ചെയ്തതും,

കഷ്ടമെത്രയും സ്വര്‍ല്ലോകനാഥനെ

ദുഷ്ടരായ നാം മറന്നതെങ്ങനെ!

സത്താം ദേഹവും തന്ന സ്രഷ്ടാവിനെ

എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ.

ആപത്തെല്ലാം വരുത്തിചമച്ചു നാം

താപവാരിയില്‍ വീണു മുഴുകിയേ

വീഴ്ചയാലടി നാശവും വന്നു നാം

താഴ്ചയേറും കുഴിയതില്‍ വീണിത്

പൊയ്‍പോയ ഗുണം ചിന്തിച്ചു ചിന്തിച്ചു

താപത്തിനു മറുകരകാണാതെ

പേര്‍ത്തു പേര്‍ത്തു കരഞ്ഞവര്‍ മാനസേ

ഓര്‍ത്തു ചിന്തിച്ചുപിന്നെ പലവിധം

ശിക്ഷയായുള്ള നന്മകളഞ്ഞു നാം

രക്ഷയ്ക്കെന്തൊരുപായം നമുക്കിനി

ഇഷ്ടവാരിധി സര്‍വ്വൈകനാഥനെ

സാഷ്ടാംഗസ്തുതിചെയ്തു സേവിക്കണം

അവിടന്നിനി മംഗലമേ വരൂ

അവിടെ ദയാലാഭ മാര്‍ഗ്ഗമുണ്ടാം

അറ്റമറ്റ ദയാനിധി സ്വാമിയേ-

കുറ്റം പോവതിനേറെ സേവിച്ചവര്‍

സൈവൈക ഗുണസ്വരൂപാ ദൈവമേ!

അവധി തവ കരുണയ്ക്കില്ലല്ലോ.

പാപം ചെയ്തുനാമേറെ പീഡിക്കുന്നു

താപം നീക്കുക സര്‍വ്വദയാനിധേ!

ന്യായം കല്‍പിച്ച ദൈവമേ നിന്നുടെ

ന്യായം നിന്ദിച്ച നിങ്ങള്‍ ദുരാത്മാക്കള്‍,

ന്യായലംഘനം കാരണം നിന്നുടെ

ന്യായശിക്ഷ തികയ്ക്കല്ലേ നായകാ!

കണ്ണില്ലാതെ പിഴയ്ക്കയാല്‍ ഞങ്ങള്‍ക്കു

ദണ്ഡമിപ്പോള്‍ ഭവിച്ചു പലവിധം

ദണ്ഡത്തില്‍ നിന്റെ തിരുവുള്ളക്കേടാല്‍

ദണ്ഡമേറ്റം നമുക്കയ്യോ ദൈവമേ

ആര്‍ത്തെരിയുന്നോരാര്‍ത്തിയമര്‍ത്തുവാന്‍

പേര്‍ത്തു നീയൊഴുഞ്ഞൊരു ദയാനിധേ!

സര്‍വ്വേശാ നിന്റെ കാരുണ്യശീതളം

സര്‍വ്വതൃപ്തി സുഖം സകലത്തിനും

ദേവസൌഖ്യം ഞങ്ങള്‍ക്കു കുറകയാല്‍

അവധിഹീന സംഭ്രമവേദന,

അയ്യോ പാപം നിരന്തര മഹത്വമെ

അയ്യോ ബുദ്ധിക്കന്ധത്വം ദുര്‍ഭാഗ്യമെ

നിന്‍തൃക്കൈബലം രക്ഷിച്ചില്ലെങ്കിലോ

ഗതിയെന്നിയേ മുടിഞ്ഞു നാം സദാ

ഇപ്രകാരമനേക വിലാപമായ്

സുപീഡയോടവരിരിക്കും വിധൌ

കണ്ണുനീരും തൃക്കണ്‍പാര്‍ത്തു നായകന്‍

ത്രാണം കല്‍പിച്ചനുഗ്രഹിച്ചു പുനര്‍

സ്ത്രീ, പാദത്തിനു കേടു വന്നിടാതെ

സര്‍പ്പത്തിന്നുടെ തല തകര്‍ത്തീടും

ആ ദോഷത്തിന്റെ നാശമേല്‍ക്കാതെ ക-

ണ്ടാദത്തിന്നുടെ ജന്മനി ഭൂതയായ്.

കറ കൂടാതെ നിര്‍മ്മല കന്യകാ

സര്‍വ്വപാലനു ജനനിയായ് വരും

പുത്രന്‍ തമ്പുരാന്‍ നരാവതാരത്തില്‍

ധാത്രി ദോഷവിനാശമൊഴിച്ചീടും

ദിവ്യവാക്കുകള്‍ കേട്ടോരനന്തരം

ഉള്‍വ്യാധി കുറഞ്ഞാശ്വസിച്ചാരവര്‍

രക്ഷയ്ക്കാന്തരം വരാതിരിപ്പാനായ്

ശിക്ഷയാം വണ്ണമിരുന്നു സന്തതം

അവര്‍കളുടെ കാലം കഴിഞ്ഞിട്ട്

അപജയമൊഴിക്കും പ്രകാരങ്ങള്‍,

മുമ്പിലാദത്തോടരുള്‍ ചെയ്തപോല്‍

തമ്പുരാന്‍ പിന്നെ ഔറാഹത്തിനോടും

ദാവീദാകുന്ന പുണ്യരാജാവോടും,

അവര്‍ക്കാത്മജന്‌‍മിശിഹായായ്‍വരും

എന്നുള്ള ശുഭവാര്‍ത്തയറിയിച്ച്,

മാനസാശയുമേറെ വര്‍ദ്ധിപ്പിച്ചു.

ലോകമാനുഷരായ മഹാജനം

ലോകനായകനെ സ്തുതിച്ചീടിനാര്‍.

ലോകൈകനാഥ! സര്‍വ്വദയാനിധേ!

ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ

മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും

ശീഘ്രം നീയും വരാഞ്ഞതിതെന്തയ്യോ,

ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,

ആകെ നിന്‍കൃപയില്ലാതെന്തു ഗതി!

നീക്കു താമസം പാര്‍ക്കാതെ വേദന

പോക്കിക്കൊള്ളുക വേഗമെന്നാരവര്‍

രണ്ടാം പാദം സമാപ്തം