2017, ജനുവരി 19, വ്യാഴാഴ്‌ച



വിശുദ്ധ ഫാബിയാന്‍ പാപ്പ

സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന പാപ്പായായിരുന്നു റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍. തന്‍റെ നീണ്ട അപ്പസ്തോലിക ജിവിതത്തിനിടക്ക്‌ നിരവധി മഹത്തായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വിശുദ്ധനു കഴിഞ്ഞു. മാക്സിമസ് ത്രാക്സ്‌ ചക്രവര്‍ത്തിയുടെ മതപീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്, പിന്‍ഗാമികളായി വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാജീവിതം നയിക്കുവാന്‍ സാധിച്ചു. വര്‍ദ്ധിച്ചുവരുന്ന ദൈവജനത്തെ നയിക്കുവാനായി തന്‍റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. കൂടാതെ സെമിത്തേരികള്‍ വിശാലമാക്കുകയും മനോഹരമാക്കുകയും ചെയ്തു.

കാലിക്സ്റ്റസ് സെമിത്തേരിയിലെ ഭിത്തികളില്‍ മനോഹരമായ ചിത്രപണികള്‍ ചെയ്യുവാനും, അതിനു മുകളിലായി ഒരു ദേവാലയം പണിയുവാനും അദ്ദേഹം മുന്‍കൈ എടുത്തു. തുടര്‍ന്നു വന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികളെ അവരുടെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ അനുവദിച്ചിരുന്നതിനാല്‍ വിശുദ്ധന്‍റെ കീഴില്‍ സഭക്ക് അതിവേഗം വളര്‍ച്ച ലഭിച്ചു.


ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നതോടെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെട്ടു. ക്രൂരനായ ഡെസിയൂസ് എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചുകൊണ്ട് വിജാതീയരുടെ ദൈവങ്ങളെ ആരാധിക്കുവാന്‍ കല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ഇത് മൂലം സഭക്ക്‌ നിരവധി വിശ്വാസികളെ നഷ്ടമായി, എന്നിരുന്നാലും നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുകയും ചെയ്തു. ശത്രുക്കള്‍ പാപ്പായെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ക്രൂരരായ തന്‍റെ മര്‍ദ്ദകരുടെ കരങ്ങളാല്‍ പാപ്പാ വധിക്കപ്പെട്ടു. കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. അന്ന് ക്രിസ്തുവിനെ പ്രതി മരണം ഏറ്റു വാങ്ങിയവരില്‍ ആദ്യത്തെ രക്തസാക്ഷി പാപ്പയായ വിശുദ്ധ ഫാബിയാനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ