2017, ജനുവരി 20, വെള്ളിയാഴ്‌ച


യൗസേപ്പിതാവിനോടുള്ള കൊന്ത

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പിതാവേ! ഈശോമിശിഹായെ! വിശ്വസ്തതയോടെ അനുകരിച്ചവനേ അങ്ങേപക്കലേയ്ക്കു ഞങ്ങളുടെ ഹൃദയങ്ങളേയും കരങ്ങളേയും തിരിച്ചുകൊണ്ട് ഞങ്ങള്‍ അങ്ങേ സഹായം അപേക്ഷിക്കുന്നു. ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ സകല ആവശ്യങ്ങളും ഒരു ഭാഗ്യമരണവും വിശിഷ്യാ, ഇപ്പോള്‍ അപേക്ഷിക്കുന്ന പ്രത്യേകനന്മയും (ആവശ്യം പറയുക) വേണ്ട പ്രസാദവരം ഈശോയുടെ തിരുഹൃദയത്തില്‍നിന്ന് അങ്ങേ മാദ്ധ്യസ്ഥ്യം വഴിയായി ഞങ്ങള്‍ക്കു വാങ്ങിത്തരണമേ
മനുഷ്യാവതാരം ചെയ്ത ദൈവവചനത്തിന്‍റെ കാവല്ക്കാരാ, ഞങ്ങള്‍ക്കുവേണ്ടിയുള്ള അങ്ങേപ്രാര്‍ത്ഥന ദൈവതിരുസിംഹാസനത്തിങ്കല്‍ കരുണാപൂര്‍വ്വം കേള്‍ക്കപ്പെടുമെന്നു ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു.

വാ. മഹത്ത്വമേറിയ മാര്‍ യൗസേപ്പേ! ഈശോമിശിഹായോടു നിനക്കുള്ള സ്നേഹത്തെക്കുറിച്ചും തന്‍റെ തിരുനാമത്തിന്‍റെ മഹത്ത്വത്തിനുവേണ്ടിയും.

ഉ. ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ഞങ്ങളുടെ അപേക്ഷകളെ സാധിപ്പിച്ചുതരികയും ചെയ്യണമേ (ഏഴുപ്രാവശ്യം)

ഈശോ മറിയം യൗസേപ്പേ! എന്‍റെ ഹൃദയത്തേയും എന്‍റെ ആത്മാവിനേയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. ഈശോ മറിയം യൗസേപ്പേ! മരണവേദനയുടെ സമയത്ത് എന്നെ സഹായിക്കണമേ. ഈശോ മറിയം യൗസേപ്പേ! സമാധാനത്തില്‍ നിങ്ങളോടുകൂടെ എന്‍റെ ആത്മാവിനെ കയ്യാളിപ്പാന്‍ മനോഗുണം ചെയ്യണമേ.

ലുത്തനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ, അനുഗ്രഹിക്കണമേ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
ആകാശങ്ങളിലിരിക്കുന്ന ബാവാതന്പുരാനേ
ഭൂലോകരക്ഷകനായ പുത്രന്‍ തന്പുരാനേ
റൂഹാദ്കുദശാ തന്പുരാനേ
ഏക ദൈവമായിരിക്കുന്ന പരിശുദ്ധത്രിത്വമേ
പരിശുദ്ധ മറിയമേ
പരിശുദ്ധ യൗസേപ്പേ
ദാവീദിന്‍റെ വിശിഷ്ട സന്താനമേ
പൂര്‍വ്വപിതാക്ക ന്മാരുടെ പ്രകാശമേ
ദൈവജനനിയുടെ ഭര്‍ത്താവേ
പ.കന്യകയുടെ വിശ്വസ്ത കാവല്‍ക്കാരാ
ദൈവപുത്രന്‍റെ വളര്‍ത്തുപിതാവേ
മിശിഹായുടെ ധീരനായ സംരക്ഷകാ
തിരുകുടുംബത്തിന്‍റെ തലവനേ
ഏറ്റം നീതിമാനായ വി.യൗസേപ്പേ
ഏറ്റം പരിശുദ്ധനായ വി.യൗസേപ്പേ
ഏറ്റം ധീരനായ വി.യൗസേപ്പേ
ഏറ്റം വിവേകിയായ വി.യൗസേപ്പേ
ഏറ്റം കീഴ്വഴക്കമുള്ള വി.യൗസേപ്പേ
ഏറ്റം വിശ്വസ്തനായ വി.യൗസേപ്പേ
ക്ഷമയുടെ ദര്‍പ്പണമേ
ദാരിദ്യ്രത്തിന്‍റെ സ്നേഹിതാ
വേലക്കാരുടെ ദൃഷ്ടാന്തമേ
കുടുംബജീവിതക്കാരുടെ അലങ്കാരമേ
കന്യകകളുടെ കാവല്‍ക്കാരാ
കുടുംബങ്ങളുടെ ആശ്രയമേ
ദുഃഖിക്കുന്നവരുടെ ആശ്വാസമേ
ദീനക്കാരുടെ ശരണമേ
മരിക്കുന്നവരുടെ മദ്ധ്യസ്ഥാ
പിശാചുക്കളുടെ പരിഭ്രമമേ

(മു) ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍കുട്ടി (3)
(സ) കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുക്കണമേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന നീ കേള്‍ക്കണമേ
കര്‍ത്താവേ, ഞങ്ങളുടെ മേല്‍ അനുഗ്രഹിക്കണമേ
(മു) ദൈവം അയാളെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിമയിച്ചു
(സ) തന്‍റെ സകല സന്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്ക

വാക്കിലടങ്ങാത്ത അങ്ങേ മുന്‍നിശ്ചയത്താല്‍ വി.യൗസേപ്പിതാവിനെ അങ്ങേ പ.ജനനിയുടെ ഭര്‍ത്താവായി തിരഞ്ഞെടുപ്പാന്‍ തിരുമനസ്സായ ദൈവമേ! ഞങ്ങള്‍ അദ്ദേഹത്തെ ഭൂമിയില്‍ ഞങ്ങളുടെ സംരക്ഷകനായി വണങ്ങുന്നതുപോലെ സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തെ ഞങ്ങളുടെ മദ്ധ്യസ്ഥനായി ലഭിക്കാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമെന്നു നിത്യകാലം ജീവിച്ചുവാഴുന്ന നിന്നോടു ഞങ്ങളപേക്ഷിക്കുന്നു.

ആമേന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ