2016 ഡിസംബർ 31, ശനിയാഴ്‌ച



പരിശുദ്ധ വേളാങ്കണ്ണി മാതാവിനോടുള്ള നവനാള്‍ ജപം


ഏറ്റവും പരിശുദ്ധവും നിര്‍മ്മലവുമായ ദിവ്യ കന്യകെ! ഈശോയുടെ പരിശുദ്ധ മാതാവാകുവാന്‍ അനാദികാലം മുതല്‍ക്കെ, പരിശുദ്ധ ത്രീത്വത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളെ!, നമ്മുടെ ദിവ്യനാഥന്റെ മനുഷ്യാവതാരവേളയില്‍, അങ്ങ് അനുഭവിച്ച പരമാനന്ദത്തെ, ഭക്ത്യാ സ്മരിക്കുന്നവര്‍ക്ക്, അങ്ങ് പറഞ്ഞൊത്തിട്ടുള്ള പ്രത്യേക സംരക്ഷണം നല്‍കി പാപിയായ എന്നെ അനുഗ്രഹിക്കണമെ.





അങ്ങേ തിരുക്കുമാരന്റെ കാരുണ്യത്തില്‍ ആശ്രയിച്ച് "ചോദിക്കുവിന്‍ നിങ്ങള്‍ക്കു നല്‍കപ്പെടും" എന്ന വാഗ്ദാനത്തില്‍ ശരണപ്പെട്ട്, അങ്ങയുടെ വല്ലഭയായ മാദ്ധ്യസ്ഥത്തിലുള്ള വിശ്വാസത്താല്‍ നിറഞ്ഞ് അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുഖിതരില്‍ അലിവേറും നാഥേ! ദൈവതിരുസന്നിധിയില്‍, എനിക്കു വേണ്ടി അങ്ങ് മാദ്ധ്യസ്ഥം വഹിക്കേണമേ. ഈ നവനാള്‍ പ്രാര്‍ത്ഥന വഴി, ഞാന്‍ യാചിക്കുന്ന അനുഗ്രഹങ്ങള്‍ - അവ ദൈവഹിതത്തിനു യോജ്യമാണെങ്കില്‍ - എനിക്ക് അങ്ങ് ലഭിച്ചു തരണമേ. ദൈവഹിതം മറിച്ചാണെങ്കില്‍, എനിക്കേറ്റവും ആവശ്യമായ നന്മകള്‍ നല്‍കി എന്നെ അനുഗ്രഹിച്ചാലും.





(ഇവിടെ ലഭിക്കുവാനാഗ്രഹിക്കുന്ന പ്രത്യേകാവശ്യങ്ങള്‍ അപേക്ഷിക്കുക)





ഓ ദൈവമാതാവേ! ഗബ്രിയേല്‍ ദൈവദൂതന്‍, ആദ്യമായി "നന്മ നിറഞ്ഞവളേ" എന്ന് അങ്ങയെ അഭിവാദനം ചെയ്ത, ആ മഹിമ നിറഞ്ഞ, ആദരവണക്കങ്ങളോടു ചേര്‍ത്ത്, പാപിയായ എന്റെ വിനീതമായ അഭിവന്ദനങ്ങളേയും അങ്ങ് സ്വീകരിക്കണമേ.





നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.





പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍. (9 പ്രാവശ്യം ചൊല്ലുക)





അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥം വഴി, ഞാനിപ്പോള്‍ യാചിച്ച വരങ്ങളും അനുഗ്രഹങ്ങളും എനിക്ക് ലഭിച്ചു തരേണമെന്ന് വ്യാകുലരുടെ ആശ്വാസമായ മാതാവേ, അങ്ങയോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ മഹത്വത്തിനായി, ഞാന്‍ ചെയ്യുന്ന എല്ലാ നന്മപ്രവര്‍ത്തികളും, സഹിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഈ അനുഗ്രഹലബ്ധിക്കായി, അങ്ങേയ്ക്ക് ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. അങ്ങെ ഹൃദയത്തെ, ദിവ്യസ്നേഹത്താല്‍ എന്നെന്നും എരിയിച്ച, സ്നേഹാര്‍ദ്രമായ ഈശോയുടെ തിരുഹൃദയസ്നേഹത്തെപ്രതി എന്റെ ഈ എളിയ യാചനകള്‍ കേള്‍ക്കണമെന്നും, എന്റെ അപേക്ഷകള്‍ സാധിച്ചു തരേണമെന്നും, അങ്ങയോടു ഞാന്‍ ഏറ്റം വിനീതമായി പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

നിത്യസഹായ മാതാവിനോടുള്ള നൊവേന
പ്രാരംഭ ഗാനം


നിത്യസഹായ നാഥേ,
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ
നിന്‍മക്കള്‍ ഞങ്ങള്‍ക്കായ് നീ
പ്രാര്‍ത്ഥിക്ക സ്നേഹനാഥേ!
നെടുവീര്‍പ്പും കണ്ണീരുമായ്
ആയിരമായിരങ്ങള്‍
അവിടുത്തെ തിരുമുന്‍പിലായ്
വന്നിതാ നിന്നീടുന്നു
ഇടറുന്ന ജീവിതത്താല്‍
വലയുന്നോരേഴകളെ,
നിന്‍പുത്രനീശോയിങ്കല്‍
ചേര്‍ക്കണേ പ്രാര്‍ത്ഥനയാല്‍
പ്രാരംഭ പ്രാര്‍ത്ഥന


കാര്‍മ്മി: അമലമനോഹരിയും ആലംബഹീനരുടെ പ്രതീക്ഷയും അത്ഭുതപ്രവര്‍ത്തകയും സ്വര്‍ഗ്ഗീയ ദാനങ്ങളുടെ നിദാനവുമായ പരിശുദ്ധ കന്യകാ മറിയമേ, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.


സമൂ: നിത്യസഹായ മാതാവേ / ഞങ്ങള്‍ ഇതാ അങ്ങയില്‍ ശരണപ്പെട്ട് / അങ്ങേ സങ്കേതത്തില്‍ അഭയം പ്രാപിക്കുന്നു. / പാപികളായ ഞങ്ങളോട് കരുണയുണ്ടാകണമേ. / ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും കണക്കിലെടുക്കാതെ / ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. / നിത്യസഹായ മാതാവേ, / ഞങ്ങളങ്ങയെ സ്നേഹിക്കുന്നു. / ഞങ്ങളുടെ അഭയസ്ഥാനവും പ്രതീക്ഷയും നിത്യസഹായവും / അങ്ങാകുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. / മാതാവേ, അങ്ങേയ്ക്കും / അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ / ഈശോയ്‌ക്കുമെതിരായി / ഇനിയൊരു പാപവും ചെയ്യാതെ / മരണപര്യന്തം വ്യാപരിക്കാമെന്നു / ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.


കാര്‍മ്മി: ഏറ്റവും പരിശുദ്ധയും അമലോത്ഭവയും ദൈവത്തിന് ഏറ്റം സംപ്രീതയുമായ നിത്യസഹായമാതാവേ, ഞങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ട ദൈവാനുഗ്രഹങ്ങള്‍ അങ്ങേ പ്രാര്‍ത്ഥനാ സഹായം വഴി സമൃദ്ധമായി ലഭിക്കുവാന്‍ ഇടയാക്കണമേ.


സമൂ: പാപത്തില്‍ നിന്നും / പാപസാഹചര്യങ്ങളില്‍ നിന്നും അകന്ന് / അന്തസിനടുത്ത കടമകള്‍ നിര്‍വ്വഹിച്ച് / സത്യവും നീതിയും പാലിച്ച് / ദൈവസ്നേഹത്തില്‍ വളര്‍ന്ന് / നല്ല പ്രായത്തോളം പുണ്യജീവിതം നയിച്ച് / നന്‍മരണം പ്രാപിച്ച് സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുന്നതിന് ഞങ്ങള്‍ക്ക് ഇടയാക്കണമേ.


കാര്‍മ്മി: നിത്യസഹായ മാതാവേ,


സമൂ: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
സമൂഹപ്രാര്‍ത്ഥന


കാര്‍മ്മി: കാരുണ്യവാനായ ഈശോയേ, അങ്ങേ വത്സലമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനും, ഞങ്ങളോരോരുത്തര്‍ക്കും നിത്യം സഹായമായിരുക്കുന്ന മാതാവിനെ വണങ്ങുന്നതിനുമായി സമ്മേളിച്ചിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. മാതാവു വഴിയായുള്ള ഞങ്ങളുടെ അപേക്ഷകള്‍ കൈക്കൊണ്ട് ഞങ്ങളെ രക്ഷിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: നിത്യസഹായ മാതാവേ, / ഞങ്ങളുടെ അമ്മേ, / അങ്ങേ മക്കളായ ഞങ്ങള്‍ / അങ്ങേ സന്നിധിയില്‍ അണയുന്നു. / ഭക്തിപൂര്‍വ്വം അങ്ങയെ വണങ്ങുന്നു. / ഏറ്റം ദയയുള്ള മാതാവേ, / അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങളെ സഹായിക്കണമേ. / ഞങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കുന്നതിനും / പാപസാഹചര്യങ്ങളില്‍ നിന്നകന്ന് / പുണ്യജീവിതം നയിക്കുന്നതിനും / നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗാനന്ദം അനുഭവിക്കുന്നതിനും / അമ്മേ, ഞങ്ങള്‍ക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.


കാര്‍മ്മി: അടിയുറച്ച വിശ്വാസത്തോടും ആത്മാര്‍ത്ഥമായ സ്നേഹത്തോടും അത്യന്ത ശരണത്തോടുംകൂടി നമുക്ക് നിത്യസഹായനാഥയോടപേക്ഷിക്കാം.


സമൂ: ഓ! / നിത്യസഹായ മാതാവേ, / അങ്ങേ വത്സലമക്കളായ ഞങ്ങളുടെ അപേക്ഷ / അങ്ങ് സ്വീകരിക്കണമേ. / നിരവധി ക്ളേശങ്ങളാലും / പലവിധ രോഗങ്ങളാലും / വലയുന്ന ഞങ്ങളെ അങ്ങ് കാത്തുകൊള്ളണമേ. / ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ക്ളേശങ്ങള്‍ / സന്തോഷത്തോടെ സഹിക്കുവാനുള്ള / ശക്തി ലഭിക്കുന്നതിന് ഇടയാക്കണമേ. / രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും / ഞങ്ങള്‍ ഓരോരുത്തരേയും അങ്ങേ മാദ്ധ്യസ്ഥശക്തിയാല്‍ / കാത്തുകൊള്ളണമേ. / ഉണ്ണിഇശോയെ കാത്തു പരിപാലിച്ചതുപോലെ / അമ്മേ, ഞങ്ങള്‍ ഓരോരുത്തരേയും കാത്തു പരിപാലിക്കണമേ. / അഹങ്കാരം, അസൂയ, വഞ്ചന, വൈരാഗ്യം, ദുഷ്ടത, ചതി, പ്രതികാരം / ഇവ ഞങ്ങളില്‍ നിന്നും തുടച്ചുനീക്കണമേ. / ഞങ്ങള്‍ പരസ്പര സ്നേഹത്തിലും കൂട്ടായ്‌മയിലും / വര്‍ത്തിക്കുവാന്‍ വേണ്ട അനുഗ്രഹം / അമ്മേ, അങ്ങേ തിരുക്കുമാരനില്‍ നിന്നും ലഭിക്കുന്നതിനു / ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
അര്‍ത്ഥനകള്‍


കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഭക്തിയോടും വിശ്വാസത്തോടും കൂടി സകല നന്‍മസ്വരൂപിയായിരിക്കുന്ന നമ്മുടെ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഈ നൊവേനയില്‍ സംബന്ധിക്കുന്ന ഞങ്ങളോരോരുത്തരെയും, ഞങ്ങളുടെ കുടുംബാംഗങ്ങള്‍ , സംബന്ധക്കാര്‍ , ഉപകാരികള്‍ ഇവരെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരേയും സകലവിധ ആപത്തുകളില്‍ നിന്നും പൈശാചിക പ്രലോഭനങ്ങളില്‍ നിന്നും കാത്തു പരിപാലിക്കണമെന്നു കര്‍ത്താവേ ഞങ്ങള്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ലോകത്തുടനീളം യുദ്ധങ്ങള്‍ ഒഴിവായി, സമാധാനം നിലനില്‍ക്കുവാനും പഞ്ഞം, പട, വസന്ത ഇവ നീങ്ങി സ്നേഹത്തിലും കൂട്ടായ്മയിലും എല്ലാവരും വര്‍ത്തിക്കുവാനും ഇടവരുത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: കാരുണ്യവാനും ആശ്വാസദായകനുമായ കര്‍ത്താവേ, നിത്യസഹായമാതാവു വഴിയായി അങ്ങയോടു പ്രാര്‍ത്ഥിക്കുന്ന, ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ച് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഞങ്ങളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞു പോയ എല്ലാ വിശ്വാസികള്‍ക്കും നിത്യാശ്വാസം പ്രദാനം ചെയ്യണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: കൈകള്‍ കൂപ്പി നിശ്ശബ്ദരായി ഓരോരുത്തരുടെയും ആവശ്യങ്ങളും നിത്യസഹായമാതാവു വഴി നമ്മുടെ കര്‍ത്താവിനു സമര്‍പ്പിക്കാം.


(രണ്ടു മിനിറ്റ് മൗനപ്രാര്‍ത്ഥന)
കൃതജ്ഞതാ സമര്‍പ്പണം


കാര്‍മ്മി: ഈ നൊവേന വഴി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ സാധിച്ചു തന്ന് ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത് കര്‍ത്താവേ, അങ്ങേയ്‌ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


കാര്‍മ്മി: പരിശുദ്ധാത്മാവു വഴി പ്രസാദവരത്തിന്റെ നീര്‍ച്ചാലുകള്‍ ഞങ്ങളിലേയ്ക്കു പ്രവഹിച്ച് ഞങ്ങള്‍ ആദ്ധ്യാത്മികമായി നവജീവന്‍ പ്രാപിക്കുന്നതിനെയോര്‍ത്ത് കര്‍ത്താവേ അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


കാര്‍മ്മി: രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും നിരന്തരം ഞങ്ങളെ കാത്തുപരിപാലിക്കുന്ന പരമകാരുണികനായ കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


കാര്‍മ്മി: ഹൃദയകാഠിന്യവും അഹങ്കാരവും മൂലം ഞങ്ങള്‍ അങ്ങേയ്ക്കെതിരായി ചെയ്യുന്ന പാപങ്ങളും നന്ദികേടുകളും ക്ഷമിച്ച് നിത്യം ഞങ്ങളെ അനുഗ്രഹിക്കുന്ന കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.


കാര്‍മ്മി: നമുക്കു വേണ്ടി സദാ ദൈവസന്നിധിയില്‍ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന നിത്യസഹായമാതാവിന് നമുക്ക് കൃതജ്ഞത സമര്‍പ്പിക്കാം.


സമൂ: ഓ, നിത്യസഹായനാഥേ, ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത സമര്‍പ്പിക്കുന്നു.
ഗാനം





മറിയമേ അമ്മേ, സ്വര്‍ഗ്ഗത്തില്‍ നിന്നാ
നേത്രങ്ങള്‍ കൊണ്ടു നോക്കുക
നിന്‍ പാദേ ഇതാ നിന്‍ മക്കള്‍ വന്നു
നില്‍ക്കുന്നു അമ്മേ, കാണുക

മാധുര്യമേറും നിന്‍ നേത്രങ്ങള്‍ ഹാ!
ശോകപൂര്‍ണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങള്‍ കൊണ്ടു
നോക്കുക മക്കള്‍ ഞങ്ങളെ





(വിശുദ്ധ ഗ്രന്ഥ പാരായണവും പ്രസംഗവും ഈ സമയത്തു നടത്താവുന്നതാണു്)
രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥന


കാര്‍മ്മി: നമുക്ക് കൈകള്‍ കൂപ്പി ഭക്തിപൂര്‍വ്വം കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, ശാരീരിക രോഗങ്ങളാലും മാനസിക ക്ളേശങ്ങളാലും പീഡയനുഭവിക്കുന്ന അങ്ങേ വത്സലതനയരെ അങ്ങ് തൃക്കണ്‍ പാര്‍ക്കണമേ. അങ്ങയുടെ മൗതിക ശരീരത്തിലെ അവയവങ്ങളായ ഞങ്ങളെ അങ്ങ് കാത്തുപരിപാലിക്കണമേ.


സമൂ: കര്‍ത്താവേ, പാപികളെങ്കിലും അങ്ങേ മക്കളായ / ഞങ്ങളുടെ രോഗങ്ങള്‍ നീക്കി ഞങ്ങളെ ആരോഗ്യമുള്ളവരാക്കണമേ / ആരോഗ്യമുള്ളവരായി ദീര്‍ഘകാലം / അങ്ങേ കല്പന പാലിച്ച് മാതൃകാപരമായ ജീവിതം നയിച്ച് / ഭാഗ്യമരണം പ്രാപിച്ച് മോക്ഷാനന്ദ ഭാഗ്യം അനുഭവിക്കുവാന്‍ / ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കണമെന്ന് / ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
മാതാവിന് പ്രകീര്‍ത്തനം


കാര്‍മ്മി: ഇവിടെ സന്നിഹിതരായിരിക്കുന്ന നമുക്കൊരുമിച്ച് ഏകസ്വരത്തില്‍ മാതാവിനെ പ്രകീര്‍ത്തിക്കുകയും അമ്മയുടെ പ്രത്യേക സംരക്ഷണയ്ക്കായി നമ്മെ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യാം.


സമൂ: നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ / സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു / അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ / അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി / ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും / തമ്പുരാനോട് അപേക്ഷിക്കണമേ.


കാര്‍മ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍,


സമൂ: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


കാര്‍മ്മി: നിത്യസഹായ മാതാവേ, ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി നിത്യം പ്രാര്‍ത്ഥിക്കണമേ.


സമൂ: ആമ്മേന്‍.
സമാപന പ്രാര്‍ത്ഥന


കാര്‍മ്മി: മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോയുടെ മാതാവാകുവാന്‍ കന്യാത്വത്തിനു ഭംഗം വരാതെ, ഭാഗ്യം ലഭിച്ച പരിശുദ്ധ മറിയമേ, അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. രക്ഷണീയ കര്‍മ്മത്തിനു പൂര്‍ണ്ണമായി സഹകരിച്ച് സഹരക്ഷക എന്ന സ്ഥാനം അലങ്കരിക്കുന്ന മാതാവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. സ്വര്‍ഗ്ഗാരോപണം ചെയ്ത് സ്വര്‍‌ല്ലോകറാണിയായി വാഴുന്ന അമ്മേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. നിത്യസഹായ മാതാവേ, ഞങ്ങള്‍ അങ്ങില്‍ ശരണപ്പെട്ട് അഭയം തേടുന്നു. പാപികളായ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച് ഞങ്ങളെ സഹായിക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യം (...) സാധിച്ചു തന്നു ഞങ്ങളെ രക്ഷിക്കണമെന്ന് കരുണയുള്ള നിത്യസഹായ മാതാവേ, ഞങ്ങള്‍ അപേക്ഷിക്കുന്നു.





സമൂ: ആമ്മേന്‍.

2016 ഡിസംബർ 30, വെള്ളിയാഴ്‌ച




കരുണയുടെ നൊവേന

ദിവസത്തിന്റെ പ്രാര്‍ത്ഥന:

ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.

{ഒന്നാം ദിവസം}

ധ്യാനം: "ഇന്ന്‍ എല്ലാ മനുഷ്യരേയും, പ്രത്യേകിച്ച് പാപികളെയും എന്റെ അടുക്കല്‍ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോയെ, ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ വീക്ഷിക്കരുതെ. അങ്ങയുടെ അപാരമായ നന്മയെ ലക്‌ഷ്യം വച്ച് ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുള്ള ആത്മാവില്‍ ഞങ്ങളെ സ്വീകരിക്കണമേ. അതില്‍ നിന്ന്‍ ഒരിക്കലും വിട്ടു നില്‍ക്കുവാന്‍ ഇടയാക്കല്ലേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും അങ്ങയെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങള്‍ യാചിക്കുന്നു.


നിത്യപിതാവേ, ഏറ്റം അനുകമ്പയുള്ള ഈശോയുടെ തിരുഹൃദയത്തില്‍ വസിക്കുന്ന പാപികളിലും മനുഷ്യകുലം മുഴുവനിലും അങ്ങയുടെ ദയാദൃഷ്ടി പതിയണമേ. കര്‍ത്താവീശോമിശിഹായുടെ പീഢാനുഭവത്തെക്കുറിച്ച് അങ്ങയുടെ കാരുണ്യത്തിന്റെ സര്‍വ്വശക്തിയെ എപ്പോഴും എന്നേക്കും ഏവരും പുകഴ്ത്തട്ടെ. ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{രണ്ടാം ദിവസം}


ധ്യാനം: "ഇന്ന്‍ സകല വൈദികരുടെയും സന്യാസികളുടെയും ആത്മാക്കളെ എന്റെ അടുക്കല്‍ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, എല്ലാ നന്‍മകളുടേയും ഉറവിടമേ, അങ്ങയുടെ പ്രസാദവരങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം സ്വര്‍ഗ്ഗത്തിലുള്ള കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ.


നിത്യനായ പിതാവേ, കരുണാര്‍ദ്രമായ അങ്ങയുടെ കണ്ണുകള്‍, അങ്ങയുടെ മുന്തിരിത്തോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട വേലക്കാരായ വൈദികരുടെയും സന്യാസികളുടെയും നേര്‍ക്ക് തിരിക്കണമേ. ശക്തിപ്രദാനങ്ങളായ അങ്ങയുടെ അനുഗ്രഹങ്ങള്‍ക്കൊണ്ട് അവരെ ആവരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരന്റെ തിരുഹൃദയത്തോടുള്ള സ്നേഹത്താല്‍ മുദ്രിതരായിരിക്കുന്ന അവര്‍ക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവര്‍ മറ്റുള്ളവരേയും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനും ഏകസ്വരത്തില്‍ അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നതിനും ഇടയാകട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ മൂന്നാം ദിവസം}


ധ്യാനം: "ഭക്തിതീക്ഷ്ണതയും വിശ്വസ്തതയുമുള്ള എല്ലാ ആത്മാക്കളേയും ഇന്ന്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തില്‍ നിന്നും, ഞങ്ങളെല്ലാവര്‍ക്കും, ഓരോരുത്തര്‍ക്കും സമൃദ്ധമായ അളവില്‍ പ്രസാദവരങ്ങള്‍ വര്‍ഷിക്കണമേ. സഹതാപനിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് അഭയം നല്‍കണമേ. അവിടെ നിന്നും അകന്നുപോകാന്‍ ഞങ്ങളെ അനുവദിക്കരുതേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള്ള സ്നേഹത്താല്‍ അതിതീക്ഷണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ ഹൃദയത്തെപ്രതി ഈ അനുഗ്രഹം അങ്ങയോട് ഞങ്ങള്‍ യാചിക്കുന്നു.


നിത്യനായ പിതാവേ, വിശ്വസ്തരായ ആത്മാക്കളുടെമേല്‍ കരുണാര്‍ദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവര്‍ അങ്ങയുടെ പുത്രന്റെ അനതരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിനപീഢകളെ പ്രതി അങ്ങയുടെ അനുഗ്രഹങ്ങള്‍ അവരില്‍ ചൊരിയണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടു കൂടിയുണ്ടായിരിക്കണമേ. അങ്ങനെ അവര്‍ അങ്ങയോടുള്ള സ്നേഹത്തില്‍ പരാജയപ്പെടാതിരിക്കട്ടെ. അങ്ങയോടുള്ള പരിശുദ്ധമായ വിശ്വാസത്തില്‍ നിന്നും അവര്‍ അയഞ്ഞു പോകാതിരിക്കട്ടെ. പകരം സ്വര്‍ഗ്ഗത്തിലുള്ള എല്ലാ മാലാഖമാരോടും വിശുദ്ധരോടുമോപ്പം അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്വപ്പെടുത്തുന്നതില്‍ അവര്‍ക്കിടയാവുകയും ചെയ്യട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ നാലാം ദിവസം}


ധ്യാനം: "അവിശ്വാസികളെയും ഇതുവരെ എന്നെ അറിയാത്തവരെയും ഇന്ന്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും സഹതാപാര്‍ദ്രിതനായ ഈശോ, അങ്ങാകുന്നു ലോകം മുഴുവന്റെയും വെളിച്ചം. ദയാനിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ അവിശ്വാസികളുടെയും അങ്ങയെ അറിയാത്തവരുടേയും ആത്മാക്കളെ സ്വീകരിക്കണമേ. അങ്ങയുടെ കൃപാകിരണങ്ങള്‍ അവരെ പ്രകാശിപ്പിക്കുകയും അങ്ങനെ ഞങ്ങളോട് ചേര്‍ന്ന് അവരും അങ്ങയുടെ മഹനീയമായ കൃപയെ വാഴ്ത്തുവാനിടയാകുകയും ചെയ്യട്ടെ. കരുണാസമ്പന്നമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും അകന്നു പോകാന്‍ അവരെ അനുവദിക്കരുതേ.


നിത്യനായ പിതാവേ, അങ്ങയില്‍ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരുമെങ്കിലും, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തില്‍ സ്ഥാനം ലഭിച്ചിരിക്കുന്ന ആത്മാക്കളുടെ മേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലേക്ക് അവരെ ആനയിക്കണമേ. അങ്ങയെ സ്നേഹിക്കുക എത്ര ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കള്‍ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാന്‍ ഇവര്‍ക്കും വരമേകണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{അഞ്ചാം ദിവസം}


ധ്യാനം: "കത്തോലിക്കാ സഭയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ ഇന്ന്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, നന്മയുടെ ഉറവിടമേ, അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അങ്ങ് നിരസിക്കുകയില്ലല്ലോ. വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂര്‍ണ്ണമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നല്കി സഭയുടെ ഐക്യത്തിലേക്ക് അവരെ ആനയിക്കണമേ. സഹതാപസംപൂര്‍ണ്ണമായ അങ്ങയുടെ ഹൃദയത്തില്‍നിന്നും അകന്നു പോകുവാന്‍ അവരെ അനുവദിക്കരുതേ. പകരം അവര്‍ക്ക് അവിടെ സ്ഥാനം നല്കി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ.


നിത്യനായ പിതാവേ, വേര്‍തിരിഞ്ഞുപോയ സഹോദരങ്ങളുടെമേല്‍, പ്രത്യേകിച്ച്, അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ചു മനപൂര്‍വ്വം തെറ്റില്‍ നിലനില്‍ക്കുന്നവരുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ പരാജയങ്ങളെ അങ്ങ് പരിഗണിക്കരുതേ. അങ്ങയുടെ പുത്രന്‌ അവരോടുള്ള സ്നേഹവും അവര്‍ക്കു വേണ്ടി എറ്റ സഹനവും അവര്‍ക്ക് ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങ് പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ കരുണയെ പാടിപ്പുകഴ്ത്തുവാന്‍ അവരേയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ ആറാം ദിവസം}


ധ്യാനം: "എളിമയും ശാന്തതയുമുള്ളവരുടേയും കൊച്ചുകുട്ടികളുടേയും ആത്മാക്കളെ ഇന്ന്‍ എന്റെ സമീപേ കൊണ്ടുവരിക."


പ്രാര്‍ത്ഥന:ഏറ്റവും കരുണയുള്ള ഈശോ, "ഞാന്‍ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍നിന്നു പഠിക്കുവിന്‍ " എന്ന് അങ്ങുതന്നെ അരുളിചെയ്തിട്ടുണ്ടല്ലോ. വിനീത ഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിര്‍ഭരമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിനു മുമ്പാകെ സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവര്‍ . അവയുടെ മധുരസുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കള്‍ക്കൊരു നിത്യഗേഹമാണ്. സ്നേഹത്തിന്റെയും കരുണയുടെയും ഒരു മധുരഗാനം അവര്‍ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയുന്നു.


നിത്യനായ പിതാവേ, കനിവിന്നുറവായ ഈശോയുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെയും, ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയയുള്ള ദൃഷ്ട്ടികള്‍ പതിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാണവര്‍ . ഭൂമിയില്‍ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ, സര്‍വ്വനന്മകളുടേയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹഹത്തെപ്രതിയും, അങ്ങേയ്ക്ക് ഇവരിലുള്ള പ്രസാദത്തെപ്രതിയും ഞാന്‍ യാചിക്കുന്നു. ലോകം മുഴുവനേയും അങ്ങ് അനുഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളും ഒരുമിച്ച് അങ്ങയുടെ കരുണയുടെ സ്തുതികള്‍ പാടിപ്പുകഴ്ത്തുവാന്‍ ഇടവരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ഏഴാം ദിവസം}


ധ്യാനം: "എന്റെ കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നവരുടെ ആത്മാക്കളെ ഇന്ന് എന്റെ സവിധേ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ ഹൃദയം സ്നേഹം തന്നെയാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കള്‍ക്ക് അങ്ങയുടെ ഹൃദയത്തില്‍ അഭയം നല്‍കണമെ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണ്‌ ഈ ആത്മാക്കള്‍ . ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ച് അവര്‍ മുന്നോട്ടു പോകുന്നു. (ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാക്കള്‍ മാനവലോകത്തെ മുഴുവന്‍ തങ്ങളുടെ തോളുകളില്‍ സംവഹിക്കുന്നു. ഈ ആത്മാക്കള്‍ കഠിനമായി വിധിക്കപ്പെടുകയില്ല.) ഈ ജീവിതത്തില്‍ നിന്നു പിരിയുമ്പോള്‍ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കും.


നിത്യനായ പിതാവേ, ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളും അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നവരുമായ ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണ്‌ ഈ ആത്മാക്കള്‍ . കരുണയുടെ പ്രവൃത്തികളാല്‍ അവരുടെ കൈകള്‍ നിറഞ്ഞിരിക്കുന്നു. സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന്‌ കാരുണ്യത്തിന്റെ ഒരു ഗീതം ആലപിക്കുന്നു. അങ്ങയില്‍ അവര്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കും ശരണത്തിനും അനുസൃതമായി അവരോട് കരുണകാണിക്കണമേയെന്ന് ഞാനങ്ങയോടു യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന ഈശോയുടെ വാഗ്ദാനം അവരില്‍ പൂര്‍ത്തിയാകട്ടെ. എപ്പോഴും എന്നേക്കും. ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{എട്ടാം ദിവസം}


ധ്യാനം: "ശുദ്ധീകരണസ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇന്ന്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, കരുണയാണ്‌ അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങു തന്നെ അരുളിയിട്ടുണ്ടല്ലോ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളേയും അങ്ങയുടെ സഹതാപാര്‍ദ്രമായ ഹൃദയത്തില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേയ്ക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂര്‍ത്തിയാക്കേണ്ടവരാണവര്‍ . അങ്ങയുടെ ഹൃദയത്തില്‍ നിന്നും പുറപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തപ്പെടട്ടെ.


നിത്യനായ പിതാവേ, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തില്‍ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. ഈശോ സഹിച്ച കയ്പ്പുനിറഞ്ഞ ക്ലേശങ്ങളെ പ്രതിയും, അവിടുത്തെ ആത്മാവില്‍ നിറഞ്ഞ എല്ലാ സഹനങ്ങളെ പ്രതിയും ഞാന്‍ അങ്ങയോടു യാചിക്കുന്നു. നീതിവിധിക്ക് വിധേയരായിരിക്കുന്ന ആത്മാക്കളുടെമേല്‍ അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമേ. അങ്ങയുടെ പ്രിയ പുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ഒമ്പതാം ദിവസം}


ധ്യാനം: "മന്ദതയില്‍ നിപതിച്ച ആത്മാക്കളെ ഇന്ന്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക."


പ്രാര്‍ത്ഥന: ഏറ്റവും കരുണാര്‍ദ്രനായ ഈശോയെ, അങ്ങ് കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവുനിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാന്‍ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നിജ്വാലയാല്‍ ഒരിക്കല്‍കൂടി എരിയിക്കേണമേ. ഏറ്റവും കാരുണ്യമുള്ള ഈശോ, അങ്ങയുടെ കാരുണ്യത്തിന്റെ മഹനീയ ശക്തി ഇവരില്‍ പ്രവര്‍ത്തിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിന്റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കണമേ. പരിശുദ്ധമായ സ്നേഹത്തിന്റെ ദാനം അവരില്‍ ചൊരിയണമേ. എന്തെന്നാല്‍ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ.

നിത്യനായ പിതാവേ, ഏറ്റവും ദയയുള്ള ഈശോയുടെ ഹൃദയത്തില്‍ സ്ഥാനമുള്ള മന്ദതബാധിച്ച ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. കാരുണ്യത്തിന്റെ പിതാവേ, അങ്ങേ പുത്രന്റെ കയ്പ്പേറിയ പീഡകളെ പ്രതിയും കുരിശിലെ മൂന്നു മണിക്കൂര്‍ നേരത്തെ സഹനത്തെ പ്രതിയും ഞാനങ്ങയോടു യാചിക്കുന്നു. അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനിടയാകട്ടെ. ആമ്മേന്‍ .


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
ലുത്തീനിയ


കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

മിശിഹായേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

പുത്രനായ ദൈവമേ! ലോകത്തിന്റെ വിമോചകാ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

സ്രഷ്ടാവിന്റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! (പ്രതിവചനം: ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു)

പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!

പരിശുദ്ധ ത്രീത്വത്തിന്റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!

അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ!

അമാനുഷസൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!

ഇല്ലായ്മയില്‍ നിന്നു നമ്മെ വിളിച്ച ദൈവകാരുണ്യമേ!

പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ!

അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!

പാപത്തിന്റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ!

സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ!

ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!

ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!

കരുണയുടെ മാതാവായി അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ!

ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ!

സാര്‍വ്വത്രീകസഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ!

പരിശുദ്ധ കൂദാശയില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!

മാമ്മോദീസായിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!

പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!

ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!

പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!

നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ!

വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ!

രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!

വ്യഥിതഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!

നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!

എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!

പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ!

മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!

അനുഗ്രഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!

എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ!

അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!

കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള എറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ കുഞ്ഞാടേ.

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.

കര്‍ത്താവിന്റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.
പ്രാര്‍ത്ഥിക്കാം


ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .

ഉണ്ണിയീശോയുടെ നൊവേന

പ്രാരംഭ ഗാനം

(രീതി: അദ്ധ്വാനിക്കുന്നവര്‍ക്കും.... )

ലോകത്തിന്‍ രക്ഷകനായ
ഭൂവിതില്‍ ജാതനായ
പൈതലാമുണ്ണിയേശു
പ്രാര്‍ത്ഥന കേട്ടീടണേ.

നേര്‍വഴി വിട്ടുപോയ
പാപികള്‍ ഞങ്ങളെ നീ
മോചിച്ചനുഗ്രഹിക്കാന്‍
തൃപ്പാദം കുമ്പിടുന്നു.
ലോകത്തിന്‍ ...

ആലംബഹീനര്‍ ഞങ്ങള്‍
നിന്നെ വണങ്ങീടുന്നു
നിത്യവും ഞങ്ങള്‍ക്കു നീ
കൂട്ടായിയിരിക്കണമേ.
ലോകത്തിന്‍ ...

പ്രാരംഭ പ്രാര്‍ത്ഥന

കാരുണ്യവാനും അനന്ത നന്മ സ്വരൂപിയുമായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. ഞങ്ങളുടെ സകല പാപങ്ങളെക്കുറിച്ചും ഞങ്ങള്‍ മനസ്ഥപിച്ച് പൊറുതിയപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വ നന്മ സ്വരൂപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ പ്രിയപുത്രനെ ഞങ്ങള്‍ക്കു രക്ഷകനായി നല്‍കിയതിന് ഞങ്ങള്‍ നന്ദി പറയുന്നു. കാലിത്തൊഴുത്തില്‍ ജനിച്ച് 33 സംവത്സരം പാപികളായ ഞങ്ങള്‍ക്കുവേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച് കാല്‍വരിയില്‍ ജീവാര്‍പ്പണം ചെയ്ത ഈശോയുടെ സഹനത്തെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഉണ്ണിയേശുവിനെ ദൈവകല്പനയാല്‍ ഉദരത്തില്‍ വളര്‍ത്തി ലോകത്തിനു പ്രദാനം ചെയ്യുകയും സംരക്ഷിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്ത മാതാവേ,അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ദൈവകുമാരനെ ശൈശവകാലത്തും ബാല്യത്തിലുമെല്ലാം അനേകം അപകടങ്ങളില്‍ കാത്തുപരിപാലിക്കുന്നതിന് ക്ലേശകരമായ യാത്രകഴിച്ച് മാനസികവ്യഥ അനുഭവിച്ച് തിരുക്കുടുംബത്തെ പാലിക്കുന്നതിന് വിയര്‍പ്പുചിന്തി തച്ചന്റെ ജോലി നിര്‍വഹിച്ച വിശുദ്ധ യൗസേപ്പുപിതാവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. മാതാപിതാക്കള്‍ക്കു കീഴ്‌വഴങ്ങി ജീവിച്ച ഉണ്ണിയേശുവേ അങ്ങ് ഞങ്ങളെ കാത്തുപരിപാലിക്കണമേ. ഭക്തിപൂര്‍വ്വം ഈ നൊവേന നടത്തുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങള്‍ക്കാവശ്യമായ എല്ലാ നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ദിവ്യഉണ്ണിയേ, അങ്ങു ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഉണ്ണിയീശോയോടുളള അപേക്ഷ

ഇഹലോകവാസികളായ ഞങ്ങളോരോരുത്തരോടുമുള്ള സ്നേഹത്താല്‍ മനുഷ്യാവതാരം ചെയ്ത് ഞങ്ങളുടെ ഇടയിലേക്ക് വരുവാന്‍ തിരുമനസ്സായ ഉണ്ണിയീശോയെ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. പാപികളായ ഞങ്ങളുടെ അയോഗ്യതകള്‍ പരിഗണിക്കാതെ ഞങ്ങളില്‍ ഒരുവനായിത്തീരുവാന്‍ തിരുമനസ്സായ ഉണ്ണിയീശോയെ, കാലിത്തൊഴുത്തില്‍ പിറന്ന് എളിമയുടെയും വിനയത്തിന്റെയും മാതൃകയായി ജീവിച്ചതിന് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പാപികളായ ഞങ്ങളില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. ഞങ്ങളുടെ സഹായവും രക്ഷയും അങ്ങുമാത്രമാണെന്ന് ഞങ്ങള്‍ ഉറപ്പായിവിശ്വസിക്കുന്നു. അങ്ങേ തിരുമുമ്പില്‍ അണഞ്ഞ് ഈ നൊവേനയില്‍ ഇന്നു ഞങ്ങള്‍ പ്രത്യേകമായി അപേക്ഷിക്കുന്ന ......... ആവശ്യങ്ങള്‍ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സാധിച്ചുതരണമെന്ന് തകര്‍ന്ന ഹൃദയത്തോടുകൂടി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുവിശേഷ വായന

വിശുദ്ധ ലൂക്കാ എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

(അദ്ധ്യായം: 2:41 മുതല്‍ 52 വരെ വാക്യങ്ങള്‍)

യേശുവിന്റെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാ തിരുനാളിന് ജറുസലേമില്‍ പോയിരുന്നു. അവന് പന്ത്രണ്ട് വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലേമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്ന് വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ട് കാണായ്കയാല്‍ യേശുവിനെ തിരക്കി അവര്‍ ജറൂസലേമിലേയ്ക്ക് തിരിച്ചുപോയി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു.

അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങളറിയുന്നില്ലേ? അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസ്രത്തില്‍ വന്ന്, അവര്‍ക്കു വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു.

സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.

സമൂഹ പ്രാര്‍ത്ഥന

കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ഉണ്ണിയീശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: കാലിത്തൊഴുത്തില്‍ പിറന്ന് കഠിനമായ തണുപ്പും അവഗണനയും സഹിക്കുവാന്‍ തിരുമനസ്സായ ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമെന്നും മേലില്‍ പാപസാഹചര്യങ്ങളില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: തീരാരോഗങ്ങള്‍, അപകടങ്ങള്‍, ദാരിദ്ര്യം മുതലായവയില്‍നിന്നു മോചനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: എല്ലാ മനുഷ്യരും സഹോദരസ്നേഹത്തിലും സാധുജനാനുകമ്പയിലും വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഞങ്ങളുടെ മക്കള്‍ ഉണ്ണിയീശോയെപ്പോലെ അനുസരണയിലും ദൈവഭക്തിയിലും അധികാരാദരവിലും വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: എല്ലാ വിദ്യാര്‍ത്ഥികളും പഠനത്തില്‍ സമര്‍ത്ഥരും സഹപാഠികേളാട് സ്നേഹത്തിലും അദ്ധ്യാപകരോട് ആദരവിലും വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഈ നവനാളില്‍ സംബന്ധിച്ച് അങ്ങയോടു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

ബാല്യം മുതല്‍ അനുസരണത്തിന്റെ ഉത്ക്കൃഷ്ട മാതൃകയായി വളര്‍ന്നുവന്ന ഉണ്ണിയീശോയെ, ഞങ്ങളില്‍ തീക്ഷ്ണമായ വിശ്വാസവും ദൈവഭക്തിയും വിനയവും അനുസരണവും സ്നേഹവും സേവനസന്നദ്ധതയും പരിപോഷിപ്പിക്കണമേ. അഗതികളുടെ സങ്കേതവും ആശ്രയവുമായ ഉണ്ണിയീശോയെ, അങ്ങയുടെ ജീവിതമാതൃക പിന്തുടര്‍ന്ന് ദൈവവിശ്വാസത്തില്‍ അടിയുറച്ചു ജീവിച്ച് ഉത്തമമാതൃകയില്‍ വളര്‍ന്നുവരുവാന്‍ ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സമാപന പ്രാര്‍ത്ഥന

സകലനന്മസ്വരൂപിയായ ഉണ്ണിയീശോയെ, അങ്ങയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ. ആത്മീയവും ശാരീരികവുമായ അസ്വസ്ഥതകളാല്‍ വിഷമിക്കുന്ന അങ്ങേ ഭക്തരും ദാസരുമായ ഞങ്ങളെ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ. കാരുണ്യവാനായ ഉണ്ണിയീശോയെ, ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള സകലതെറ്റുകളും ഞങ്ങളോടു ക്ഷമിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. പാപവഴിയില്‍ നിന്നും അകന്ന് അങ്ങേയ്ക്കു പ്രീതികരമായ ഒരു പുതിയ ജീവിതം നയിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. പ്രത്യേകിച്ച് ഈ നൊവേനയില്‍ ഞങ്ങള്‍ നിയോഗം വച്ചു പ്രാര്‍ത്ഥിക്കുന്ന ..... കാര്യങ്ങള്‍ സാധിച്ചു തന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് ഞങ്ങള്‍ സവിനയം അപേക്ഷിക്കുന്നു. ആമ്മേന്‍.

സമാപന ഗാനം

( രീതി: മറിയമേ നിന്റെ ... )

പുല്‍ക്കൂട്ടില്‍ വന്നു ജാതനായോനേ
പൈതലാമുണ്ണിയേശുവേ
നിന്‍ മുന്‍പില്‍ ഞങ്ങളേകുന്നു കാഴ്ച
ദാനമായ്‌ത്തന്നീ ജീവിതം.

കാരുണ്യവാനേ നിന്‍ രൂപം കണ്ണി-
നാനന്ദം എത്ര മോഹനം
മാനവര്‍ക്കെന്നും സാന്ത്വനമേകും
ഉണ്ണിയേശുവിന്‍ ദര്‍ശനം

വിണ്ണിന്‍ രാജനാം പൊന്നുണ്ണിയെന്റെ
ഹൃത്തില്‍ വന്നു നീ നിറയണേ
സ്തോത്രഗീതങ്ങളാലപിച്ചു ഞാന്‍
നിത്യം നിന്നെ സ്തുതിച്ചിടാം.

ഈശോയുടെ തിരുഹൃദയ ലുത്തിനിയ


കാര്‍മ്മി: കര്‍ത്താവേ അനുഗ്രഹിക്കണമേ

സമൂ: കര്‍ത്താവേ അനുഗ്രഹിക്കണമേ

കാര്‍മ്മി: മിശിഹായേ അനുഗ്രഹിക്കണമേ

സമൂ: മിശിഹായേ അനുഗ്രഹിക്കണമേ

കാര്‍മ്മി: കര്‍ത്താവേ അനുഗ്രഹിക്കണമേ

സമൂ: കര്‍ത്താവേ അനുഗ്രഹിക്കണമേ


കാര്‍മ്മി: മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

സമൂ: മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

കാര്‍മ്മി: മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

സമൂ: മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ


(തുടര്‍ന്നുള്ളവ കാര്‍മ്മികന്‍ ചൊല്ലുമ്പോള്‍, സമൂഹം "ഞങ്ങളോടു കരുണതോന്നണമേ" എന്നു ചൊല്ലുന്നു)


സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ

ലോകരക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ

നിത്യപിതാവിന്‍റെ പുത്രനായ ഈശോയുടെ തിരുഹൃദയമേ

കന്യകാമാതാവിന്‍റെ  തിരുവുദരത്തില്‍, പരിശുദ്ധാത്മാവിനാല്‍ രൂപികരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ

ദൈവവചനത്തിന്‍റെ കാതലായ ഈശോയുടെ തിരുഹൃദയമേ

ദൈവത്തിന്‍ പരിശുദ്ധാലയമായ ഈശോയുടെ തിരുഹൃദയമേ

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ

നന്മയും സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ

സകല പുണ്യങ്ങളുടെയും ആഴമേറിയ നിധിയായ ഈശോയുടെ തിരുഹൃദയമേ

സകല പുകഴച്ചയ്‌ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ

സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയവുമായ

ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും നിധിയൊക്കെയും അടങ്ങിയിരിയ്‌ക്കുന്ന ഈശോയുടെ തിരുഹൃദയമേ

ദൈവമഹത്വത്തിന്‍റെ  പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ

നിത്യപിതാവിനു പ്രസാദാത്മകമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണനിധിയായ ഈശോയുടെ തിരുഹൃദയമേ

നിത്യമഹത്വങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ

ക്ഷമയുള്ളതും അധികദയയുള്ളതുമായ ഈശോയുടെ തിരുഹൃദയമേ

അങ്ങേ കൃപയാചിക്കുന്ന സകലരേയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ

ജീവന്‍റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായ ഈശോയുടെ തിരുഹൃദയമേ

നിന്ദകളാല്‍ പീഡിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ

ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ

മരണത്തോളം കീഴ്വഴക്കമുള്ള ഈശോയുടെ തിരുഹൃദയമേ

സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളുടെ സമാധാനവും യോജിപ്പുമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ

അങ്ങില്‍ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ

അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമ

സകല പുണ്യവാന്മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ




കാര്‍മ്മി: ലോകത്തിന്‍റെ  പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ

സമൂ: കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ

കാര്‍മ്മി: ലോകത്തിന്‍റെ  പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ

സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന നീ കേള്‍ക്കണമേ

കാര്‍മ്മി: ലോകത്തിന്‍റെ  പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ

സമൂ: കര്‍ത്താവേ ഞങ്ങളേ അനുഗ്രഹിക്കണമേ


കാര്‍മ്മി: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ

സമൂ: ഞങ്ങളുടെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് തുല്യമാക്കി അരുളണമേ


പ്രാര്‍ത്ഥിക്കാം


സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, അങ്ങേ പ്രിയപുത്രന്‍റെ  തിരുഹൃദയത്തോടും പാപികള്‍ക്കായി താന്‍ അങ്ങേയ്‌ക്ക് കാഴ്ചവെച്ച സ്‌തുതികളോടും പാപപരിഹാരങ്ങളെയും തൃക്കണ്‍ പാര്‍ത്ത് താഴ്മയോടെ അങ്ങേ കൃപയെ യാചിക്കുന്ന ഞങ്ങള്‍ക്കു ദയാപരനായി മാപ്പു തന്ന് അരുളണമേ. ഈ അപേക്ഷകളൊക്കെയും അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ എന്നെന്നും ദൈവമായി ജീവിച്ചു വാഴുന്ന അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ക്കു തന്ന് അരുളണമേ. ആമ്മേന്‍

ഈശോയുടെ തിരുഹൃദയ നൊവേന

പ്രാരംഭ ഗാനം


(മറിയമേ നിന്റെ..... എന്ന രീതി)


ഈശോതന്‍ ദിവ്യ ഹൃദയമേ നിന്നെ
സ്നേഹിപ്പാന്‍ കൃപയേകണേ
നിന്‍ തിരുരക്തം വിലയായ് നല്‍കി നീ
ലോകത്തിന്‍ പാപം മോചിച്ചു.

കല്‍പ്പന തെല്ലും പാലിക്കാതെ ഞാന്‍
ഇന്നോളമങ്ങേ ദ്രോഹിച്ചു
പാപങ്ങളെല്ലാം വിസ്മരിച്ചെന്നെ
പൂര്‍ണ്ണമായ് കൈക്കൊണ്ടീടണേ,

കനിവോടെ എന്നെ കാക്കണേ എന്റെ
യാചനയെല്ലാം കേള്‍ക്കണേ
ഇനിമേലിന്നുതൊട്ടൊരുനാളുമങ്ങേ
പിരിയാതിരിപ്പാന്‍ തുണയേകൂ.
പ്രാരംഭ പ്രാര്‍ത്ഥന


അനന്ത നന്മസ്വരൂപിയായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങേ എക പുത്രനെ ഈ ലോകത്തിലേക്കയച്ച് പാപാന്ധകാരത്തില്‍ നിപതിച്ച മനുഷ്യരാശിയെ രക്ഷിക്കാന്‍ തിരുമനസായതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷയും ആശ്രയവുമായ ഈശോയെ, പാപികളായ ഞങ്ങളോരോരുത്തരെയും അങ്ങ് കാത്തുരക്ഷിക്കണമേ. അങ്ങേ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈശോയുടെ തിരുഹൃദയ ഭക്തരായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അങ്ങ് കൈക്കൊള്ളണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങളപേക്ഷിക്കുന്ന കാര്യങ്ങള്‍ ....., സാധിച്ചുതന്ന് ഞങ്ങള്‍ക്കു സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

1 സ്വര്‍ഗ. 1 നന്മ. 1 ത്രിത്വ.
സമൂഹ പ്രാര്‍ത്ഥന


(ഈശോ വിശുദ്ധ മര്‍ഗരീത്താ മരിയത്തിന്നു പ്രത്യക്ഷപ്പെട്ട് നല്‍കിയ 12 വാഗ്ദാനങ്ങളെക്കുറിച്ച് നമുക്കു ധ്യാനിക്കാം.) .


കാര്‍മ്മി: "എന്റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനംചെയ്യും" എന്നരുളിച്ചെയ്ത ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം നല്‍കും" എന്നരുളിച്ചെയത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "അവരുടെ സങ്കടങ്ങളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും" എന്നരുളിച്ചെയത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "ജീവിതകാലത്തും പ്രത്യേകം അവരുടെ മരണസമയത്തും ഞാന്‍ അവര്‍ക്ക് ഉറപ്പുള്ള സങ്കേതമായിരിക്കും എന്നരുളി ചെയ്ത" ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ അനവധി ആശീര്‍വാദങ്ങള്‍ നല്‍കും എന്നരുളിചെയ്ത" ഈശോയെ,

സമൂ" ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "പാപികള്‍ എന്റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും" എന്നരുളിച്ചെയ്ത ഈശോയെ'


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "മന്ദതയുള്ള ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും" എന്നരുളിച്ചെയ്ത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണ്ണതയുടെ പദവിയില്‍ പ്രവേശിക്കും" എന്നരുളിച്ചെയ്ത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "എന്റെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്‍ എന്റെ ആശീര്‍വാദമുണ്ടാകും" എന്നരുളിച്ചെയ്ത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "കഠിനഹൃദയരായ പാപികളെ മനസ്സുതിരിക്കുന്നതിനുള്ള വരം വൈദികര്‍ക്കു ഞാന്‍ നല്‍കും" എന്നരുളിച്ചെയ്ത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും" എന്നരുളിച്ചെയ്ത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: "ഒന്‍പത് ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്പിന്റെ വരം നല്‍കും" എന്നരുളിച്ചെയ്ത ഈശോയെ,


സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം


"വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്നും "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം", എന്നും "എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് അപേക്ഷിക്കുന്നതെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും" എന്നും അരുള്‍ചെയ്ത ഈശോനാഥാ, അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൈക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
ലുത്തീനിയ


കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: കാലിത്തൊഴുത്തില്‍ പിറന്ന്, 33 വത്സരം ഇഹലോകത്തില്‍ ജീവിച്ച്, കാല്‍വരിയില്‍ കുരിശില്‍ മരിച്ച്, മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റ്, ഞങ്ങളെ രക്ഷിച്ച ഈശോനാഥാ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: ഞങ്ങളുടെ നിരവധിയായ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമെന്നും, മേലില്‍ പാപത്തില്‍ വീഴാതെ ഞങ്ങളെ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: പ്രകൃതിക്ഷോഭം, തീരാരോഗങ്ങള്‍, അപകടങ്ങള്‍, ദാരിദ്ര്യം ഇവയില്‍നിന്നും മോചനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: നല്ലകാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിയണെമേ.


കാര്‍മ്മി: എല്ലാ മനുഷ്യരും സഹോദരസ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും സാധുജനാനുകമ്പയിലും വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: ഞങ്ങളുടെ മക്കള്‍ സ്നേഹത്തിലും അനുസരണയിലും ദൈവഭക്തിയിലും അധികാരാദരവിലും വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: എല്ലാ വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും പഠനത്തില്‍ സമര്‍ത്ഥരും സഹപാഠികളോടു സ്നേഹമുള്ളവരും അദ്ധ്യാപകരോട് ആദരവുള്ളവരുമായി വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


കാര്‍മ്മി: ഈ നൊവേനയില്‍ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം


എന്റെ ഈശോയെ, ഗാഗുല്‍ത്താമലയില്‍ രണ്ടു കള്ളന്മാരുടെ നടുവില്‍ കുരിശിന്മേല്‍ തൂങ്ങിക്കിടന്ന് അങ്ങേ തിരുഹൃദയം കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട്, അവസാനതുള്ളി രക്തംവരെ ചിന്തി മനുഷ്യകുലത്തെ രക്ഷിച്ചതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ പാപങ്ങളുടെ കാഠിന്യത്താലാണ് അങ്ങ് ഇത്ര കഠോരമായ പീഡകള്‍ സഹിച്ചത് എന്ന് ഓര്‍ത്ത് ഞങ്ങള്‍ പൊറുതിയപേക്ഷിക്കുന്നു. കരുണാവാരിധി്യും പാപങ്ങള്‍ പൊറുക്കുന്നവനുമായ ദൈവമേ, അങ്ങേ സന്നിധിയില്‍ കേണപേക്ഷിക്കുന്ന ഞങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.
സമാപന പ്രാര്‍ത്ഥന


സ്നേഹംനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങേ തിരുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് എന്റെ പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. കാരുണ്യവാനായ ഈശോയെ, പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്‍ ജ്വലിക്കുന്നതുമായ എന്റെ ഹൃദയത്തെ കടാക്ഷിക്കണമേ. എന്റെ നല്ല ഈശോയെ, എന്റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം നല്‍കണമേ. അങ്ങേ മഹത്വത്തിനും ശക്തിക്കു യോജിച്ചവിധം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം എനിക്കു നല്‍കണമേ. കര്‍ത്താവേ അങ്ങേ അനന്തകൃപയാല്‍ എന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണമേ. ആരാധനയക്കു പാത്രമായ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങ് എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യക്തമായി അറിയുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും കനിഞ്ഞ് അനുഗ്രഹിക്കണമേ. ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന .......... ആവശ്യം അങ്ങേ കൃപാകടാക്ഷത്താല്‍ സാധിച്ചുതന്ന് ഞങ്ങളെ രക്ഷിക്കണമെന്നുഞങ്ങള്‍ വിനയപുരസരം അപേക്ഷിക്കുന്നു. ആമ്മേന്‍.
സമാപന ഗാനം


(രീതി: അദ്ധ്വാനിക്കുന്നവര്‍ക്കും.... )


കാരുണ്യനിധിയാമീശോ
കാത്തരുളീടുക നീ
നിത്യമായ് സ്നേഹിച്ചീടാന്‍
ഞങ്ങളില്‍ കൃപയേകൂ നീ.

സാത്താനാല്‍ ബന്ധിതനായ
പാപവഴി നടന്നു
ബന്ധനം നീക്കിയെന്നെ
നേര്‍വഴി കാട്ടേണമേ.

സ്നേഹത്തിന്‍ സന്ദേശങ്ങള്‍
മാനവര്‍ക്കേകിയോനെ
ആലംബഹീനര്‍ ഞങ്ങള്‍
നിത്യം വണങ്ങീടുന്നു

പുത്തന്‍പാന: രണ്ടാം പാദം


ഹാവായോടു പിശാചു ചൊല്ലിയ വഞ്ചനയും അവള്‍ ആയതിനെ വിശ്വസിച്ചു കനിതിന്നുന്നതും, ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനി തിന്ന് ഇരുവരും പിഴച്ചതും, ദൈവനാദം കേട്ട് അനുതപിച്ചതും, ആ പാപം കാരണത്താല്‍ വന്നുകൂടിയ ചേതനാശവും, അവരുടെ മനസ്താപത്താല്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചു പുത്രന്‍ തമ്പുരാന്റെ മനുഷ്യാവതാരത്തില്‍ രക്ഷ കല്‍പിച്ചാശ്വസിപ്പിച്ചതും, മിശിഹായുടെ അവതാരത്തെ പൂര്‍വ്വപിതാക്കന്മാര്‍ പ്രാര്‍ത്ഥിച്ചു വന്നതും.


മാനുഷരെ പിഴപ്പിച്ചു കൊള്ളുവാന്‍

മാനസദാഹമൊടു പിശാചവന്‍.

തന്‍കരുത്തു മറച്ചിട്ടുപായമായ്

ശങ്കകൂടാതെ ഹാവായോടോതിനാന്‍

മങ്കമാര്‍ മണി മാണിക്യരത്നമേ,

പെണ്‍കുലമൗലേ കേള്‍ മമ വാക്കുനീ

നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ

അല്ലലായിരിപ്പാനെന്തവാകാശം

എന്നസുരന്‍ മധുരം പറഞ്ഞപ്പോള്‍

ചൊന്നവനോടു നേരായ വാര്‍ത്തകള്‍

കണ്ടതെല്ലാമടക്കി വാണിടുവാന്‍

ദണ്ഡമെന്നിയെ കല്‍പിച്ചു തമ്പുരാന്‍

വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളൂവാന്‍

വോണ്ടുന്നവരവും തന്നു തങ്ങള്‍ക്ക്

പിന്നെയീമരത്തിന്റെ കനിയിത്

തിന്നരുതെന്ന പ്രമാണം കല്‍പിച്ചു

ദൈവകല്‍പന കാത്തുകൊണ്ടിങ്ങനെ

ദേവാസേവികളായിരിക്കുന്നിതാ

ഹാവായിങ്ങനെ ചെന്നതിനുത്തരം

അവള്‍ സമ്മതിപ്പാനസുരേശനും

വഞ്ചനയായ വന്‍ചതിവാക്കുകള്‍

നെഞ്ചകം തെളിവാനുരചെയ്തവന്‍

കണ്ടകായ്‍കനിയുണ്ടുകൊണ്ടിങ്ങനെ

കുണ്‌‍ഠരായ് നിങ്ങള്‍ വാഴ്വതഴകതോ?

സാരമായ കനിഭുജിച്ചിടാതെ

സാരഹീന ഫലങ്ങളും ഭക്ഷിച്ച്,

നേരറിയാതെ സാരരഹിതരായ്

പാരില്‍ മൃഗസമാനമെന്തിങ്ങനെ,

എത്ര വിസ്മയമായ കനിയിത്!

ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും

നന്മയേറ്റം വളര്‍ത്തുമിതിന്‍കനി

തിന്മാനും രുചിയുണ്ടതിനേറ്റവും

ഭാഗ്യമായ കനിയിതു തിന്നുവാന്‍

യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാന്‍

അറ്റമില്ലിതു തിന്നാലതിന്‍ ഗുണം

കുറ്റവര്‍ക്കറിയാമെന്നതേ വേണ്ടു,

ദിവ്യമായ കനിയിതു തിന്നുകില്‍

ദേവനു സമമായ്‍വരും നിങ്ങളാ,

ആയതുകൊണ്ട് ദേവന്‍ വിരോധിച്ചു.

ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാന്‍

സ്നേഹം നിങളെയുണ്ടെന്നതുകൊണ്ടു

മഹാസാരരഹസ്യം പറഞ്ഞു ഞാന്‍

ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകില്‍

വന്നിടുമ്മഹാ ഭാഗ്യമറിഞ്ഞാലും.

ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോള്‍

കഷ്ടമാക്കനി തിന്നു പിഴച്ചഹോ,

നഷ്ടമായെന്നറിയാതെ പിന്നെയും

ഇഷ്ട ഭക്ഷ്യമായ് നല്‍കി ഭര്‍ത്താവിന്നും

ഹാവാ തങ്കല്‍ മനോരുചിയാകയാല്‍

അവള്‍ക്കിമ്പം വരുവതിന്നാദവും

ദേവകല്‍പന ശങ്കിച്ചിടാതന്നു

അവള്‍ ചൊന്നതു സമ്മതിച്ചക്കനി

തിന്നവന്‍ പിഴപെട്ടൊരനന്തരം

പിന്നെയും ദേവഭീതി ധരിച്ചില്ല.

ഉന്നതനായ ദേവനതുകണ്ടു

തന്നുടെ നീതിലംഘനം ചെയ്കയാല്‍

താതന്‍ തന്റെ തനയരോടെന്നപോല്‍

നീതിമാനഖിലേശ്വരന്‍ കോപിച്ചു.

ആദം! നീയെവിടെ എന്നരുള്‍ ചെയ്തു

നാദം കേട്ടു കുലുങ്ങി പറുദീസാ.

ആദവും അഴകേറിയ ഭാര്യയും

ഭീതിപൂണ്ടു ഭ്രമിച്ചു വിറച്ചുടന്‍

ദൈവമംഗലനാദങ്ങള്‍ കേട്ടപ്പോള്‍

ദൈവീക മുള്ളില്‍ പൂക്കുടനാദവും

ദൈവന്യായം കടന്നതു ചിന്തിച്ചു

ദൈവമേ പിഴച്ചെന്നവന്‍ തേറിനാല്‍

നാണമെന്തെന്നറിയാത്ത മാനുഷന്‍

നാണിച്ചു പത്രവസ്ത്രം ധരിച്ചുടന്‍,

ചെയ്ത ദോഷത്തിനുത്തരമപ്പോഴേ

സുതാപത്തോടനുഭവിച്ചാരവര്‍

അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു

പാമ്പു ദൈവാജ്ഞ ലംഘിപ്പിച്ചെന്നതാല്‍

നിന്റെ വായാല്‍ നീ വചിച്ചതുകൊണ്ടു

നിന്റെ ദോഷം നിന്‍വായില്‍ വിഷമൊന്നും

പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും

കണ്ടവര്‍ കൊല്ലുകെണ്ടം ശപിച്ചുടന്‍

സര്‍വ്വനാഥനെയാദം മറക്കയാല്‍

സര്‍വ്വജന്തുക്കളും മറന്നാദത്തെ

തമ്പുരാന്‍ മുമ്പവര്‍ക്കു കൊടുത്തൊരു

വമ്പുകള്‍ വരം നീക്കി വിധിച്ചിത്

പൈയും ദാഹം ക്ഷമിക്കേണമെന്നതും,

വിയര്‍പ്പോടു പൊറുക്കേണമെന്നതും,

വ്യാധി ദുഃഖങ്ങളാല്‍ വലകെന്നതും,

ആധിയോടു മരിക്കണമെന്നതും,

ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും

ഏറ്റമായുള്ള ദണ്ഡസമൂഹവും

മുള്ളുകള്‍ ഭൂമി തന്നില്‍ മുളച്ചിത്

പള്ളക്കാടു പരന്നു ധരിത്രിയില്‍

സ്വൈതവാസത്തില്‍ നിന്നവരെയുടന്‍

ന്യായം കല്‍പിച്ചുതള്ളി സര്‍വ്വേശ്വരന്‍.

മൃഗതുല്യമവര്‍ ചെയ്ത ദോഷത്താല്‍

മൃഗവാസത്തില്‍ വാഴുവാന്‍ യോഗ്യരായ്

ഇമ്പമൊടു പിഴച്ചതിന്റെ ഫലം

പിമ്പില്‍ കണ്ടുതുടങ്ങി പിതാക്കന്മാര്‍

നല്ലതെന്നറിഞ്ഞീടിലും നല്ലതില്‍

ചെല്ലുവാന്‍ മടി പ്രാപിച്ചു മാനസേ

വ്യാപിച്ചു ഭൂകി തിന്മയെന്നുള്ളതും,

മുമ്പില്‍ തിന്മയറിയാത്ത മാനുഷര്‍

തിന്മ ചെയ്തവര്‍ തിന്മയിലായപ്പോള്‍

നന്മ പോയതിനാല്‍ തപിച്ചേറ്റവും

ഉള്ള നന്മയറിഞ്ഞീടുവാന്‍ പണി.

ഉള്ള തിന്മയറിയായ്‍വാനും പണി

അശുഭത്തിലെ വിരസം കണ്ടവ-

രാശുമുങ്ങീതു ദുഃഖസമുദ്രത്തില്‍

വീണുതാണതി ഭീതി മഹാധിയാല്‍

കേണപജയമെണ്ണിക്കരയുന്നു

ജന്മപര്യന്തം കല്‍പിച്ച നന്മകള്‍

ദുര്‍മ്മോഹം കൊണ്ടശേഷം കളഞ്ഞയ്യോ,

നല്ല കായ്‍കനി തോന്നിയതൊട്ടുമേ

നല്ലതല്ലതു ദോഷമനവധി

സ്വാമിതന്നുടെ പ്രധാന കല്‍പന

ദുര്‍മ്മോഹത്തിനാല്‍ ലംഘനം ചെയ്തതും,

കഷ്ടമെത്രയും സ്വര്‍ല്ലോകനാഥനെ

ദുഷ്ടരായ നാം മറന്നതെങ്ങനെ!

സത്താം ദേഹവും തന്ന സ്രഷ്ടാവിനെ

എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ.

ആപത്തെല്ലാം വരുത്തിചമച്ചു നാം

താപവാരിയില്‍ വീണു മുഴുകിയേ

വീഴ്ചയാലടി നാശവും വന്നു നാം

താഴ്ചയേറും കുഴിയതില്‍ വീണിത്

പൊയ്‍പോയ ഗുണം ചിന്തിച്ചു ചിന്തിച്ചു

താപത്തിനു മറുകരകാണാതെ

പേര്‍ത്തു പേര്‍ത്തു കരഞ്ഞവര്‍ മാനസേ

ഓര്‍ത്തു ചിന്തിച്ചുപിന്നെ പലവിധം

ശിക്ഷയായുള്ള നന്മകളഞ്ഞു നാം

രക്ഷയ്ക്കെന്തൊരുപായം നമുക്കിനി

ഇഷ്ടവാരിധി സര്‍വ്വൈകനാഥനെ

സാഷ്ടാംഗസ്തുതിചെയ്തു സേവിക്കണം

അവിടന്നിനി മംഗലമേ വരൂ

അവിടെ ദയാലാഭ മാര്‍ഗ്ഗമുണ്ടാം

അറ്റമറ്റ ദയാനിധി സ്വാമിയേ-

കുറ്റം പോവതിനേറെ സേവിച്ചവര്‍

സൈവൈക ഗുണസ്വരൂപാ ദൈവമേ!

അവധി തവ കരുണയ്ക്കില്ലല്ലോ.

പാപം ചെയ്തുനാമേറെ പീഡിക്കുന്നു

താപം നീക്കുക സര്‍വ്വദയാനിധേ!

ന്യായം കല്‍പിച്ച ദൈവമേ നിന്നുടെ

ന്യായം നിന്ദിച്ച നിങ്ങള്‍ ദുരാത്മാക്കള്‍,

ന്യായലംഘനം കാരണം നിന്നുടെ

ന്യായശിക്ഷ തികയ്ക്കല്ലേ നായകാ!

കണ്ണില്ലാതെ പിഴയ്ക്കയാല്‍ ഞങ്ങള്‍ക്കു

ദണ്ഡമിപ്പോള്‍ ഭവിച്ചു പലവിധം

ദണ്ഡത്തില്‍ നിന്റെ തിരുവുള്ളക്കേടാല്‍

ദണ്ഡമേറ്റം നമുക്കയ്യോ ദൈവമേ

ആര്‍ത്തെരിയുന്നോരാര്‍ത്തിയമര്‍ത്തുവാന്‍

പേര്‍ത്തു നീയൊഴുഞ്ഞൊരു ദയാനിധേ!

സര്‍വ്വേശാ നിന്റെ കാരുണ്യശീതളം

സര്‍വ്വതൃപ്തി സുഖം സകലത്തിനും

ദേവസൌഖ്യം ഞങ്ങള്‍ക്കു കുറകയാല്‍

അവധിഹീന സംഭ്രമവേദന,

അയ്യോ പാപം നിരന്തര മഹത്വമെ

അയ്യോ ബുദ്ധിക്കന്ധത്വം ദുര്‍ഭാഗ്യമെ

നിന്‍തൃക്കൈബലം രക്ഷിച്ചില്ലെങ്കിലോ

ഗതിയെന്നിയേ മുടിഞ്ഞു നാം സദാ

ഇപ്രകാരമനേക വിലാപമായ്

സുപീഡയോടവരിരിക്കും വിധൌ

കണ്ണുനീരും തൃക്കണ്‍പാര്‍ത്തു നായകന്‍

ത്രാണം കല്‍പിച്ചനുഗ്രഹിച്ചു പുനര്‍

സ്ത്രീ, പാദത്തിനു കേടു വന്നിടാതെ

സര്‍പ്പത്തിന്നുടെ തല തകര്‍ത്തീടും

ആ ദോഷത്തിന്റെ നാശമേല്‍ക്കാതെ ക-

ണ്ടാദത്തിന്നുടെ ജന്മനി ഭൂതയായ്.

കറ കൂടാതെ നിര്‍മ്മല കന്യകാ

സര്‍വ്വപാലനു ജനനിയായ് വരും

പുത്രന്‍ തമ്പുരാന്‍ നരാവതാരത്തില്‍

ധാത്രി ദോഷവിനാശമൊഴിച്ചീടും

ദിവ്യവാക്കുകള്‍ കേട്ടോരനന്തരം

ഉള്‍വ്യാധി കുറഞ്ഞാശ്വസിച്ചാരവര്‍

രക്ഷയ്ക്കാന്തരം വരാതിരിപ്പാനായ്

ശിക്ഷയാം വണ്ണമിരുന്നു സന്തതം

അവര്‍കളുടെ കാലം കഴിഞ്ഞിട്ട്

അപജയമൊഴിക്കും പ്രകാരങ്ങള്‍,

മുമ്പിലാദത്തോടരുള്‍ ചെയ്തപോല്‍

തമ്പുരാന്‍ പിന്നെ ഔറാഹത്തിനോടും

ദാവീദാകുന്ന പുണ്യരാജാവോടും,

അവര്‍ക്കാത്മജന്‌‍മിശിഹായായ്‍വരും

എന്നുള്ള ശുഭവാര്‍ത്തയറിയിച്ച്,

മാനസാശയുമേറെ വര്‍ദ്ധിപ്പിച്ചു.

ലോകമാനുഷരായ മഹാജനം

ലോകനായകനെ സ്തുതിച്ചീടിനാര്‍.

ലോകൈകനാഥ! സര്‍വ്വദയാനിധേ!

ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ

മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും

ശീഘ്രം നീയും വരാഞ്ഞതിതെന്തയ്യോ,

ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,

ആകെ നിന്‍കൃപയില്ലാതെന്തു ഗതി!

നീക്കു താമസം പാര്‍ക്കാതെ വേദന

പോക്കിക്കൊള്ളുക വേഗമെന്നാരവര്‍

രണ്ടാം പാദം സമാപ്തം