2017, ജനുവരി 18, ബുധനാഴ്‌ച

വിശുദ്ധ മരിയ അമാന്‍ഡിന ചൈനയിലെ രക്തസാക്ഷി

ബെല്‍ജിയത്തില്‍ 1872 ഡിസംബര്‍ 28നാണ്‌ മരിയ ഭൂജാതയായത്‌. ലളിതജീവിതം നയിച്ചിരുന്ന കൊര്‍ണേലിയൂസും ആഗ്നസുമായിരുന്നു മാതാപിതാക്കള്‍. പൗളിന്‍ ജ്യൂറിസെന്നാണ്‌ ജ്ഞാനസ്‌നാനപ്പേര്‌ നല്‌കപ്പെട്ടത്‌. ആറ്‌ പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമായിരുന്നു കൊര്‍ണേലിയൂസിനും ആഗ്നസിനും. ആ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അവര്‍ കഠിനാധ്വാനം ചെയ്‌തു. അവരുടെ ഒമ്പതാമത്തെ പ്രസവത്തിലുണ്ടായ സങ്കീര്‍ണതകള്‍ നിമിത്തം ആഗ്നസും കുഞ്ഞും മരിച്ചതോടെ ഏഴാമത്തെ വയസില്‍ മരിയക്ക്‌ അമ്മയെ നഷ്‌ടമായി. അതിനാല്‍ അടുത്തുള്ള ഗ്രാമത്തിലേക്ക്‌ ജീവിതം പറിച്ചുനടാന്‍ മരിയയുടെ പിതാവ്‌ നിര്‍ബന്ധിതനായി. ആറ്‌ പെണ്‍കുട്ടികളില്‍ നാലുപേര്‍ ചെറുപ്പത്തിലേതന്നെ തങ്ങളുടെ ജീവിതം യേശുവിനായി സമര്‍പ്പിച്ചിരുന്നു. പുതിയ സ്ഥലത്ത്‌ മരിയയുടെയും സഹോദരിയുടെയും സംരക്ഷണം ഒരു സ്‌ത്രീ ഏറ്റെടുത്തു. പുതിയ ഭവനത്തില്‍ വാത്സല്യവും സംരക്ഷണവും അവള്‍ ആവോളം അനുഭവിച്ചു. സ്‌നേഹപൂര്‍ണയും സന്തോഷവതിയുമായ മരിയ അവരെ സംരക്ഷിച്ചുകൊണ്ടിരുന്നവരുടെ ഹൃദയം കവരുകയും ചെയ്‌തു. 14

അസാധാരണമായ ഒരു വിടചൊല്ലല്‍

15-ാം വയസില്‍ പ്രാന്‍സിസ്‌ അസീസിയുടെ മൂന്നാം സഭയില്‍ അവള്‍ അംഗമായി. സഹോദരി റൊസാലീയാണ്‌ ആദ്യം ആന്‍റെവെര്‍പ്പിലുള്ള ഫ്രാ ന്‍സിസ്‌കന്‍ മിഷനറീസ്‌ ഓഫ്‌ മേരി സഭയില്‍ അംഗമായത്‌. മേരി ഹോണറിന്‍ എന്ന പേരും സ്വീകരിച്ചു. പിന്നീട്‌ മരിയയും സഹോദരിയുടെ പാത പിന്തുടര്‍ന്നു. മേരി ഹോണറിന്‍ ശ്രീലങ്കയിലേക്ക്‌ യാത്രയായ സമയത്തായിരുന്നു അത്‌. ഇളയ സഹോദരിയായ മെത്തില്‍ഡയും പിന്നീട്‌ അവളെ പിന്തുടര്‍ന്നു. ലാളിത്യവും ആനന്ദപൂര്‍ണതയും ഉദാരതയുമെല്ലാം ഒത്തിണങ്ങിയ യഥാര്‍ത്ഥ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിയായിരുന്നു മരിയ. അവളുടെ നര്‍മ ബോധവും സുഖകരമായ ബന്ധങ്ങളും ആനന്ദകരമായ ശാന്തതയുടെ ഭവനാന്തരീക്ഷം അവള്‍ക്കു ചുറ്റും സൃഷ്‌ടിച്ചു. ചൈനയിലെ തയ്‌വാന്‍ഫുവില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയില്‍ രോഗീപരിചരണ ത്തിനായി പരിശീലനം നേടുന്നതിന്‌ മാഴ്‌സീലസിലേക്ക്‌ അയക്കപ്പെട്ട ആദ്യത്തെയാള്‍ മരിയയായിരുന്നു. അവിടെനിന്ന്‌ അവള്‍ മിഷന്‍വേലക്കായി അയക്കപ്പെട്ടു. ശ്രീലങ്കയിലെ തുറമുഖംവഴിയാണ്‌ ബോട്ട്‌ കടന്നുപോയത്‌. അതിനാല്‍ അവള്‍ക്ക്‌ സഹോദരി മേരി ഹോണറിനെ കാണുവാന്‍ സാധിച്ചു. രണ്ടുപേര്‍ക്കും സന്തോഷമായി. പിരിയുമ്പോള്‍ അവര്‍ പരസ്‌പരം യാത്ര പറഞ്ഞു, ``സ്വര്‍ഗത്തില്‍വച്ച്‌ വീണ്ടും കാണുന്നതുവരെ വിട!'' മരണംവരെയും ദൈവവേലയില്‍ നിന്ന്‌ പിന്‍മാറുകയില്ല എന്ന ദൃഢനിശ്ചയത്തിന്‍റെകൂടി പ്രകടനമായിരുന്നത്‌.

മിഷന്‍പ്രവര്‍ത്തന കാലത്ത്‌ സേവനംചെയ്യുന്ന ഡിസ്‌പെന്‍സറിയില്‍ അവള്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ചു. തന്‍റെ സുപ്പീരിയര്‍ ജനറലിനോട്‌ അവള്‍ പറഞ്ഞ വാക്കുകളില്‍നിന്ന്‌ അതു മനസിലാക്കാം: ``200 അനാഥരുണ്ട്‌, അതില്‍ രോഗികളായ അനേകരും. അവരെ ഞങ്ങളാലാവുംവിധം നന്നായി പരിചരിക്കുന്നു. പുറത്തുനിന്നുള്ള രോഗികളും ചികിത്സക്കായി വരുന്നുണ്ട്‌. അങ്ങ്‌ അവരെ കാണുകയാണെങ്കില്‍ ഭയപ്പെട്ടുപോകും. ശുചിത്വമില്ലായ്‌മമൂലം വഷളായ അവരുടെ മുറിവുകള്‍ സങ്കല്‌പിക്കാനാവില്ല. മാഴ്‌സീലസില്‍വച്ച്‌ എല്ലാക്കാര്യങ്ങളെക്കുറിച്ചും അല്‌പം പഠിക്കാന്‍ കഴിഞ്ഞതില്‍ ഞാനെത്ര ഭാഗ്യവതിയാണ്‌. അവരെ ആശ്വസിപ്പിക്കാന്‍ എനിക്കാകുന്നതെല്ലാം ഞാന്‍ ചെയ്യുന്നു.'' വാസ്‌തവത്തില്‍ ജോലി വളരെ വലുതായിരുന്നു, ഒരു ഇടവേളയുമില്ലാത്ത ത്യാഗത്തിന്‍റെ ജീവിതം, അതവള്‍ സന്തോഷത്തോടെ സ്വീകരിച്ചു.

ചിരിച്ചും പാട്ടുപാടിയും വിശുദ്ധിയുടെ വഴിയേ

അവളോടൊപ്പമുണ്ടായിരുന്ന ഒരു സഹോദരി എഴുതി, ``സിസ്റ്റര്‍ മരിയ അമാന്‍ഡിന പ്രായംകൊണ്ടും സ്വഭാവംകൊണ്ടും ഞങ്ങളുടെയിടയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്യാസിനിയാണ്‌. അവള്‍ എപ്പോഴും ചിരിച്ചും പാട്ടുപാടിയും സന്തോഷവതിയായി നടക്കുന്നു. അത്‌ നല്ലതാണ്‌. മിഷനറിയുടെ കുരിശ്‌ സന്തോഷത്തോടെ വഹിക്കണം.'' ചൈനയിലെ ആളുകള്‍ അവളെ `ചിരിക്കുന്ന വിദേശി' എന്നു വിളിച്ചു. കൂടെയുണ്ടായിരുന്ന ഒരു സഹോദരി രോഗിണിയായിരുന്നപ്പോള്‍ അമാന്‍ഡിന രാവും പകലും അവളെ ശുശ്രൂഷിച്ചു. അതോടൊപ്പം ഡിസ്‌പെന്‍സറിയിലെ മറ്റു രോഗികളെ ശുശ്രൂഷിക്കുന്നതിലും അവള്‍ ഒട്ടും വീഴ്‌ചവരുത്തിയില്ല. കഠിനമായിരുന്നു ആ ശുശ്രൂഷകള്‍. പക്ഷേ, അവളത്‌ സന്തോഷത്തോടെ നിര്‍വഹിച്ചു. ഒടുവില്‍ അമാന്‍ഡിനയും രോഗത്തിന്‌ കീഴടങ്ങി. പതുക്കെ പ്പതുക്കെഅവളുടെ ആരോഗ്യകരമായ പ്രകൃതി എല്ലാത്തിനെയും അതിജീവിച്ചു. വീണ്ടും അവള്‍ സേവന മേഖലയിലേക്ക്‌ പ്രവേശിച്ചു.


പഴയതുപോലെ അവള്‍ സന്തോഷത്തിലേക്ക്‌ തിരികെയെത്തി. അങ്ങനെ നാളുകള്‍ നീങ്ങവേ അവളുടെ ജീവിതത്തില്‍ ദൈവം സഹനത്തിന്‍റെ ഒരു വഴിതുറന്നു. തയ്‌വാനിലെ ബോക്‌സര്‍ വിപ്ലവകാലത്ത്‌ അവള്‍ ജയിലിലടക്കപ്പെട്ടു. അവസാന കത്തുകളിലൊന്നില്‍ മേരി ഹെര്‍മിന്‍ എന്ന സന്യാസിനി ഇങ്ങനെയെഴുതുന്നു: ``ഇന്ന്‌ രാവിലെ മരിയ അമാന്‍ഡിന പറഞ്ഞു, രക്തസാക്ഷികളെ കാത്തുസൂക്ഷിക്കാനല്ല അവരെ ശക്തി പ്പെടുത്താനാണ്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ എന്ന്‌.'' വിശ്വാസം പരിത്യജിച്ചില്ലെങ്കില്‍ മരണമായിരുന്നു ശിക്ഷ. വിശ്വാസം ഉപേക്ഷിക്കാന്‍ തയാറില്ലാത്തതുകൊണ്ട്‌ മരിയ അമാന്‍ഡിനയടക്കമുള്ള ഏഴ്‌ സന്യാസിനികളെയും മറ്റനേകര്‍ക്കൊപ്പം ജയിലിലടച്ചു. അവളോടൊപ്പം ജയിലിലടക്കപ്പെട്ടവര്‍ക്ക്‌ അവളുടെ ആനന്ദം വിസ്‌മയത്തോടെയേ കാ ണാനാകുമായിരുന്നുള്ളൂ. അത്തരത്തിലുള്ള ഫ്രാന്‍സിസ്‌കന്‍ ആനന്ദം നല്‌കി കര്‍ത്താവ്‌ അവളെ അനുഗ്രഹിച്ചിരുന്നു. കൃതജ്ഞതയുടെ കീര്‍ത്തനം പാടിക്കൊണ്ട്‌ അവളും ഒപ്പമുള്ള ആറു സഹോദരിമാരും രക്തസാക്ഷിത്വം വരിച്ചു. 1900 ജൂലൈയിലായിരുന്നു ഈ സംഭവം. 27 വയസായിരുന്നു അപ്പോള്‍ മരിയയുടെ പ്രായം. 2000-ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മരിയയെയും ഒപ്പമുണ്ടായിരുന്നവരെയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. ചൈനയിലെ രക്ത സാക്ഷികള്‍ക്കൊപ്പം സെപ്‌റ്റംബര്‍ 28നും ഷാന്‍ക്‌സിയിലെ രക്തസാക്ഷികളോടൊപ്പം ജൂലൈ എട്ടിനും തിരുസഭ ഈ പുണ്യവതിയെ ഓര്‍ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ