2017, ജനുവരി 18, ബുധനാഴ്‌ച


വിശുദ്ധ മാരിയൂസും കുടുംബവും

ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്‍ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ്‌ എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്തു. കൂടാതെ അനേകം രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു.

അധികം താമസിയാതെ അവര്‍ പിടികൂടപ്പെട്ടു. വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നിരവധി ഭീഷണികളും പ്രലോഭനങ്ങളും അവര്‍ക്ക്‌ നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വിശ്വാസത്തില്‍ അവര്‍ ഉറച്ച് നിന്നതിനാല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. വിശുദ്ധ മാര്‍ത്തയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്‌, എന്തൊക്കെ പീഡനങ്ങളും സഹനങ്ങളും നേരിടേണ്ടി വന്നാലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കരുതെന്ന് തന്‍റെ ഭര്‍ത്താവിനേയും, മക്കളെയും ശക്തമായി ഉപദേശിച്ചിട്ടാണ് വിശുദ്ധ മരണത്തിന് കീഴടങ്ങിയത്‌.

അതേസ്ഥലത്ത് വെച്ച് അവരെല്ലാവരും തന്നെ കഴുത്തറത്ത് കൊലപ്പെടുകയും മൃതദേഹങ്ങള്‍ തീയിലെറിയപ്പെടുകയും ചെയ്തു. ഫെലിസിറ്റാസ് എന്ന്‍ പേരായ മറ്റൊരു വിശുദ്ധ അവരുടെ പകുതി കരിഞ്ഞ ശവശരീരങ്ങള്‍ വീണ്ടെടുക്കുകയും തന്‍റെ പറമ്പില്‍ സംസ്കരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഈ വിശുദ്ധരുടെ മധ്യസ്ഥതിരുനാള്‍ റോമന്‍ ദിനസൂചികയില്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ