2017, ജനുവരി 14, ശനിയാഴ്‌ച

ആരാധനക്രമ വർഷം


ക്രൈസ്തവ സഭ ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതാത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം. ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വരുന്ന ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച. ആരാധന ക്രമവർഷത്തെ കാലങ്ങളും (ആഗമനകാലം, തപസ്സുകാലം, ഉയർപ്പ് കാലം, സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും കന്യകാമറിയം, വിശുദ്ധന്മാർ എന്നിവരുടെ വണക്കം ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ.ആഗമനകാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്‍റെ രാജത്വ തിരുനാൾ വരെയാണ് കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ ഓർത്തോഡോക്സ് സഭയുടെ വർഷാരംഭം.

റോമൻ കത്തോലിക്കാ ആരാധനക്രമ വർഷം

റോമൻ കത്തോലിക്കാ റീത്ത്, ചില ലൂഥറൻ, ആംഗ്ലിക്കൻ , പ്രൊട്ടസ്റ്റന്‍റെ വിഭാഗങ്ങൾ എന്നിവർ പിന്തുടരുന്നത് ഈ ആരാധനക്രമ വർഷമാണ്. ആഗമനകാലം (Advent Season), ക്രിസ്മസ് കാലം (Christmastide), തപസു കാലം (Lent Season), ഉയർപ്പു കാലം (Easter Season), സാധാരണ കാലം (Ordinary Season) എന്നിവയാണ് ഈ ക്രമവർഷത്തിലെ കാലങ്ങൾ.

ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
ആഗമനകാലം
ക്രിസ്തുമസ് കാലം
സാധാരണ കാലം
സെപ്ത്വാജെസെമ(തപസ്സ് കാലം മുന്നൊരുക്കം)
തപസ്സ് കാലം
വിശുദ്ധ വാരം
ഈസ്റ്റർ ത്രിദിനം
പെസഹാക്കാലം
സാധാരണ കാലം
സീറോ മലബാർ റീത്ത്
മംഗളവാർത്തക്കാലം
ദനഹാക്കാലം
നോമ്പു കാലം
ഉയിർപ്പുകാലം
ശ്ലീഹാക്കാലം
കൈത്താക്കാലം
ഏലിയ ശ്ലീവാ മൂശക്കാലം
പള്ളിക്കൂദാശക്കാലം
ആഗമന കാലം

ആഗമനകാലം

ക്രിസ്മസിന് മുൻപുള്ള നാല് ആഴ്ചകളാണ് ആഗമനകാലം (Advent Season). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബറിലെ അവസാന ഞായറാഴ്ചയോ ഡിസംബറിലെ ആദ്യ ഞായറാഴ്ചയോ ആണ് ആഗമനകാലം ആരംഭിക്കുന്നത്. ഡിസംബർ ഇരുപത്തി നാലാം തീയതി വൈകുന്നേരമാണ് ആഗമന കാലം അവസാനിക്കുന്നത്. ഈ കാലയളവിൽ അൾത്താര അലങ്കരിക്കുന്ന തുണികളുടെയും വിരികളുടെയും, കുർബാന അർപ്പിക്കുന്ന സമയത്ത് വൈദികൻ ധരിക്കുന്ന മേലങ്കിയുടെയും നിറം നീലയായിരിക്കും. കേരളത്തിലെ ക്രൈസ്തവർ ഈ കാലയളവിനെ ചെറിയ നോമ്പ് കാലം, ഇരുപത്തഞ്ച് നോമ്പുകാലം എന്നും വിളിക്കാറുണ്ട്. ഈ നോയമ്പ് കാലത്ത് ഉപവാസം, ഇഷ്ട വസ്തുക്കളെ വർജ്ജിക്കൽ (ആശയടക്കം), മാസം വർജ്ജിക്കൽ എന്നിവയും ക്രൈസ്തവർ ആചരിക്കാറുണ്ട്‌. വിവാഹം ഈ കാലത്ത് നിഷിദ്ധമാണ്.

ക്രിസ്മസ് കാലം

ക്രിസ്മസ് കാലം

ആഗമന കാലത്തിന്‍റെ തുടർച്ചയാണ് ക്രിസ്മസ് കാലം(Christmastide). ഡിസംബർ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാർത്ഥന (Vespers)യോടെയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്. ക്രിസ്മസ് മുതൽ പന്ത്രണ്ട് ദിവസം വരെ (പ്രത്യക്ഷീകരണ തിരുനാൾ - Epiphany) വരെയാണ് ഇത് ആചരിക്കുന്നത്. എങ്കിലും യഥാർത്ഥത്തിൽ പ്രത്യക്ഷീകരണ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്‍റെ ജ്ഞാനസ്നാന തിരുനാൾ വരെ ക്രിസ്മസ് കാലം നീളാറുണ്ട്. ഈ കാലയളവിൽ ആരാധനക്രമ നിറം വെള്ളയാണ്. സ്വർണ നിറത്തിലുള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്.

സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം

സാധാരണ കാലം

33-34 ആഴ്ചകൾ ഉൾക്കൊള്ളുന്ന സാധാരണ കാലം (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യപാദം യേശുവിന്‍റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം ആരംഭിക്കുകയും വിഭൂതി ബുധന് (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ ഈസ്റ്റർ വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. പെന്തക്കോസ്താ തിരുനാളിന് തൊട്ടടുത്ത ദിവസം രണ്ടാം പാദം ആരംഭിക്കും. അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ ത്രിത്വത്തിന്‍റെ തിരുനാളായി ആഘോഷിക്കാറുണ്ട്. അത്തരുണത്തിൽ പെന്തക്കോസ്താ വിഭാഗത്തിന് ത്രിത്വത്തിന്‍റെ തിരുനാളിന് തൊട്ടടുത്ത ദിവമാണ് രണ്ടാം പാദം ആരംഭിക്കുന്നത്. രണ്ടാം പാദത്തിലെ അവസാന ഞായറാഴ്ച ക്രിസ്തുവിന്‍റെ രാജത്വ തിരുനാൾ ആയി ആഘോഷിക്കപ്പെടുന്നു. ഈ കാലത്ത് ഉപയോഗിക്കുന്ന അലങ്കാര വസ്ത്രങ്ങളുടെയും മേൽ വസ്ത്രങ്ങളുടെയും നിറം പച്ചയാണ്. എങ്കിലും ചില ആംഗ്ലിക്കൻ വിഭാഗങ്ങൾ അവസാന ആഴ്ചകളിൽ ചുവപ്പ് ഉപയോഗിക്കാറുണ്ട്.

തപസ്സ് കാലം

തപസ്സ് കാലം

വിഭൂതി ബുധൻ (Ash Wednesday, ക്ഷാര ബുധൻ , കരിക്കുറി പെരുന്നാൾ) ആണ് തപസു കാല (Lent Season or Passiontide) ത്തിന്‍റെ തുടക്കം. ക്രൈസ്തവർക്ക് ഇത് അനുതാപത്തിന്‍റെ കാലം കൂടിയാണ്. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ വലിയ നോയമ്പ് (അൻപതു നോയമ്പ്) ആയി ആചരിക്കുന്നു. ആഗമന കാലത്തിൽ എന്ന പോലെ ക്രൈസ്തവർ ഈ കാലയളവിൽ അനുതാപം, പ്രായശ്ചിത്തം, ഉപവാസം, മാംസം വർജ്ജിക്കൽ എന്നിവ അനുഷ്ഠിക്കുന്നു. തപസു കാലത്തും വിവാഹമടക്കമുള്ള മംഗള കർമ്മങ്ങൾ അനുവദിക്കാറില്ല. ഈ കാലയളവിൽ വി. ഔസേപ്പിതാവിന്‍റെ തിരുനാൾ, മംഗള വാർത്ത തിരുനാൾ എന്നിവയ്ക്കൊഴികെ ഗ്ലോറിയ (അത്യുന്നതങ്ങളിൽ ദൈവത്തിനു...) യും , അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികളും, വിശിഷ്ഠവസരങ്ങളിൽ ആലപിക്കുന്ന തെ ദേവും (ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു...) എന്ന ഗീതവും ഒദ്യോഗിക-അനൌദ്യോഗിക പ്രാർത്ഥനകളിൽ നിന്ന് ഒഴിവാക്കുന്നു. റോമൻ കത്തോലിക്കർ പെസഹ വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ സ്ഥാപന തിരുനാളായി ആഘോഷിക്കുന്നതിനാൽ ആ ദിവസം ഗ്ലോറിയ ആലപിക്കാറുണ്ട്.

വിശുദ്ധ വാരം

വിശുദ്ധ വാരം

തപസുകാലത്തിന്‍റെ അവസാന ആഴ്ച വിശുദ്ധ വാരം (Holy Week) എന്നാണ് അറിയപ്പെടുന്നത്. ഓശാന ഞായറാഴ്ച - Palm Sunday കുരുത്തോല പെരുന്നാൾ) യോടെയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത്. വിശുദ്ധ വാരത്തിൽ ദുഃഖ വെള്ളിയാഴ്ച വരെ ക്രൂശിത രൂപങ്ങൾ നീല തുണി കൊണ്ട് മറക്കാറുണ്ട്. ക്രിസ്തുവിന്‍റെ രാജകീയ പ്രവേശം അനുസ്മരിക്കുന്ന ഓശാന ഞായർ, അന്ത്യ അത്താഴം അനുസ്മരിക്കുന്ന പെസഹാവ്യാഴം, പീഡാനുഭവവും കുരിശുമരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളി, വിശുദ്ധ ശനി (വലിയ ശനി), ഈസ്റ്റർ എന്നിവയാണ് വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങൾ.

ഈസ്റ്റർ ത്രിദിനം

ഈസ്റ്റർ ത്രിദിനം

ദുഃഖ വെള്ളി (Good Friday), വിശുദ്ധ ശനി - Holy Saturday (വലിയ ശനി), ഈസ്റ്റർ എന്നിവ അടങ്ങിയതാണ് ഈസ്റ്റർ ത്രിദിനം (Easter Triduum). പെസഹാ വ്യാഴാഴ്ച (Moundy Thursday) വൈകുന്നേരം നടക്കുന്ന ദിവ്യബലി (അന്ത്യാത്താഴ സ്മരണ)യോട് കൂടി ഈസ്റ്റർ ത്രിദിനം ആരംഭിക്കുന്നു. പല വിഭാഗങ്ങളിലും അന്നേ ദിവസം ദിവ്യബലി മദ്ധ്യേ പാദ ക്ഷാളന കർമ്മം (കാലുകഴുകൽ ശുശ്രൂഷ) നടത്താറുണ്ട്. അന്ത്യ അത്താഴത്തിന് മുൻപ് യേശുദേവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്‍റെ അനുകരണമായി മുഖ്യ കാർമ്മികനായ വൈദികൻ അല്മായരായ പന്ത്രണ്ട് പേരുടെ കാലുകൾ കഴുകുന്ന ചടങ്ങാണ് പാദ ക്ഷാളന കർമ്മം. തുടർന്ന് അർദ്ധരാത്രി വരെ ജാഗരണ പ്രാർത്ഥനയാണ്. റോമൻ കത്തോലിക്കാ പള്ളികളിൽ അർദ്ധരാത്രി വരെ പരിശുദ്ധ കുർബാനയുടെ ആരാധന നടത്താറുണ്ട്. രാവിലെ ജാഗരണ പ്രാർത്ഥനയുടെ തുടർച്ച ഉണ്ടായിരിക്കും. കേരളത്തിലെ ക്രൈസ്തവർ പുത്തൻ പാന പാരായണം,  കുരിശിന്‍റെ വഴി ചൊല്ലൽ എന്നിവ ഈ ദിവസം പ്രത്യേകമായും തപസുകാലത്തിലെ ചൊവ്വാ, വെള്ളി ദിവസങ്ങളിലും ചെയ്യാറുണ്ട്.

ദുഃഖ വെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാറില്ല.വൈകുന്നേരം ആരംഭിക്കുന്ന തിരുക്കർമങ്ങളിൽ കുരിശാരാധന, പീഡാനുഭവ വായന, സാർവത്രീക പ്രാർത്ഥന, നഗരി കാണിക്കൽ പ്രദക്ഷിണം, യേശുവിന്‍റെ ശരീരം പ്രതീകാത്മകമായി സംസ്കരിക്കൽ എന്നിവയാണ് പ്രധാന തിരുക്കർമ്മങ്ങൾ. ആവരണം ചെയ്യപ്പെട്ട ക്രൂശിത രൂപങ്ങൾ അന്നേ ദിവസം അനാവരണം ചെയ്യുന്നു. നീല, കറുപ്പ് എന്നീ വസ്തങ്ങൾ ആണ് തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്. തുടർന്ന് വരുന്ന ശനിയാഴ്ച വലിയ ശനി (വിശുദ്ധ ശനി) യായി ആചരിക്കുന്നു. സംസ്കരിക്കപ്പെട്ട യേശുവിന്‍റെ ശരീരം കല്ലറയിൽ ശയിച്ചത് ഈ ദിനം അനുസ്മരിക്കുന്നു. അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല.

വലിയ ശനിയാഴ്ച രാത്രിയിലാണ് ഈസ്റ്റർ ജാഗരണം ആരംഭിക്കുന്നത്. അർദ്ധരാത്രിക്ക് മുൻപുള്ള മണിക്കൂറിൽ സഭ ഈസ്റ്റർ ജാഗരണം നടത്തുന്നു. റോമൻ കത്തോലിക്ക സഭകളിൽ പഴയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നും സുവിശേഷങ്ങൾ ഒഴികെയുള്ള പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നുള്ള വായനകൾ ആണ് ജാഗരണ സമയത്തെ പ്രധാന കർമ്മങ്ങളിൽ ഒന്ന്. അർദ്ധ രാത്രി യാകുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ രൂപം അനാവരണം ചെയ്യുകയും ഗ്ലോറിയ ആലപിച്ച് ദിവ്യബലി തുടരുകയും ചെയ്യും.

ഉയർപ്പ് കാലം.ഈസ്റ്റർ ഞായർ മുതൽ പെന്തക്കോസ്താ തിരുനാൾ വരെയാണ് റോമൻ കത്തോലിക്കാ സഭയിൽ ഉയിർപ്പുകാലം (Easter Season) ആചരിക്കുന്നത്. ഈസ്റ്റർ കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച വരുന്ന കരുണയുടെ ഞായർ, യേശുവിന്‍റെ സ്വർഗാരോഹണം എന്നിവ ഈ കാലത്തിലെ പ്രധാന ദിനങ്ങളാണ്. അവസാന ഞായർ (ഈസ്റ്റർ കഴിഞ്ഞ് ഏകദേശം അൻപത് ദിവസത്തിനടുത്തു വരുന്ന ഞായർ) പെന്തക്കോസ്താ ദിനമായി ആചരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആഗമനമാണ് ഈ ദിനം അനുസ്മരിക്കുന്നത്. പെന്തക്കോസ്താ ദിനത്തോടെ ഉയിർപ്പ് കാലം അവസാനിക്കുകയും സാധാരണ കാലം രണ്ടാം പാദം ആരംഭിക്കുകയും ചെയ്യും. സ്വർണ്ണ നിറമോ വെള്ള നിറമോ ഉള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ആണ് ഈ കാലയളവിൽ ഉപയോഗിക്കുന്നത്.

 ആംഗലേയ സഭ ആരാധന ക്രമ വർഷം.

ആംഗലേയ സഭയുടെ ആരാധന ക്രമ വർഷം റോമൻ കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷവുമായി സാമ്യമുള്ളതാണ്. കലണ്ടറിനെ ആഗമന-തപസ്-ഉയിർപ്പ്-സാധാരണ കാലങ്ങളായി തിരിച്ചിരിക്കുന്നു. റോമൻ റീത്തിലുള്ള മിക്ക തിരുനാളുകളും സ്മരണ ദിനങ്ങളും ചെറിയ വ്യത്യാസത്തോടെ ആംഗലേയ സഭയിലും കാണാം. എന്നാൽ ഇംഗ്ലണ്ടിലെ സഭയടക്കമുള്ള ചില ആംഗലേയ സഭകളിൽ ക്രിസ്മസ് കാലത്തിന് ശേഷം പ്രത്യക്ഷീകരണ കാലം കൂടി ആചരിക്കുന്നതായി കാണാം. പ്രത്യക്ഷീകരണ തിരുനാൾ ദിനം (ജനുവരി 6 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വൈകുന്നേരം സായാഹ്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രത്യക്ഷീകരണ കാലം യേശുവിന്റെ ദേവാലയ സമർപ്പണ തിരുനാൾ (ഫെബ്രുവരി 2 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വരെ നീളുന്നു. അതിനു ശേഷമാണ് സാധാരണ കാലം ആദ്യ പാദം ആരംഭിക്കുന്നത്.

പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ

നോയമ്പാചരണം, തിരുനാളുകൾ എന്നിവയിൽ വ്യത്യസ്തത ഉണ്ടെങ്കിലും പൌരസ്ത്യ സഭാ കലണ്ടർ പല കാര്യങ്ങളിലും റോമൻ സഭാ കലണ്ടറുമായി സാമ്യത പുലർത്തുന്നു.പൌരസ്ത്യ ഓർത്തോഡോക്സ് സഭയിൽ പ്രമുഖ വിഭാഗം ജൂലിയൻ കലണ്ടറാണ് അടിസ്ഥാനമാക്കി എടുത്തിട്ടുള്ളത്.ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ നിലവിൽ 13 ദിവസത്തെ വ്യത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ ജൂലിയൻ കലണ്ടറിൽ ഡിസംബർ 25 നു വരുന്ന ക്രിസ്മസ് ഗ്രിഗോറിയൻ കലണ്ടറിൽ ജനുവരി 7നാണ് വരുന്നത്. ആഗമന-തപസു കാലങ്ങളിൽ അനുഷ്ഠിക്കുന്ന നോയമ്പിനു പുറമേ രണ്ടു നോയമ്പുകൾ കൂടി ഈ ക്രമവർഷത്തിൽ ഉണ്ട്. പത്രോസിന്റെയും പൌലോസിന്റെയും തിരുനാളിന് മുൻപ് വരുന്ന 40 ദിവസങ്ങളും( പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന് മുൻപുള്ള 14 ദിവസങ്ങളും നോയമ്പ് ആചരിക്കുന്നു. ആഗമന കാലത്തിൽ റോമൻ കത്തോലിക്കാ കലണ്ടർ അനുസരിച്ച് നാല് ആഴ്ചകൾ ആണ് നോയമ്പെങ്കിൽ പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ അനുസരിച്ച് നാൽപതു ദിവസമാണ് നോയമ്പ്.


കൂടാതെ ആഴ്ചയിലെ ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപവസിക്കുന്ന പതിവും ഇവർക്കുണ്ട്. എന്നാൽ ക്രിസ്മസിന് ശേഷമുള്ള 12 ദിവസങ്ങളിലും പെന്തക്കോസ്താ ദിനത്തിന് ശേഷമുള്ള ഒരാഴ്ചയും ഈ ഉപവാസം ബാധകമല്ല. സ്നാപക യോഹന്നാന്‍റെ രക്തസാക്ഷിത്വം, കുരിശിന്‍റെ മഹത്ത്വീകരണം എനീ തിരുനാളുകളിലും പ്രത്യക്ഷീകരണ തിരുനാളിന് മുൻപുള്ള ദിവസവും ഉപവാസ ദിവസങ്ങളാണ്.