2017, ജനുവരി 14, ശനിയാഴ്‌ച

സഭാപിതാക്കന്മാർ, അല്ലെങ്കിൽ ആദ്യകാലസഭാപിതാക്കന്മാർ

ക്രൈസ്തവ സഭയുടെ ആദ്യകാലത്ത്, പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളിൽ സഭയെ സ്വാധീനിച്ച ദൈവശാ‍സ്ത്രജ്ഞരും ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാ‍നാണ് ഉപയോഗിക്കുന്നത്, വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങൾ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പുതിയ നിയമ ഗ്രന്ഥകർത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തിൽ പെടുത്തുന്നില്ല.

വിശുദ്ധ അത്തനേഷ്യസിനെ ഒരു പുസ്തകത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു, അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ഐക്കോണിക്ക് ചിഹ്നം
ലത്തീനിൽ എഴുതിയിരുന്നവർ ലാറ്റിൻ(സഭാ)പിതാക്കന്മാർ എന്നും ഗ്രീക്കിൽ എഴുതിയിരുന്നവർ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിൻ സഭാപിതാക്കന്മാർ തെർത്തുല്യൻ, വിശുദ്ധ ഗ്രിഗറി, ഹിപ്പോയിലെ ആഗസ്തീനോസ്, മിലാനിലെ വിശുദ്ധ അംബ്രോസ്, വിശുദ്ധ ജെറോം എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാർ ലിയോണിലെ വിശുദ്ധ ഐറേനിയസ്, ഒരിജൻ, അത്തനാസിയൂസ്, വിശുദ്ധ ജോൺ ക്രിസോസ്തോം, മൂന്നു കപ്പദോച്ചിയൻ പിതാക്കന്മാർ എന്നിവരാണ്.

സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാർക്ക് ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, അപ്പസ്തോലിക പിതാക്കന്മാർ എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കൻമാർ റോമായിലെ വിശുദ്ധ ക്ലെമെന്‍റെ, അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിർണയിലെ പോളിക്കാർപ്പ് തുടങ്ങിയവരാണ്‌. ഡിഡാക്കെ, ഹെർമസിലെ ആട്ടിടയൻ തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കൾ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങളായാണ്‌ പൊതുവേ ഗണിക്കുന്നത്.

പിന്നീട് ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ വിമർശനങ്ങൾക്കും മതപീഡനങ്ങൾക്കും എതിരേ ക്രിസ്തീയ വിശ്വാസം സം‌രക്ഷിക്കാൻ പടപൊരുതിയവരാണ് രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ, താതിയൻ, ആതൻസിലെ അത്തെനാഗൊരാസ്, ഹെർമിയാസ്, തെർത്തുല്യൻ എന്നിവർ.

മരുഭൂമിയിലെ പിതാക്കന്മാർ ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന ആദ്യകാല സന്യസ്തരായിരുന്നു; ഇവർ അധികം ലേഖനങ്ങൾ എഴുതിയിരുന്നില്ലെങ്കിലും ഇവരുടെ സ്വാധീനം വളരെ വലുതായിരുന്നു. ശ്രേഷ്ഠനായ വിശുദ്ധ അന്തോനീസ്, വിശുദ്ധ പാച്ചോമിയസ് എന്നിവർ ഈ ഗണത്തിൽ പെടുന്നു. ഇവരുടെ പ്രഭാഷണ ശകലങ്ങളുടെ ഒരു വലിയ സമാഹാരമാണ്‌ Apophthegmata Patrum.

ഒരു ചെറിയ ശതമാനം സഭാപിതാക്കന്മാർ മറ്റു ഭാഷകളിലും എഴുതിയിരുന്നു: ഉദാഹരണത്തിന്‌ മാർ അപ്രേം സിറിയൻ ഭാഷയിൽ എഴുതിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ലേഖനങ്ങൾ ധാരാളമായി ലത്തീനിലേക്കും ഗ്രീക്കിലേക്കും വിവർത്തനം ചെയ്യപ്പെട്ടിരുന്നു.

റോമൻ കത്തോലിക്കാ സഭ, എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡമാസ്കസിലെ വിശുദ്ധ യോഹന്നാനെ അവസാനത്തെ സഭാപിതാവായും അതോടൊപ്പം, തുടർന്നു വന്ന സ്കോളാസ്റ്റിക് കാലഘട്ടത്തിലെ ക്രിസ്തീയ ലേഖകരിൽ ആദ്യത്തെ ആളായും ഗണിക്കുന്നു. വിശുദ്ധ ബർണാർഡും(ക്രി.വ. 1090-1153) ചിലപ്പോൾ സഭാപിതാക്കന്മാരിൽ അവസാനത്തെയാൾ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്.



പൗരസ്ത്യ ഓർത്തഡോക്സ് സഭയാകട്ടെ, സഭാപിതാക്കന്മാരുടെ കാലം അവസാനിച്ചിട്ടേയില്ല, അതു തുടർന്നുപോകുന്നതായി കരുതുകയും, പിൽക്കാലത്ത് സ്വാധീനം ചെലുത്തിയ വളരെയേറെ ലേഖകരെ ഈ ഗണത്തിൽ പെടുത്തുകയും ചെയ്യുന്നു.