2017 ജനുവരി 14, ശനിയാഴ്‌ച

ജപമാലയെപറ്റി കൂടുതല്‍ അറിയുവാന്‍

ജപമാലയുടെ ഉത്ഭവം

പണ്ട്, ആദിമ ക്രൈസ്തവസഭയിലെ സന്യാസിമാര്‍ യാമപ്രാര്‍ത്ഥനകളുടെ വേളയില്‍ 150 സങ്കീര്‍ത്തനങ്ങളും ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നത്രെ. സന്യാസിമാരുടെ പ്രാര്‍ത്ഥനാ ജീവിതത്താല്‍ പ്രേരിതരായി, ഭക്തരായ പല അല്‍മായരും ഈ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അല്‍മായര്‍ക്കിടയില്‍ അക്ഷരാഭ്യാസം പൊതുവേ കുറവായിരുന്നതിനാല്‍, ലിഖിതങ്ങള്‍ നോക്കി സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുന്നതിനു പകരം മനപ്പാഠമായ “നന്മ നിറഞ്ഞ മറിയം” ചൊല്ലുന്ന ഒരു സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നു. അങ്ങനെ, 150 സങ്കീര്‍ത്തനങ്ങള്‍ക്കു പകരമായി, 150-ഓ, അല്ലെങ്കില്‍ 50-ഓ “നന്മ നിറഞ്ഞ മറിയം”! എണ്ണം കണക്കുകൂട്ടാനുള്ള എളുപ്പത്തിനായി, ചരടിലോ ചെറിയ കയറിലോ, 50 കെട്ടുകള്‍ ഇട്ടു വയ്ക്കുന്ന ഒരു ഏര്‍പ്പാടും നിലവില്‍ വന്നു. ചില പുരാതന ക്രൈസ്തവ ദേവാലയങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ പ്രകാരം, രണ്ടാം നൂറ്റാണ്ടില്‍ പോലും ഇവ നിലവില്‍ ഉണ്ടായിരുന്നതായി കാണപ്പെടുന്നു.

ഇന്നു നാം അറിയുന്ന ജപമാലയുടെ ചരിത്രം തുടങ്ങുന്നത്, ഡൊമിനിക്കന്‍ സന്യാസ സഭാസ്ഥാപകനായ വി. ഡൊമിനിക്കിലാണ്. ആല്‍ബിജേന്‍‌ഷ്യന്‍ പാഷണ്ഠത കത്തിപ്പടര്‍ന്നകാലത്ത്, ഫ്രാന്‍സില്‍ അദ്ദേഹം ഒരു ജപമാല പ്രസിദ്ധപ്പെടുത്തിയിരുന്നു. പറയപ്പെടുന്നത്, പരി. ദൈവമാതാവ് തന്നെയാണ് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള മറുമരുന്നായിട്ട് ഈ ജപമാല ഉപദേശിച്ചത് എന്നാണു്. എന്തായാലും, വി. ഡൊമിനിക്കിന്റെ മരണശേഷം (1221), അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ മുഖേനയാണ് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ജപമാല എത്തുന്നത്. നാം ഇന്നു ചൊല്ലുന്ന പരി. ദൈവമാതാവിന്‍റെ ജപമാലയുടെ തുടക്കം അവിടെയാണ്.

പ്രചരിച്ച കാലം മുതല്‍, സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും മഹിമയുടെയും രഹസ്യങ്ങള്‍ മാത്രമേ ജപമാലയില്‍ ധ്യാനിക്കപ്പെട്ടിരുന്നുള്ളു. 2002-ല്‍ ആണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ നിര്‍ദ്ദേശപ്രകാരം “പ്രകാശത്തിന്‍റെ ദൈവരഹസ്യങ്ങള്‍” ജപമാലയില്‍ ചേര്‍ക്കപ്പെട്ടത്.

ചൊല്ലേണ്ട വിധം

 ജപമാല ചൊല്ലുമ്പോള്‍ വിരലുകള്‍ മണികളിലൂടെ മുന്നോട്ടു ചലിക്കുന്നു - കുരിശില്‍ തുടങ്ങി, മാലയുടെ ഒരു വശത്തു കൂടെ, വിരലുകള്‍ അതിനെ വലം വയ്ക്കുന്നു. വലതു വശത്തു കാണിച്ചിരിക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക. അതില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ചില സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു, അവ ചുവടെ വിശദമാക്കിയിട്ടുണ്ട്.
കുരിശ്: ഇവിടെ, കുരിശടയാളം വരച്ചു കൊണ്ട് നാം ജപമാല തുടങ്ങുന്നു. അതേത്തുടര്‍ന്ന് വിശ്വാസപ്രമാണം ചൊല്ലുന്നു.
കുരിശിനടുത്തുള്ള വലിയ മണി: ഇവിടെ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” ചൊല്ലുന്നു
വലിയ മണിയ്ക്കു ശേഷമുള്ള മൂന്നു ചെറിയ മണികള്‍ : മൂന്നു ചെറുജപങ്ങള്‍ക്കിടയിലുല്ല ഓരോ “നന്മ നിറഞ്ഞ മറിയം”
മൂന്നു ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി; ശേഷം, ദിവസത്തിന്റെ ദൈവരഹസ്യങ്ങളില്‍ ആദ്യത്തേത് ചൊല്ലുക/ധ്യാനിക്കുക; തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ”
പത്ത് ചെറിയ മണികള്‍ : പത്ത് “നന്മ നിറഞ്ഞ മറിയം”

പത്ത് ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി, ശേഷം ഫാത്തിമാ ജപം ചൊല്ലാവുന്നതാണു്; അതിനു ശേഷം രണ്ടാമത്തെ ദൈവരഹസ്യം, തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” (ഇപ്രകാരം, രഹസ്യങ്ങള്‍ തീരുന്നതു വരെ തുടരുക)

ആരാധനക്രമ വർഷം


ക്രൈസ്തവ സഭ ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതാത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം. ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വരുന്ന ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച. ആരാധന ക്രമവർഷത്തെ കാലങ്ങളും (ആഗമനകാലം, തപസ്സുകാലം, ഉയർപ്പ് കാലം, സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും കന്യകാമറിയം, വിശുദ്ധന്മാർ എന്നിവരുടെ വണക്കം ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ.ആഗമനകാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്‍റെ രാജത്വ തിരുനാൾ വരെയാണ് കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ ഓർത്തോഡോക്സ് സഭയുടെ വർഷാരംഭം.

റോമൻ കത്തോലിക്കാ ആരാധനക്രമ വർഷം

റോമൻ കത്തോലിക്കാ റീത്ത്, ചില ലൂഥറൻ, ആംഗ്ലിക്കൻ , പ്രൊട്ടസ്റ്റന്‍റെ വിഭാഗങ്ങൾ എന്നിവർ പിന്തുടരുന്നത് ഈ ആരാധനക്രമ വർഷമാണ്. ആഗമനകാലം (Advent Season), ക്രിസ്മസ് കാലം (Christmastide), തപസു കാലം (Lent Season), ഉയർപ്പു കാലം (Easter Season), സാധാരണ കാലം (Ordinary Season) എന്നിവയാണ് ഈ ക്രമവർഷത്തിലെ കാലങ്ങൾ.

ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
ആഗമനകാലം
ക്രിസ്തുമസ് കാലം
സാധാരണ കാലം
സെപ്ത്വാജെസെമ(തപസ്സ് കാലം മുന്നൊരുക്കം)
തപസ്സ് കാലം
വിശുദ്ധ വാരം
ഈസ്റ്റർ ത്രിദിനം
പെസഹാക്കാലം
സാധാരണ കാലം
സീറോ മലബാർ റീത്ത്
മംഗളവാർത്തക്കാലം
ദനഹാക്കാലം
നോമ്പു കാലം
ഉയിർപ്പുകാലം
ശ്ലീഹാക്കാലം
കൈത്താക്കാലം
ഏലിയ ശ്ലീവാ മൂശക്കാലം
പള്ളിക്കൂദാശക്കാലം
ആഗമന കാലം

ആഗമനകാലം

ക്രിസ്മസിന് മുൻപുള്ള നാല് ആഴ്ചകളാണ് ആഗമനകാലം (Advent Season). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബറിലെ അവസാന ഞായറാഴ്ചയോ ഡിസംബറിലെ ആദ്യ ഞായറാഴ്ചയോ ആണ് ആഗമനകാലം ആരംഭിക്കുന്നത്. ഡിസംബർ ഇരുപത്തി നാലാം തീയതി വൈകുന്നേരമാണ് ആഗമന കാലം അവസാനിക്കുന്നത്. ഈ കാലയളവിൽ അൾത്താര അലങ്കരിക്കുന്ന തുണികളുടെയും വിരികളുടെയും, കുർബാന അർപ്പിക്കുന്ന സമയത്ത് വൈദികൻ ധരിക്കുന്ന മേലങ്കിയുടെയും നിറം നീലയായിരിക്കും. കേരളത്തിലെ ക്രൈസ്തവർ ഈ കാലയളവിനെ ചെറിയ നോമ്പ് കാലം, ഇരുപത്തഞ്ച് നോമ്പുകാലം എന്നും വിളിക്കാറുണ്ട്. ഈ നോയമ്പ് കാലത്ത് ഉപവാസം, ഇഷ്ട വസ്തുക്കളെ വർജ്ജിക്കൽ (ആശയടക്കം), മാസം വർജ്ജിക്കൽ എന്നിവയും ക്രൈസ്തവർ ആചരിക്കാറുണ്ട്‌. വിവാഹം ഈ കാലത്ത് നിഷിദ്ധമാണ്.

ക്രിസ്മസ് കാലം

ക്രിസ്മസ് കാലം

ആഗമന കാലത്തിന്‍റെ തുടർച്ചയാണ് ക്രിസ്മസ് കാലം(Christmastide). ഡിസംബർ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാർത്ഥന (Vespers)യോടെയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്. ക്രിസ്മസ് മുതൽ പന്ത്രണ്ട് ദിവസം വരെ (പ്രത്യക്ഷീകരണ തിരുനാൾ - Epiphany) വരെയാണ് ഇത് ആചരിക്കുന്നത്. എങ്കിലും യഥാർത്ഥത്തിൽ പ്രത്യക്ഷീകരണ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്‍റെ ജ്ഞാനസ്നാന തിരുനാൾ വരെ ക്രിസ്മസ് കാലം നീളാറുണ്ട്. ഈ കാലയളവിൽ ആരാധനക്രമ നിറം വെള്ളയാണ്. സ്വർണ നിറത്തിലുള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്.

സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം

സാധാരണ കാലം

33-34 ആഴ്ചകൾ ഉൾക്കൊള്ളുന്ന സാധാരണ കാലം (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യപാദം യേശുവിന്‍റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം ആരംഭിക്കുകയും വിഭൂതി ബുധന് (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ ഈസ്റ്റർ വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. പെന്തക്കോസ്താ തിരുനാളിന് തൊട്ടടുത്ത ദിവസം രണ്ടാം പാദം ആരംഭിക്കും. അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ ത്രിത്വത്തിന്‍റെ തിരുനാളായി ആഘോഷിക്കാറുണ്ട്. അത്തരുണത്തിൽ പെന്തക്കോസ്താ വിഭാഗത്തിന് ത്രിത്വത്തിന്‍റെ തിരുനാളിന് തൊട്ടടുത്ത ദിവമാണ് രണ്ടാം പാദം ആരംഭിക്കുന്നത്. രണ്ടാം പാദത്തിലെ അവസാന ഞായറാഴ്ച ക്രിസ്തുവിന്‍റെ രാജത്വ തിരുനാൾ ആയി ആഘോഷിക്കപ്പെടുന്നു. ഈ കാലത്ത് ഉപയോഗിക്കുന്ന അലങ്കാര വസ്ത്രങ്ങളുടെയും മേൽ വസ്ത്രങ്ങളുടെയും നിറം പച്ചയാണ്. എങ്കിലും ചില ആംഗ്ലിക്കൻ വിഭാഗങ്ങൾ അവസാന ആഴ്ചകളിൽ ചുവപ്പ് ഉപയോഗിക്കാറുണ്ട്.

തപസ്സ് കാലം

തപസ്സ് കാലം

വിഭൂതി ബുധൻ (Ash Wednesday, ക്ഷാര ബുധൻ , കരിക്കുറി പെരുന്നാൾ) ആണ് തപസു കാല (Lent Season or Passiontide) ത്തിന്‍റെ തുടക്കം. ക്രൈസ്തവർക്ക് ഇത് അനുതാപത്തിന്‍റെ കാലം കൂടിയാണ്. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ വലിയ നോയമ്പ് (അൻപതു നോയമ്പ്) ആയി ആചരിക്കുന്നു. ആഗമന കാലത്തിൽ എന്ന പോലെ ക്രൈസ്തവർ ഈ കാലയളവിൽ അനുതാപം, പ്രായശ്ചിത്തം, ഉപവാസം, മാംസം വർജ്ജിക്കൽ എന്നിവ അനുഷ്ഠിക്കുന്നു. തപസു കാലത്തും വിവാഹമടക്കമുള്ള മംഗള കർമ്മങ്ങൾ അനുവദിക്കാറില്ല. ഈ കാലയളവിൽ വി. ഔസേപ്പിതാവിന്‍റെ തിരുനാൾ, മംഗള വാർത്ത തിരുനാൾ എന്നിവയ്ക്കൊഴികെ ഗ്ലോറിയ (അത്യുന്നതങ്ങളിൽ ദൈവത്തിനു...) യും , അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികളും, വിശിഷ്ഠവസരങ്ങളിൽ ആലപിക്കുന്ന തെ ദേവും (ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു...) എന്ന ഗീതവും ഒദ്യോഗിക-അനൌദ്യോഗിക പ്രാർത്ഥനകളിൽ നിന്ന് ഒഴിവാക്കുന്നു. റോമൻ കത്തോലിക്കർ പെസഹ വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ സ്ഥാപന തിരുനാളായി ആഘോഷിക്കുന്നതിനാൽ ആ ദിവസം ഗ്ലോറിയ ആലപിക്കാറുണ്ട്.

വിശുദ്ധ വാരം

വിശുദ്ധ വാരം

തപസുകാലത്തിന്‍റെ അവസാന ആഴ്ച വിശുദ്ധ വാരം (Holy Week) എന്നാണ് അറിയപ്പെടുന്നത്. ഓശാന ഞായറാഴ്ച - Palm Sunday കുരുത്തോല പെരുന്നാൾ) യോടെയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത്. വിശുദ്ധ വാരത്തിൽ ദുഃഖ വെള്ളിയാഴ്ച വരെ ക്രൂശിത രൂപങ്ങൾ നീല തുണി കൊണ്ട് മറക്കാറുണ്ട്. ക്രിസ്തുവിന്‍റെ രാജകീയ പ്രവേശം അനുസ്മരിക്കുന്ന ഓശാന ഞായർ, അന്ത്യ അത്താഴം അനുസ്മരിക്കുന്ന പെസഹാവ്യാഴം, പീഡാനുഭവവും കുരിശുമരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളി, വിശുദ്ധ ശനി (വലിയ ശനി), ഈസ്റ്റർ എന്നിവയാണ് വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങൾ.

ഈസ്റ്റർ ത്രിദിനം

ഈസ്റ്റർ ത്രിദിനം

ദുഃഖ വെള്ളി (Good Friday), വിശുദ്ധ ശനി - Holy Saturday (വലിയ ശനി), ഈസ്റ്റർ എന്നിവ അടങ്ങിയതാണ് ഈസ്റ്റർ ത്രിദിനം (Easter Triduum). പെസഹാ വ്യാഴാഴ്ച (Moundy Thursday) വൈകുന്നേരം നടക്കുന്ന ദിവ്യബലി (അന്ത്യാത്താഴ സ്മരണ)യോട് കൂടി ഈസ്റ്റർ ത്രിദിനം ആരംഭിക്കുന്നു. പല വിഭാഗങ്ങളിലും അന്നേ ദിവസം ദിവ്യബലി മദ്ധ്യേ പാദ ക്ഷാളന കർമ്മം (കാലുകഴുകൽ ശുശ്രൂഷ) നടത്താറുണ്ട്. അന്ത്യ അത്താഴത്തിന് മുൻപ് യേശുദേവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്‍റെ അനുകരണമായി മുഖ്യ കാർമ്മികനായ വൈദികൻ അല്മായരായ പന്ത്രണ്ട് പേരുടെ കാലുകൾ കഴുകുന്ന ചടങ്ങാണ് പാദ ക്ഷാളന കർമ്മം. തുടർന്ന് അർദ്ധരാത്രി വരെ ജാഗരണ പ്രാർത്ഥനയാണ്. റോമൻ കത്തോലിക്കാ പള്ളികളിൽ അർദ്ധരാത്രി വരെ പരിശുദ്ധ കുർബാനയുടെ ആരാധന നടത്താറുണ്ട്. രാവിലെ ജാഗരണ പ്രാർത്ഥനയുടെ തുടർച്ച ഉണ്ടായിരിക്കും. കേരളത്തിലെ ക്രൈസ്തവർ പുത്തൻ പാന പാരായണം,  കുരിശിന്‍റെ വഴി ചൊല്ലൽ എന്നിവ ഈ ദിവസം പ്രത്യേകമായും തപസുകാലത്തിലെ ചൊവ്വാ, വെള്ളി ദിവസങ്ങളിലും ചെയ്യാറുണ്ട്.

ദുഃഖ വെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാറില്ല.വൈകുന്നേരം ആരംഭിക്കുന്ന തിരുക്കർമങ്ങളിൽ കുരിശാരാധന, പീഡാനുഭവ വായന, സാർവത്രീക പ്രാർത്ഥന, നഗരി കാണിക്കൽ പ്രദക്ഷിണം, യേശുവിന്‍റെ ശരീരം പ്രതീകാത്മകമായി സംസ്കരിക്കൽ എന്നിവയാണ് പ്രധാന തിരുക്കർമ്മങ്ങൾ. ആവരണം ചെയ്യപ്പെട്ട ക്രൂശിത രൂപങ്ങൾ അന്നേ ദിവസം അനാവരണം ചെയ്യുന്നു. നീല, കറുപ്പ് എന്നീ വസ്തങ്ങൾ ആണ് തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്. തുടർന്ന് വരുന്ന ശനിയാഴ്ച വലിയ ശനി (വിശുദ്ധ ശനി) യായി ആചരിക്കുന്നു. സംസ്കരിക്കപ്പെട്ട യേശുവിന്‍റെ ശരീരം കല്ലറയിൽ ശയിച്ചത് ഈ ദിനം അനുസ്മരിക്കുന്നു. അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല.

വലിയ ശനിയാഴ്ച രാത്രിയിലാണ് ഈസ്റ്റർ ജാഗരണം ആരംഭിക്കുന്നത്. അർദ്ധരാത്രിക്ക് മുൻപുള്ള മണിക്കൂറിൽ സഭ ഈസ്റ്റർ ജാഗരണം നടത്തുന്നു. റോമൻ കത്തോലിക്ക സഭകളിൽ പഴയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നും സുവിശേഷങ്ങൾ ഒഴികെയുള്ള പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നുള്ള വായനകൾ ആണ് ജാഗരണ സമയത്തെ പ്രധാന കർമ്മങ്ങളിൽ ഒന്ന്. അർദ്ധ രാത്രി യാകുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ രൂപം അനാവരണം ചെയ്യുകയും ഗ്ലോറിയ ആലപിച്ച് ദിവ്യബലി തുടരുകയും ചെയ്യും.

ഉയർപ്പ് കാലം.ഈസ്റ്റർ ഞായർ മുതൽ പെന്തക്കോസ്താ തിരുനാൾ വരെയാണ് റോമൻ കത്തോലിക്കാ സഭയിൽ ഉയിർപ്പുകാലം (Easter Season) ആചരിക്കുന്നത്. ഈസ്റ്റർ കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച വരുന്ന കരുണയുടെ ഞായർ, യേശുവിന്‍റെ സ്വർഗാരോഹണം എന്നിവ ഈ കാലത്തിലെ പ്രധാന ദിനങ്ങളാണ്. അവസാന ഞായർ (ഈസ്റ്റർ കഴിഞ്ഞ് ഏകദേശം അൻപത് ദിവസത്തിനടുത്തു വരുന്ന ഞായർ) പെന്തക്കോസ്താ ദിനമായി ആചരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആഗമനമാണ് ഈ ദിനം അനുസ്മരിക്കുന്നത്. പെന്തക്കോസ്താ ദിനത്തോടെ ഉയിർപ്പ് കാലം അവസാനിക്കുകയും സാധാരണ കാലം രണ്ടാം പാദം ആരംഭിക്കുകയും ചെയ്യും. സ്വർണ്ണ നിറമോ വെള്ള നിറമോ ഉള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ആണ് ഈ കാലയളവിൽ ഉപയോഗിക്കുന്നത്.

 ആംഗലേയ സഭ ആരാധന ക്രമ വർഷം.

ആംഗലേയ സഭയുടെ ആരാധന ക്രമ വർഷം റോമൻ കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷവുമായി സാമ്യമുള്ളതാണ്. കലണ്ടറിനെ ആഗമന-തപസ്-ഉയിർപ്പ്-സാധാരണ കാലങ്ങളായി തിരിച്ചിരിക്കുന്നു. റോമൻ റീത്തിലുള്ള മിക്ക തിരുനാളുകളും സ്മരണ ദിനങ്ങളും ചെറിയ വ്യത്യാസത്തോടെ ആംഗലേയ സഭയിലും കാണാം. എന്നാൽ ഇംഗ്ലണ്ടിലെ സഭയടക്കമുള്ള ചില ആംഗലേയ സഭകളിൽ ക്രിസ്മസ് കാലത്തിന് ശേഷം പ്രത്യക്ഷീകരണ കാലം കൂടി ആചരിക്കുന്നതായി കാണാം. പ്രത്യക്ഷീകരണ തിരുനാൾ ദിനം (ജനുവരി 6 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വൈകുന്നേരം സായാഹ്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രത്യക്ഷീകരണ കാലം യേശുവിന്റെ ദേവാലയ സമർപ്പണ തിരുനാൾ (ഫെബ്രുവരി 2 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വരെ നീളുന്നു. അതിനു ശേഷമാണ് സാധാരണ കാലം ആദ്യ പാദം ആരംഭിക്കുന്നത്.

പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ

നോയമ്പാചരണം, തിരുനാളുകൾ എന്നിവയിൽ വ്യത്യസ്തത ഉണ്ടെങ്കിലും പൌരസ്ത്യ സഭാ കലണ്ടർ പല കാര്യങ്ങളിലും റോമൻ സഭാ കലണ്ടറുമായി സാമ്യത പുലർത്തുന്നു.പൌരസ്ത്യ ഓർത്തോഡോക്സ് സഭയിൽ പ്രമുഖ വിഭാഗം ജൂലിയൻ കലണ്ടറാണ് അടിസ്ഥാനമാക്കി എടുത്തിട്ടുള്ളത്.ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ നിലവിൽ 13 ദിവസത്തെ വ്യത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ ജൂലിയൻ കലണ്ടറിൽ ഡിസംബർ 25 നു വരുന്ന ക്രിസ്മസ് ഗ്രിഗോറിയൻ കലണ്ടറിൽ ജനുവരി 7നാണ് വരുന്നത്. ആഗമന-തപസു കാലങ്ങളിൽ അനുഷ്ഠിക്കുന്ന നോയമ്പിനു പുറമേ രണ്ടു നോയമ്പുകൾ കൂടി ഈ ക്രമവർഷത്തിൽ ഉണ്ട്. പത്രോസിന്റെയും പൌലോസിന്റെയും തിരുനാളിന് മുൻപ് വരുന്ന 40 ദിവസങ്ങളും( പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന് മുൻപുള്ള 14 ദിവസങ്ങളും നോയമ്പ് ആചരിക്കുന്നു. ആഗമന കാലത്തിൽ റോമൻ കത്തോലിക്കാ കലണ്ടർ അനുസരിച്ച് നാല് ആഴ്ചകൾ ആണ് നോയമ്പെങ്കിൽ പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ അനുസരിച്ച് നാൽപതു ദിവസമാണ് നോയമ്പ്.


കൂടാതെ ആഴ്ചയിലെ ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപവസിക്കുന്ന പതിവും ഇവർക്കുണ്ട്. എന്നാൽ ക്രിസ്മസിന് ശേഷമുള്ള 12 ദിവസങ്ങളിലും പെന്തക്കോസ്താ ദിനത്തിന് ശേഷമുള്ള ഒരാഴ്ചയും ഈ ഉപവാസം ബാധകമല്ല. സ്നാപക യോഹന്നാന്‍റെ രക്തസാക്ഷിത്വം, കുരിശിന്‍റെ മഹത്ത്വീകരണം എനീ തിരുനാളുകളിലും പ്രത്യക്ഷീകരണ തിരുനാളിന് മുൻപുള്ള ദിവസവും ഉപവാസ ദിവസങ്ങളാണ്.

സഭാപിതാക്കന്മാർ, അല്ലെങ്കിൽ ആദ്യകാലസഭാപിതാക്കന്മാർ

ക്രൈസ്തവ സഭയുടെ ആദ്യകാലത്ത്, പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളിൽ സഭയെ സ്വാധീനിച്ച ദൈവശാ‍സ്ത്രജ്ഞരും ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാ‍നാണ് ഉപയോഗിക്കുന്നത്, വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങൾ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പുതിയ നിയമ ഗ്രന്ഥകർത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തിൽ പെടുത്തുന്നില്ല.

വിശുദ്ധ അത്തനേഷ്യസിനെ ഒരു പുസ്തകത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു, അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ഐക്കോണിക്ക് ചിഹ്നം
ലത്തീനിൽ എഴുതിയിരുന്നവർ ലാറ്റിൻ(സഭാ)പിതാക്കന്മാർ എന്നും ഗ്രീക്കിൽ എഴുതിയിരുന്നവർ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിൻ സഭാപിതാക്കന്മാർ തെർത്തുല്യൻ, വിശുദ്ധ ഗ്രിഗറി, ഹിപ്പോയിലെ ആഗസ്തീനോസ്, മിലാനിലെ വിശുദ്ധ അംബ്രോസ്, വിശുദ്ധ ജെറോം എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാർ ലിയോണിലെ വിശുദ്ധ ഐറേനിയസ്, ഒരിജൻ, അത്തനാസിയൂസ്, വിശുദ്ധ ജോൺ ക്രിസോസ്തോം, മൂന്നു കപ്പദോച്ചിയൻ പിതാക്കന്മാർ എന്നിവരാണ്.

സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാർക്ക് ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, അപ്പസ്തോലിക പിതാക്കന്മാർ എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കൻമാർ റോമായിലെ വിശുദ്ധ ക്ലെമെന്‍റെ, അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിർണയിലെ പോളിക്കാർപ്പ് തുടങ്ങിയവരാണ്‌. ഡിഡാക്കെ, ഹെർമസിലെ ആട്ടിടയൻ തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കൾ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങളായാണ്‌ പൊതുവേ ഗണിക്കുന്നത്.

പിന്നീട് ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ വിമർശനങ്ങൾക്കും മതപീഡനങ്ങൾക്കും എതിരേ ക്രിസ്തീയ വിശ്വാസം സം‌രക്ഷിക്കാൻ പടപൊരുതിയവരാണ് രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ, താതിയൻ, ആതൻസിലെ അത്തെനാഗൊരാസ്, ഹെർമിയാസ്, തെർത്തുല്യൻ എന്നിവർ.

മരുഭൂമിയിലെ പിതാക്കന്മാർ ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന ആദ്യകാല സന്യസ്തരായിരുന്നു; ഇവർ അധികം ലേഖനങ്ങൾ എഴുതിയിരുന്നില്ലെങ്കിലും ഇവരുടെ സ്വാധീനം വളരെ വലുതായിരുന്നു. ശ്രേഷ്ഠനായ വിശുദ്ധ അന്തോനീസ്, വിശുദ്ധ പാച്ചോമിയസ് എന്നിവർ ഈ ഗണത്തിൽ പെടുന്നു. ഇവരുടെ പ്രഭാഷണ ശകലങ്ങളുടെ ഒരു വലിയ സമാഹാരമാണ്‌ Apophthegmata Patrum.

ഒരു ചെറിയ ശതമാനം സഭാപിതാക്കന്മാർ മറ്റു ഭാഷകളിലും എഴുതിയിരുന്നു: ഉദാഹരണത്തിന്‌ മാർ അപ്രേം സിറിയൻ ഭാഷയിൽ എഴുതിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ലേഖനങ്ങൾ ധാരാളമായി ലത്തീനിലേക്കും ഗ്രീക്കിലേക്കും വിവർത്തനം ചെയ്യപ്പെട്ടിരുന്നു.

റോമൻ കത്തോലിക്കാ സഭ, എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡമാസ്കസിലെ വിശുദ്ധ യോഹന്നാനെ അവസാനത്തെ സഭാപിതാവായും അതോടൊപ്പം, തുടർന്നു വന്ന സ്കോളാസ്റ്റിക് കാലഘട്ടത്തിലെ ക്രിസ്തീയ ലേഖകരിൽ ആദ്യത്തെ ആളായും ഗണിക്കുന്നു. വിശുദ്ധ ബർണാർഡും(ക്രി.വ. 1090-1153) ചിലപ്പോൾ സഭാപിതാക്കന്മാരിൽ അവസാനത്തെയാൾ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്.



പൗരസ്ത്യ ഓർത്തഡോക്സ് സഭയാകട്ടെ, സഭാപിതാക്കന്മാരുടെ കാലം അവസാനിച്ചിട്ടേയില്ല, അതു തുടർന്നുപോകുന്നതായി കരുതുകയും, പിൽക്കാലത്ത് സ്വാധീനം ചെലുത്തിയ വളരെയേറെ ലേഖകരെ ഈ ഗണത്തിൽ പെടുത്തുകയും ചെയ്യുന്നു.

അപ്പോസ്തലൻമാർ

സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും യേശുക്രിസ്തുവിൽ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ അപ്പോസ്തലന്മാർ അഥവാ ശ്ലീഹന്മാർ എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഇവർ ക്രിസ്തുവിന്‍റെ സന്തതസഹചാരികളും അദ്ദേഹത്തിന്‍റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. അപ്പോസ്തലന്മാർക്ക് ചില അധികാരങ്ങൾ ക്രിസ്തു കൽപ്പിച്ചു നൽകിയതായി സുവിശേഷങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. യേശുക്രിസ്തുവിന്‍റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. പത്രോസ് ആയിരുന്നു അപ്പോസ്തല സംഘത്തിന്‍റെ നേതാവ്. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പോസ്റ്റലോസ് (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്‍റെ അർത്ഥം. ശ്ലീഹാ എന്ന അരമായ പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ലീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.

പന്ത്രണ്ട് അപ്പോസ്തലൻമാർ

യേശുക്രിസ്തു,തന്‍റെ ശിഷ്യഗണത്തിൽ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുത്ത് അപ്പോസ്തലന്മാർ പേർ വിളിച്ചതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലൂക്കോസിന്‍റെ സുവിശേഷത്തിൽ ഈ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ ഇപ്രകാരം നൽകിയിരിക്കുന്നു:

  1. പത്രൊസ് എന്നു പേർവിളിച്ച ശിമോൻ
  2. പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ്
  3. യാക്കോബ്
  4. യോഹന്നാൻ
  5. ഫിലിപ്പോസ്
  6. ബർത്തലോമിയോ
  7. മത്തായി
  8. തോമസ്
  9. അല്ഫായിയുടെ മകനായ യാക്കോബ്
  10. എരിവുകാരനായ ശിമയോൻ
  11. യാക്കോബിന്‍റെ സഹോദരനായ യൂദാ 
  12. യൂദാസ് കറിയോത (പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തു, യൂദാസിനു പകരമായി മത്തിയാസിനെ അപ്പോസ്തലനായി ശിഷ്യൻമാർ തിരഞ്ഞെടുത്തു.)

അപ്പോസ്തലസംഘത്തിലെ അംഗങ്ങളുടെ പേരുകൾ മത്തായിയുടെ സുവിശേഷത്തിലും മർക്കോസിന്‍റെ സുവിശേഷത്തിലും നൽകിയിട്ടുണ്ട്.

യൂദാസിന് പകരം മത്ഥിയാസ്

യേശുവിനെ ഒറ്റിക്കൊടുക്കുകയും സ്വയമായി ജീവനൊടുക്കുകയും ചെയ്ത ഈസ്കായ്യോർത്ത് യൂദാ നഷ്ടപ്പെടുത്തിയ അപ്പോസ്തല സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുവാൻ ക്രിസ്തുശിഷ്യന്മാർ താത്പര്യപ്പെട്ടു. അപ്രകാരം യേശുവിന്‍റെ പ്രവർത്തനങ്ങൾക്കും പ്രബോധനങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നവരിൽ നിന്ന് യുസ്തോസ് എന്നും ബർശബാ എന്നും പേരുകളുള്ള യോസഫ്, മത്ഥിയാസ് എന്നിവരെ തെരഞ്ഞെടുക്കുകയും അവരിൽ കൂടുതൽ യോഗ്യനായ വ്യക്തിയെ കണ്ടെത്തുവാനായി ചീട്ടിടുകയും ചെയ്തു. ചീട്ട് മത്ഥിയാസിനു വീഴുകയും അദ്ദേഹത്തെ അപ്പോസ്തലഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു

മറ്റ് അപ്പോസ്തലൻമാർ

ഈ പന്ത്രണ്ടു പേരിൽ പെടാത്ത അപ്പോസ്തലൻമാരും ഉണ്ടായിരുന്നുവെന്നതിന് ബൈബിളിൽ സൂചനകൾ ഉണ്ട്. അപ്പോസ്തലപ്രവൃത്തികളുടെ രചയിതാവ് പൗലോസിനെയും ബർണബാസിനെയും അപ്പോസ്തലന്മാർ എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത് (അപ്പോസ്തലപ്രവൃത്തികൾ 14:14). മാത്രമല്ല പൗലോസ് തന്‍റെ ലേഖനങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്നത് 'ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലോസ്' എന്നാണ്. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ അദ്ദേഹം 'വിജാതീയരുടെ അപ്പോസ്തലൻ' എന്ന പദവി സ്വയം ഏറ്റെടുക്കുന്നു. താനും ഒരു അപ്പോസ്തലനാണെന്ന ആത്മാവബോധം പൗലോസിൽ ശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ലേഖനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

കുറിപ്പുകൾ


 യഹൂദ വിശ്വാസപ്രകാരം ഇസ്രായേൽക്കാർക്ക് 12 ഗോത്രങ്ങളും 12 ഗോത്രത്തലവൻമാരും ഉണ്ടായിരുന്നു. ക്രിസ്തു തന്റെ പ്രതിനിധികളായി 'പന്ത്രണ്ടു പേരെ' തിരഞ്ഞെടുത്തതിനടിസ്ഥാനം ഈ പാരമ്പര്യമാണെന്ന് കരുതപ്പെടുന്നു.


വിശുദ്ധ കൊച്ചുത്രേസ്യ


തെരേസ ഡി ലിസ്യൂ (2 ജനുവരി 1873 – 30 സെപ്റ്റംബർ1897) അഥവാ വിശുദ്ധ കൊച്ചു ത്രേസ്യ, ഫ്രെഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു. 1925-ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1997-ൽ കത്തോലിക്ക സഭ അവരെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെനായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് ഇവർ. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്ത കൊച്ചുത്രേസ്യ 15 മത്തെ വയസിൽ തn രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. "ഒരു ആത്മാവിന്‍റെ കഥ" എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ ആദ്ധ്യാത്മികസാഹിത്യത്തിലെ ഒരു ആധുനികക്ലാസ്സിക് ആണ്. അത് ഏറെപ്പേരെ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാക്കിയതായി കരുതപ്പെടുന്നു.

കുട്ടിക്കാലം

കൊച്ചുത്രേസ്യ സെലി മാർട്ടിന്‍റെയും (Zélie Martin) ലൂയിസ് മാർട്ടിന്‍റെയും( Louis Martin) അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് കൊച്ചുത്രേസ്യ ജനിച്ചത്. ആ ദമ്പതികൾക്ക് ഒൻപതു മക്കൾ പിറന്നിരുന്നെങ്കിലും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ശൈശവത്തിൽ മരിച്ചതിനാൽ അഞ്ചു പെൺകുട്ടികൾ മാത്രം അവശേഷിച്ചിരുന്നു. അച്ഛൻ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു. വൈദികൻ ആകാൻ വളരെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല. തൂവാല (ലൈസ്) നിർമ്മാണം ആയിരുന്നു. സെലിയുടെ മുഖ്യ വരുമാന മാർഗം. സെലി മാർട്ടിന് രോഗികളെ പരിചരിക്കാൻ വളരെ താത്പര്യം ആയിരുന്നു. ഇവർ ഇരുവരും തെരേസയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തി. കൊച്ചുത്രേസ്യയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.

15 വയസ്സുള്ളപ്പോൾ, "എനിക്കൊരു വിശുദ്ധയാകണം" എന്ന് കൊച്ചുത്രേസ്യ എഴുതി. അതേസമയം അവൾ പ്രസാദപ്രകൃതിയും ഫലിതപ്രിയയും ആയിരുന്നു. സഹോദരിമാർക്കൊപ്പം കടൽത്തീരത്ത് വിനോദയാത്രകൾക്കു പോയ അവൾ ചെമ്മീൻ പിടുത്തവും കഴുതപ്പുറത്തുള്ള സവാരിയും ആസ്വദിച്ചു. പട്ടുനൂൽപ്പുഴുക്കളേയും, മുയലുകളേയും, പ്രാവുകളേയും ഒരു വായാടിപ്പക്ഷി, സ്വർണ്ണമത്സ്യം, ടോം എന്നു പേരുള്ള ഒരു നായ് എന്നിവയേയും അവൾ വളർത്തിയിരുന്നു. മറ്റുള്ളവരെ അനുകരിക്കുന്നതിൽ വലിയ സാമർത്ഥ്യം കാട്ടിയ കൊച്ചുത്രേസ്യ, പരിചയക്കാരുടെ ഹാസ്യാനുകരണം വഴി കുടുംബാംഗങ്ങളെ രസിപ്പിച്ചു.(ജീവചരിത്രത്തിനെഴുതിയ അവതാരികയിൽ ജോൺ ബീവേഴ്സ്) [1

1887-ൽ ലിസിയുവിലെ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 1888-ൽ പിതാവിനോടും സഹോദരിയോടുമൊപ്പം റോമിലേക്കു തീർഥയാത്ര നടത്തിയശേഷം തെരേസയ്ക്ക് സന്യാസിനീ മഠത്തിൽ പ്രവേശനം ലഭിച്ചു.

 ദൈവവുമായുള്ള ബന്ധം

സെലിൻ മർട്ടിൻ കൊച്ചു ത്രേസ്യയുടെ അമ്മ

ലൂയീസ് മാർട്ടിൻ കൊച്ചു ത്രേസ്യയുടെ അച്ഛൻ

കാർമലൈറ്റ് നിഷ്ഠയുടെ കർശന നിയമങ്ങൾ മുടക്കം കൂടാതെ പാലിച്ച തെരേസ തന്‍റെ എളിയ മാർഗം പുതിയതായി മഠത്തിൽ ചേരുന്നവരെ അഭ്യസിപ്പിക്കുവാൻ ശുഷ്കാന്തി കാണിച്ചു. ദൈവവുമായുള്ള തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു. വിയറ്റ്നാമിലെ ഹാനോയിയിലെ കാർമലൈറ്റ് മിഷണറി പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാൻ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം സാധ്യമായില്ല. ക്ഷയരോഗംമൂലം വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ നിലകൊണ്ടു. 1897 സെപ്റ്റംബർ 30-ന് തെരേസ നിര്യാതയായി. 1925 മേയ് 17-ന് തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.


ജീവചരിത്രം

പിൽക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓർമക്കുറിപ്പുകൾ വളരെയധികം ജനസമ്മതി ആർജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്കുയർത്തുന്നതിൽ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. 1927-ൽ മതപ്രവർത്തക സംഘങ്ങളുടെയും 1947-ൽ ഫ്രാൻസിന്റെയും രക്ഷകപുണ്യവാളത്തിയായി തെരേസ പ്രഖ്യാപിക്കപ്പെട്ടു. തെരേസ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകർഷിച്ചത്. സുവിശേഷ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമർപ്പണവും തെരേസ പ്രദർശിപ്പിച്ചു. കാർമലൈറ്റ് വസ്ത്രങ്ങൾ ധരിച്ച് ഒരു കുല റോസാപുഷ്പങ്ങൾ കൈയ്യിലേന്തിക്കൊണ്ടുള്ള ചിത്രീകരണമാണ് തെരേസയ്ക്ക് ശില്പങ്ങളിലും ചിത്രങ്ങളിലും നൽകിയിട്ടുള്ളത്. ആനുകൂല്യങ്ങളും അത്ഭുതങ്ങളും റോസാപ്പുഷ്പങ്ങൾ പോലെ ചൊരിയുമെന്ന തെരേസയുടെ വാഗ്ദാനത്തിന്‍റെ സ്മരണ ഇപ്രകാരം നിലനിർത്തപ്പെടുന്നു. ഒക്ടോബർ 1-നാണ് തെരേസയുടെ തിരുനാൾ ആഘോഷിക്കുന്നത്.

വിശുദ്ധ കൊച്ചുത്രേസ്യ

ജനനം    1873 ജനുവരി 2
അലെഞ്ഞോൺ, ഫ്രാൻസ്
മരണം    1897 സെപ്റ്റംബർ 30 (പ്രായം 24)
ലിസ്യൂ, ഫ്രാൻസ്
ബഹുമാനിക്കപ്പെടുന്നത് കത്തോലിക്ക സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 29 ഏപ്രിൽ1923നു പന്ത്രണ്ടാം പീയൂസ് മാർപാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്    17 മെയ് 1925നു പന്ത്രണ്ടാം പീയൂസ് മാർപാപ്പ
പ്രധാന കപ്പേള  ലിസ്യൂവിലെ കൊച്ചുത്രേസ്യായുടെ ബസിലിക്ക, ഫ്രാൻസ്
ഓർമ്മത്തിരുന്നാൾ    1 ഒക്ടോബർ
3 ഒക്ടോബർ പരമ്പരാഗത കത്തോലിക്കാ കലണ്ടർ
ചിത്രീകരണ ചിഹ്നങ്ങൾ    പൂക്കൾ
മധ്യസ്ഥത  എയിഡ്സ് ബാധിതർ; വൈമാനികർ; ശാരിരികാസ്വാസ്ത്യമുള്ളവർ; പൂക്കചവടക്കാർ; അനാഥർ; മിഷണറിമാർ; ക്ഷയരോഗ ബാധിതർ;
ലൂയീസ് മാർട്ടിൻ കൊച്ചു ത്രേസ്യയുടെ അച്ഛൻ

സെലിൻ മർട്ടിൻ കൊച്ചു ത്രേസ്യയുടെ അമ്മ

കൊച്ചുത്രേസ്യ